പ്രവാചകചര്യയില്‍ ചരിത്രപരമായ അബദ്ധമോ? -3

ഖുര്‍ആന്‍ ഉദ്ധരിച്ച സംഭവങ്ങള്‍ വിശദീകരിച്ചും, ആശയങ്ങള്‍ വ്യക്തമാക്കിയും, സംശയങ്ങള്‍ ദൂരീകരിച്ചും കൂടെ നടക്കുകയാണ് തിരുസുന്നത്ത് ചെയ്തത്. ഖുര്‍ആന്‍ സൂചിപ്പിച്ച ചരിത്ര

സംഭവങ്ങള്‍ക്ക് സാക്ഷിയായ സ്ഥലവും കാലവും പലപ്പോഴും നിര്‍ണയിച്ചത് പ്രവാചക വചനങ്ങളായിരുന്നു. ഇസ്ലാമിക പ്രബോധന ചരിത്രത്തില്‍ രൂപപ്പെട്ട പല സംഭവങ്ങള്‍ക്കും വ്യക്തമായ വിശദീകരണം നല്‍കാന്‍ തിരുസുന്നത്തിന് സാധിച്ചു. മാത്രവുമല്ല, ഖുര്‍ആനില്‍ ഇത്തരം ചരിത്രസംഭവങ്ങളെ അവലോകനം നടത്തുകയും, അവയുടെ ഗുണപാഠം കടഞ്ഞെടുക്കാനും തിരുസുന്നത്ത് മുന്നില്‍ നിന്നു. ജ്ഞാനം പകര്‍ന്ന് നല്‍കി ജനങ്ങളെ സംസ്‌കരിക്കുകയെന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് ഇവയെല്ലാം തിരുമേനി(സ) തന്റെ അനുചരന്മാര്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. വികസിച്ച് കൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തിന് സവിശേഷമായ പല നിയമങ്ങളും വിധികളും തിരുമേനി(സ) പകര്‍ന്ന് നല്‍കിയെന്നത് ഇതിന്റെ തന്നെ ഭാഗമാണ്. ചുരുക്കത്തില്‍ ചരിത്രപരമായ സ്രോതസ്സുകളില്‍ വളരെ സുപ്രധാനവും, അനിഷേധ്യവുമായ സ്ഥാനമാണ് പ്രവാചക ചര്യക്കുള്ളത്.
ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍ വിശദീകരിക്കുന്നതിന് വ്യത്യസ്ത ചിന്താഗതിയും, വീക്ഷണങ്ങളുമുള്ള പണ്ഡിതന്മാര്‍ പ്രവാചക സുന്നത്ത് തന്നെയാണ് അവലംബിച്ചിട്ടുള്ളത്. ജാഹിലിയ്യത്തിലും പ്രവാചക കാലത്തും സംഭവിച്ച വിഷയങ്ങളില്‍ വിധി തീര്‍പ്പാക്കാനും, ഖണ്ഢിതമായ അഭിപ്രായം രൂപപ്പെടുത്താനും അവര്‍ പ്രവാചക സുന്നത്തില്‍ അഭയം തേടിയെന്നത് അതിന്റെ ആധികാരികതയെ കുറിക്കാന്‍ പര്യാപ്തമാണ്.
പ്രവാചക സുന്നത്ത് ഉദ്ധരിച്ച സ്വതന്ത്രമായ ചരിത്ര സംഭവങ്ങളാണ് മറ്റൊരു സുപ്രധാന ഘടകം. പ്രവാചക നിയോഗത്തിന് മുമ്പുണ്ടായ ചില സംഭവങ്ങള്‍, പൂര്‍വകാല പ്രവാചകന്മാര്‍ അഭിമുഖീകരിച്ച ദുരിതനങ്ങള്‍, അവരുടെ ജീവിതാനുഭവങ്ങള്‍, പ്രവാചകന്റെ തന്നെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍, യുദ്ധങ്ങള്‍, തിരുമേനി(സ) നടത്തിയ പ്രവചനങ്ങള്‍ തുടങ്ങിയവ ഇവയ്ക്കുദാഹരണങ്ങളാണ്.
വായില്‍ തോന്നിയത് വിളിച്ച് പറയുന്ന വ്യക്തിയായിരുന്നില്ല മുഹമ്മദ്(സ). അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശപ്രകാരം, ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഏതാനും ചില ഭാവികാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കുകയെന്നത് സത്യസന്ദേശത്തിന്റെ തേട്ടമായിരുന്നു. തന്റെ പ്രവാചകത്വത്തിന്റെ സത്യസന്ധത സമൂഹത്തിന് ബോധ്യപ്പെടുമാറ് വരാനിരിക്കുന്ന ചില സംഭവങ്ങള്‍ അദ്ദേഹം വിവരിക്കുകയുണ്ടായി. കിസ്‌റായുടെ പതനം, ഉമൈര്‍ ബിന്‍ വഹബിന്റെ ഇസ്ലാം ആശ്ലേഷണം തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്ത് തന്നെ പുലര്‍ന്ന പ്രവചനങ്ങള്‍ക്കുദാഹരണമാണ്.
കോണ്‍സ്റ്റാന്റിനോപ്പിള്‍ അടക്കമുള്ള പല നാടുകളും വിജയിച്ചതും, മുസ്ലിം സമൂഹം ഭീകരമായ ഫിത്‌നകള്‍ അഭിമുഖീകരിച്ചതും, പ്രപഞ്ചത്തില്‍ സംഭവിച്ച പല മാറ്റങ്ങളും തിരുമേനി(സ) പ്രവചിക്കുകയും, അദ്ദേഹത്തിന്റെ മരണശേഷം സംഭവിക്കുകയും ചെയ്തവയാണ്.
അദൃശ്യലോകത്തെയും ദൃശ്യ-സംഭവ ലോകത്തെയും തമ്മില്‍ ബന്ധിപ്പിച്ചുവെന്നതായിരുന്നു പ്രവാചക ചര്യയുടെ മറ്റൊരു സവിശേഷത. അദൃശ്യ ലോകത്തെക്കുറിച്ച വിവരണത്താല്‍ നിബിഢമാണ് പ്രവാചക സുന്നത്ത്. അതേക്കുറിച്ച വളരെ സൂക്ഷ്മവും സമഗ്രവുമായ വിവരണങ്ങള്‍ തിരുമേനി(സ) നല്‍കുകയുണ്ടായി. അല്ലാഹു, മാലാഖമാര്‍, ജിന്ന്, പിശാച് തുടങ്ങി അനുഭവങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ധാരണയും, വ്യക്തതയും ലഭിക്കാനാണ് തിരുമേനി(സ) അവ വിശദീകരിച്ചത്.
പ്രവാചക സുന്നത്ത് കൈകാര്യം ചെയ്യുന്ന മറ്റൊരു സുപ്രധാന വിഷയം പ്രവാചകനുമായി ബന്ധമുള്ള, അദ്ദേഹത്തോടൊപ്പം ദൈവിക മാര്‍ഗത്തില്‍ അണിനിരന്ന സഖാക്കളെക്കുറിച്ച വിവരണമാണ്. പ്രവാചക സഖാക്കളെയും, ദൈവിക മാര്‍ഗത്തില്‍ അവര്‍ അനുഭവിച്ച ത്യാഗത്തെയും, ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അവര്‍ സ്വീകരിച്ച നിര്‍ണായകമായ നിലപാടുകളെയും കുറിച്ച ആധികാരികമായ വിവരണം പ്രവാചക സുന്നത്തില്‍ നിന്ന് മാത്രമെ ലഭിക്കുകയുള്ളൂ.
വിശാലമായ, ആഴമുള്ള സമുദ്രമാണ് പ്രവാചക സുന്നത്ത്. അമൂല്യമായ നിധികളും, വിലകൂടിയ വൈഢൂര്യങ്ങളും അതിലുണ്ട്. അതിന്റെ അഗാധതയിലേക്ക് നീന്തിയിറങ്ങി, അവ സ്വന്തമാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമെ, അവ ലഭിക്കുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. തീരത്ത് വന്ന് നിന്ന് നോക്കുകയോ, ഉപരിതലത്തില്‍ നീന്തിത്തുടിക്കുകയോ ചെയ്യുന്നവര്‍ക്ക് അവ കണ്ടെത്താനാവില്ല.

About saeed abdul azeem

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *