പോപ്പിന്റെ ഇസ്ലാം വിരുദ്ധ സമീപനം -1

2006 സെപ്തംബര്‍ പന്ത്രണ്ടിന് അന്നത്തെ വത്തിക്കാന്‍ പോപ്പായിരുന്ന ബെനഡിക്ട് പതിനാറാമന്‍ ജര്‍മനിയിലെ റെഗ്നസ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ വെച്ച് നടത്തിയ പ്രഭാഷണം ഇസ്ലാമിനെതിരായി

രോഷവും, പകയും തിളച്ച് മറിയുന്നതായിരുന്നു. ചരിത്രപരമായ പല സംഭവങ്ങളുടെയും സ്മരണ മുന്‍നിര്‍ത്തിയായിരുന്നു പ്രസ്തുത പ്രഭാഷണം സംഘടിപ്പിക്കപ്പെട്ടിരുന്നത്. മാത്രവുമല്ല, ഇസ്ലാമിക വികാരങ്ങളെ മുറിവേല്‍പിക്കാനുള്ള തീവ്രതയും മൂര്‍ച്ചയും അതിനുണ്ടായിരുന്നു. ഇസ്ലാമിനെക്കുറിച്ച അജ്ഞത, അബദ്ധങ്ങള്‍, നുണകള്‍ തുടങ്ങിയവയായിരുന്നു പ്രസ്തുത പ്രഭാഷണത്തിന്റെ ഉള്ളടക്കം. കത്തോലിക്കാ ക്രൈസ്തവരുടെ പരമോന്നത ആത്മീയ നേതാവെന്ന പദവി അലങ്കരിക്കുന്ന വത്തിക്കാന്‍ പോപ്പില്‍ നിന്ന് അത്തരമൊരു പ്രഭാഷണം സങ്കല്‍പിക്കാന്‍ കഴിയുന്നതായിരുന്നില്ല. വിശിഷ്യാ ഒന്നര ബില്യണ്‍ മനുഷ്യര്‍ തങ്ങളുടെ ജീവിതമാര്‍ഗമായി സ്വീകരിച്ച ഒരു മതത്തെക്കുറിച്ച സംസാരത്തില്‍ അദ്ദേഹം അല്‍പമെങ്കിലും സൂക്ഷ്മതയും, നീതിബോധവും മുറുകെ പിടിക്കേണ്ടിയിരുന്നു.

‘ബുദ്ധിയും വിശ്വാസവും തമ്മിലുള്ള ബന്ധം ക്രൈസ്തവതയില്‍’ എന്നതായിരുന്നു പോപ്പിന്റെ പ്രഭാഷണ വിഷയം. എന്നാല്‍ ഇസ്ലാമിന്റെ മേല്‍ കുതിര കയറിയാണ് അദ്ദേഹം തന്റെ പ്രഭാഷണം ആരംഭിച്ചത് എന്നത് തീര്‍ത്തും അല്‍ഭുതമുളവാക്കുന്ന കാര്യമായിരുന്നു!! പ്രസ്തുത പ്രഭാഷണത്തിന്റെ നാലിലൊരു ഭാഗം അദ്ദേഹം ചെലവഴിച്ചത് ഇസ്ലാമിനോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു. നാന്നൂറ് വരികളില്‍ നൂറ് വരികള്‍ ഇസ്ലാമിനെതിരായിരുന്നുവെന്നര്‍ത്ഥം!!

ബൈസന്റിയന്‍ ചക്രവര്‍ത്തിയായിരുന്ന മാന്യുവര്‍ രണ്ടാമന്റെ (ക്രിസ്താബ്ദം 1391-1425) ആശയങ്ങള്‍ കടമെടുത്തുവെന്നത് മാത്രമല്ല ഈ പ്രഭാഷണത്തില്‍ പോപ്പില്‍ നിന്നുണ്ടായ അപകടകരമായ നീക്കം. മറിച്ച്, താന്‍ ബൈസന്റിയന്‍ ചക്രവര്‍ത്തിയുടെ ആശയങ്ങള്‍ക്ക് പോപ്പ് സ്വയം നല്‍കിയ അനുബന്ധങ്ങള്‍ അതിനേക്കാള്‍ അപകടകരമായിരുന്നു!

ഇസ്ലാമിലെ ജിഹാദും ക്രൈസ്തവതയിലെ വിശുദ്ധവും തമ്മില്‍ താരതമ്യം ചെയ്യുന്നതിനിടെ പോപ്പ് ബൈസന്റിയന്‍ ചക്രവര്‍ത്തി ഒരു പേര്‍ഷ്യന്‍ മുസ്ലിമിനോട് പറഞ്ഞ വാക്കുകള്‍ തെളിവായുദ്ധരിക്കുകയുണ്ടായി. (മുഹമ്മദ് പുതുതായി കൊണ്ട് വന്നത് എന്താണെന്ന് എനിക്ക് കാണിച്ച് തരിക. അപ്പോള്‍ നിങ്ങള്‍ക്ക് മനുഷ്യവിരുദ്ധമായ ഏതാനും ചില തിന്മകള്‍ കാണാന്‍ സാധിക്കുന്നതാണ്. വാള്‍ ഉപയോഗിച്ച് വിശ്വാസം പ്രചരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കല്‍പന പോലെ).

ചക്രവര്‍ത്തി മാന്യുല്‍ രണ്ടാമനെ സര്‍വവിജ്ഞാനിയെന്നാണ് പോപ്പ് വിശേഷിപ്പിച്ചത്! മാത്രവുമല്ല, പ്രസ്തുത ചക്രവര്‍ത്തിക്ക് പേര്‍ഷ്യന്‍ മുസ്ലിം നല്‍കിയ മറുപടി അദ്ദേഹം ബോധപൂര്‍വം അവഗണിക്കുകയും ചെയ്തു! കൂടാതെ പോപ്പ് അതിന് നല്‍കിയ അനുബന്ധം ഇപ്രകാരമായിരുന്നു (‘മതത്തില്‍ ബലാല്‍ക്കാരമില്ല’ എന്നര്‍ത്ഥമുള്ള ഖുര്‍ആനിലെ രണ്ടാം അദ്ധ്യായത്തിലെ 256-ാം അദ്ധ്യായം തീര്‍ച്ചയായും ചക്രവര്‍ത്തിക്ക് അറിയേണ്ടതാണ്. ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാലഘട്ടത്തില്‍ അവതരിച്ച അദ്ധ്യായങ്ങളില്‍ ഒന്നാണത്. പ്രസ്തുത സന്ദര്‍ഭത്തില്‍ മുഹമ്മദ് പീഢിപ്പിക്കപ്പെടുകയും, ശക്തിയില്ലാതെ പ്രയാസപ്പെടുകയുമായിരുന്നു.

അതുപോലെ വിശുദ്ധ യുദ്ധം പ്രഖ്യാപിക്കാനും, നയിക്കാനുമുള്ള ഖുര്‍ആനിക അദ്ധ്യാപനങ്ങളും അദ്ദേഹം സ്വാഭാവികമായും അറിയേണ്ടതാണ്. പ്രസ്തുത കല്‍പനകള്‍ പില്‍ക്കാലത്ത് പരാമര്‍ശിക്കപ്പെട്ടതും, ഖുര്‍ആനില്‍ രേഖപ്പെടുത്തപ്പെട്ടതുമാണ്).

വിശ്വാസവും ബുദ്ധിയും തമ്മിലുള്ള ബന്ധം: ക്രൈസ്തവതയിലും ഇസ്ലാമിലും എന്ന ചര്‍ച്ചക്കിടെ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് (ബലം പ്രയോഗിച്ച് വിശ്വാസപരിവര്‍ത്തനം നടത്തുകയും, ബുദ്ധിക്ക് അനുയോജ്യമായ സമീപനം സ്വീകരിക്കാതിരിക്കുകയും ചെയ്യുകയെന്നത് ദൈവത്തിന്റെ പ്രകൃതത്തിന് വിരുദ്ധമാണെന്ന തീര്‍പ്പിലാണ് ചര്‍ച്ച എത്തിയിരിക്കുന്നത്. എന്നാല്‍ ഇസ്ലാമിക അദ്ധ്യാപനമനുസരിച്ച് ദൈവം നിരുപാധികമായ ഔന്നിത്യത്തിന് ഉടമയാണ്. അവന്റെ നടത്തം നമ്മുടെ ആരുടെയും സവിശേഷതകളുമായി യോജിക്കുന്നതല്ല. കാരണം ബുദ്ധിയുപയോഗിച്ച് വിലയിരുത്താവുന്നതല്ല അതെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. അന്ധമായ വിഗ്രഹാരാധന പോലെ ദൈവത്തെ ആരാധിക്കുകയെന്നതാണ് തങ്ങള്‍ക്ക് അനുയോജ്യമെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു).

ഇസ്ലാമിനെക്കുറിച്ച് ഉയര്‍ന്ന വളരെ സുപ്രധാനമായ അബദ്ധങ്ങളും, വ്യാജാരോപണങ്ങളുമാണ് വത്തിക്കാന്‍ പോപ്പിന്റെ പ്രഭാഷണത്തിലുടനീളം മുഴച്ച് നിന്നത്. മുസ്ലിം ഉമ്മത്തിലെ മഹാഭൂരിപക്ഷത്തെയും ചൊടിപ്പിക്കുകയെന്ന ലക്ഷ്യവും അതിന് പിന്നിലുണ്ടായിരുന്നു.

 

About dr muhammad imara

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *