877

ഇമാം ശാഫിഈ(റ)യുടെ നജ്‌റാനിലെ ചുമതല -1

പ്രമുഖ കര്‍മശാസ്ത്ര മദ്ഹബിന്റെ ഇമാമായ ശാഫിഈ(റ) ഖുറൈശി പക്ഷപാതിയായിരുന്നുവെന്നും, തന്റെ കാലത്തെ ഉമവീ ഭരണകൂടത്തോട് സംതൃപ്തിയോട് കൂടി സഹകരിച്ച ഏക കര്‍മശാസ്ത്ര പണ്ഡിതന്‍ മാത്രമായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഇസ്ലാം വിരുദ്ധരും മറ്റും പ്രചരിപ്പിക്കാറുണ്ട്. തന്റെ ഗുരുനാഥനായിരുന്ന ഇമാം മാലികി(റ)ന്റെ വിയോഗ ശേഷം ശാഫിഈ(റ) പൂര്‍ണാര്‍ത്ഥത്തില്‍ ഉമവി ഭരണകൂടത്തിന്റെ സഹയാത്രികനായിരുന്നുവെന്നും, നജ്‌റാനില്‍ അവരുടെ ഗവര്‍ണറായി അദ്ദേഹം ജോലി ചെയ്തുവെന്നും ഇവര്‍ ചേര്‍ത്തു പറയുന്നു.
ചരിത്ര യാഥാര്‍ത്ഥ്യത്തോട് യാതൊരു ബന്ധവുമില്ലാത്ത, പൂര്‍ണാര്‍ത്ഥത്തില്‍ നിസ്സംശയം അസത്യമെന്ന് വിശേഷിപ്പിക്കാവുന്ന ആരോപണമാണിത്. ഇമാം ശാഫിഈ(റ) പിറന്നു വീഴുന്നത് തന്നെ ഉമവി ഭരണകൂടത്തിന്റെ തകര്‍ച്ചക്ക് ശേഷം ഹിജ്‌റ 150 ലാണെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് ഏകാഭിപ്രായമാണുള്ളത്. അദ്ദേഹത്തിന്റെ ജനനത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏകദേശം ഹിജ്‌റ 132 ലാണ് ഉമവി ഖിലാഫത്ത് അവസാനിക്കുന്നത്. എന്നിരിക്കെ താന്‍ നേരില്‍ കാണുകയോ, അനുഭവിക്കുകയോ ചെയ്യാത്ത ഒരു ഭരണകൂടത്തിന്റെ ഗവര്‍ണര്‍ സ്ഥാനം ഇമാം ശാഫിഈ(റ) ഏറ്റെടുത്തുവെന്ന് എങ്ങനെയാണ് വിശ്വസിക്കുക?
ഗവര്‍ണര്‍സ്ഥാനം കര്‍മശാസ്ത്ര വിശാരദന്മാര്‍ക്കോ, പണ്ഡിതന്മാര്‍ക്കോ നിഷിദ്ധമോ, വിലക്കപ്പെട്ടതോ അല്ല. എന്നല്ല സാധാരണ ജനങ്ങളേക്കാള്‍ പ്രസ്തുത ഉത്തരവാദിത്തത്തിന് യോജിച്ചവര്‍ അവര്‍ തന്നെയാണ്. അതിനാല്‍ തന്നെ ഉമവി ഭരണകാലത്തല്ല, അബ്ബാസി ഭരണ ഖിലാഫത്തിന് കീഴില്‍ ഇമാം ശാഫിഈ(റ) നജ്‌റാനില്‍ ഗവര്‍ണറായി ചുമതലയേറ്റിരുന്നു. മാത്രവുമല്ല, അദ്ദേഹം തന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുകയും, നീതി നടപ്പാക്കുകയും, അക്രമികളെ കര്‍ശനമായി ശിക്ഷിക്കുകയും ചെയതു. അതിനാല്‍ തന്നെ മറ്റുള്ളവരില്‍ നിന്ന് അതിശക്തമായ മര്‍ദനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അദ്ദേഹം വിധേയമാവുകയുണ്ടായി.
ഇതേക്കുറിച്ച് ശൈഖ് മുഹമ്മദ് അബൂസഹ്‌റഃ ഇപ്രകാരം കുറിക്കുന്നു (ഇമാം മാലിക് മരണപ്പെട്ടതിന് ശേഷം അല്‍പം ജ്ഞാനം സമ്പാദിച്ച ഇമാം ശാഫിഈ തന്റെ ദൈനംദിന ചെലവുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ പണം സമ്പാദിക്കാന്‍ തീരുമാനിച്ചു. അതിനിടയിലാണ് യമനിലെ ഗവര്‍ണര്‍ ഹിജാസ് സന്ദര്‍ശിക്കുന്നതിനായി എത്തുകയും ചിലര്‍ അദ്ദേഹത്തോട് ഇമാം ശാഫിഈയുടെ കാര്യം സൂചിപ്പിക്കുകയും ചെയ്തത്. അതേതുടര്‍ന്ന് ഗവര്‍ണര്‍ അദ്ദേഹത്തെ നേരെ തന്റെ കൂടെ യമനിലേക്ക് കൊണ്ട് പോയി. ഇമാം ശാഫിഈ(റ) തന്നെയും അക്കാലത്തെ തന്റെ അവസ്ഥ വിവരിക്കുന്നത് ഇപ്രകാരമാണ് ‘എന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രാപ്തി അക്കാലത്ത് എന്റെ മാതാവിനുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ യമനിലേക്ക് പോയി, അദ്ദേഹം നല്‍കിയ ജോലിയെടുത്ത് ജീവിച്ചു’.
നജ്‌റാനിലെ ഗവര്‍ണര്‍സ്ഥാനം ഇമാം ശാഫിഈയുടെ ജന്മസിദ്ധിയെയും ബുദ്ധിസാമര്‍ത്ഥ്യത്തെയും, അഗാധജ്ഞാനത്തെയുമാണ് കുറിക്കുന്നത്. നീതിമാനെന്ന പേരില്‍ അദ്ദേഹം അവിടങ്ങളില്‍ പ്രശസ്തനായി. മക്കയുടെ താഴവരകളില്‍ ജനങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങി. ഇമാം ശാഫിഈ വിജ്ഞാനം നുകരുകയോ, പകരുകയോ ചെയ്ത കര്‍മശാസ്ത്ര പണ്ഡിതരുടെ അടുത്തും ഈ വിവരങ്ങളെത്തി. അവരില്‍ ചിലര്‍ പ്രസ്തുത ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുകയും, ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.
നജ്‌റാനിലെ ജനങ്ങള്‍ ഗവര്‍ണറെയും, ഖാദിമാരെയും വശീകരിക്കാനും, മയക്കാനും ശ്രമിക്കുകയും, അതുവഴി അവരുടെ സാമീപ്യം നേടിയെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരായിരുന്നു. എന്നാല്‍ വശീകരണവും, മറ്റും ഏല്‍ക്കാത്ത നീതിമാനായ ഭരണാധികാരിയാണ് ഇമാം ശാഫിഈയെന്ന് അവര്‍ മനസ്സിലാക്കി. ഇക്കാരം ഇമാം ശാഫിഈ(റ) തന്നെ വ്യക്തമാക്കുന്നുണ്ട് (നജ്‌റാന്റെ ചുമതല എന്റെ മേല്‍ ഏല്‍പിക്കപ്പെട്ടു. ഹാരിഥ് ബിന്‍ അബ്ദുല്‍ മുദാനും അദ്ദേഹത്തോട് കൂറുള്ളവരുമായിരുന്നു അവിടെയുണ്ടായിരുന്നു. അവിടെയാരെങ്കിലും ഗവര്‍ണറായെത്തിയാല്‍ അവരെ വശീകരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ആ പതിവ് എന്റെ കാര്യത്തില്‍ നടക്കുകയില്ലെന്ന് അവര്‍ക്ക് മനസ്സിലായി).

About super user

Check Also

8c65eakei

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -2

അല്ലാഹു പൂര്‍ത്തീകരിച്ച ഇസ്ലാമിക ദര്‍ശനത്തിന് മറ്റൊരു മതത്തിന്റെ -വിശിഷ്യാ വികലമാക്കപ്പെട്ട മതദര്‍ശനങ്ങളില്‍ നിന്ന് – ആരാധനയോ, ആചാരമോ കടമെടുക്കേണ്ട ആവശ്യമില്ല. …

Leave a Reply

Your email address will not be published. Required fields are marked *