Stone wall and farm building on Birker Fell - a typical Lakeland scene
Stone wall and farm building on Birker Fell - a typical Lakeland scene

നിഷ്ഫല കര്‍മങ്ങളാണ് ഇസ്ലാമിന് ചുറ്റും വേലികെട്ടിയത് -1

ദൈവത്തെ തിരിച്ചറിയുകയും, അവന് വിധേയപ്പെടുകയും, അവനെ അഭിമുഖീകരിക്കാന്‍ തയ്യാറാവുകയും, അവന്റെ ശിക്ഷയില്‍ ഭയപ്പെടുകയും ചെയ്യുകയെന്നതാണ് ഇസ്ലാമിന്റെ കാമ്പും

കാതലും. ദീനിന്റെ അദ്ധ്യാപനങ്ങളില്‍ ധാര്‍മികവും, സാമൂഹികവുമായ വ്യവസ്ഥകളുണ്ട്. പൊതുജീവിതവും വ്യക്തിജീവിതവും സമഗ്രമായി കൈകാര്യം ചെയ്യുന്നവയാണ് അവ.
ഈ അദ്ധ്യാപനങ്ങള്‍ ഇസ്ലാമിക വിശ്വാസത്തിന് മേല്‍ പണിതുയര്‍ത്തവയാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് അവ. അതിനാല്‍ തന്നെ അടിത്തറ പൊളിഞ്ഞ് വീഴുകയോ, ലക്ഷ്യം വ്യത്യസ്തമാവുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത ധാര്‍മിക സാമൂഹിക വ്യവസ്ഥകള്‍ക്ക് അതിന്റെ സവിശേഷമായ ഘടനയും, മൂല്യവും നഷ്ടപ്പെട്ട് പോവുന്നതാണ്. സ്വര്‍ണത്തിന്റെ വിലയില്‍ ഇടവ് സംഭവിച്ചാല്‍ അതിനെ അവലംബിച്ച് നിലനില്‍ക്കുന്ന കറന്‍സികളുടെ മൂല്യം നഷ്ടപ്പെട്ട് പോകുന്നത് പോലെയാണിത്.
ദീന്‍ എന്നത് എല്ലാറ്റിനും മുമ്പെ അല്ലാഹുവിന്റെ അസ്തിത്വത്തിലുള്ള ബോധവും, അടിമകള്‍ക്ക് മേല്‍ വിധി നടപ്പാക്കാനും ആവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കാനുമുള്ള അവന്റെ അവകാശം അംഗീകരിക്കുന്നുതമാണ്. അല്ലാഹു നമ്മെ ചുമതലപ്പെടുത്തിയ കാര്യങ്ങള്‍ നിര്‍വഹിക്കുകയെന്നതാണ് ഈ ആന്തരിക ബോധത്തിന്റെയും ബാഹ്യ അംഗീകാരത്തിന്റെയും തേട്ടം. അവ ഉത്തമമായത് കൊണ്ട് മാത്രമല്ല, മറിച്ച് അല്ലാഹുവിന് വിധേയപ്പെടുകയെന്നത് നിര്‍ബന്ധ ബാധ്യതയാത് കൊണ്ട് കൂടിയാണിത്.
ദൈവത്തെ അംഗീകരിക്കാത്ത വ്യക്തിയും ഒരു പക്ഷെ സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പുലര്‍ത്തുന്നത് ഉത്തമമാണെന്ന് നിരീക്ഷിച്ചേക്കാം. പക്ഷെ, കച്ചവടത്തില്‍ അയാള്‍ പുലര്‍ത്തുന്ന സത്യസന്ധത ഒരിക്കലും അല്ലാഹുവിനുള്ള ഇബാദത്ത് ആയി മാറുന്നില്ല. കാരണം അയാള്‍ ദൈവത്തെ അംഗീകരിക്കുകയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ല. അല്ലാഹുവിന്റെയടുത്തുള്ള പ്രതിഫലങ്ങളില്‍ അയാള്‍ പ്രതീക്ഷയര്‍പ്പിക്കുന്നുമില്ല!!
എന്നാല്‍ മുഅ്മിനിന്റെ വിശ്വസ്തതയും സത്യസന്ധതയും അല്ലാഹുവിനുള്ള വിധേയത്വവും അനുസരണവുമാണ് (വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധന്മാരുടെ കൂടെ നില്‍ക്കുകയും ചെയ്യുക). അത്തൗബഃ 119
കാരണം അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസത്തിന്‍മേലാണ് പ്രഥമമായി അവന്‍ സത്യസന്ധത പുലര്‍ത്തുന്നത്. പ്രസ്തുത വിശ്വാസം കൊണ്ട് സത്യസന്ധതയെന്ന മഹത്തായ ആശയത്തിലേക്ക് ഉയരുകയാണ് അവന്‍ ചെയ്യുന്നത്.
എല്ലാ സുകൃതങ്ങളും -അവ മാനസികമോ, സാമൂഹികമോ ആവട്ടെ- മതാദ്ധ്യാപനങ്ങളുടെ ഭാഗമാവുകയോ, വിശ്വാസിയുടെ ചര്യയാവുകയോ ചെയ്യുന്നതോടെ ജീവിതം ദൈവികവര്‍ണത്താല്‍ പ്രശോഭിതമായിത്തീരുന്നു. ഇവിടെ ദൈവത്തിലുള്ള വിശ്വാസമാണ് സുകൃതങ്ങളുടെ പിന്നിലെ പ്രേരകം. വിശ്വാസിയുടെ കൂടെ എപ്പോഴും നിലനില്‍ക്കുന്ന, വികാരമാണ് ദൈവഭയമെന്നത്.
നമുക്കിടയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ ഒരു പ്രവണതയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഞാന്‍ ഇത്രയും വിശദീകരിച്ചത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന നല്ലതോ അല്ലാത്തതോ ആയ ചില ആചാരങ്ങളും സമ്പ്രദായങ്ങളും ഏറ്റെടുക്കാനും നിര്‍വഹിക്കാനും നാം മുന്നിട്ടിറങ്ങാറുണ്ട്. അവയുടെ പൂര്‍ത്തീകരണം മഹത്വവും, ശ്രേഷ്ഠതയുമായി നാം വിലയിരുത്തുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും പ്രസ്തുത കര്‍മങ്ങളും വിശ്വാസവും തമ്മിലുള്ള ബന്ധം മുറിഞ്ഞ് പോയതായി കാണുന്നു. സുകൃതങ്ങള്‍ ചെയ്യുന്ന മനുഷ്യന്‍ പലപ്പോഴും ദൈവത്തെ സ്മരിക്കുകയോ, ഓര്‍ക്കുകയോ ചെയ്യാറില്ല എന്നത് ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു.
ഇത്തരം ജനങ്ങള്‍ ദീനിനെ രണ്ടായി വിഭജിക്കുകയുണ്ടായി. ആരാധനകളും വിശ്വാസങ്ങളുമാണ് അവയില്‍ ഒന്നാമത്തെ വശത്തെ പ്രതിനിധീകരിക്കുന്നത്. ഇടപാടുകള്‍, മറ്റ് വ്യവസ്ഥകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് രണ്ടാമത്തെ ഭാഗം. അല്ലാഹു കല്‍പിച്ച ഏത് പ്രവര്‍ത്തനവും ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ പ്രഥമഫലം അല്ലാഹുവിനുള്ള വിധേയത്വവും അനുസരണവും മാത്രമാണ്. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കാതെ, അവനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാതെ പ്രസ്തുത കര്‍മം നിര്‍വഹിക്കുന്നത് തീര്‍ത്തും നിഷ്പ്രയോജനകരമാണ്. അവ കൊണ്ട് ഭൗതിക ലോകത്ത് നേട്ടങ്ങളുണ്ടെങ്കില്‍ പോലും അവ അല്ലാഹുവിന്റെയടുത്ത് സ്വീകാര്യമല്ല.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *