ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായി അറിയപ്പെടുന്ന ത്രിയേകത്വത്തെക്കുറിച്ച ചര്‍ച്ചക്ക് അങ്ങേയറ്റം പ്രസക്തിയുണ്ട്. പ്രസ്തുത വിശ്വാസത്തെ പിന്തുണക്കുന്ന ചുരുങ്ങിയ പക്ഷം പത്ത് പ്രമാണെങ്ങളെങ്കിലും പ്രവാചകന്മാരുടെ വചനങ്ങളില്‍ നിന്നോ, മസീഹിന്റെ തന്നെ ഉപദേശങ്ങളില്‍ നിന്നോ, അദ്ദേഹത്തിന്റെ ശിഷ്യരില്‍ നിന്നോ ലഭിക്കുമോ എന്ന് അന്വേഷിക്കുകയുണ്ടായി.
പക്ഷെ പഴയ നിയമത്തിന്റെ രണ്ട് ചട്ടകള്‍ക്കിടയില്‍ മേല്പറഞ്ഞ ത്രിയേകത്വ വിശ്വാസത്തെക്കുറിക്കുന്ന ഒരു തെളിവു പോലും കാണാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. പുതിയ നിയമത്തിലും ഇത് തന്നെയാണ് അവസ്ഥ. ഈ വിശ്വാസവുമായി ബന്ധപ്പെട്ട് പഴയ നിമയത്തിലും പുതിയ നിയത്തിലും വന്ന പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ഇവിടെ ചെയ്യന്നത്.
1. പഴയ നിയമവും ത്രിയേകത്വ വിശ്വാസവും
ത്രിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു പ്രമാണം പോലും പഴയ നിയമത്തില്‍ ലഭ്യമല്ല. എന്നല്ല ത്രിത്വത്തിലെ മുഖ്യ രണ്ട് വിഭാഗമായ മകന്റെയും, പരിശുദ്ധാത്മാവിന്റെയും നാമം പോലും പഴയ നിയമത്തില്‍ വന്നിട്ടില്ല. എന്നിരിക്കെ, ചര്‍ച്ച് ആഹ്വാനം ചെയ്യുന്ന മൂന്നും ചേര്‍ന്ന ത്രിയേകത്വം എങ്ങനെയാണ് അതില്‍ കടന്ന് വരിക. 1500 വര്‍ഷങ്ങള്‍ക്കിടയില്‍ ദൈവിക വെളിപാടില്‍ നിന്ന് പ്രവാചകന്മാര്ക്ക് പോലും ലഭ്യമല്ലാത്ത വിശ്വാസം എങ്ങനെയാണ് വെച്ച് പുലര്‍ത്തുക!
വളരെ വിസ്മയകരമായ യാഥാര്‍ത്ഥ്യമാണിത്. പഴയ നിയമത്തിലെ തന്നെ ചില പ്രമാണങ്ങളാണ് ക്രൈസ്തവര്‍ തങ്ങളുടെ ത്രിയേകത്വ വിശ്വാസത്തിന് തെളിവായുദ്ധരിക്കാറുള്ളത്. പ്രസ്തുത പ്രമാണങ്ങള്‍ ത്രിയേകത്വത്തെ കുറിക്കുന്ന സൂചനകളാണെന്ന് അവര്‍ വാദിക്കുന്നു. അല്ലാഹുവിനെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ബഹുവചനരൂപം ഉപയോഗിച്ചുവെന്നതാണ് അവയിലൊന്ന്.
ദൈവത്തെക്കുറിക്കുന്ന ഖുദ്ദൂസ് എന്ന പദം തുടര്‍ച്ചയായി മൂന്ന് തവണ മാലാഖമാര്‍ ഉരുവിട്ടു എന്നതാണ് മറ്റൊരു തെളിവ്. ഇപ്രകാരം തന്നെയാണ് യോഹന്നാ സ്വപ്നത്തില്‍ ദര്‍ശിച്ച മൃഗങ്ങളും ഉച്ചരിച്ചത്. ഇവിടെ മൂന്ന് തവണ ഖുദ്ദൂസ് എന്ന് പറയുന്നത്, പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നര്ത്ഥത്തിലാണെന്ന് അവര്‍ വാദിക്കുന്നു.
വ്യക്തമായ ഏകദൈവ വിശ്വാസത്തെ തിരസ്കരിച്ച് ത്രിയേകത്വം സ്വീകരിക്കാനുള്ള ആധികാരികമായ തെളിവ് പ്രസ്തുത വചനങ്ങളില്‍ ഇല്ല എന്നത് ക്രൈസ്തവര്‍ തന്നെ അംഗീകരിക്കുന്ന കാര്യമാണ്. പഴയ നിയമം വായിച്ച മുന്‍കാല പണ്ഡിതര്‍ക്ക് അത്തരമൊരു അഭിപ്രായമുണ്ടാവുകയോ, അവര്‍ അങ്ങനെയൊന്ന് ഉന്നയിക്കുകയോ ചെയ്തില്ല എന്നത് സുവിദിതമാണ്. പുരോഹിതനായ ബൂത്തര് ഇക്കാര്യം അംഗീകരിക്കുന്നുണ്ട് (അല്ലാഹു ലോകം സൃഷ്ടിച്ച ശേഷം, തന്റെ സൃഷ്ടികളില്‍ മനുഷ്യനെ കിരീടമണിയിച്ചപ്പോള്‍ കുറച്ച് കാലം ഏകദൈവ വിശ്വാസത്തെക്കുറിച്ചല്ലാതെ മറ്റൊന്നും അവനെ അറിയിക്കുകയുണ്ടായില്ല. തോറയില്‍ നിന്ന് വ്യക്തമാകുന്ന കാര്യമാണിത്. വളരെ സൂക്ഷ്മമായി തോറ വായിക്കുന്ന ഒരാള്‍ക്ക് ഏകദൈവ വിശ്വാസത്തെക്കുറിക്കുന്ന പ്രമാണങ്ങള്‍ അതില്‍ കാണാവുന്നതാണ്. വളരെ ശ്രദ്ധയോടെ തോറ വായിച്ചാല്‍ ‘അല്ലാഹുവിന്റെ വചനം’, ‘അല്ലാഹുവിന്റെ യുക്തി’, അല്ലാഹുവിന്റെ ആത്മാവ് തുടങ്ങിയ പ്രയോഗങ്ങള്‍ കാണാവുന്നതാണ്. പുതിയ നിയമത്തിന്റെ അഭാവത്തില്‍ പഴയ നിയമം യഥാവിധം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. പഴയ നിയമം സൂചനകള്‍ നല്കിയപ്പോള് അതിനുള്ള വിശദാംശങ്ങളാണ് പുതിയ നിയമം നല്‍കിയത്).
ഡോ. വെയ്ന്‍ ജെര്ഡം പറയുന്നു (പഴയ നിയമത്തില്‍ ത്രിയേകത്വത്തെക്കുറിച്ച വ്യക്തമായ ഒരു പരാമര്‍ശവും ഇല്ല. മസീഹിന്റെ കാലത്തിന് മുമ്പ് പ്രാര്‍ത്ഥനകള്‍ മകന്നും, പരിശുദ്ധാത്മാവിന്നുമാണ് നല്‍കിയിരുന്നത് എന്നതിന് തെളിവ് ലഭിക്കാത്തതില്‍ അല്‍ഭുതമില്ല). ത്രിയേകത്വ വിശ്വാസം പഴയ നിയമം വ്യക്തമാക്കാത്തതിനെ ന്യായീകരിക്കുന്നവരുമുണ്ട്. ഇവദ് സംആന്‍ അവരില്‍പെടുന്നു. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ് (ബഹുദൈവ വിശ്വാസം പടര്‍ന്ന് പിടിച്ചിരുന്ന കാലത്ത് ജൂതന്മാര് ത്രിയേകത്വ വിശ്വാസത്തെ വികൃതമാക്കാന്‍ വലിയ സാധ്യതയുണ്ടായിരുന്നു. തങ്ങളുടെ ബഹുദൈവ വിശ്വാസത്തിന് അവര്‍ ത്രിയേകത്വത്തെ കൂട്ട്പിടിക്കുമായിരുന്നു. അതിനാല്‍ തന്നെ അല്ലാഹു തന്റെ ത്രിയേകത്വ ദര്‍ശനത്തെ ഒറ്റയടിക്ക് പ്രചരിപ്പിക്കാതിരിക്കുകയാണ് ചെയ്തത്).
പക്ഷെ ഇവിടെ ഉയര്‍ന്ന് വരുന്ന ഒരു ചോദ്യമുണ്ട്. പഴയ നിയമം ഇറങ്ങിയ പ്രത്യേക പരിതസ്ഥിതി മുന്നില്‍ വെച്ചാണ് ദൈവം ത്രിയേകത്വം വിളംബരം ചെയ്യാതിരുന്നതെങ്കില് നൂഹും, മൂസായും, ബനൂഇസ്രായേല്‍ പ്രവാചകന്മാരും എന്ത്കൊണ്ട് ത്രിയേകത്വം പ്രബോധനം ചെയ്തില്ല? അവരെല്ലാം വഴിതെറ്റാന്‍ കാരണമായത് അവരുടെ വേദങ്ങളിലെ ഏകദൈവ വിശ്വാസത്തെ കുറിച്ച വചനങ്ങളാണോ? അതിന്റെ ഫലമാണല്ലോ, ത്രിയേകത്വത്തിനെതിരെ അവര്‍ യദ്ധം നയിക്കുകയും പോരാടുകയും ചെയ്യുന്നത്. ദൈവമുദ്ദേശിച്ച നിഗൂഢലക്ഷ്യത്തിലേക്ക് എത്താന്‍ സാധിച്ചില്ലെന്ന പേരില്‍ ത്രിയേകത്വത്തെ നിരസിച്ച ഏകദൈവ വിശ്വാസികള്‍ക്ക് അവന് പൊറുത്ത് നല്‍കുമോ?
ഒരാളുടെ മഹത്വത്തെക്കുറിക്കുന്നതിന് ബഹുവചനരൂപം ഉപയോഗിക്കുകയെന്നത് എല്ലാ ഭാഷയിലും പ്രസിദ്ധമായ കാര്യമാണ്. അവയൊരിക്കലും ത്രിയേകത്വ വിശ്വാസത്തെ കുറിക്കുന്ന തെളിവല്ല.