EGYPT. Cairo.December 2013. Men pray at the Saida Zainab mosque in downtown Cairo.
EGYPT. Cairo.December 2013. Men pray at the Saida Zainab mosque in downtown Cairo.

നിരീശ്വരവാദം അറബ് ലോകത്ത് -1

തത്വശാസ്ത്ര-ധൈഷണിക വൃത്തങ്ങളില്‍ സുപരിചിതമായ സാങ്കേതിക പദമാണ് നവനിരീശ്വരതയെന്നത്. 2001- സെപ്തംബര്‍ 11 ആക്രമണത്തെ തുടര്‍ന്നാണ് പാശ്ചാത്യ ലോകത്ത് ഇത് മുളപൊട്ടിയതെന്ന്

പറയാവുന്നതാണ്. പ്രമുഖ നിരീശ്വരവാദിയായിരുന്ന സാം ഹാരിസിന്റെ ‘വിശ്വാസത്തിന്റെ അവസാനം’ എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടത് 2004-ല്‍ ആയിരുന്നു. ആ വര്‍ഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായിരുന്നു അത്. നിരീശ്വരതയുമായി ബന്ധപ്പെട്ട് പിന്നീടിറങ്ങുകയും, ലോകത്ത് ധാരാളമായി വിറ്റഴിക്കപ്പെടുകയും ചെയ്ത ഗ്രന്ഥങ്ങളുടെ തുടക്കമായിരുന്നു അത്. ഇസ്ലാമിക ദര്‍ശനത്തിനെതിരെ നേരിട്ടും മറ്റ് മതങ്ങള്‍ക്കെതിരെ പരോക്ഷമായും ശകാരങ്ങള്‍ വര്‍ഷിക്കുന്നതിന് കാരണമായ സെപ്തംബര്‍ 11-ലെ സംഭവമാണ് തന്നെ ഗ്രന്ഥരചനക്ക് പ്രേരിപ്പിച്ചതെന്ന് സാം ഹാരിസ് പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ കുറിക്കുന്നുണ്ട്.  പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹാരിസ് ‘ക്രിസ്ത്യന്‍ സമുദായത്തിന് ഒരു സന്ദേശം’ എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം കൂടി രചിച്ചു. അതിരൂക്ഷമായ ഭാഷയില്‍ അദ്ദേഹമതില്‍ ക്രൈസ്തവതയെ നിരൂപിക്കുകയുണ്ടായി. 2006-ല്‍ റിച്ചാര്‍ഡ് ഡോകിന്‍സ് ‘എല്ലാ തിന്മകളുടെയും നാരായവേര്’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി നിര്‍മിച്ചു. ദൈവത്തെയും എല്ലാ മതങ്ങളെയും ആക്ഷേപിക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നീടാണ് അയാള്‍ തന്റെ പ്രസിദ്ധമായ ‘മിഥ്യാദൈവം’ എന്ന ഗ്രന്ഥം രചിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ പട്ടികയില്‍ അത് ഇടം പിടിക്കുകയുണ്ടായി. അതിന്റെ ലക്ഷക്കണക്കിന് പ്രതികള്‍ അച്ചടിക്കപ്പെടുകയും, ഒട്ടേറെ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെടുകയും ചെയ്തു.

അറേബ്യന്‍ സമൂഹങ്ങളില്‍ നിരീശ്വരവാദം പ്രചരിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച അന്വേഷണം വളരെ സുപ്രധാനമാണ്. മുസ്ലിം സമൂഹങ്ങളില്‍ പ്രചാരം സിദ്ധിച്ച് കൊണ്ടിരിക്കുന്ന നിരീശ്വരവാദത്തിന്റെ ഇനവും തരവും നിര്‍ണയിക്കുന്നതിനും, അതേതുടര്‍ന്ന് അവയെ കൃത്യമായി ചികിത്സിക്കുന്നതിനും കാരണങ്ങളെക്കുറിച്ച ധാരണ അനിവാര്യമാണ്. രോഗം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തിടത്തോളം അതിനെ ചികിത്സിക്കുന്നതില്‍ നാം പരാജയപ്പെടുക തന്നെ ചെയ്യും. മാത്രവുമല്ല, നിരീശ്വരവാദത്തിന്റെ വിവിധ കാരണങ്ങള്‍ തിരിച്ചറിയുന്നതോടെ വിഷയത്തെക്കുറിച്ച് കൂടുതല്‍ ധാരണ ലഭിക്കുന്നതിനും, ഉപരിപ്ലവമായ സമീപനത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വഴിവെക്കുന്നതാണ്. ഏതെങ്കിലും ഒരു കാരണത്തില്‍ മാത്രം പ്രശ്‌നത്തെ പരിമിതപ്പെടുത്തുന്നതിലൂടെ ബാഹ്യമായ ശക്തികളുടെ ഗൂഢാലോചന, പ്രശസ്തിമോഹം, പരിഷ്‌കാരം തുടങ്ങിയ മറ്റ് പ്രേരകങ്ങള്‍ അവഗണിക്കപ്പെടുകയാണ് ചെയ്യുക. നിരീശ്വരവാദിയായ ഒരു യുവാവിനെക്കുറിച്ച സംസാരത്തിനിടെ തന്റെ വിദ്യാര്‍ത്ഥിയുടെ പ്രതികരണം എഞ്ചിനീയര്‍ അബ്ദുല്ലാഹ് അല്‍ഉജൈരി കുറിക്കുന്നത് ഇങ്ങനെയാണ് (ഈ നിരീശ്വരവാദികളെല്ലാം പ്രശസ്തിമോഹികളാണ്).

നിരീശ്വരവാദ പ്രവണതയെ ഈയര്‍ത്ഥത്തില്‍ ഏതെങ്കിലും ഒരു കാരണങ്ങളില്‍ ഒതുക്കുന്നത് മൗലികമായ വിഷയങ്ങളില്‍ നിന്ന് നമ്മെ അകറ്റുകയാണ് ചെയ്യുക. അതേതുടര്‍ന്ന് അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിന് മുന്നില്‍ വഴിയടയുകയാണുണ്ടാവുക. നിരീശ്വരവാദം മുസ്ലിംകള്‍ക്കിടയിലേക്ക് ഊര്‍ന്നിറങ്ങുന്ന സാമൂഹികവും, വൈജ്ഞാനികവുമായ ദൗര്‍ബല്യം തിരിച്ചറിയുന്നതിലൂടെ മാത്രമെ പ്രസ്തുത ന്യൂനതകള്‍ പരിഹരിക്കാനാവൂ. സന്താനങ്ങള്‍ വളര്‍ന്ന്, അവരുടെ ബുദ്ധിയും ചിന്തയും വിഷമയമായിത്തീരുന്നതിന് മുമ്പ് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, സന്ദേഹങ്ങള്‍ ദൂരീകരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. മതനിരാസ ചിന്തകളും, ആശയങ്ങളും കൃത്യമായി പ്രതിരോധിക്കുന്നതിനും, ഭദ്രമായി കൊട്ടിയടക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ പ്രബോധന സ്ഥാപനങ്ങളും മറ്റും സ്വീകരിക്കേണ്ടതുണ്ട്. ഇസ്ലാമിക പ്രമാണങ്ങളും ശാസ്ത്രീയ അനുഭവങ്ങളുടെ സംഭാവനകളും സമൂഹത്തിന് വെവ്വേറെ പഠിപ്പിക്കുകയും, അവയ്ക്കിടയിലെ ബാഹ്യവൈരുദ്ധ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കുകയും വേണം.

വ്യക്തിപരവും, സാമൂഹികവും, വൈജ്ഞാനികവുമായ കാരണങ്ങളാല്‍ അറബ് ലോകത്തെ യുവാക്കള്‍ നിരീശ്വരവിശ്വാസത്തിന് അടിപ്പെടാറുണ്ട്. എന്നാല്‍ ഇവ വിശദമായി കൈകാര്യം ചെയ്യുന്നതിന് മുമ്പ് മൗലികമായ ചില കാരണങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് ഉത്തമമെന്ന് കരുതുന്നു.

അറബ് വിപ്ലവങ്ങള്‍:-  അറബ് സമൂഹങ്ങളില്‍ രൂപപ്പെട്ട വിപ്ലവങ്ങള്‍ മതനിരാസ പ്രവണതകള്‍ക്ക് ആക്കംകൂട്ടുന്നുവെന്ന് പഠനങ്ങളും ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു. സ്ഥാപിതമായ മതമൂല്യങ്ങള്‍ക്കെതിരെ ഇറങ്ങിത്തിരിക്കാനും, അവ വലിച്ചെറിയാനുമുള്ള വീര്യം പകര്‍ന്ന് നല്‍കുന്നു പ്രസ്തുത വിപ്ലവങ്ങളെന്ന് അബ്ദുല്‍ മുന്‍ഇം ശഹാത് ചൂണ്ടിക്കാണിക്കുന്നു. എഞ്ചിനീയര്‍ ഫാദില്‍ സുലൈമാനും ഒരു ഈജിപ്ഷ്യന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നു. ഫ്രഞ്ച്, ബോള്‍ഷെവിക് വിപ്ലവങ്ങള്‍ക്ക് ശേഷം നിരീശ്വരവാദചിന്ത ജനങ്ങള്‍ക്കിടയില്‍ അധികരിച്ചത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറ്റ് ഗവേഷകരില്‍ നിന്ന് ഭിന്നമായ ഈജിപ്ഷ്യന്‍ ചിന്തകര്‍ ഇക്കാര്യം നിരന്തരമായി ഉന്നയിച്ച് കൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

യൂറോപ്പിന്റെ മതനിരാസ പ്രകടനങ്ങള്‍: യൂറോപ്പിലും അമേരിക്കയിലും നിരീശ്വരവാദത്തോടുള്ള ആഭിമുഖ്യം ക്രമാതീതമായ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുവെന്ന് എഞ്ചിനീയര്‍ അബ്ദുല്ലാഹ് അല്‍ഉജൈരി അഭിപ്രായപ്പെടുന്നു. യൂറോപ്പില്‍ ആഞ്ഞടിക്കുന്ന ഈ തിരമാലയുടെ അലയൊലികള്‍ പടിഞ്ഞാറിനെ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുകരിക്കുന്ന അറബ് സമൂഹങ്ങളിലും എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഭാഷാപരമായ തടസ്സം കാരണം ഈ വളരെ പതിയെയാണ് ഈ ചിന്ത അറബ് സമൂഹത്തെ സ്വാധീനിക്കുന്നത് എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

About dr. hisham azmi

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *