പ്രകൃതിയുടെ മുഖമാണ് ഹലാല്‍ പ്രയോഗത്തിനുള്ളത്

ഒരു ഉല്‍പന്നത്തിന്റെ ഇസ്ലാമികമായ നിയമപരതയെ കുറിക്കുന്ന പ്രയോഗമാണ് ഹലാല്‍ എന്നുള്ളത്. മനുഷ്യന് ഉപയോഗിക്കാന്‍ സ്രഷ്ടാവ് ഔദ്യോഗികമായി അനുവാദം നല്‍കിയവയെയാണ് ഹലാല്‍ ഉല്‍പന്നങ്ങള്‍ എന്നത്

കൊണ്ടുദ്ദേശിക്കുന്നത്. മതവിശ്വാസികളില്‍ തന്നെയും മഹാഭൂരിപക്ഷവും തങ്ങളുടെ ഉപയോഗങ്ങളിലും കര്‍മങ്ങളിലും ഹലാല്‍ പരിഗണനകള്‍ മാറ്റിവെക്കുന്ന പ്രവണതയായിരുന്നു സമീപകാലം വരെയും കാണപ്പെട്ടിരുന്നത്. അവരില്‍ ഹലാല്‍ പരിഗണനകള്‍ വെച്ച് പുലര്‍ത്തുന്നവര്‍ പോലും കേവലം അനുഷ്ഠാനമെന്ന രീതിയിലായിരുന്നു അവയെ സമീപിച്ചിരുന്നത്.
എന്നാല്‍ ഈയിടെയായി അഭ്യസ്തവിദ്യരും പുരോഗമനചിന്താഗതിക്കാരുമായ ഒരു വലിയ വിഭാഗം -വിശിഷ്യാ യുവാക്കള്‍- ഇസ്ലാമിക മൂല്യങ്ങളോടും നിര്‍ദേശങ്ങളോടും മുമ്പില്ലാത്ത വിധം അടുപ്പവും താല്‍പര്യവും കാണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പാശ്ചാത്യസമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്ലിംകളുടെ ശക്തമായ മതാഭിമുഖ്യവും, പുതുതായി ഇസ്ലാം സ്വീകരിക്കുന്നവരുടെ ഉത്സാഹവുമെല്ലാം ഈ പുതുപ്രവണതക്ക് പ്രചോദനമായിട്ടുണ്ടെന്നതില്‍ രണ്ടഭിപ്രായമില്ല. ക്രൈസ്തവ സംസ്‌കാരത്താല്‍ വാര്‍ത്തെടുക്കപ്പെട്ട പടിഞ്ഞാറന്‍ സമൂഹങ്ങളിലും, ഹിന്ദു ഭൂരിപക്ഷം നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തിലും ന്യൂനപക്ഷ മുസ്ലിംകളില്‍ വലിയൊരു വിഭാഗം ഹലാല്‍ ഉല്‍പന്നങ്ങള്‍ അന്വേഷിച്ച്, അവ മാത്രം ഉപയോഗിച്ച് ജീവിക്കാന്‍ തയ്യാറാവുന്നുവെന്നത് മേല്‍സൂചിപ്പിച്ച വിശ്വാസതരംഗത്തിന്റെ തന്നെ തുടര്‍ച്ചയാണ്.
ഉല്‍പന്നങ്ങളിലും ഇടപാടുകളിലും മറ്റുമുള്ള ഹലാല്‍ പരിഗണന യഥാര്‍ത്ഥത്തില്‍ ഏതാനും ചില മതഭക്തരോ, മതാനുയായികളോ മാത്രം മുന്നില്‍ വെക്കേണ്ടതല്ല എന്നതാണ് വസ്തുത. ‘ഹലാല്‍’ എന്നത് മതവുമായി ഉള്‍ചേര്‍ന്ന, കേവലം അനുഷ്ഠാനത്തെയോ, ആരാധനയെയോ കുറിക്കുന്ന പ്രയോഗമാണെന്ന തെറ്റിദ്ധാരണ മതാനുയായികള്‍ക്കിടയില്‍ പടര്‍ന്നതും, അവിടെ നിന്ന് പതുക്കെ പുറത്തേക്കൊഴുകിയതുമാണ് ഈ സങ്കല്‍പത്തിന് വെള്ളവും വളവുമിട്ടത്.
കറകളഞ്ഞ, കളങ്കമേതുമില്ലാത്ത ശുദ്ധപ്രകൃതിയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണ് ഇസ്ലാമിക ഭാഷ്യം. വിശാലമായ പ്രപഞ്ചലോകത്ത് ഏറ്റവും ഉത്തമമായ ശാരീരികഘടനയും ബുദ്ധിശക്തിയും നല്‍കപ്പെട്ടത് മനുഷ്യനാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. മാത്രവുമല്ല, ലോകത്തെ ഇതരസൃഷ്ടികളെയെല്ലാം ദൈവം മനുഷ്യന് വിധേയമാക്കിയത് അവ അവനെ സേവിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ് എന്നതിനാലാണ്. ഇപ്രകാരം വിവരാണാതീതമായ മഹത്വം നല്‍കുകയും അനന്തമായ സാധ്യതകള്‍ മുന്നില്‍ തുറന്നിടുകയും ചെയ്തതിന് ശേഷം ദൈവം നല്‍കുന്ന നിര്‍ദേശം പ്രസ്തുത ശാരീരിക-ബൗദ്ധിക ശ്രേഷ്ഠതകള്‍ക്ക് പോറലേല്‍ക്കാതെ തുറന്നുവെക്കപ്പെട്ട സാധ്യതകളെ ഉപയോഗപ്പെടുത്തണമെന്ന് മാത്രമാണ്. അതിന് ദൈവം വരച്ചുകാണിച്ച വിശാലവും കുറ്റമറ്റതുമായ വഴിയാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ‘ഹലാല്‍’ പരിഗണന.
നിഷിദ്ധമാക്കപ്പെട്ട മദ്യം, പന്നിമാംസം, രാസമിശ്രിതങ്ങളുള്‍ക്കൊള്ളുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, നഗ്നത വെളിവാക്കുന്ന വസ്ത്ര സമ്പ്രദായങ്ങള്‍ തുടങ്ങിയ മുഖേനെയുള്ള ശാരീരികവും, മാനസികവും, സാമൂഹികവും, ധാര്‍മികവുമായ ദോഷഫലങ്ങള്‍ ശാസ്ത്രീയമായും പ്രായോഗികമായും തെളിയിക്കപ്പെട്ടതും, സര്‍വ്വാംഗീകൃതവമാണ്. എന്നിരിക്കെ ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് കേവലം മതപരമായ മുഖം നല്‍കുകയോ, അനുഷ്ഠാനങ്ങളില്‍ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് പരമാബദ്ധമാണ്. സുരക്ഷിതമായ വ്യക്തി-സാമൂഹിക തലമങ്ങളുടെ നിര്‍മിതിക്ക് അനുയോജ്യവും, അനിവാര്യവുമായ വസ്ത്ര-ഭക്ഷണ-ഫാഷന്‍-മാധ്യമ സംസ്‌കാരമാണ് ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് സമര്‍പിക്കാനുള്ളത്.
ഭക്ഷണം, വസ്ത്രം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സമ്പാദ്യം തുടങ്ങി എല്ലാ തരം ഉല്‍പന്നങ്ങളും ഇടപാടുകളും ഹലാല്‍-ഹറാം പരിഗണനകള്‍ക്ക് കീഴില്‍ വരുന്നതാണ്. ശരീരത്തിനോ, ബുദ്ധിയ്‌ക്കോ, പരിസ്ഥിതിക്കോ പോറലേല്‍പിക്കാത്ത ഭക്ഷണക്രമം, പ്രകൃതിവിഭങ്ങളുടെ സന്തുലിതത്വവും, സമൂഹത്തിന്റെ ധാര്‍മികാരോഗ്യവും നശിപ്പിക്കാത്ത ഫാഷന്‍-വസ്ത്ര സങ്കല്‍പം, ശാരീരികശക്തി ക്ഷയിപ്പിക്കുകയോ മാനസികാസ്വാസ്ഥ്യത്തിന് കാരണമാവുകയോ ചെയ്യാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മനസ്സിനെ രോഗാതുരമാക്കുകയോ സാമൂഹിക ഭദ്രതയുടെ കടയ്ക്കല്‍ കത്തിവെക്കുകയോ ചെയ്യാത്ത ചിത്ര-ചലചിത്ര-മാധ്യമ സംരംഭങ്ങള്‍, തീര്‍ത്തും ജൈവികവും മൗലികവും ക്രിയാത്മകവുമായ മറ്റ് ഉല്‍പന്നങ്ങളെ ഇങ്ങനെ നീളുന്നു ഹലാല്‍ പരിഗണനകള്‍ക്ക് കീഴില്‍ വരുന്ന മേഖലകള്‍.
ഹലാല്‍ ഉല്‍പന്നങ്ങളെ മതപരമായ കെട്ടുകളില്‍ നിന്നഴിച്ച്, മാനുഷിക പരിഗണനകളുടെ വിശാലമായ ലോകത്തേക്ക് വഴിനടത്താനുള്ള സംരംഭങ്ങള്‍ക്ക് പ്രസക്തി കൈവരുന്നത് ഇവിടെയാണ്. ഈയര്‍ത്ഥത്തില്‍ ആരോഗ്യകരമായ വ്യക്തിയെയും സമൂഹത്തെയും നിര്‍മിക്കാനുള്ള അമൂല്യമായ ദൈവിക വരത്തെയാണ് ‘ഹലാല്‍’ ഉല്‍പന്നങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്.

About abdul vasih

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *