പഴയനിയമം വിഗ്രഹാരാധനയാല്‍ സ്വാധീനിക്കപ്പെട്ട വിധം -3

പുരാതന നാഗരികതകളുടെ ചരിത്രം വിവരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നിന്നും,

പൗരാണിക മതസമൂഹങ്ങളില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്നും കടമെടുത്തവയായിരുന്നു തൗറാത്തിന്റെ ഉള്ളടക്കം. അതിനാല്‍ തന്നെ ‘ജൂത-സയണിസ്റ്റ് പാരമ്പര്യം’ എന്ന തന്റെ ഗ്രന്ഥത്തില്‍ സ്വബ്‌രി ജര്‍ജസ് തൗറാത്തിനെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ് (ഏതാനും ചില കഥകളുടെയും, അന്ധവിശ്വാസങ്ങളുടെയും ശേഖരം എന്നതിനേക്കാള്‍ വലിയ സ്ഥാനം തൗറാത്തിനില്ല. ബുദ്ധിക്കും തത്വശാസ്ത്രത്തിനും വിരുദ്ധമായ, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ, അസംബന്ധ നിബിഢമായ ഒരു സാമൂഹിക ക്രമത്തിലാണ് അവ രൂപപ്പെട്ടിട്ടുള്ളത്).
ബഹുദൈവ വിശ്വാസികളായിരുന്ന പൂര്‍വ്വകാല സമൂഹങ്ങളാല്‍ തൗറാത്ത് സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അതിന്റെ ഫ്രഞ്ച് ഭാഷയിലുള്ള ആമുഖം തന്നെ സൂചിപ്പിക്കുന്നുണ്ട്. അതില്‍ വിവരിക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ് (ലോകത്തിന്റെയും മാനവകുലത്തിന്റെയും പ്രാരംഭവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ടോ അല്ലാതെയോ പൗരാണിക കിഴക്കന്‍ ആചാരങ്ങളില്‍ നിന്ന് വിവരം കടമെടുക്കുന്ന കാര്യത്തില്‍ ബൈബിളിന്റെ രചയിതാക്കള്‍ക്ക് സന്ദേഹമുണ്ടായിരുന്നില്ല. വിശിഷ്യാ ഈജിപത്, കന്‍ആന്‍ തുടങ്ങിയ സംസ്‌കാരങ്ങളില്‍ നിന്നും അവര്‍ വിവരങ്ങള്‍ കൊളുത്തിയെടുക്കുകയുണ്ടായി).
ഫെല്‍സിയാന്‍ ശാലി പറയുന്നു (തങ്ങളുടെ ദൈവങ്ങളോടുള്ള ആദരവ് കാരണം ചില ഇസ്രയേലികള്‍ ചില പുരാണങ്ങള്‍ രചിക്കുകയുണ്ടായി. പിന്നീടവ അവരുടെ വേദഗ്രന്ഥത്തിലേക്ക് പകര്‍ത്തിയെഴുതുകയാണുണ്ടായത്. ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ചത്, നഷ്ടപ്പെട്ട് പോയ സ്വര്‍ഗം, പ്രളയം തുടങ്ങിയവയെല്ലാം അവയില്‍ വിഷയീഭവിക്കുകയുണ്ടായി. ഇസ്രയേലുമായി ബന്ധമുണ്ടായിരുന്ന ബാബിലോണിയ, ഈജിപ്ത് തുടങ്ങിയ നാടുകളിലെ പുരാണങ്ങളില്‍ നിന്ന് കടമെടുത്തതായിരുന്നു അവ).
ഹമുറാബിയുടെ നിയമസംഹിതയുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ട് തൗറാത്തിലെ നിയമങ്ങള്‍ക്ക്. ജൂതന്മാരുടെ ആവിര്‍ഭാവത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഹമുറാബി രൂപപ്പെട്ടിട്ടുണ്ട്. ഇവ രണ്ടിനും ഇടയിലെ അസാധാരണമായ സാദൃശ്യം കാരണം വിഗ്രഹാരാധകരുടെ നിയമസംഹിതയായ ഹമുറാബിയുടെ മറ്റൊരു പതിപ്പാണ് തൗറാത്തെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്. ഉദാഹരണമായി തൗറാത്തിലെ ഒരു പരാമര്‍ശം ഇങ്ങനെയാണ് (ഒരു കാള ഒരു പുരുഷനെയോ, സ്ത്രീയെയോ കുത്തുകയും അയാള്‍/ അവള്‍ മരണപ്പെടുകയും ചെയ്യുന്ന പക്ഷം ആ കാളയെ എറിഞ്ഞ് കൊല്ലേണ്ടതുണ്ട്. അതിന്റെ മാംസം ഭക്ഷിക്കാവതല്ല. എന്നാല്‍ കാളയുടെ ഉടമസ്ഥന്‍ പൂര്‍ണാര്‍ത്ഥത്തില്‍ നിരപരാധിയായിരിക്കും. എന്നാല്‍ കാള ഇതിന് മുമ്പും ആക്രമണ സ്വഭാവം കാണിക്കുകയും, ഉടമസ്ഥന്‍ അതേക്കുറിച്ച് അറിയിക്കപ്പെടുകയും ചെയ്തതിന് ശേഷം ആരെയെങ്കിലും കുത്തിക്കൊന്നാല്‍ കാളയെ എറിഞ്ഞ് കൊല്ലുകയും, ഉടമസ്ഥനെ വധിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ കാള അടിമയെയാണ് കുത്തിക്കൊല്ലുന്നതെങ്കില്‍ അവരുടെ മുതലാളിക്ക് മുപ്പത് ശാക്കല്‍ വെള്ളിനാണയം നല്‍കുകയും കാളയെ എറിഞ്ഞ് കൊല്ലുകയുമാണ് വേണ്ടത്). പുറപ്പാട് 21/ 28-32
ഇതുസംബന്ധിച്ച് ഹമുറാബിയില്‍ വന്നത് ഇപ്രകാരമാണ് (വഴിയില്‍ നടക്കവെ കാള ആരെയെങ്കിലും കുത്തിക്കൊലപ്പെടുത്തിയാല്‍ കാളയെ കൊല്ലുകയെന്നതല്ലാതെ മറ്റ് പരിഹാരമൊന്നുമില്ല. എന്നാല്‍ കാള മുമ്പ് ആരെയെങ്കിലും കുത്തുകയും ഇക്കാര്യം ഉടമസ്ഥന്‍ അറിയുകയും അതിന്റെ കൊമ്പ് മുറിക്കാതിരിക്കുകയും ചെയ്തുവെങ്കില്‍ കാളയെ കൊല്ലുകയും, ഉടമസ്ഥന്‍ മുപ്പത് ശാക്കല്‍ വെള്ളിനാണയം നല്‍കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ അടിമയെയാണ് കുത്തിയതെങ്കില്‍ ഇരുപത് വെള്ളിനാണയമാണ് നല്‍കേണ്ടത്). ഹമുറാബി ഖണ്ഡിക 250-252
പുറപ്പാട് പുസ്തകം 8/22 ഉം ഹമുറാബിയിലെ 124-ാം ഖണ്ഡികയും തമ്മിലും ഈയര്‍ത്ഥത്തിലുള്ള സമാനത കാണാവുന്നതാണ്. പുറപ്പാട് 22/10-12 ഹമുറാബി ഖണ്ഡിക 244-246-266 തുടങ്ങിയവയ്ക്കുമിടയിലും മറ്റ് പല വചനങ്ങള്‍ക്കിടയിലും ഇത്തരം സാദൃശ്യങ്ങള്‍ കാണാവുന്നതാണ്.
വേദഗ്രന്ഥവുമായി ബന്ധപ്പെട്ട വിജ്ഞാനകോശത്തില്‍ ഇതേക്കുറിച്ച് വന്ന വിവരണം ഇപ്രകാരമാണ് (ഇപ്രകാരം മൂസായുടെ ശരീഅത്തിനും, ഹമുറാബിയുടെ നിയമസംഹിതക്കുമിടയില്‍ ധാരാളം സമാനതകള്‍ കാണാവുന്നതാണ്. ഈ യോജിപ്പുകളെല്ലാം കേവലം യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളാന്‍ നമുക്കാവില്ല. ഇസ്രയേലികള്‍ കന്‍ആന്‍ ഭൂമിയിലെത്തിയ ശേഷം ബാബിലോണിയന്‍ സംസ്‌കാരവുമായി ചേര്‍ന്ന് ജീവിക്കുകയും അതേതുടര്‍ന്ന് തങ്ങള്‍ക്ക് പ്രയോജനകരമായവ അവയില്‍ നിന്ന് പലതും കൊളുത്തിയെടുക്കുകയുമാണ് ചെയ്തത്).

About super user

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *