നിഷേധികളെ അനുകരിക്കുന്നത് അനുവദനീയമാകുന്നതെപ്പോള്‍? -2

ഉസ്താദ് മുഹമ്മദ് അസദ് പറയുന്നു (നാഗരിക വിഷയങ്ങളുടെ ബാഹ്യനേട്ടങ്ങളെ അനുകരിക്കാമെന്നും, അവയുടെ സത്തയാല്‍ സ്വാധീനിക്കപ്പെടാതിരുന്നാല്‍ മതിയെന്നും ഉപരിപ്ലവമായി ചിന്തിക്കുന്ന ചിലര്‍

അഭിപ്രായപ്പെടുന്നു. ഇവര്‍ ധരിക്കുന്നത് പോലെ ഉള്ളുപൊള്ളയായ ബാഹ്യരൂപം മാത്രമല്ല നാഗരികതയെന്നത്. മറിച്ച് അതിന് ജീവസ്സുറ്റ അന്തരാളവും, അടിത്തറയുമുണ്ട്. അതിനാല്‍ തന്നെ അതിന്റെ ബാഹ്യപ്രകടനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ അടിസ്ഥാനങ്ങളും മറ്റും നമ്മില്‍ ഗുരുതരമായ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ബുദ്ധിപരമായ വീക്ഷണങ്ങളെ നാമറിയാതെ അത് ക്രമേണ മാറ്റിമറിക്കുകയും ചെയ്യുന്നു).

ഇസ്ലാമേതര മതവിഭാഗങ്ങളെ അനുകരിക്കുന്നത് വിലക്കിയും, അവരില്‍ നിന്ന് വ്യതിരിക്തമാവാന്‍ നിര്‍ദേശിച്ചുമുള്ള പ്രമാണങ്ങള്‍ നിരവധിയാണ്. പ്രവാചക സഖാക്കളുടെയും അവര്‍ക്ക് ശേഷം വന്ന തലമുറയുടെയും ഇജ്മാഅ് ഇക്കാര്യത്തിലുണ്ടെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇസ്ലാമിക രാഷ്ട്രത്തിലെ ദിമ്മികള്‍ (നികുതിയടച്ച് ജീവിക്കുന്ന ഇതരമതസ്ഥര്‍) മുസ്ലിംകളില്‍ നിന്നും വസ്ത്രത്തിലും, ബാഹൃപ്രകടനങ്ങളിലും വ്യത്യസ്തരായിരിക്കണമെന്നാണ് പ്രവാചകകാലം മുതല്‍ പരിചയിച്ചിട്ടുള്ളത്. അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും സവിശേഷ രീതികളോ ആചാരങ്ങളോ പ്രകടിപ്പിക്കുന്നതില്‍ നിന്നും തിരുമേനി(സ) വിലക്കുകയുണ്ടായി. ഇതരമതസ്ഥരോട് സാദൃശ്യമുള്ള വസ്ത്രധാരണ രീതികള്‍ അഭികാമ്യമല്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതും ഈയടിസ്ഥാനത്തില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ മുസ്ലിം ഉമ്മത്തിന് ഏകാഭിപ്രായമാണുണ്ടായിരുന്നത് എന്നാണ് തെളിവുകളുടെ ഈ ആധിക്യവും, പണ്ഡിതന്മാരുടെ ഏകാഭിപ്രായവും വ്യക്തമാക്കുന്നത്.

അനിസ്ലാമികമായ സംസ്‌കാരങ്ങള്‍ മുസ്ലിം നാടുകളില്‍ കടന്നുകയറുന്നത്, അവിടത്തുകാരെ ആധുനിക പാശ്ചാത്യന്‍ നാഗരികതയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുക. ഇറക്കുമതി ചെയ്യപ്പെട്ട ഈ സംസ്‌കാരങ്ങളില്‍ നമ്മുടെ യുവാക്കള്‍ ആകൃഷ്ടരാവുകയും, അവയാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ സ്വാഭാവിക പരിണിതി മാത്രമായാണ് ഇസ്ലാമിക ശരീഅത്ത് വിലക്കിയ അനുകരണശീലം മുസ്ലിം ഉമ്മത്തില്‍ പ്രചരിച്ചത്. ഉദാഹരണമായി ചില മുസ്ലിംകള്‍ നായകളെ വളര്‍ത്തുന്നത്തും, പരിചരിക്കുന്നതും, നിരത്തിലും, വീട്ടിലും അവയെ കൂടെകൂട്ടുന്നതും പരിഷ്‌കാരത്തിന്റെയും ഔന്നത്യത്തിന്റെയും അടയാളമായി കാണുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ പാശ്ചാത്യ ലോകത്തെ അറിയപ്പെടുന്ന നടീ-നടന്മാരെയും കായിക താരങ്ങളെയും അനുകരിക്കുന്നു. ജീവിതത്തിന്റെ വളരെ നിസ്സാരവും, അതിസൂക്ഷ്മവുമായ കാര്യങ്ങളില്‍ പോലും ഈ അനുകരണശീലം കാണപ്പെടുന്നു. ഇടുങ്ങിയ പാന്റ്‌സുകള്‍ ധരിക്കുക, പ്രണയദിനവും പുതുവര്‍ഷവും ആഘോഷിക്കുക തുടങ്ങിയവയെല്ലാം മറ്റു ചില ഉദാഹരണങ്ങള്‍ മാത്രം. അനുകരണത്തിന്റെ എല്ലാ പരിധികളും ലംഘിച്ച് കാതില്‍ കമ്മലും കയ്യില്‍ വളയും കഴുത്തില്‍ മാലയും അണിയുന്ന യുവാക്കളെ മുസ്ലിം ലോകത്ത് കാണുന്നു.

അപകടകരമായ ഈ പ്രവണതകള്‍ മുസ്ലിം ലോകത്ത് ഗുരുതരമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് വഴിവെക്കുന്നു. ഇതരമതസ്ഥരെ അനുകരിക്കുന്നത് വിലക്കുന്ന പ്രമാണങ്ങളും അതിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങളും മുസ്ലിം ഉമ്മത്തിന്റെ പുരോഗതിക്കും, മുന്നേറ്റത്തിനും തടസ്സമാണെന്ന് ആധുനികതയാല്‍ സ്വാധീനിക്കപ്പെട്ട മുസ്ലിംകള്‍ വാദിക്കുന്നു. അതിനാല്‍ തന്നെ അത്തരം ‘യാഥാസ്ഥിക’ വാദങ്ങളില്‍ നിന്നും സ്വതന്ത്രമാവുകയാണ് വേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതിന് വിരുദ്ധമായി മറ്റൊരു ആത്യന്തികവാദവും നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറ് നിന്ന് മുസ്ലിം ലോകത്തെത്തിയതെല്ലാം നിഷിദ്ധമാണെന്നാണ് അവരുടെ വീക്ഷണം!

സാധാരണ വിശ്വാസികളെ ആശയക്കുഴപ്പത്തിലകപ്പെടുത്തുന്നതാണ് ഈ ഇരുതീവ്രതകള്‍. സാമൂഹിക ജീവിതത്തില്‍ ഏതെല്ലാം വിഷയങ്ങളില്‍ അനുകരണമാവാം, ആകാവതല്ല തുടങ്ങിയ കാര്യങ്ങള്‍ സാധാരമുസ്ലിംകള്‍ക്ക് വശമില്ല. ‘ആരെങ്കിലും ഒരു ജനതയെ അനുകരിച്ചാല്‍ അവന്‍ അവരില്‍പെട്ടവനാണ്’ എന്ന ഹദീഥ് എല്ലാ വിധ അനുകരണങ്ങളെയും വിലക്കുന്നില്ല എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരെ കാണാവുന്നതാണ്.

ഖൈബറിലെ യഹൂദരെപ്പോലെ തോള്‍ വസ്ത്രം ധരിച്ചതിനെ വിലക്കിയ ഹദീഥ് ഉദ്ധരിച്ച് ഇമാം ഇബ്‌നു ഹജര്‍(റ) ഫത്ഹുല്‍ ബാരിയില്‍ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ് (യഹൂദരുടെ അടയാളമായിരുന്നു പ്രസ്തുത തോള്‍ വസ്ത്രമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇക്കാലത്ത് ഈ ആചാരം അവരില്‍ നിന്ന് നീങ്ങിയിരിക്കുന്നു. അതിനാല്‍ അവ ധരിക്കുന്നത് അനുവദനീയമാണ്).

About idrees ahmad

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *