00015es

നാശമല്ല, ജീവിതമാണ് മരണം -1

ജീവനുള്ള എല്ലാറ്റിന്റെയും അവസാനമാണ് മരണമെന്ന് എല്ലാ ജനങ്ങളും ഒരുപോലെ വിശ്വസിക്കുന്നു. എല്ലാ ആത്മാക്കളും അനിവാര്യമായും അഭിമുഖീകരിക്കേണ്ട പര്യവസാനമാണത്. പക്ഷെ, ഭൂരിപക്ഷം ജനങ്ങള്‍ക്കും മരണത്തെക്കുറിച്ച് നിഗൂഢമായ പല സങ്കല്‍പങ്ങളുമാണുള്ളത്.

അബദ്ധജഢിലമായ വിശ്വാസങ്ങളും, വികൃതമായ വീക്ഷണങ്ങളുമാണ് മരണത്തെക്കുറിച്ച് അധികം ജനങ്ങള്‍ക്കുമുള്ളത്.
മരണത്തോടെ ഭൂമിയിലെ മറ്റ് ജീവജാലങ്ങളെപ്പോലെ തങ്ങളും കേവലം മണ്ണില്‍ അലിഞ്ഞ് ചേരുകയോ, വല്ല മൃഗങ്ങളാലും ചവച്ചരക്കപ്പെടുകയോ ആണുണ്ടാവുകയെന്ന് ചില ജനങ്ങള്‍ വിശ്വസിക്കുന്നു. അങ്ങേയറ്റം അവിവേകം നിറഞ്ഞ വീക്ഷണമാണിത്. മരണം നാശമോ, നാശത്തോട് ചേര്‍ന്ന എന്തെങ്കിലും സംവിധാനമോ ഇല്ല. സുദീര്‍ഘമായ ഉറക്കം എന്ന് മാത്രമെ മരണത്തെ വിശേഷിപ്പിക്കാനാവൂ. നമ്മുടെ ഉറക്കം ചെറിയൊരു മരണമാണെന്നത് പോലെയാണിത്!
ഉറക്കത്തിന്റെ ഗണത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ മരണത്തെ ഉള്‍പെടുത്തിയിരിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു (മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്). അസ്സുമര്‍ 42
ആത്മാവ് ശരീരത്തെ ഏതാനും സമയത്തേക്ക് ഉപേക്ഷിക്കുന്നുവെങ്കിലും, അത് മനുഷ്യനെന്ന യാഥാര്‍ത്ഥ്യത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. ശരീരം വസ്ത്രം പോലെയാണ്. മനുഷ്യന്‍ അത് ധരിക്കുകയും, അഴിച്ച് വെക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ശരീരത്തിന് അത് യാതൊരു സ്വാധീനവും വരുത്തുന്നില്ല.
ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള മാറ്റം മാത്രമാണ് മരണം. ഭൗതികലോകവുമായി പരേതന് ബന്ധമില്ല എന്നത് അദ്ദേഹത്തിന് ഉണ്മയില്ല എന്നതിന് തെളിവല്ല. മറിച്ച് മുന്‍പത്തേക്കാളും കൂടുതല്‍ വ്യക്തതയോടും, കൃത്യതയോടും കൂടി കാര്യം തിരിച്ചറിയുന്നത് മനുഷ്യന്‍ മരണശേഷമാണ്.
ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട ഒരാള്‍ക്ക് മരണഭയം ഉണ്ടായിരിക്കുകയില്ല. മരണത്തെ ധൈര്യത്തോട് കൂടി നേരിടാന്‍ അയാള്‍ക്ക് സാധിക്കുന്നതാണ്. അതേക്കുറിച്ച ആശങ്കയിലും അസ്വസ്ഥതയിലും ജീവിച്ച് മരിക്കുന്നവരുടെ ഗണത്തില്‍ അയാള്‍ ഉള്‍പെടുകയില്ല.
മനുഷ്യന്‍ ഇഹലോകം വെടിയുന്നതോടെ അവന്റെ വിചാരണ ആരംഭിക്കുകയായി. തന്റെ കര്‍മഫലം പ്രതിഫലമാണോ, അതല്ല ശിക്ഷയാണോ സമ്മാനിക്കുകയെന്ന് അവന്‍ തിരിച്ചറിയുന്നു. മരണത്തിനും പുനരുത്ഥാനത്തിനുമിടയിലെ ഈ ജീവിതത്തെക്കുറിച്ച് ഏതാനും ചില സൂചനകള്‍ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നുണ്ട് (കത്തിയാളുന്ന നരകത്തീ! രാവിലെയും വൈകുന്നേരവും അവരെ അതിനുമുമ്പില്‍ ഹാജരാക്കും. അന്ത്യസമയം വന്നെത്തുന്ന നാളില്‍ ഇങ്ങനെ ഒരു ഉത്തരവുണ്ടാകും: ‘ഫറവോന്റെ ആളുകളെ കൊടിയ ശിക്ഷയിലേക്ക് തള്ളിവിടുക’.). ഗാഫിര്‍ 46
ഇതിന് വിപരീതമായി ദൈവികമാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ് (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിത വിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹു അവര്‍ക്കു നല്‍കിയ അനുഗ്രഹത്തിലവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നെത്തിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്നതിനാലാണിത്). ആലുഇംറാന്‍ 169-170
തിന്മയുടെയോ, നന്മയുടെയോ കിരണങ്ങള്‍ ജീവിതാന്ത്യത്തില്‍ തന്നെ ഓരോ മനുഷ്യനും ലഭിക്കുന്നതാണ്. മരണാസന്നവേളയില്‍ മാലാഖമാര്‍ വിശ്വാസികള്‍ക്ക് സമാധാനം നല്‍കുമെന്ന് പ്രവാചകവചനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ് (‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാ’െ’ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: ‘നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക’). ഫുസ്സ്വിലത്ത് 30
എന്നാല്‍ അക്രമികളും തെമ്മാടികളും മരണത്തെയെങ്ങനെയാണ് അഭിമുഖീകരിക്കുകയെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു (ആ അക്രമികള്‍ മരണവെപ്രാളത്തിലകപ്പെടുമ്പോള്‍ മലക്കുകള്‍ കൈനീട്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തേക്ക് തള്ളുക; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യവിരുദ്ധമായത് പ്രചരിപ്പിച്ചു. അവന്റെ പ്രമാണങ്ങളെ അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കു നിന്ദ്യമായ ശിക്ഷയുണ്ട്.” ഇതൊക്കെയും നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!). അല്‍അന്‍ആം 93

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *