പലിശയെ പിന്തുണക്കുന്ന പണ്ഡിതരുടെ വാദങ്ങള്‍ -3

തിരുമേനി(സ) നിയോഗികക്കപ്പെട്ട കാലഘട്ടത്തിലെ മക്കയുടെയും ത്വാഇഫിന്റെയും മറ്റ് അറേബ്യന്‍ പട്ടണങ്ങളുടെയും സാഹചര്യം അവിടത്തെ കടങ്ങള്‍ ജീവിക്കാനും ഉപയോഗിക്കാനും

വേണ്ടിയായിരുന്നില്ലെന്നും, മറിച്ച് വരുമാനമുണ്ടാക്കുന്നതിനുള്ളവയായിരുന്നുമൈന്നുമാണ് സൂചിപ്പിക്കുന്നത്. ഖുറൈശികള്‍ കച്ചവടം ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരായിരുന്നു. ഥഖീഫും മറ്റു ഗോത്രങ്ങളും ഇത് തന്നെയായിരുന്നു നടത്തിയിരുന്നത്. പേര്‍ഷ്യക്കും റോമിനുമിടയിലെ കച്ചവടം കരമാര്‍ഗമായിരുന്നു നടന്നിരുന്നത്. യമന്‍, ശാം പ്രദേശങ്ങളിലൂടെയായിരുന്നു പ്രസ്തുത കച്ചവടയാത്രകള്‍ നടന്നിരുന്നത്. ഇവ രണ്ടിനുമിടയില്‍/ മധ്യത്തിലായിരുന്നു മക്കഃ. പേര്‍ഷ്യക്കാരുടെ ചരക്കുകള്‍ യമനില്‍ നിന്ന് ശാമിലേക്കും, റോമന്‍ ചരക്കുകള്‍ ശാമില്‍ നിന്ന് യമനിലേക്കും എത്തിക്കുന്ന ചുമതല ഖുറൈശികളാണ് ഏറ്റെടുത്തിരുന്നത്. അതിനാല്‍ തന്നെ ശൈത്യകാലത്തും, ഉഷ്ണകാലത്തും ഓരോ യാത്രകള്‍ അവര്‍ നടത്താറുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഖുറൈശ് അദ്ധ്യായത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഇത്തരം കച്ചവടങ്ങള്‍ വരുമാനമുണ്ടാക്കുകയെന്നര്‍ത്ഥത്തിലുള്ള കടങ്ങള്‍ക്ക് വഴിവെച്ചു. സ്വന്തം ധനം ഉപയോഗിച്ച് കച്ചവടം നടത്തുന്നവര്‍ ഖുറൈശികളിലുണ്ടായിരുന്നു. മറ്റൊരാളുടെ ധനമുപയോഗിച്ച് കച്ചവടം നടത്തുകയും ലാഭം വീതിച്ചെടുക്കുകയും ചെയ്യുന്നവരും അവരിലുണ്ടായിരുന്നു. തിരുമേനി(സ) ഖദീജഃയുടെ ധനം ഉപയോഗിച്ച് നടത്തിയ കച്ചവടം ഇതിനുദാഹരണമാണ്. മുതലാളിമാരില്‍ നിന്ന് ധനം കടമെടുത്ത് അവര്‍ക്ക് നിര്‍ണിത ലാഭം വാഗ്ദാനം ചെയ്ത് കച്ചവടം നടത്തുന്നവരും അവരിലുണ്ടായിരുന്നു. ഈ ലാഭത്തെയാണ് ഇസ്ലാം പലിശ എന്ന് വിളിച്ചത്.
തിരുമേനി(സ)യും അനുചരന്മാരും ശാമിലേക്ക് പോകുന്ന ഖുറൈശി കച്ചവട സംഘത്തെ ലക്ഷ്യം വെച്ചപ്പോള്‍ അതില്‍ എല്ലാ ഖുറൈശികളുടെയും പങ്കുണ്ടായിരുന്നുവെന്ന് ചരിത്രം സ്ഥാപിക്കുന്നുണ്ട്. അവരില്‍ മിക്കവാറും പേര്‍ മറ്റുള്ളവരെ കച്ചവടം ചെയ്യാന്‍ കാശ് ഏല്‍പിക്കുകയാണ് ചെയ്തിരുന്നത്. കച്ചവടത്തിലുണ്ടാവുന്ന ലാഭം മുതലാളിക്കും, കച്ചവടക്കാരനുമിടയില്‍ തുല്യമായി വീതിച്ചെടുക്കുന്ന സമ്പ്രദായവും അവരില്‍ ചിലര്‍ സ്വീകരിച്ചിരുന്നു. നഷ്ടമാണ് സംഭവിക്കുന്നതെങ്കില്‍ മുതലാളിയാണ് അത് വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായി നിര്‍ണിതമായ ലാഭം നിശ്ചയിച്ച് നഷ്ടത്തില്‍ പങ്കുചേരാത്ത കച്ചവടരീതിയും അവരിലുണ്ടായിരുന്നു. ഈ നിര്‍ണിത ലാഭത്തെയാണ് ഇസ്ലാം പലിശയെന്ന് പേര് വിളിച്ചത്.
ബനൂമുഗീറഃ ഗോത്രം ഥഖീഫില്‍ നിന്ന് സമ്പത്ത് കടം വാങ്ങുകയും പിന്നീട് തിരുമേനി(സ) റദ്ദാക്കുകയും ചെയ്തതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ടിരിക്കുന്നു. ഖുറൈശികളിലെ അറിയപ്പെടുന്ന ഗോത്രമായിരുന്നു ബനൂമുഗീറഃ. എന്നിരിക്കെ, പട്ടിണി കിടന്ന് വിശപ്പ് മാറാനായിരുന്നു അവര്‍ കടം വാങ്ങിയതെന്ന് വിശ്വസിക്കാനാവുമോ? കച്ചവടം നടത്താന്‍ വേണ്ടിയായിരുന്നു അവര്‍ കടം വാങ്ങിയിരുന്നത് എന്നാണ് ബുദ്ധിപരവും സ്വീകാര്യവുമായ അഭിപ്രായം. അതിനാല്‍ തന്നെ അറബികള്‍ നടത്തിയ കടമിടപാട് അത്യാവശ്യമായ ദിനചര്യകള്‍ നിര്‍വഹിക്കാനുള്ളവയായിരുന്നില്ല, മറിച്ച് സ്ഥിരവരുമാനത്തിന് മാര്‍ഗമെന്ന നിലയില്‍ കച്ചവടം നടത്തുന്നതിന് വേണ്ടിയായിരുന്നു.
ദാനധര്‍മം കല്‍പിച്ചു കൊണ്ടുള്ള പരാമര്‍ശത്തോടൊപ്പം പലിശയെക്കുറിച്ച് സൂചിപ്പിച്ചത് അടിയന്തരാവശ്യങ്ങള്‍ക്കായിരുന്നു അറബികള്‍ കടം വാങ്ങിയിരുന്നത് എന്ന് കുറിക്കുന്നില്ല. മറിച്ച് പ്രസ്തുത സൂചനകള്‍ ചില പ്രത്യേകമായ സാഹചര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടവയാണ്. അതായത് പ്രേരണയെന്തുമാവട്ടെ, രൂപം എങ്ങനെയുമാവട്ടെ, നല്ല അര്‍ത്ഥത്തിലുള്ള കടങ്ങള്‍ സ്വദഖഃയുടെ ഇനങ്ങളില്‍പെടുമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. എല്ലാ നന്മകളും സ്വയം തന്നെ ദാനധര്‍മമാണ്. നിഷിദ്ധങ്ങളില്‍ നിന്ന് ഓരോ തവണയും അകന്ന് നില്‍ക്കുന്നതും സ്വദഖഃ അഥവാ ദാനധര്‍മം തന്നെയാണ്. ഒരു പുരുഷന്‍ തന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പെടുന്നത് സ്വദഖഃയായി അല്ലാഹു രേഖപ്പെടുത്തുമെന്ന പ്രവാചക വചനം ഇവിടെ പ്രസക്തമാണ്. ഇതുകേട്ട ചില പ്രവാചക സഖാക്കള്‍ അല്‍ഭുതപ്പെട്ടപ്പോള്‍ അവിടുന്ന് ചോദിച്ചത് ഇപ്രകാരമാണ് (നിഷിദ്ധമായി വിധത്തിലാണ് അയാളത് പൂര്‍ത്തീകരിക്കുന്നതെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുകയില്ലേ?).
എല്ലാറ്റിനുമുപരിയായി ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുന്ന ഒരാള്‍ സ്വാര്‍ത്ഥതയെന്ന രോഗത്തിന് അടിയമാണ്. ഇതിന് വിപരീതമായി പൊതുജനത്തിനോടുള്ള താല്‍പര്യമാണ് സ്വദഖഃ അഥവാ ദാനധര്‍മം വരച്ചുകാണിക്കുന്നത്. ഇവ രണ്ടും രണ്ടറ്റങ്ങളില്‍ നിലകൊള്ളുന്ന ആശയങ്ങളാണ്. പലിശയിലുള്ള ആഗ്രഹം ആദ്യത്തേത്തില്‍ നിന്ന് അഥവാ സ്വാര്‍ത്ഥതയില്‍ നിന്ന് ജനിക്കുന്നതാണ്. എന്നാല്‍ ദാനധര്‍മം കരുണയില്‍ നിന്നും ദയയില്‍ നിന്നുമാണ് നിര്‍ഗളിക്കുന്നത്. വിശ്വാസിയെ സ്വാര്‍ത്ഥതയില്‍ നിന്നും പലിശയില്‍ നിന്നും ദയയിലേക്കും ദാനധര്‍മത്തിലേക്കുമാണ് ഖുര്‍ആന്‍ ക്ഷണിക്കുന്നത്.

 

About dr. muhammad abuzahra

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *