നിര്‍ണിതമല്ല സ്വാതന്ത്ര്യ സങ്കല്‍പം

അടിമത്വം എന്നതിന് വിപരീതമായി ഭാഷയില്‍ പ്രയോഗിക്കപ്പെടുന്ന പദമാണ് സ്വാതന്ത്ര്യമെന്നത്. അടിമയെ മോചിപ്പിക്കുന്നതിന് സ്വതന്ത്രമാക്കുകയെന്ന

പ്രയോഗമാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.
സ്വാതന്ത്ര്യമെന്ന പ്രയോഗത്തിന് സ്ഥല-കാലങ്ങള്‍ക്കനുസരിച്ച് വിവിധങ്ങളായ ആശയങ്ങളും, അര്‍ത്ഥങ്ങളുമാണുള്ളത്. അതിനാല്‍ തന്നെ കൃത്യവും, നിര്‍ണിതവുമായ ഒരു നിര്‍വചനം പ്രസ്തുത പദത്തിന് നല്‍കാന്‍ സാധിക്കുന്നതല്ല. ഇത് കേവലം ‘സ്വാതന്ത്ര്യം’ എന്ന പ്രയോഗത്തിന് മാത്രം ബാധകമാകുന്ന കാര്യമല്ല. മറിച്ച് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ധാരാളം പദങ്ങള്‍ ഈ സങ്കീര്‍ണത അനുഭവിക്കുന്നുണ്ട്. വളരെ വ്യക്തമായ സൂചനകളുള്ള ഒട്ടേറെ പദങ്ങള്‍ക്ക് നിര്‍ണിതമായ നിര്‍വചനം നല്‍കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. അത്തരമൊരു പദമാണ് ‘സ്വാതന്ത്ര്യം’ എന്നത്. പ്രസ്തുത പ്രയോഗം എന്തിനെക്കുറിക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. വളരെ വ്യക്തമാണെന്നതോടൊപ്പം തന്നെ വളരെ വിശാലമായ പദം കൂടിയാണ് ‘സ്വാതന്ത്ര്യം’ എന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വൈജ്ഞാനിക സ്വാതന്ത്യം തുടങ്ങിയ എണ്ണമറ്റ പ്രയോഗങ്ങള്‍ സ്വാതന്ത്ര്യവുമായി ചേര്‍ത്ത് സമൂഹത്തില്‍ ഉപയോഗിക്കപ്പെടുന്നത് ഇതിന് ഉദാഹരണമാണ്.
ഇവയില്‍ ചിലയിനങ്ങള്‍ മറ്റ് ചിലയിനങ്ങളുമായി കൂടിക്കലരുകയോ, പരസ്പര വിരുദ്ധമാവുകയോ ചെയ്‌തേക്കാം. സ്വാതന്ത്ര്യമെന്നതിന്റെ ആശയത്തെക്കുറിച്ച് വീക്ഷണം ചിലപ്പോള്‍ ഭിന്നമായിരിക്കാം. 1860-ല്‍ അമേരിക്കയില്‍ നടന്ന ആഭ്യന്തര കലാപം ഇതിന് ഉദാഹരണമാണ്. പ്രസ്തുത കലാപത്തില്‍ പരസ്പരം യുദ്ധം ചെയ്ത കക്ഷികളെല്ലാം വാദിച്ചിരുന്നത് തങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നു എന്നായിരുന്നു. തെക്കന്‍ സ്‌റ്റേറ്റുകളില്‍ നിന്ന് കറുത്ത വര്‍ഗക്കാരെ മോചിപ്പക്കുകയെന്നതായിരുന്നു വടക്കന്‍ സ്റ്റേറ്റുകള്‍ അന്ന് സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിച്ചത്. ഫെഡറല്‍ ഭരണത്തില്‍ നിന്ന് വടക്കന്‍ സ്റ്റേറ്റുകളെ മോചിപ്പിക്കുകയെന്നതായിരുന്നു തെക്കന്‍ സ്റ്റേറ്റുകള്‍ അന്ന് സ്വാതന്ത്ര്യം കൊണ്ടുദ്ദേശിച്ചത്. ഇരുവിഭാഗവും തങ്ങളുടെ ധാരണയുടെ അടിസ്ഥാനത്തിലുള്ള സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്തു.
അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ ഇവിടെ അര്‍ത്ഥവത്താണ് (തന്റെ ആട്ടിന്‍പറ്റങ്ങളില്‍ നിന്ന് ചെന്നായയെ അകറ്റുന്നത് ഇടയനാണ്. അതിനാല്‍ തന്നെ ആടുകള്‍ ഇടയനോട് നന്ദി കാണിക്കുന്നു. കാരണം അവയുടെ മോചകനാണ് അവന്‍. അതേസമയം ഇടയന്റെ സമീപനം തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായാണ് ചെന്നായ വിലയിരുത്തുക. ‘സ്വാതന്ത്ര്യം’ എന്ന പ്രയോഗത്തിന്റെ ആശയത്തിന്റെ കാര്യത്തില്‍ ഇവിടെ ആടിനും ചെന്നായയ്ക്കും രണ്ടഭിപ്രായമാണുള്ളത്).
ഫ്രഞ്ച് വിപ്ലവവും ഇതിന് ഉദാഹരണമായെടുക്കാവുന്നതാണ്. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുന്നില്‍ വെച്ചാണ് വിപ്ലവകാരികള്‍ രംഗത്തിറങ്ങിയത്. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ എല്ലാ പ്രതിനിധാനങ്ങളെയും പിരിച്ച് വിടാന്‍ സ്വാതന്ത്ര്യമെന്ന പ്രയോഗം മുന്നില്‍ വെച്ച് തന്നെ വിപ്ലവകാരികള്‍ രംഗത്തിറങ്ങി. വ്യക്തിയെ, അവനെ ബന്ധിപ്പിക്കുന്ന എല്ലാ ചങ്ങലകളില്‍ നിന്നും സ്വതന്ത്രമാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
കമ്യൂണിസ്റ്റ് വ്യവസ്ഥയിലെ സ്വാതന്ത്ര്യവും മുതലാളിത്ത പ്രത്യയശാസ്ത്രത്തിലെ സ്വാതന്ത്ര്യ സങ്കല്‍പവും തമ്മില്‍ അജഗജാന്തരമുണ്ട്. മറ്റ് മനുഷ്യ നിര്‍മിത സാമ്പത്തിക-സാമൂഹിക വ്യവസ്ഥകളുടെ കാര്യവും ഇതില്‍ നിന്ന് ഭിന്നമല്ല.
സ്വാതന്ത്ര്യത്തെക്കുറിക്കുന്ന നിര്‍ണിതമായ നിര്‍വചനമില്ലെന്ന് ചുരുക്കം. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത, അതിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന, മറ്റുള്ളവരെ ഉപദ്രവിക്കാത്ത സ്വാതന്ത്ര്യമാണ് പ്രശംസനീയമായത് എന്നാണ് എന്റെ അഭിപ്രായം.

 

About khalid harbi

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *