914

പ്രതീക്ഷ നല്‍കുന്ന ബുദ്ധ-മുസ്ലിം സംവാദം -1

മുതലാളിത്തത്തിന് ബദല്‍ ധാര്‍മിക വ്യവസ്ഥയുടെ സ്ഥാപനമെന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ആധുനിക ലോകത്ത് ബുദ്ധ-മുസ്ലിം സംവാദങ്ങള്‍ രൂപപ്പെട്ടതെന്നത് ശ്രദ്ദേയമാണ്. സാമുവല്‍

ഹണ്ടിംഗ്ടന്റെ നാഗരിക സംഘട്ടനം പോലുള്ള ആശയങ്ങള്‍ ഇത്തരം സംവാദങ്ങള്‍ക്ക് മുന്നില്‍ പ്രതിസന്ധികള്‍ തീര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പോലും ബുദ്ധ-മുസ്ലിം സംവാദത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് മറ്റുപല വിഭാഗങ്ങളും സമഗ്രമായ പല പദ്ധതികളുമായി രംഗത്തുവരുന്നുണ്ടെന്നത് ശുഭകരമാണ്.
ബാമിയാന്‍ കുന്നുകളിലെ ബുദ്ധപ്രതിമ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് The global family for love and peace -ഉം Museum of World Religions-ഉം ചേര്‍ന്ന് സമഗ്രമായ രൂപത്തില്‍ ബുദ്ധ-മുസ്ലിം സംവാദ പരമ്പര തന്നെ സംഘടിപ്പിക്കുകയുണ്ടായി. ആദ്യത്തെ മൂന്ന് സമ്മേളനങ്ങള്‍ യഥാക്രമം അമേരിക്കയിലെ ന്യൂയോര്‍ക്ക്, മലേഷ്യയിലെ ക്വാലാലംപൂര്‍, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത എന്നിവിടങ്ങളിലായിരുന്നു സംഘടിക്കപ്പെട്ടത്.
പിന്നീട് 2003-ല്‍ ഫ്രാന്‍സിലെ പാരീസില്‍ യുനെസ്‌കോയുടെ സെന്ററില്‍ വെച്ച് ആഗോള ധാര്‍മികതയെക്കുറിച്ച ബുദ്ധ-മുസ്ലിം സംവാദം സംഘടിക്കപ്പെട്ടു. 2004- ജൂലായില്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ‘ദഹാര്‍മാ, അല്ലാഹ്, ഭരണം: ബുദ്ധ-മുസ്ലിം സംവാദം’ എന്ന തലക്കെട്ടില്‍ ചര്‍ച്ച നടക്കുകയുണ്ടായി. Parliament of world Religions -സമ്മേളനത്തിന്റെ ഭാഗമായിരുന്നു ഇത്. പിന്നീട് 2005-ല്‍ മൊറോക്കോയില്‍ വെച്ച് ബുദ്ധ മുസ്ലിം സംവാദത്തിന് തുടര്‍ച്ചയുണ്ടായി. 2006-ല്‍ ചൈനയിലെ ബീജിങില്‍ വെച്ച് നടന്ന സമ്മേളനം ഇതിന്റെ തന്നെ തുടര്‍ച്ചയായിരുന്നു. ‘ജീവിതത്തെയും മരണത്തെയും സംബന്ധിച്ച മതാദ്ധ്യാപനങ്ങള്‍’ എന്നായിരുന്നു അതിന്റെ തലവാചകം.
ബുദ്ധ-മുസ്ലിം മതങ്ങള്‍ക്കും, മറ്റ് ദര്‍ശനങ്ങള്‍ക്കുമിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം രൂപപ്പെടുത്താനുള്ള ഈ ആഹ്വാനം മറ്റ് രാഷ്ട്രങ്ങളിലേക്കും ചെന്നെത്തി. സമഗ്രമായ ആഗോള ധാര്‍മിക സങ്കല്‍പം ലോകത്തെ എല്ലാ മതങ്ങള്‍ക്കുമിടയില്‍ രൂപപ്പെടുത്തണമെന്നതായിരുന്നു ഈ ആഹ്വാനത്തിന്റെ ആകത്തുക. 1996-ല്‍ Soka Gakkai International-ന്റെ നേതാവ് ഡൈസാകോ ഇകേഡാ Toda Institute for Global Peace and Policy എന്ന പേരില്‍ ഒരു സ്ഥാപനം ജപ്പാനിലെ ടോക്കിയോയില്‍ നിര്‍മിച്ചത് ഇതിന്റെ ഭാഗമായാണ്. അമേരിക്കയിലും ഇതിന്റെ ശാഖകള്‍ തുറന്നിരുന്നു. ആഗോള നാഗരികതയുടെ സ്ഥാപനം ലക്ഷ്യം വെച്ച് മതങ്ങള്‍ക്കിടയിലെ സംവാദങ്ങള്‍ക്ക് സാമ്പത്തിക സഹായം നടത്തുകയെന്നതായിരുന്നു ഈ വേദിയുടെ ലക്ഷ്യം. മാനവജീവിതവും പരിസ്ഥിതിയും പൂര്‍ണാര്‍ത്ഥത്തില്‍ സംരക്ഷിക്കുകയും വിവിധ വിഭാഗങ്ങളില്‍പെട്ട മനുഷ്യരുടെ സമ്പൂര്‍ണ വികസനം സാക്ഷാല്‍ക്കരിക്കുകയും ചെയ്യുകയെന്നതായിരുന്നു ആഗോള നാഗരികത കൊണ്ട് ഉദ്ദേശിച്ചിരുന്നത്. അവര്‍ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയുടെ തലക്കെട്ട് ‘ആഗോള നാഗരികത: ബുദ്ധ-മുസ്ലിം സംവാദം’ എന്നായിരുന്നു.
ബുദ്ധ ആത്മീയ നേതാവ് ദലൈലാമ പതിനാലാമന്‍ ലോകത്തെ മതാനുയായികളോടും, നിരീശ്വരവാദികളോടും ഒരുമിച്ച് നിന്ന് സമാധാനലോകം കെട്ടിപ്പടുക്കാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയുണ്ടായി. മതങ്ങള്‍ക്കും, മാനവിക പ്രത്യയശാസ്ത്രങ്ങള്‍ക്കുമിടയിലെ ധാര്‍മികതകളിലൂന്നി മാതൃകാ സമൂഹത്തിന്റെ നിര്‍മിതിക്കായി പ്രയത്‌നിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അടിസ്ഥാന മാനവിക മൂല്യങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും സന്നദ്ധമാവണമെന്ന് കൂടി അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സമൂഹത്തിന്റെ അഖണ്ഡത കാത്ത്‌സൂക്ഷിക്കുക, ദാരിദ്ര്യത്തില്‍ നിന്ന് എല്ലാവരെയും മോചിപ്പിക്കുക, എല്ലാവര്‍ക്കും സന്തോഷം സാക്ഷാല്‍ക്കരിക്കുക, പ്രയാസങ്ങളില്‍ എല്ലാവരെയും സഹായിക്കുക തുടങ്ങിയ മൂല്യങ്ങളാണ് അദ്ദേഹം ഉദാരണമായി മുന്നില്‍വെച്ചത്.
ഈ ആഹ്വാനത്തിന്റെ തന്നെ ഭാഗമെന്നോണം ധാരാളം മതസംവാദങ്ങളില്‍ ദലൈലാമ പങ്കെടുക്കുകയുണ്ടായി. വിശിഷ്യാ, ബുദ്ധ-മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും, സഹവര്‍ത്തിത്വവും രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അദ്ദേഹം നിറസാന്നിദ്ധ്യമായിത്തീര്‍ന്നു. 1995-ല്‍ ഇന്ത്യയിലെ ധര്‍മശാലയില്‍ നടന്ന സമ്മേളനം ഇതിന് ഉദാഹരണമാണ്. ആഫ്രിക്കയിലെ ഗിനിയയില്‍ നിന്നുള്ള ഒരു സ്വൂഫി നേതാവാണ് മുസ്ലിംകളെ പ്രതിനിധീകരിച്ച് ദലൈലാമയോട് സംവദിച്ചത്.
2006-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലും, കാലിഫോര്‍ണിയയിലുമായി സംഘടിപ്പിക്കപ്പെട്ട സംവാദത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. ‘കാരുണ്യത്താല്‍ പ്രകാശിതമായ ഹൃദയങ്ങളുടെ സംഗമം’ എന്നായിരുന്നു പ്രസ്തുത സമ്മേളനത്തിന് പേര് നല്‍കപ്പെട്ടത്. ‘ആഗോളീകരണത്തിന്റെ അപകടങ്ങള്‍: മതങ്ങള്‍ക്ക് പരിഹാരം സമര്‍പ്പിക്കാനാവുമോ? അതല്ല, മതം തന്നെ സ്വയമൊരു പ്രശ്‌നമായിത്തീരുമോ?’ എന്ന തല്ലക്കെട്ടില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന സംവാദത്തിലും അദ്ദേഹം സന്നിഹിതനായിരുന്നു.

About alexnder bersen

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *