120

പൂര്‍വപ്രവാചകന്മാരിലുള്ള വിശ്വാസം -1

മുഹമ്മദ് പ്രവാചകന്റെ നിയോഗമോ, ഈസാ നബിയുടെ ജനനമോ അല്ല ലോകാരംഭത്തെ കുറിക്കുന്നത്. ഇതിനെല്ലാം എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മാനവസമൂഹത്തിന്റെ ജീവിതയാത്ര തുടങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത.

ഈ പ്രവാചകന്മാര്‍ക്ക് മുമ്പ് ജീവിച്ച തന്റെ അടിമകളെ മാര്‍ഗദര്‍ശനമില്ലാതെ വഴികേടില്‍ മുങ്ങി ജീവിക്കാന്‍ ലോകരക്ഷിതാവ് തീരുമാനിച്ചില്ല. ജനങ്ങള്‍ക്കിടയില്‍ നിന്ന് അവന്‍ മൂസായെ പ്രവാചകനായി തെരഞ്ഞെടുത്തു. (ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനമായി കിട്ടുന്നത് നന്നായി കേട്ടുമനസ്സിലാക്കുക). ത്വാഹാ 13
മൂസാ പ്രവാചകന് മുമ്പ് അല്ലാഹു ഇബ്‌റാഹീമിനെ തന്റെ ദൂതനായി തെരഞ്ഞെടുത്തിരുന്നു. അദ്ദേഹം തന്റെ ജനതയ്ക്ക് നല്‍കിയ സന്ദേശത്തെക്കുറിച്ച് ഖുര്‍ആന്‍ ഇവ്വിധം പറയുന്നു (ഇബ്‌റാഹീമിനെയും നാം നമ്മുടെ ദൂതനായി നിയോഗിച്ചു. അദ്ദേഹം തന്റെ ജനതയോട് ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: ‘നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ യാഥാര്‍ത്ഥ്യം അറിയുന്നവരെങ്കില്‍’. അല്ലാഹുവെ വിട്ട് നിങ്ങള്‍ പൂജിച്ച് കൊണ്ടിരിക്കുന്നത് ചില വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ കള്ളം കെട്ടിയുണ്ടാക്കുകയാണ്. അല്ലാഹുവെ വിട്ട് നിങ്ങള്‍ പൂജിച്ച്‌കൊണ്ടിരിക്കുന്നവയ്ക്ക് നിങ്ങള്‍ക്കാവശ്യമായ ഉപജീവനം തരാന്‍ പോലും കഴിയില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് മാത്രം ഉപജീവനം തേടുക. അവനു മാത്രം വഴിപ്പെടുക. അവനോട് നന്ദികാണിക്കുക. നിങ്ങളൊക്കെ മടങ്ങിയെത്തുക അവന്റെ അടുത്തേക്കാണ്). അല്‍അന്‍കബൂത് 16-17
ഇബ്‌റാഹീം പ്രവാചകന് മുമ്പ് നൂഹിനെ അല്ലാഹു തന്റെ ദൂതനായി നിശ്ചയിച്ചു. ഏകദേശം പത്ത് നൂറ്റാണ്ടുകളോളം അദ്ദേഹം ജീവിച്ചു. അത്രയുംകാലം തന്റെ ജനതയെ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം അവരോട് പറഞ്ഞു (നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ക്ക് അല്ലാഹുവിന്റെ മഹത്വം ഒട്ടും അംഗീകരിക്കാനാവുന്നില്ലല്ലോ? നിങ്ങളെ വിവിധ ഘട്ടങ്ങളിലൂടെ സൃഷ്ടിച്ചു വളര്‍ത്തിയത് അവനാണ്. അല്ലാഹു ഒന്നിനുമീതെ മറ്റൊന്നായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയെന്ന് നിങ്ങള്‍ കാണുന്നില്ലേ?) നൂഹ് 13-15
ഈ പ്രവാചകന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞ സന്ദേശം ശാശ്വതമാണ്. അവയുടെ അലയൊലികള്‍ ആകാശഭൂമികള്‍ നിലനില്‍ക്കുന്ന കാലത്തോളം നാനാഭാഗത്തും മുഴങ്ങിക്കൊണ്ടേയിരിക്കും.
ഒടുവില്‍ വന്ന പ്രവാചകന്‍ മുഹമ്മദു(സ)ം ഈ ആശയം തന്നെയാണ് ഊട്ടിയുറപ്പിച്ചത്. അദ്ദേഹം തന്റെ വിശ്വാസാദര്‍ശങ്ങള്‍ ശൂന്യതയില്‍ കെട്ടിപ്പടുക്കുകയല്ല ചെയ്തത്. പൂര്‍വകാല പ്രവാചകന്‍മാര്‍ നാട്ടി വെച്ച അടിസ്ഥാനങ്ങള്‍ക്ക് മേലാണ് അദ്ദേഹം ഇസ്ലാമിക വിശ്വാസങ്ങള്‍ സ്ഥാപിച്ചത്. പൂര്‍വകാല സമൂഹങ്ങള്‍ക്ക് പ്രവാചകന്മാര്‍ നല്‍കിയതും പിന്നീട് വിസ്മരിക്കപ്പെട്ടതുമായ അടിസ്ഥാനങ്ങള്‍ തന്നെയാണ് അദ്ദേഹം കൊണ്ട് വന്നത്. അല്ലാഹു ഏകനാണ്, രക്ഷാശിക്ഷകളുള്ള പരലോകം വരാനിരിക്കുന്നു, ആകാശഭൂമികളുടെ നാഥന് പരമമായി കീഴൊതുങ്ങുക, സന്മാര്‍ഗ പാതയില്‍ ചരിക്കുക, അല്ലാഹു നല്‍കിയ വേദം കൊണ്ട് വിധി കല്‍പിക്കുക, നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹകരിക്കുക, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക, നീതി നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു അവ. ഇതേക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (നൂഹിനോട് നാം കല്‍പിച്ചതും, നിനക്ക് നാം ദിവ്യബോധനമായി നല്‍കിയതും, ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു നിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. ‘നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക’യെന്നതാണത്). അശ്ശൂറാ 13
പൂര്‍വകാല പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ എല്ലാ സന്മാര്‍ഗസന്ദേശവും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. അവയോടൊപ്പം മുഹമ്മദ് പ്രവാചകന്റെ സമൂഹത്തിന് ആവശ്യമായ നിയമങ്ങളും കല്‍പനകളും കൂട്ടിച്ചേര്‍ത്തിരിക്കുകയും ചെയ്തിരിക്കുന്നു. മുസ്ലിമെന്ന നിലയില്‍ മൂസാ, ഈസാ തുടങ്ങി എല്ലാ പൂര്‍വപ്രവാചകന്മാരോടും കൂറും സ്‌നേഹവും ഉള്ളവനാണ് ഞാന്‍. കാരണം എന്റെ പ്രവാചകന്‍ മുഹമ്മദ്(സ) എനിക്ക് അവരെ പരിചയപ്പെടുത്തിത്തരികയും, അവര്‍ അദ്ദേഹത്തിന്റെ സഹോദരന്മാരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. (തുടരും)

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *