1625992765_n

പാശ്ചാത്യമുന്നണിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍! -1

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ചേര്‍ന്ന പാശ്ചാത്യമുന്നണി നമ്മെ അടിമകളാക്കുകയും, നിന്ദിച്ച് കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്. അവരുടെ അടുത്ത് കേവലം അടിമകളുടെയും, വേലക്കാരുടെയും സ്ഥാനമാണ് നമുക്കുള്ളത്.

അവരിലേക്ക് ചേരാനുള്ള നമ്മുടെ ചിന്തയും ആലോചനയും ചൂഷക മുതലാളിത്വത്തിന്റെയും, അതിനെ സംരക്ഷിക്കുന്ന കൊളോണിയലിസത്തിന്റെയും താല്‍പര്യങ്ങളില്‍ നിന്ന് രൂപപ്പെടുന്നവയാണ്. അവയ്ക്ക് പുറമെ നമുക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന പ്രലോഭനങ്ങളും വാഗ്ദാനങ്ങളും കേവലം വഞ്ചനാത്മകമായ മറകള്‍ മാത്രമാണ്. പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും, അവരെ വിഢ്ഢികളാക്കുന്നതിനും വേണ്ടിയാണിത്.
നമ്മുടെ ഭൂമിയും ആകാശവും, സമ്പത്തും വിഭവങ്ങളും, നേട്ടങ്ങളും ആത്മാക്കളും ഒന്നല്ല, രണ്ട് തവണ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പാശ്ചാത്യ മുന്നണിക്ക് സമ്മാനിച്ചിരിക്കുന്നു. ശേഷം അവരില്‍ നിന്ന് കരണത്തടിയും വാങ്ങി, നിന്ദ്യതയും പേറി തിരിച്ച് പോരുകയാണ് നാം ചെയ്തത്. എന്നാല്‍ ഇത്തവണ -അതായത് മൂന്നാവത്തെ പ്രാവശ്യം- അടിമകള്‍ മാത്രം പ്രശംസിച്ചേക്കാവുന്ന കേവല പരാജയവും വാങ്ങി പിന്‍മാറാന്‍ നാം ഒരുക്കമല്ലെന്ന് തോന്നുന്നു. നമ്മുടെ ജീവിതത്തിന്റെ പരിപൂര്‍ണ നാശവും പേറി, വരുംതലമുറകളുടെ ജീവിതം കൂടി തകര്‍ത്തതിന് ശേഷമേ ഇത്തവണ നാം മടങ്ങുകയുള്ളൂ എന്നാണ് സംഭവലോകം സൂചിപ്പിക്കുന്നത്.
ഏത് വിധേനെയാണെങ്കിലും ഏതെങ്കിലും സൈന്യത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് രാഷ്ട്രത്തെ നാശത്തിലേക്ക് മാത്രമെ നയിക്കുകയുള്ളൂ. അവസാനശ്വാസം വലിച്ച് കൊണ്ടിരിക്കുന്ന ഈ രാഷ്ട്രത്തിന്റെ മരണത്തിന് ഒരു ബോംബ് തന്നെ ധാരളമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വരാനിരിക്കുന്ന തലമുറകളെക്കൂടി വേരോടെ പിഴുതെറിയാന്‍ അത് തന്നെ മതിയാവുന്നതാണ്.
രാഷ്ട്രത്തിലെ ജനങ്ങളുടെ താല്‍പര്യവും സുരക്ഷയും അവഗണിച്ച് വിദേശരാഷ്ട്രങ്ങളുമായി കൂട്ടുചേരുന്നത് ഏറ്റവും ഭീകരമായ രാഷ്ട്രവഞ്ചനയാണ്. പാശ്ചാത്യജനാധിപത്യ ബിംബങ്ങള്‍ ഒട്ടേറെ തവണ ചീന്തിയെറിയും, ഇപ്പോഴും കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവകാശങ്ങളാണിവ. നമ്മുടെ ജനങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാത്ത, അധിനിവേശ ശക്തികളുടെ താല്‍പര്യത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ നമുക്കെങ്ങനെ സാധിക്കുന്നു?
ലോകം പാശ്ചാത്യ കൊളോണിയല്‍ ശക്തികളെന്ന കൃമികീടങ്ങളാല്‍ ആക്രമിക്കപ്പെടുകയും, അവരാല്‍ വിഭജിക്കപ്പെടുകയും ചെയ്ത അറബ് ലോകം ശാപവും അപമാനവുമാണ് അര്‍ഹിക്കുന്നത്. തങ്ങളുടെ ദുരവസ്ഥയില്‍ പാശ്ചാത്യമുന്നണിയോട് സഹായമിരക്കുകയാണ് നാം ചെയ്യുന്നതെങ്കില്‍ ഇത്തവണയും നമുക്ക് നഷ്ടം മാത്രമെ സംഭവിക്കുകയുള്ളൂ. പൗരസ്ത്യദേശത്ത് നിന്ന് ആരും സഹായത്തിന് മുതിരുകയില്ല. മാത്രവുമല്ല, പാശ്ചാത്യര്‍ക്ക് ചവിട്ടിക്കയറാന്‍ മുതുക് കുനിച്ച് നിന്നുകൊടുത്ത ശീലമെ പൗരസ്ത്യദേശങ്ങള്‍ക്കുള്ളൂ. യജമാനനെയും, അയാളുടെ ഭാണ്ഡത്തെയും വഹിച്ച് മുന്നോട്ട് നീങ്ങുന്ന നിന്ദ്യമായ കഴുതയുടെ സ്ഥാനമാണ് അവയ്ക്കുള്ളത്.
സോഷ്യലിസ്റ്റ്-മുതലാളിത്ത പടിഞ്ഞാറുകള്‍ക്കിടയില്‍ വ്യത്യാസമൊന്നുമില്ല. അവ രണ്ടും നമ്മോട് ഒരു പോലെ ശത്രുത പുലര്‍ത്തുന്നവരാണ്. ഈ ശത്രുതയുടെ ഏതാനും ചില കിരണങ്ങള്‍ നാം അടുത്ത കാലത്തായി ഫലസ്തീനില്‍ കണ്ട് കൊണ്ടിരിക്കുന്നുണ്ട്. അതേസമയം തന്നെ അവ നമുക്ക് നിന്ദ്യതയും, പതനവും സമ്മാനിക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടില്‍ (ഈജിപ്തില്‍) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാശ്ചാത്യര്‍ എന്താണ് ചെയ്തതെന്ന് നമുക്ക് നന്നായറിയാം. പുഛത്തോടും, വെറുപ്പോടും കൂടിയാണ് അവര്‍ നമ്മെ സമീപിക്കുന്നത് പോലും. നമ്മെ കാലിനടിയിലിട്ട് ചവിട്ടിയരക്കുകയെന്നതാണ് അവരുടെ ഓരോ രാഷ്ട്രീയ നിലപാടിന്റെയു ആകെത്തുക.
ഇനി ഒരു തവണ കൂടി നാം അവിവേകം ചെയ്യരുത്. നമ്മുടെ പെണ്‍മക്കളുടെ സുരക്ഷ നാം അവതാളത്തിലാക്കരുത്. യാത്രകള്‍ക്കിടയില്‍ കാണാതായ നമ്മുടെ പെണ്‍മക്കളെ മുമ്പ് നാം കണ്ടെത്തിയത് സൈനികക്യാമ്പുകളിലും, മറ്റും ചാരിത്ര്യം നഷ്ടപ്പെട്ട നിലയിലായിരുന്നു. നമ്മുടെ വിഭവങ്ങളും, കൃഷിപ്പാടങ്ങളും മോഷ്ടിക്കാന്‍ നാം അവരെ അനുവദിക്കരുത്. ബാങ്കുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് നമ്മുടെ സമ്പത്ത് കൊള്ളയടിക്കാന്‍ അവര്‍ക്ക് കൂട്ട് നില്‍ക്കരുത്. ഇവയെല്ലാം നമ്മെ പ്രതിസന്ധികളിലേക്കും, ദുരിതങ്ങളിലേക്കുമാണ് നയിക്കുക. എല്ലാം മോഷ്ടിച്ച് കൊള്ളയടിച്ച്, ചാരിത്ര്യം പിച്ചിയെറിഞ്ഞ് തിരിച്ച് പോകുമ്പോള്‍ തങ്ങള്‍ ചെയ്ത സേവനങ്ങള്‍ എണ്ണിപ്പറഞ്ഞ്, അഭിമാനിക്കുകയാണ് അവര്‍ ചെയ്യാറ്.

About

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *