പടിഞ്ഞാറും മസീഹും തമ്മില്‍ എന്താണ് ബന്ധം? -3

ക്രൈസ്തവര്‍ തങ്ങളുടെ ചര്‍ച്ചുകളിലും മറ്റും പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മസീഹിന്റെ രൂപമെടുക്കുക. അതെപ്പോഴും വെളുത്ത നിറമുള്ള, നീണ്ട മുടിയുള്ള, മനോഹരമായ

കവിളുകളുള്ള വ്യക്തിയെയാണ് നിങ്ങള്‍ക്കവിടെ കാണാനാവുക. ഒരു യൂറോപ്യനോ, അമേരിക്കനോ ആയ വ്യക്തിയായാണ് ഈസാ പ്രവാചകനെ സമൂഹസമക്ഷം ക്രൈസ്തവര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് സാരം. ഫലസ്തീനില്‍ പിറന്ന്, അവിടെ തന്നെ വളര്‍ന്ന ഒരു വ്യക്തിയെങ്ങനെയാണ് യൂറോപ്യന്‍/ അമേരിക്കന്‍ മാതൃകയില്‍ ചിത്രീകരിക്കപ്പെട്ടത്!!

മസീഹിനെ ചിത്രീകരിക്കുമ്പോള്‍ പരിഗണിക്കേണ്ടിയിരുന്നത് രണ്ടായിരം വര്‍ഷം മുമ്പ് ഫലസ്ത്വീനില്‍ വളര്‍ന്ന ഒരു വ്യക്തിയുടെ രൂപമായിരുന്നു. പടിഞ്ഞാറന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന ശാസ്ത്രീയ ഗവേഷണങ്ങളും പുരാവസ്തു ഖനന ഫലങ്ങളും ഈ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. തങ്ങളുടെ കണ്ടെത്തലുകള്‍ മുന്നില്‍ വെച്ച് അവര്‍ വരച്ചെടുത്ത മസീഹിന്റെ രൂപം നിലവില്‍ ക്രൈസ്തവര്‍ പ്രതിഷ്ഠിക്കുന്ന രൂപത്തില്‍ നിന്ന് പൂര്‍ണാര്‍ത്ഥത്തില്‍ വ്യത്യസ്തമാണ്. അതിനാലാണ് ഈ പഠനത്തിന്റെ പ്രാരംഭത്തില്‍ ‘മസീഹും പടിഞ്ഞാറും തമ്മില്‍ എന്താണ് ബന്ധം?’ എന്ന ചോദ്യം ഞാന്‍ ഉന്നയിച്ചത്.

ക്രൈസ്തവതയെ മുന്‍നിര്‍ത്തി നിലവിലുള്ള ക്രിസ്ത്യാനികള്‍ ഉന്നയിക്കുന്ന ചില സുപ്രധാന വിഷയങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാവുന്നതാണ്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ക്രൈസ്തവതയെന്നും, തീവ്രതയും ക്രൂരതയും തങ്ങള്‍ക്ക് അന്യമാണെന്നും അനുയായികള്‍ പെരുമ നടിക്കുന്നു. ‘നീ നിന്റെ വാള്‍ ഉറയിലിടുക, ആരെങ്കിലും വാള്‍ പുറത്തെടുക്കുന്നുവെങ്കില്‍ അവന്റെ മരണം അതു കാരണമായിരിക്കും’ എന്ന വാചകം മസീഹിലേക്ക് ചേര്‍ക്കുകയും ചെയ്തിരിക്കുന്നു ഇവര്‍.

എന്നാല്‍ റോമന്‍ ഭരണകാലം മുതല്‍ മറ്റുള്ളവര്‍ക്ക് നേരെ വാള്‍ ഉയര്‍ത്തിയ പാരമ്പര്യമാണ് ക്രൈസ്തവതക്കുള്ളത്. കോണ്‍സ്റ്റന്ററ്റൈന്‍ ഒന്നാമന്‍ ക്രൈസ്തവത സ്വീകരിച്ചത് മുതല്‍ അധികാരബലം ഉപയോഗിച്ച് പ്രതിയോഗികളെ കൊന്നു തള്ളുകയാണ് ക്രൈസ്തവര്‍ ചെയ്തത്. ഇന്നും ആയുധങ്ങളുമായി മറ്റുള്ളവര്‍ക്കെതിരെ ഇറങ്ങിത്തിരിക്കുന്നതും, വിവിധങ്ങളായ നൂതന ആയുധങ്ങളുടെ നിര്‍മാണത്തില്‍ പ്രാവീണ്യം കൈവശപ്പെടുത്തിയിട്ടുള്ളതും ക്രൈസ്തവര്‍ തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദോഷം വിതക്കുന്ന, അതിനാശകാരികളായ ആയുധങ്ങള്‍ പിറന്നുവീണതും ക്രൈസ്തവ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയാണ്.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഈസാ പ്രവാചകനുമായി എന്ത് ബന്ധമാണുള്ളത്? അതല്ല മസീഹിന്റെ പേരില്‍ മത്തായി ഉദ്ധരിക്കുന്ന ‘ഞാന്‍ സമാധാനം കൊണ്ടല്ല, വാളുമായി വന്നവനാണ്’ എന്ന വാചകത്തിന്മേല്‍ തങ്ങളുടെ സമീപനം പണിതുയര്‍ത്തുകയാണോ മസീഹ് ചെയ്തത്?

‘നിന്റെ വലത്തെ കവിളില്‍ അടിച്ചവന് ഇടത്തെ കവിള്‍ കാണിച്ച് കൊടുക്കുക’യെന്ന പ്രശസ്തമായ വചനം ഇവര്‍ ഇടക്കിടെ ഉരുവിടുന്നത് കേള്‍ക്കുമ്പോള്‍ ഒരേസമയം ചിരിയും കരച്ചിലുമാണ് അനുഭവപ്പെടുക. ലോകത്ത് ഈ തത്വത്തില്‍ നിന്ന് ബഹുദൂരം പാലിക്കുന്നവരാണ് ഇവര്‍. മാത്രവുമല്ല, ഈസാ പ്രവാചകന്റേതെന്ന് വിശ്വസിക്കാന്‍ പ്രയാസകരമായ നിര്‍ദേശമാണിത്. കാരണം അക്രമികള്‍ക്ക് വിധേയപ്പെടാനും, മാനുഷിക മഹത്വവും ഔന്നിത്യവും പണയപ്പെടുത്താനുമാണ് ഈ വചനം ആഹ്വാനം ചെയ്യുന്നത്.

എന്തു തന്നെയായാലും ഈ തത്വവുമായി ക്രൈസ്തവര്‍ക്ക് ചെറുതോ വലുതോ ആയ യാതൊരു ബന്ധവുമില്ല. ഭൂത കാലത്തെ സ്ഥിതിയും വര്‍ത്തമാനകാല സമീപനവും ഇക്കാര്യത്തില്‍ ഭിന്നവുമല്ല. ചരിത്രവും സംഭവലോകവും ഇക്കാര്യം അടിവരയിട്ട് സൂചിപ്പിക്കുന്നതായി കാണാവുന്നതാണ്. ക്രൈസ്തവര്‍ നിരന്തരമായി ഉപയോഗിക്കുന്ന മറ്റൊരു വാചകം കൂടിയുണ്ട് ‘നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക, നിങ്ങളെ ശപിക്കുന്നവരെ നിങ്ങള്‍ അനുഗ്രഹിക്കുക’ എന്നതാണത്. കേവലം ഉട്ടോപ്യന്‍ സ്വപ്‌നങ്ങള്‍ മാത്രമാണിത്. ഒരു പക്ഷെ പാതിരിമാരും പുരോഹിതന്മാരും തങ്ങളുടെ സ്‌ത്രോത്രങ്ങളില്‍ ഇപ്പോഴും അവ ഉരുവിടുന്നുണ്ടാവാം. എന്നാല്‍ ജനജീവിതത്തില്‍ അവയ്ക്ക് യാതൊരു പങ്കോ സ്വാധീനമോ ഇല്ല എന്നതാണ് വസ്തുത.

മസീഹിന്റെ അദ്ധ്യാപനങ്ങളില്‍ ക്രൈസ്തവര്‍ മുറുകെ പിടിക്കുന്ന ഒരേയൊരു ആശയം വ്യഭിചാരിണിക്ക് അദ്ദേഹം പൊറുത്ത് കൊടുത്തുവെന്നതാണ്. പടിഞ്ഞാറന്‍ ക്രൈസ്തവര്‍ വ്യഭിചാരിണിക്ക് പൊറുത്ത് കൊടുക്കുക മാത്രമല്ല, അവളെ ആദരിക്കുകയും, അവള്‍ക്ക് ചുമലിലേറ്റുകയും ചെയ്തിരിക്കുന്നു!!

 

About abdul azeez kaheel

Check Also

moses-and-the-burning-bush-0001107-full

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -1

ഇബ്‌റാഹീം പ്രവാചകന്റെ നിയോഗം കഴിഞ്ഞ് ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മസീഹിന്റെ ആഗമനത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇബ്‌റാഹീമിന്റെ മകന്‍ …

Leave a Reply

Your email address will not be published. Required fields are marked *