mba

തൗഹീദും സാമൂഹിക പരിഷ്‌കരണവും -1

ദൈവദൂതന്മാര്‍ നിര്‍വഹിച്ച ഏകദൈവ വിശ്വാസത്തിലേക്കുള്ള പ്രബോധനവും, ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നന്മയിലേക്കുമുള്ള ക്ഷണവും പരസ്പര പൂരകങ്ങളായിരുന്നുവെന്ന് പ്രബോധന ചരിത്രം വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന് മാത്രമെ ആരാധനകള്‍ അര്‍പിക്കാവൂ എന്ന് പഠിപ്പിച്ച പ്രവാചകന്മാര്‍ തന്നെ, പ്രസ്തുത തലവാചകത്തിന് കീഴില്‍ നിന്ന് സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കുകയാണ് ചെയ്തത്. പാപങ്ങളുടെ അപകടം, കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതം, വൃത്തികെട്ട സ്വഭാവശീലങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സമൂഹത്തെ ശൂദ്ധീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയവരായിരുന്നു അവര്‍. അതിനാല്‍ തന്നെ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സുപ്രധാനമായ രണ്ട് ഘടകങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നതെന്ന് പറയാവുന്നതാണ്. സ്രഷ്ടാവിന്റെ ഏകത്വം, കൂടെ സാമൂഹിക പരിഷ്‌കരണം തുടങ്ങിയവയായിരുന്നു അത്.
മഹാന്മാരായ പ്രവാചകന്മാരുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും, അവര്‍ സ്വന്തം ജനതയോടും, സമൂഹങ്ങളോടും ബഹുദൈവ വിശ്വാസങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ആഹ്വാനം നടത്തുകയാണ് ചെയ്തിരുന്നതെന്ന് കാണാവുന്നതാണ്. പ്രസ്തുത കല്‍പനയുടെ കൂടെ തന്നെ സമൂഹത്തില്‍ പ്രകടമായിരുന്ന തിന്മകളില്‍ നിന്നും വൃത്തികെട്ട പ്രവണതകളില്‍ നിന്നും ജനങ്ങളെ സംസ്‌കരിക്കുന്നതിനും അവര്‍ മുണ്ടുമുറുക്കിയിറങ്ങുകയുണ്ടായി.
ചുരുക്കത്തില്‍ ഈ രണ്ട് പ്രബോധനങ്ങള്‍ക്കുമിടയില്‍ പരസ്പര യോജിപ്പും, ഇണക്കവുമുണ്ടായിരുന്നു. ഓരോന്നും പരസ്പരം അനിവാര്യമാക്കുകയും, പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഉദാഹരണമായി ഇബ്‌റാഹീം പ്രവാചകന്‍ തന്റെ ജനതയെ സമൂലം ഗ്രസിച്ച ബഹുദൈവ വിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നു. (തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇവ്വിധം പറഞ്ഞ സന്ദര്‍ഭം: ”നിങ്ങളുമായോ അല്ലാഹുവെ വെടിഞ്ഞ് നിങ്ങള്‍ ആരാധിക്കുന്നവയുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ നിങ്ങളെ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വെറുപ്പും വിരോധവും പ്രകടമത്രെ.”). അല്‍മുംതഹിനഃ 4.
അതേസമയം ലൂത്വ് നബി(സ) തന്റെ സമൂഹത്തില്‍ നടമാടിയിരുന്ന അശ്ലീലതകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് ചെയ്തത്. മറ്റ് സമൂഹങ്ങള്‍ക്ക് അപരിചിതമായിരുന്ന വൃത്തികേടുകളായിരുന്നു അദ്ദേഹത്തിന്റെ സമൂഹത്തെ ബാധിച്ചിരുന്നത്. അവരെ തൗഹീദിലേക്ക് ക്ഷണിച്ച നൂഹ് പ്രവാചകന്‍ അതിന്റെ തന്നെ ഭാഗമായാണ് ധാര്‍മിക വൈകല്യങ്ങളില്‍ നിന്ന് അകന്ന് നല്‍ക്കാനും, സുരക്ഷിതമായ സമൂഹത്തെ കെട്ടിപ്പടുക്കാനും അവരോട് ആഹ്വാനം ചെയ്തത്. എന്നാല്‍ ലൂത്വ് പ്രവാചകന്റെ പ്രബോധന ശൈലിയോടോ, ക്ഷമയോടെ ക്രിയാത്മകമായി പ്രതികരിക്കുകയല്ല പ്രസ്തുത ജനത ചെയ്തത് (ലൂത്തിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: ”നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തി 5 യിലാണോ നിങ്ങളേര്‍പ്പെട്ടിരിക്കുന്നത്? ”നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ.” എന്നാല്‍ അദ്ദേഹത്തിന്റെ ജനത്തിന്റെ മറുപടി ഇത്രമാത്രമായിരുന്നു: ”ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക. ഇവര്‍ വല്ലാത്ത വിശുദ്ധന്മാര്‍ തന്നെ!”).
ശുഐബ് പ്രവാചകന്റെ പ്രബോധന അനുഭവവും വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഏകദൈവ വിശ്വാസം മുന്നില്‍ വെച്ച് തന്നെയാണ് സമൂഹത്തില്‍ നടമാടിയിരുന്ന കച്ചവട വഞ്ചനയെ അദ്ദേഹം കൈകാര്യം ചെയ്തത്. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചതായും ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നു (മദ്‌യന്‍ ജനതയിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ”എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവ് വന്നെത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തിവെച്ചിരിക്കെ നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം.”). അല്‍അഅ്‌റാഫ് 85.

About Izzudhin Thawfeeq

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *