jhggfex

മുതലാളിത്തമായിരുന്നോ യഥാര്‍ത്ഥ ബദല്‍?

അല്ലാഹുവിങ്കല്‍ നിന്ന് അവനിലേക്കല്ലാതെ മറ്റൊരു അഭയകേന്ദ്രമില്ല. മനുഷ്യ പ്രകൃതിക്ക് വിരുദ്ധമായ ഭൗതിക പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് സമൂഹത്തെ നയിക്കാനോ, നിലനില്‍ക്കാനോ സാധിക്കുകയില്ല. മുതലാളിത്തം കമ്യൂണിസത്തിന്റെ വഴിയില്‍ തന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.

ലോകത്തെ ഏകദേശം എല്ലാ സാമ്പത്തിക വ്യവസ്ഥകള്‍ക്കും ദാരിദ്ര്യവും പട്ടിണിയും കെടുതിയും സമ്മാനിച്ചാണ് മുതലാളിത്തം തിരിച്ച് പോക്ക് തുടങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥ ഉല്‍പാദന അടിസ്ഥാനങ്ങള്‍ക്ക് മേല്‍ നിലനില്‍ക്കാത്ത, കേവലം ഊഹത്തിന്റെയും ഭാവനയുടെയും പുറത്ത് കെട്ടിപ്പടുക്കപ്പെട്ട ഒരു വ്യവസ്ഥക്ക് അധികകാലം തുടരാന്‍ സാധിക്കില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അല്ലാഹു വളരെ കര്‍ശനമായി താക്കീത് നല്‍കിയ പലിശയായിരുന്നു അതിന്റെ നട്ടെല്ല്. പലിശയിടപാട് നിര്‍ത്താത്തവരോട് അല്ലാഹുവിങ്കല്‍ നിന്നും അവന്റെ പ്രവാചകനില്‍ നിന്നും യുദ്ധപ്രഖ്യാപനമുണ്ടെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നത്. അല്ലാഹുവിന്റെ നിയമങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കി അഹങ്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ലോക സാമ്പത്തിക വ്യവസ്ഥയെ കരകയറ്റുന്നതിനായി സാമ്പത്തിക വിശാരദന്മാരും ചിന്തകരും കഠിനാധ്വാനം നടത്തിയപ്പോഴൊക്കെ ബാങ്ക് പലിശ കുറച്ച് പൂജ്യത്തിലെത്തിക്കുകയാണ് അതിനുള്ള മാര്‍ഗമെന്ന് കണ്ടെത്തുകയായിരുന്നു. പലിശ വ്യവസ്ഥ റദ്ദാക്കുകയും ഇസ്ലാമിക ശരീഅത്ത് സകാത്ത് ഓഹരിയായി നിശ്ചയിച്ച് 2.5% നികുതി ചുമത്തുകയും ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമായ സാമ്പത്തിക ക്രമം രൂപപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. പക്ഷെ, പ്രസ്തുത സാമ്പത്തിക വിചക്ഷണരുടെ അഭിപ്രായങ്ങള്‍ തള്ളപ്പെടുകയാണുണ്ടായത്. അവ ഇസ്ലാമിക നിയമങ്ങളോട് യോജിക്കുന്നു എന്നത് മാത്രമായിരുന്നില്ല കാരണം. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ പാശ്ചാത്യന്‍ ഭൗതിക നാഗരികതയുടെ അടിസ്ഥാനങ്ങളുമായി ഏറ്റുമുട്ടുന്നു എന്നത് കൂടിയായിരുന്നു. പലിശ നിഷിദ്ധമാക്കല്‍, ചൂതാട്ടം പോലുള്ള വഞ്ചനാത്മക കച്ചവടം നിരോധിക്കുക, വ്യഭിചാരം മദ്യം തുടങ്ങി നിഷിദ്ധമാക്കപ്പെട്ട വസ്തുക്കളുടെ കച്ചവടം നിരോധിക്കുക, ലാഭവും നഷ്ടവും ഒരു പോലെ വീതിച്ചെടുക്കുക തുടങ്ങിയവയെല്ലാം ഇസ്ലാമിക സാമ്പത്തിക മുന്നോട്ട് വെക്കുന്ന ഉപാധികളാണ്. മുസ്ലിംകള്‍ മുന്നേറുകയും, ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ ഇസ്ലാം വിജയിക്കുക എന്നത് അല്‍ഭുതകരമായ കാര്യമല്ല. എന്നാല്‍ മുസ്ലിംകള്‍ പിന്നാക്കം നില്‍ക്കുകയും, ശിഥിലമാകുകയും, അവരുടെ നാടുകള്‍ അധിനിവേശം ചെയ്യപ്പെടുകയും, ലോകത്ത് വിലമതിക്കാത്ത സമൂഹമായി അധപതിക്കുകയും ചെയ്യുന്ന വേളയില്‍ ഇസ്ലാം വിജയിക്കുകയും തലയുയര്‍ത്തി നില്‍ക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ ദൃഷ്ടാന്തം തന്നെയാണ്. ഇസ്ലാമുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെടുന്ന എല്ലാറ്റിനെയും വേരോടെ പിഴുത് കളയാനാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കാരണം ഇസ്ലാം ഒരു ആദര്‍ശവും വിശ്വാസവും എന്ന നിലയില്‍ തങ്ങളുടെ നാഗരികതക്ക് ബദല്‍ സമര്‍പിക്കാനും, നിലവിലുള്ള ശോചനീയാവസ്ഥയില്‍ നിന്ന് മുസ്ലിംകളെ കരകയറ്റാനും ശേഷിയുള്ള ദര്‍ശനമാണെന്ന് ഇസ്ലാമിന്റെ ശത്രുക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജീവന്‍ തുടിക്കുന്ന, പ്രസരിപ്പുള്ള സമൂഹമാണ് നാം എന്നത് കൊണ്ടാണ് ലോകത്തിന്റെ പലഭാഗങ്ങളിലും നമുക്ക് നേരെ കൂട്ടക്കൊലകളും, ക്രൂരമായ അതിക്രമങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എല്ലാം നശിച്ച് ചത്തൊടുങ്ങിയ സമൂഹത്തെ കൂട്ടക്കശാപ്പ് നടത്തേണ്ടതില്ലല്ലോ, മറിച്ച് മറവ് ചെയ്താല്‍ മാത്രം മതിയല്ലോ.  നാമാവശേഷമായ സോവിയറ്റ് യൂണിയന്റെ ഭീമന്‍ ടാങ്കുകള്‍ ദൂര്‍ബലമായ അഫ്ഗാനിലേക്ക് നിരങ്ങിയെത്തുകയും, അവിടത്തെ പോരാളികള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങുകയും ചെയ്തത് ഇസ്ലാമിന്റെ വിജയത്തെക്കുറിക്കുന്ന ശുഭസൂചനകളുടെ പ്രാരംഭമായിരുന്നു. പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ ഊഴമായിരുന്നു. കുരിശ് യുദ്ധത്തിന്റെ തുടര്‍ച്ചയെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിലും ഇറാഖിലും അദ്ദേഹം തുടങ്ങി വെച്ച യുദ്ധങ്ങളില്‍ നിന്ന് ഇന്നും തലയൂരാനാവാതെ കിടന്ന് നരകിക്കുകയാണ് ആധൂനിക സാമ്രാജ്യത്വ ഭീകരന്മാര്‍. അവരുടെ ജാരസന്തതി ഇസ്രയേലിന് ലബനാനിലും ഫലസ്തീനിലും വിജയം വരിക്കാന്‍ സാധിച്ചില്ല. ലോകത്തെ ഏറ്റവും ഭീകരമായ സാമ്രാജ്യത്വത്തിന്റെ പതനം ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണിന്ന്. സാമ്പത്തിക മേഖലയില്‍ അടിച്ചുവീശിയ കൊടുങ്കാറ്റിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് ആഗോളമുതലാളിത്വത്തിന്റെ തലതൊട്ടപ്പന്മാര്‍. പാശ്ചാത്യ നാഗരികതയുടെ നഗ്നത മുഴുവന്‍ വെളിപ്പെടുത്തുന്നതായിരുന്നു മുതലാളിത്വത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി. മുതലാളിത്വം സൃഷ്ടിക്കുന്ന സാമൂഹിക-ധാര്‍മിക-കുടുംബ പ്രശ്‌നങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതിരുന്ന പാശ്ചാത്യബുദ്ധിജീവികള്‍ കണ്ണുതുറന്ന് തുടങ്ങിയതിപ്പോഴാണ്. ഭൗതികത തലക്ക് പിടിച്ച് കേവലം ആസ്വാദനങ്ങളില്‍ മാത്രം ഏര്‍പെട്ട് മൃഗസമാനമായ ജീവിതം നയിച്ചിരുന്നവര്‍ക്ക് കാലിന്നടിയിലെ മണ്ണൊലിക്കുന്നത് ബോധ്യപ്പെട്ടപ്പോഴാണ് പുനരാലോചനക്ക് പോലും തയ്യാറായിത്തുടങ്ങിയത്. ഇസ്ലാമിക ശരീഅത്ത് സമര്‍പിക്കുന്ന സാമ്പത്തിക നിയമങ്ങളാണ് തങ്ങളുടെ സമൂഹങ്ങളില്‍ നടപ്പിലാക്കപ്പെടേണ്ടതെന്ന ‘വലിയ രഹസ്യം’ അവര്‍ കണ്ടെത്തുകയും അറബ് ലോകത്തെ ഇസ്ലാമിക സാമ്പത്തിക ചിന്തകരെ തങ്ങളുടെ നാട്ടില്‍ വിളിച്ച് വരുത്തി അഭിപ്രായമാരായുകയും ചെയ്തിരിക്കുന്നു ലോകമുതലാളിത്തം!

About abdullah hilal

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *