മുസ്ലിം ഉമ്മത്തിലേക്ക് ശിര്‍ക്ക് കടന്ന വഴി -1

ഇസ്ലാമിക ഖിലാഫത്തിന്റെ കാലത്തെ ആഗോള സാഹചര്യം വിശദീകരിച്ച് കൊണ്ട് ഇമാം ഇബ്‌നു ഹസം കുറിക്കുന്നത് ഇപ്രകാരമാണ് (ലോകത്തെ എല്ലാ സമൂഹങ്ങള്‍ക്കും മേല്‍ അധികാരവും,

ഔന്നിത്യവും അവകാശപ്പെട്ടിരുന്ന പേര്‍ഷ്യക്കാര്‍ അവര്‍ക്ക് ഭീഷണിയുമായിരുന്നു. സ്വതന്ത്രരെന്നും, പുത്രന്മാരെന്നുമായിരുന്നു അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. അതേസമയം അവര്‍ മറ്റ് ജനങ്ങളെ തങ്ങളുടെ അടിമകളായി കണക്കാക്കുകയും ചെയ്തു. ലോകത്ത് ഒരു നിലക്കും തങ്ങള്‍ക്ക് ഭീഷണിയല്ലാതിരുന്ന, ദുര്‍ബലരായ അറബികള്‍ക്ക് മുന്നില്‍ തങ്ങളുടെ രാഷ്ട്രവും അധികാരവും പ്രതാപവും അധികാരവും നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ അവര്‍ ഇസ്ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ച്, കുതന്ത്രങ്ങളുമായി പല സന്ദര്‍ഭങ്ങളിലും രംഗത്തിറങ്ങി.

അവരില്‍ ചിലര്‍ ഇസ്ലാം അഭിനയിക്കുകയും, മുസ്ലിംകള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. പ്രവാചകനോടും, തിരുകുടുംബത്തോടും സ്‌നേഹം പ്രകടിപ്പിച്ച് രംഗത്തിറങ്ങിയ ഒരുകൂട്ടം ജനങ്ങളെ അവര്‍ തങ്ങളുടെ വരുതിയിലാക്കി. ഇപ്രകാരം വിവിധങ്ങളായ മാര്‍ഗേണെ അവര്‍ സജീവമായി പ്രവര്‍ത്തിക്കുകയും പലരെയും കറകളഞ്ഞ ഇസ്ലാമിക വിശ്വാസത്തില്‍ നിന്ന് പുറത്ത് ചാടിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. മഹ്ദി എന്ന് പേരായ ഒരു വ്യക്തി വരാനിരിക്കുന്നുവെന്നും, ഇസ്ലാമിന്റെ സത്ത (ഹഖീഖത്) അദ്ദേഹത്തിന്റെയടുത്താണെന്നുമുള്ള പ്രചരണം അവരാണ് നടത്തിയത്. ‘സത്യനിഷേധികളായ’ നിലവിലുള്ളവരില്‍ നിന്ന് മതാദ്ധ്യാപനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും അവര്‍ വാദിച്ചു. അവരില്‍ ചിലര്‍ പ്രവാചകത്വം അവകാശപ്പെടുകയും, മറ്റ് ചിലര്‍ അവതാര സങ്കല്‍പം പ്രചരിപ്പിക്കുകയും ചെയ്തു.

ഇസ്ലാമിനെയും അതിലെ ആരാധനകളെയും കൊണ്ട് കളിക്കുന്നവരായിരുന്നു മറ്റ് ചിലര്‍. ദിനേനെ അമ്പത് നമസ്‌കാരങ്ങള്‍ നിര്‍ബന്ധമാണെന്ന് അവര്‍ വാദിച്ചു. ജൂതനായ അബ്ദുല്ലാഹ് ബിന്‍ സബഅ് അല്‍ഹുമൈരിയുടെ നേതൃത്വത്തിലാണ് ഇവയെല്ലാം നടന്നത്. മുസ്ലിംകളെ വഴിതെറ്റിക്കുന്നതിനായി അയാള്‍ ഇസ്ലാം നടിച്ചു. ഉഥ്മാനെ(റ)തിരായ കലാപത്തിന്റെ സൂത്രധാരന്‍ അയാള്‍ ആയിരുന്നു.

ശപിക്കപ്പെട്ട ഈ അടിത്തറയില്‍ നിന്നാണ് ഇസ്മാഈലിയ്യാക്കളും, ഖറാമിത്വികളും രംഗപ്രവേശം ചെയ്തത്. ഇസ്ലാമിനെ പാടെ ഉപേക്ഷിച്ചതായി പരസ്യപ്രഖ്യാപനം നടത്തിയ രണ്ട് വിഭാഗങ്ങളായിരുന്നു അവ. കറകളഞ്ഞ മജൂസിവിശ്വാസമായിരുന്നു അവയ്ക്കുണ്ടായിരുന്നത്).

ആദ്യമായി രംഗപ്രവേശം ചെയ്ത വിഭാഗം ശിയാക്കളായിരുന്നു. അക്കാലത്ത് ഖവാരിജുകളും സ്വതന്ത്ര വിഭാഗമായി രംഗത്ത് വരികയുണ്ടായി. ഇതിന് മുമ്പ് തന്നെ ഈ രണ്ട് വിഭാഗങ്ങളും അനൗദ്യോഗികമായ വിധത്തില്‍ രൂപം കൊണ്ടിരുന്നു. മുസ്ലിം ഉമ്മത്തിനെ നെടുനീളെ പിളര്‍ത്തുന്നതില്‍ ഇവ രണ്ടും വളരെ അപകടകരമായ പങ്ക് വഹിച്ചു. ഇമാം ശഹ്‌റസ്താനി പറയുന്നു (അന്ധവിശ്വാസവും അനാചാരവും കൊണ്ട് വന്നത് സുപ്രധാനമായും രണ്ട് വിഭാഗങ്ങളാണ്. രണ്ട് തരം അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്നാണ് ഇത് രൂപപ്പെട്ടത്. 1. ഇമാമത് അഥവാ നേതൃത്വത്തിന്റെ കാര്യത്തിലുള്ള അഭിപ്രായഭിന്നത. 2. അടിസ്ഥാന വിശ്വാസങ്ങളിലുള്ള ഭിന്നത.

ഇമാമതിന്റെ കാര്യത്തില്‍ വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങളാണ് നിലനിന്നിരുന്നത്. 1. പൊതുജനങ്ങള്‍ ഐക്യകണ്‌ഠേനെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 2. പ്രമാണവും, സൂചനയും വഴിയാണ് ഇമാമത് സ്ഥിരപ്പെടുക.

എന്നാല്‍ അടിസ്ഥാന വിശ്വാസങ്ങളിലുള്ള അഭിപ്രായഭിന്നത പ്രവാചക സഖാക്കളുടെ അവസാന കാലത്താണ് വെളിപ്പെട്ടത്. മഅ്ബദുല്‍ ജുഹ്നിയുടെയും, ഗൈലാന്‍ അദ്ദിമിശ്ഖിയുടെയും നേതൃത്വത്തിലായിരുന്നു അനാചാരങ്ങള്‍ തഴച്ചു വളര്‍ന്നത്. നന്മയും തിന്മയും ദൈവിക വിധിയിലേക്ക് ചേര്‍ക്കുന്നതിനെ നിരാകരിച്ച് അവര്‍ രംഗത്തെത്തി).

ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ്(റ) തുടങ്ങിയവര്‍ ഇത്തരം വാദമുന്നയിക്കുന്നവരില്‍ നിന്ന് അകന്ന് നിന്നു. പിന്നീടാണ് മുര്‍ജിഅകള്‍ രംഗപ്രവേശം നടത്തിയത്. ശേഷം കിഴക്കന്‍ നാടുകളില്‍ ജഹ്മ് ബിന്‍ സ്വഫവാന്റെ നേതൃത്വത്തില്‍ അനാചാരങ്ങള്‍ പ്രചരിക്കപ്പെട്ടു. അതോട് കൂടി മുസ്ലിം ഉമ്മത്തില്‍ ഫിത്‌നകളും, ഫസാദുകളും വ്യാപകമായി. അല്ലാഹുവിന്റെ സ്വിഫാത് അഥവാ വിശേഷണങ്ങള്‍ നിരാകരിച്ച അയാള്‍ മുസ്ലിംകളില്‍ സംശയം ജനിപ്പിക്കുകയും തല്‍ഫലമായി ഗുരുതരമായ പ്രത്യാഘാതം മുസ്ലിം ഉമ്മത്ത് അനുഭവിക്കുകയും ചെയ്തു.

About super user

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *