9888or

നിഷ്ഫല കര്‍മങ്ങളാണ് ഇസ്ലാമിന് ചുറ്റും വേലികെട്ടിയത് -4

അല്ലാഹുവിന്റെ അടിമയായ മനുഷ്യന്‍ തന്നെപ്പോലുള്ള ഇതര മനുഷ്യര്‍ക്ക് സഹോദരനായി നിലകൊള്ളുന്നു. നന്മയില്‍ അവരോട് സഹകരിക്കുകയും കരുണയുടെയും നീതിയുടെയും അടിസ്ഥാനത്തില്‍ അവരോട്

സഹവസിക്കുകയും ചെയ്യുന്നു. ഇസ്ലാമിനെ വര്‍ണിച്ച് കൊണ്ട് ഇസ്ഹാഖ് ഹുസൈനി പറഞ്ഞ വാക്കുകള്‍ എന്നെ ഹഠാതാകര്‍ശിച്ചിരിക്കുന്നു.
(ദൈവികമതങ്ങളുടെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ ഇസ്ലാമില്‍ രണ്ട് ശ്രേഷ്ഠതകള്‍ തെളിഞ്ഞ് നില്‍ക്കുന്നതായി കാണാം. ജീവിതത്തെക്കുറിച്ച സമഗ്രമായ വീക്ഷണമാണ് അതിലൊന്ന്. വിവിധ ഘടകങ്ങള്‍ ചേര്‍ന്ന ഒരൊറ്റ യൂണിറ്റാണ് ജീവിതം എന്ന് മാലോകരെ പഠിപ്പിച്ചു. ഭൗതിക വശത്തേക്കാള്‍ പ്രാധാന്യം കുറഞ്ഞതല്ല, ആത്മീയ വശമെന്ന് ഇസ്ലാം സിദ്ധാന്തിച്ചു. സാമൂഹിക മര്യാദകളേക്കാള്‍ അപ്രധാനമല്ല വ്യക്തിതല മര്യാദകളെന്ന് വ്യക്തമാക്കി.
ധാര്‍മിക മൂല്യങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തപ്പെട്ടതായിരിക്കണം ഇടപാടുകള്‍. ആത്മീയതകള്‍ക്ക് മേലായിരിക്കണം ആരാധനകളെ കെട്ടിപ്പടുക്കേണ്ടത്. സമൂഹങ്ങള്‍ക്കുള്ള അവകാശങ്ങളത്രയും വ്യക്തികള്‍ക്കുമുണ്ട്. ശ്രേഷ്ഠതകളെല്ലാം തന്നെ ഒരു പോലെ പിന്‍പറ്റപ്പെടേണ്ടവയാണ്. അവയൊന്നും തന്നെ മറ്റൊന്നില്‍ നിന്ന് മുറിഞ്ഞ് പോയതായില്ല.
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇരുലോകങ്ങളിലെ പരിപൂര്‍ണ സന്തോഷത്തിലേക്കാണ് ഇസ്ലാം ക്ഷണിച്ചിട്ടുള്ളത്. സന്തോഷത്തിലും സന്താപത്തിലും പരസ്പരം പങ്കുചേരുന്ന ഉന്നതസാമൂഹിക ക്രമണത്തിന്റെ രൂപീകരണമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. നന്മയിലും പുണ്യത്തിലും പരസ്പരം സഹകരിക്കുന്ന, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരാണ് അവിടെയുള്ളത്. (സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച). അത്തൗബഃ 71
മുഴുവന്‍ ജനങ്ങളെയും ഒരു കുടുംബത്തെപ്പോലെ സമീപിച്ചുവെന്നതാണ് ഇസ്ലാമിന്റെ രണ്ടാമത്തെ സവിശേഷത. പരസ്പരം പരിചയപ്പെട്ടും സഹായിച്ചുമാണ് അവര്‍ ജീവിക്കേണ്ടത്. ദൈവബോധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അവര്‍ക്കിടയില്‍ യാതൊരു ഏറ്റവ്യത്യാസവുമില്ല.
ദൈവിക സന്ദേശങ്ങളെല്ലാം ഒരൊറ്റ നിറവും മണവുമുള്ളതാണെന്ന് ഇസ്ലാം പഠിപ്പിച്ചു. എല്ലാ പ്രവാചകന്മാരും സഹോദരന്മാരാണെന്നും, അവര്‍ക്കിടയില്‍ വിവേചനം കല്‍പിക്കരുതെന്നും നിഷ്‌കര്‍ഷിച്ചു.
ഇസ്ലാം പണിതുയര്‍ത്തിയ പ്രവിശാലമായ ഈ ആകാശത്താണ് വിട്ടുവീഴ്ച, നീതി, നന്മ തുടങ്ങിയ പല പ്രകാശങ്ങളും ഉദിച്ചുയര്‍ന്നത്. ജ്ഞാനം എവിടെ കണ്ടാലും പെറുക്കിയെടക്കാനും, എവിടെയാണെങ്കിലും നന്മയുടെ കൂടെ നില്‍ക്കാനും പഠിച്ചത് അവിടെ നിന്നാണ്. ഇസ്ലാമിന് ഭൂമിയില്‍ പ്രചാരം നല്‍കിയതും, ഇസ്ലാമിക നാഗരികത ചരിത്രത്തിലെ ഏറ്റവും ഉന്നതമായ ഘടനയായി അടയാളപ്പെടുത്തപ്പെട്ടതും അതിനാലായിരുന്നു.
ഉന്നത സ്വഭാവ വിശേഷണങ്ങളിലേക്ക് ക്ഷണിക്കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്. സാമൂഹിക മൂല്യങ്ങളിലേക്കും, നീതിയും സത്യവും മുറുകെ പിടിക്കുന്നതിലേക്കും അവ വിശ്വാസികളെ നയിക്കുന്നു. മാതാപിതാക്കളോട് പുണ്യം ചെയ്യുക, അഗതികള്‍ക്കും അനാഥകള്‍ക്കും ബന്ധുക്കള്‍ക്കും സഹായം നല്‍കുക, ദരിദ്രനെ ഊട്ടുകയും രോഗികളോട് കരുണ കാണിക്കുകയും ചെയ്യുക, സത്യസന്ധത, സഹനം, കരാര്‍പാലനം തുടങ്ങിയവ പ്രയോഗിത്തില്‍ വരുത്തുക തുടങ്ങിയവയെല്ലാം അവയ്ക്കുദാഹരണങ്ങളാണ്.
മാത്രവുമല്ല, ദുര്‍ഗുണങ്ങളില്‍ നിന്നും മ്ലേഛതകളില്‍ നിന്നും വിലക്കുന്ന ധാരാളം വചനങ്ങളും ഇസ്ലാമിക പ്രമാണങ്ങളില്‍ കാണാവുന്നതാണ.് മോശമായ വാക്കുകള്‍ പരസ്യമായി പറയുന്നത്, മോശമായി ധരിക്കുന്നത്, കളവ്, വഞ്ചന, അക്രമം, ശത്രുത, തോന്നിവാസം, അന്യായമായി സമ്പത്ത് ഉടമപ്പെടുത്തുക, അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കുക തുടങ്ങിവയെല്ലാം ഇസ്ലാം വ്യക്തമായി വിലക്കിയ കാര്യങ്ങളാണ്.
ഇതുമായി ബന്ധപ്പെട്ട പ്രവാചകചര്യയും, സ്വഹാബാക്കളുടെ പാരമ്പര്യവും ധാരാളമാണ്. അവയെല്ലാം ഖുര്‍ആനിക ആശയത്തില്‍ നിന്ന് കടമെടുത്ത പ്രായോഗിക രീതിയായിരുന്നു. ഖുര്‍ആനിക കല്‍പനകളെ വിശദീകരിക്കുന്നതും, പിന്തുണക്കുന്നതുമായിരുന്നു പ്രവാചക സഖാക്കളുടെ കര്‍മങ്ങളെന്നര്‍ത്ഥം.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *