islam

ഇസ്ലാമിക പ്രബോധനത്തിന്റെ രാഷ്ട്രീയ മുഖം -6

മദീനയിലെത്തിയ തിരുമേനി(സ) പ്രഥമമായി ചെയ്ത കര്‍മം പള്ളി നിര്‍മാണമായിരുന്നു. വിശ്വാസികള്‍ക്ക് സമ്മേളിക്കാനും, പ്രാര്‍ത്ഥന നിര്‍വഹിക്കാനും, കൂടിയാലോചന നടത്താനും, മുസ്ലിംകളുടെ പ്രശ്‌നങ്ങളില്‍ വിധിതീര്‍പ്പ് കല്‍പിക്കുന്നതിനുമുള്ള ഇടം എന്നായിരുന്നു പ്രസ്തുത ദൈവിക ഭവനം കൊണ്ടുദ്ദേശിച്ചത്. അബൂബക്‌റിനെയും, ഉമറി(റ)നെയും തന്റെ സഹചാരികളും മന്ത്രിമാരുമായി അദ്ദേഹം നിശ്ചയിച്ചു. രാഷ്ട്രത്തിലെ പ്രസിഡണ്ടിന്റെയും, ന്യായാധിപന്റെയും ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം തന്നെയായിരുന്നു നിര്‍വഹിച്ചിരുന്നത്. സൈന്യാധിപനും, വിശ്വാസികളുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവനും അദ്ദേഹം തന്നെയായിരുന്നു. ഇതുവഴിയാണ് മദീനയിലെ ആദ്യ ദിവസം തന്നെ അവിടെയൊരു ഇസ്ലാമിക രാഷ്ട്രത്തിന്റെ നിര്‍മാണത്തിന് അദ്ദേഹത്തിന് സാധിച്ചത്.
ഇമാദുദ്ദീന്‍ ഖലീല്‍ കുറിക്കുന്നു (ഒരു രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് വേണ്ടിയുള്ള ധീരമായ പോരാട്ടത്തിന്റെ പരിസമാപ്തിയായിരുന്നു റബീഉല്‍ അവ്വല്‍ പന്ത്രണ്ട്. അതേസമയം തന്നെ രാഷ്ട്രത്തെ ശക്തിപ്പെടുത്താനും, സമ്പൂര്‍ണമായ നാഗരികതയുടെ നിര്‍മാണത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കവും കൂടിയായിരുന്നു. രാഷ്ട്രത്തെയും, നാഗരികതകളെയും പണിതുയര്‍ത്തുന്ന മനുഷ്യനെ രൂപപ്പെടുത്തുകയെന്നതായിരുന്നു പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. മദീനയിലെത്തിയ തിരുദൂതര്‍(സ) പ്രബോധനത്തിന്റെ പുതിയ ഘട്ടത്തില്‍ തന്റെ ചുമലിലേല്‍പിക്കപ്പെട്ട ബാധ്യതകള്‍ ഓരോന്നോരോന്നായി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഭദ്രമായ അടിസ്ഥാനങ്ങള്‍ക്ക് മേല്‍ ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുകയെന്നതായിരുന്നു അത്).
മുഹമ്മദ് സലീം അല്‍അവാ അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ് (ഹിജ്‌റയോട് കൂടി തന്നെ ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കപ്പെടുകയും, അതിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു). മുഹമ്മദ് ഫത്ഹി ഉഥ്മാന്‍ കുറിക്കുന്നു (മദീനയിലേക്ക് തിരുദൂതര്‍(സ) ഹിജ്‌റ ചെയ്തത് മുതല്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ അടിസ്ഥാനങ്ങളായ ഭൂമി, ജനത, നേതൃത്വം തുടങ്ങിയവ പൂര്‍ത്തീകരിക്കപ്പെടുകയുണ്ടായി).
ഹിജ്‌റ ചെയ്ത് തിരുദൂതരു(സ)ം അനുയായികളും മദീനയില്‍ എത്തിയത് മുതല്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കപ്പെട്ട് കഴിഞ്ഞിരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ഇസ്ലാമിക രാഷ്ട്രത്തിന്റെ ഘടന നിര്‍ണയിക്കപ്പെട്ടതും, ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. നീതി നടപ്പാക്കുന്നതിന് വിശ്വാസികള്‍ മുറുകെ പിടിക്കേണ്ട ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയാണ് തിരുമേനി(സ) സ്വന്തം നേതൃത്വത്തില്‍ മദീനയില്‍ പകര്‍ന്ന് നല്‍കിയത്. വിശ്വാസികള്‍ക്ക് സ്വന്തം ദീന്‍ സംരക്ഷിക്കുന്നതിന് അവരുടെ കയ്യില്‍ അല്ലാഹു ഏല്‍പിച്ച അമാനതാണിത്. തിരുദൂതര്‍(സ) സ്ഥാപിച്ച രാഷ്ട്രീയ വ്യവസ്ഥയുടെ കാര്യത്തില്‍ വിശ്വാസികള്‍ അലംഭാവം പുലര്‍ത്തുകയോ, വീഴ്ച വരുത്തുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷക്കും, നിന്ദ്യതക്കും അവര്‍ വിധേയരാവുന്നതാണ്.
വിശ്വാസികളെ അല്ലാഹു ഏല്‍പിച്ച ധാരാളം ഉത്തരവാദിത്തങ്ങളുണ്ട്. അവ പൂര്‍ത്തീകരിക്കാന്‍ ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അഭാവത്തില്‍ വിശ്വാസികള്‍ക്ക് സാധിക്കുകയില്ല. ഇപ്രകാരം നിര്‍ബന്ധമായ ഒരു കാര്യം യാതൊരു വിശദാംശവും നല്‍കാതെ അല്ലാഹു അവഗണിച്ചുവെന്നും വിശ്വസിക്കാന്‍ ന്യായമില്ല. തിരുദൂതര്‍(സ) സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രം തന്നെയായിരുന്നു ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ കുറ്റമറ്റ വിശദീകരണം. ജനങ്ങളെ സത്യത്തിന്റെയും നീതിയുടെയും മാര്‍ഗത്തില്‍ യോജിപ്പിക്കുകയെന്നതാണ് അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കിയ ഉത്തരവാദിത്തം. ഇസ്ലാം മുന്നോട്ട് വെക്കുന്ന നിയമവ്യവസ്ഥ വഴി മാത്രമെ പ്രസ്തുത ഫലം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് വസ്തുത.

About ihsan abdul munim

Check Also

zzzpravachakan1

മക്കാ നിവാസികളും പ്രവാചക നിയോഗവും -3

മരണശേഷമുള്ള പുനരുത്ഥാനം, പ്രതിഫലം തുടങ്ങിയ അടിസ്ഥാന വിശ്വാസങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുക. അതേക്കുറിച്ച് ഉന്നയിക്കപ്പെട്ട നിഷേധികളുടെ സന്ദേഹങ്ങള്‍ക്ക് മറുപടി …

Leave a Reply

Your email address will not be published. Required fields are marked *