ഔദാര്യം പറ്റി ജീവിക്കേണ്ട ദരിദ്രജനങ്ങള്‍

മുതലാളിമാര്‍ സംവിധാനിച്ച നിലവിലുള്ള സാമൂഹികക്രമം ധാര്‍മികതെയെയും, മൂല്യത്തെയും നശിപ്പിച്ച് കളയുന്നതാണൈന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യക്തി-സാമൂഹിക അഴിഞ്ഞാട്ടത്തിനുള്ള വേദിയായി നമ്മുടെ രാഷ്ട്രം ഉടനെ തന്നെ രൂപാന്തരം പ്രാപിക്കുമെന്നതില്‍ സംശയമേതുമില്ല.

ഒരു വശത്ത് സമ്പത്ത് കുമിഞ്ഞ് കൂടുകയും, മറുവശത്ത് അത് നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. തെമ്മാടികളും, ആഭാസകരുമായ സമ്പന്നര്‍ സമൂഹത്തില്‍ വരേണ്യജാതിയായി വിലയിരുത്തപ്പെട്ടിരിക്കുന്നു. അവരുടെ കയ്യില്‍ ആവശ്യത്തിലധികം ധനമുണ്ട്, ആവശ്യത്തിലധികം സമയവുമുണ്ട്, ആവശ്യത്തിലധികം സ്വാധീനവും, വിരുതും ഊര്‍ജ്ജവുമുണ്ട്.
തങ്ങളുടെ ഊര്‍ജ്ജം അദ്ധ്വാനമാര്‍ഗത്തില്‍ ചെലവഴിക്കുന്നവരല്ല അവര്‍. ആസ്വാദനം എന്നതിനപ്പുറം ഒരു ചിന്തയോ ആലോചനയോ അവര്‍ക്കില്ല. ശാരീരിക സുഖത്തിനും, ആസ്വാദനത്തിനുമുള്ള മാര്‍ഗങ്ങള്‍ ആരായുന്നവരാണ് അവര്‍. വിലകൂടിയ വസത്രങ്ങളണിഞ്ഞ്, നിറച്ചുവെച്ച തീന്‍മേശക്കരികിലിരുന്ന്, ലഹരി നുകര്‍ന്ന് ജീവിതം ആഘോഷിക്കുന്നവര്‍.
തെമ്മാടികളായ ഈ യുവാക്കള്‍ എന്താണ് ചെയ്യുക? ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ അദ്ധ്വാനവും വിയര്‍പ്പ് തുള്ളികളും, രക്തവുമെല്ലാം ഇവര്‍ക്കാണ് ഫലം സമ്മാനിക്കുന്നത്. വീട്ടിലിരുന്ന് തന്നെ മറ്റുള്ളവരുടെ അദ്ധ്വാനഫലം ആസ്വദിക്കുന്ന മുതലാളിമാരാണിവര്‍. സ്വന്തം കര്‍മങ്ങള്‍ ഹൃദയത്തെ ശുദ്ധീകരിക്കാത്തവര്‍. ശാരീരികാസ്വാദനത്തെയും, ആഢംബരത്തെയും കുറിച്ച് ചിന്തിക്കുകയല്ലാതെ അവരെന്ത് ചെയ്യാന്‍?
പ്രലോഭിപ്പിക്കാനും, വശീകരിക്കാനുമുള്ള ശക്തി അവരുടെ കയ്യിലുണ്ട്…. സമ്പത്ത്…. മറുവശത്ത് ജീവിക്കുന്നത് എല്ലാ അവകാശങ്ങളും വിലക്കപ്പെട്ട ദരിദ്രജനകോടികളാണ്.. പ്രലോഭനത്തിന് മുന്നില്‍ വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലാത്തവര്‍.. ജീവിതം തേടി, ജീവിക്കാനുള്ള ഒരു കഷ്ണം റൊട്ടി തേടി അലയുന്നവരാണ് അവര്‍. മാന്യത മുറുകെ പിടിച്ച് സമ്പന്നരുടെ ഔദാര്യം വേണ്ടെന്ന് വെച്ച് ജീവിക്കാന്‍ അവര്‍ക്കാവില്ല.
ഇപ്രകാരം ദരിദ്രജനങ്ങള്‍ രണ്ടായി വേര്‍പിരിയുന്നു. മുതലാളിമാരെ സേവിച്ച് ജീവിക്കുന്ന ദരിദ്രനേതാക്കളും, അവരില്‍ തന്നെയുള്ള ഇരകളും എന്ന് അവരെ തരംതിരിക്കാവുന്നതാണ്. പ്രലോഭനത്തിന് വഴങ്ങാത്ത ന്യൂനാല്‍ന്യൂനപക്ഷം വരുന്ന മൂന്നാമത്തെ വിഭാഗവും നമ്മുടെ സമൂഹത്തിലുണ്ട്. ജീവിക്കാനുള്ള വിഭവങ്ങള്‍ തേടി നടക്കാത്തവരാണ് ഇവര്‍.
ധൂര്‍ത്തരായ സമ്പന്ന വിഭാഗത്തിന് വേണ്ടി പണിയെടുക്കുന്ന പരിവാരങ്ങളും, വാലാട്ടികളുമുണ്ടാവുകയെന്നത് സ്വാഭാവികമാണ്. അവരുടെ വിഢ്ഢിത്തങ്ങളും അവിവേകങ്ങളും വാഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരാണ് അവര്‍. വൃത്തികെട്ട മുതലാളിമാരില്‍ നിന്ന് പുറത്ത് വരുന്ന പുഴുക്കളാണ് അവര്‍. ഒരു സമൂഹം നശിച്ച് പോകുന്നതിന്റെ വിവിധ ഘട്ടങ്ങളെയാണ് ഇവയെല്ലാം പ്രതിനിധീകരിക്കുന്നത്.
മറ്റൊരു വിഭാഗവും രാഷ്ട്രത്തെ നശിപ്പിക്കുന്നതിനായി പണിയെടുക്കുന്നുണ്ട്. സദാജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നവരാണ് അവര്‍. പിശാചിന്റെ വയലില്‍ അദ്ധ്വനാനിക്കുന്ന കള്ളപ്പണത്തിന്റെ വക്താക്കളാണ് അവര്‍. കൈക്കൂലി വാങ്ങുകയും തിന്നുകയും ചെയ്യുകയെന്നതാണ് അവരുടെ തൊഴില്‍. മോഷണത്തിന്റെയും, തട്ടിപ്പിന്റെയും എല്ലാ ഇനങ്ങളും പഠിച്ച് ഹൃദിസ്ഥമാക്കി വന്നവര്‍.
ഒരു ഭാഗത്ത് കഷ്ടപ്പാടും മറുഭാഗത്ത് പ്രലോഭനവും മാടിവിളിക്കുമ്പോള്‍ സ്വാഭാവികമായും ഉദ്യോഗസ്ഥര്‍ എന്താണ് സ്വീകരിക്കുക. വിലക്കയറ്റവും, ദാരിദ്ര്യവും അഭിമുഖീകരിക്കുകയും, സമ്പന്നര്‍ക്ക് കൊടുക്കാനുള്ള ഓഹരി ശേഖരിക്കല്‍ ബാധ്യതയാവുകയും ചെയ്യുമ്പോള്‍ തന്റെ മുന്നിലുള്ള പ്രലോഭനം സ്വീകരിക്കുകയല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് പോംവഴിയൊന്നുമില്ല.
ധനികരുടെ ഔദാര്യത്തിന് കീഴില്‍ ജീവിക്കുന്ന ദരിദ്രര്‍ എന്ത് ചെയ്യാനാണ്? മറ്റ് ചിലപ്പോള്‍ പ്രസ്തുത ഔദാര്യവും നഷ്ടപ്പെടാറുണ്ട്. രണ്ട് വൃത്തികെട്ട മുതലാളിമാര്‍ ഒന്നിക്കുകയും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുമ്പോള്‍ ദരിദ്രര്‍ അവര്‍ക്കിടയില്‍ കിടന്ന് നരകിക്കേണ്ടി വരുന്നു. മുതലാളിമാര്‍ ചേര്‍ന്ന് പൊതുജനത്തിനും അവരുടെ താല്‍പര്യത്തിനുമെതിരായി ഗൂഢാലോചന നടത്തുന്നു. ഒന്നും കൈവശമില്ലാത്ത പൊതുജനം ഈ സംഘട്ടനത്തില്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുക.

 

About sayyid quthub

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *