44

ഏകദൈവാരാധനയാണ് നീതി -1

ഓരോ മനുഷ്യനും ഐഹിക ജീവിതത്തില്‍ രണ്ട് ബന്ധങ്ങളാണുള്ളത്. തന്നെ സൃഷ്ടിച്ച, തനിക്കാവശ്യമായ വിഭവങ്ങളൊരുക്കിയ ദൈവം തമ്പുരാനോടുള്ള അടിസ്ഥാനപരമായ ലംബമാന ബന്ധമാണ് ഇവയില്‍ ഒന്നാമത്തേത്. ഓരോ വ്യക്തിയും മറ്റ് വ്യക്തികളുമായി പുലര്‍ത്തുന്ന തിരശ്ചീന ബന്ധമാണ് രണ്ടാമത്തേത്. തന്നെ പ്രസവിക്കുകയും, പരിപാലിക്കുകയും ചെയ്ത മാതാ-പിതാക്കള്‍ മുതല്‍ തന്റെ ഭാര്യയും മക്കളും ഉള്‍പെടെ ബന്ധുക്കളും അല്ലാത്തവരുമായ എല്ലാ ജനങ്ങളും ഈ ബന്ധത്തിനുള്ളില്‍ കടന്നുവരുന്നു.
ഇവയില്‍ ഒന്നാമത്തെ ബന്ധം നിലനില്‍ക്കുന്ന അച്ചുതണ്ട് തൗഹീദ് അഥവാ ഏകദൈവാരാധനയാണ്. ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുകയെന്നതാണ് ഇതിന്റെ പ്രാഥമികമായ തേട്ടം. അവന്‍ മാത്രമാണ് സൃഷ്ടി കര്‍മം നിര്‍വഹിക്കുന്നത്, അവനല്ലാത്തതെല്ലാം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുക. അവന്‍ മാത്രമാണ് അന്നദാതാവ്, അവനല്ലാത്തവയെല്ലാം ഊട്ടപ്പെടുകയാണ് ചെയ്യുന്നത്. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും മറ്റുള്ളവ മരണത്തിന് വിധേയമാവുകയും ചെയ്യുന്നതാണ്. അവനെപ്പോലെ മറ്റൊന്നുമില്ല. അവനാണ് അത്യുന്നതമായ നാമങ്ങളുള്ളത്. അതിമഹത്തരമായ വിശേഷണങ്ങള്‍ക്കുടയമയത്രെ അവന്‍. എല്ലാറ്റിന്റെയും ഉടമസ്ഥാവകാശവും, അധികാരവും അവന്റെ മാത്രം കയ്യിലാണ്. അവനിലേക്കാണ് എല്ലാം മടങ്ങിപ്പോവുന്നത്. ആകാശ-ഭൂമികളിലുള്ള സര്‍വ ചരാചരങ്ങളും ഇഛാനുസരണവും, അല്ലാതെയും അവന് വിധേയപ്പെട്ടിരിക്കുന്നു.
അതിനാല്‍ തന്നെ അല്ലാഹു താനിഛിക്കുന്നവര്‍ക്ക് പൊറുത്ത് കൊടുക്കുന്നത് അവന്റെ ഔദാര്യവും അനുഗ്രഹവുമാണ്. തന്റെ അവകാശങ്ങളില്‍ മനുഷ്യര്‍ വീഴ്ച വരുത്തുകയോ, അബദ്ധം പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവനവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നു. അവന്റെ കര്‍മങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. എന്നാല്‍ ശിര്‍ക്ക് അഥവാ അവന്റെ അവകാശത്തില്‍ പങ്കുചേര്‍ക്കുകയെന്ന പാപം അവന്‍ പൊറുത്ത് കൊടുക്കുകയില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
അല്ലാഹുവിന്റെയടുത്ത് ഏറ്റവും ഉന്നതനായ സൃഷ്ടി പ്രവാചകന്‍ മുഹമ്മദ്(സ) ആണ്. മാലോകര്‍ക്ക് മാതൃകയായി നിയോഗിക്കപ്പെട്ട പ്രസ്തുത പ്രവാചകന്‍ ശിര്‍ക്ക് ചെയ്യുകയില്ലെന്ന് വ്യക്തമാണ്. എന്നിട്ട് പോലും അദ്ദേഹത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (‘നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും.’). അസ്സുമര്‍ 65.
തിരുമേനി(സ)യില്‍ നിന്ന് ശിര്‍ക്ക് സംഭവിക്കുകയില്ലെന്നും, ഇത് കേവലം സാങ്കല്‍പികയമായ പ്രയോഗമാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിരിക്കുന്നു.
ലോകത്ത് നിയുക്തരായ എല്ലാ പ്രവാചകന്മാരും കൊണ്ട് വന്ന സന്ദേശമാണ് തൗഹീദ്. പ്രസ്തുത പ്രവാചകന്മാര്‍ വഴി അല്ലാഹു അവതരിപ്പിച്ച വേദങ്ങളുടെ കേന്ദ്രആശയവും ഇത് തന്നെയാണ്. ഹൃദയത്തില്‍ ശിര്‍ക്കുണ്ടായിരിക്കെ മരണപ്പെട്ടവന് അല്ലാഹു പൊറുത്ത് കൊടുക്കുകയില്ലെന്ന് പ്രസ്തുത പ്രവാചകന്മാരുടെ സന്ദേശങ്ങളെല്ലാം ഏകോപിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ തൗഹീദ് സ്ഥാപിക്കുന്നതിനായി അവതീര്‍ണമായ പൂര്‍വവേദങ്ങളെല്ലാം മാറ്റിയെഴുതപ്പെടുകയും അവയുടെ ആശയങ്ങള്‍ വികലമാക്കപ്പെടുകയും ചെയ്തു. അതേതുടര്‍ന്നാണ് ശാശ്വതവേദമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ്(സ) വഴി അല്ലാഹു അവതരിപ്പിച്ചത്. അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ക്ക് മുമ്പില്‍ കറകളഞ്ഞ തൗഹീദ് സമര്‍പിക്കാനുള്ള പ്രാപ്തിയും, ശാശ്വതികത്വവും അതിന് തുണയായുണ്ട്. പ്രസ്തുത വേദത്തിലെ വചനങ്ങളിലൊന്ന് ഇപ്രകാരമാണ് (അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച). അന്നിസാഅ് 48.

About Muhammad Hadi al-Husni

Check Also

1

സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണതയാണ് ഏകദൈവാരാധന -2

വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സ് അല്ലാഹുവാണെന്ന വീക്ഷണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ആദിമ മനുഷ്യന് ദൈവം ജ്ഞാനം പകര്‍ന്ന് നല്‍കിയ ചരിത്രം …

Leave a Reply

Your email address will not be published. Required fields are marked *