പ്രവാചകചര്യയില്‍ ചരിത്രപരമായ അബദ്ധമോ? -2

ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് വഴിനടത്തുകയെന്നതാണ് വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനപരമായ ദൗത്യം എന്നതില്‍ സംശയമില്ല. അതേസമയം തന്നെ സത്യസന്ധമായ ചരിത്രം വിവരിക്കുന്ന ആധികാരികമായ

ഉറവിടം കൂടിയാണ് ഖുര്‍ആന്‍. പൂര്‍വകാല ചരിത്രത്തിലെ സുപ്രധാനമായ പല സംഭവങ്ങളും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഖുര്‍ആനിന്റെ വിശദീകരണമായി പരിഗണിക്കപ്പെടുന്ന തിരുസുന്നത്തും ചരിത്രവസ്തുതകളെ കുറിക്കുന്ന ഉറവിടങ്ങളിലൊന്നാണ്. നാമാവശേഷമായ വിവിധ സമൂഹങ്ങളുടെ ചരിത്രം വസ്തുനിഷ്ഠവും സത്യസന്ധവുമായി അപഗ്രഥിക്കുന്നുവെന്നത് തിരുസുന്നത്തിന്റെ സവിശേഷതയാണ്. ഖുര്‍ആന്‍ ഉദ്ധരിച്ച സംഭവങ്ങളും വിശദീകരണം എന്ന നിലയിലും തിരുസുന്നത്ത് ചരിത്രപരമായ പങ്ക് നിര്‍വഹിക്കുന്നുണ്ട്.
സുപ്രധാനമായ ചരിത്ര ഉറവിടം എന്ന നിലയില്‍ ഹദീഥുകളെ സമീപിക്കുന്നതിന്റെ പ്രസക്തി ഇവിടെ ബോധ്യപ്പെടുന്നു. ഖുര്‍ആന്‍ ചുരുക്കി പ്രതിപാദിച്ചത് സുന്നത്ത് വിശദീകരിക്കുകയും, പൊതുവായി പറഞ്ഞത് പ്രത്യേകമാക്കുകയും, ചരിത്രപരമായ നിമിഷങ്ങളെ അപഗ്രഥിക്കുകയും ചെയ്യുന്നു.
പൂര്‍വ സമുദായങ്ങളെയും, പ്രവാചകന്മാരെയും, ആദമിന്റെ സൃഷ്ടിപ്പിനെയും കുറിച്ച പ്രവാചക വിശദീകരണങ്ങള്‍ കൃത്യവും വ്യക്തവും സത്യസന്ധവുമാണ്. നിഷേധിക്കാനോ, സംശയം പ്രകടിപ്പിക്കാനോ കഴിയാത്ത വിധം ആധികാരികവും, സര്‍വാംഗീകൃതുമാണവ.
സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളെയും കുറിച്ച് തിരുമേനി(സ) പ്രവചനം നടത്തുകയും പിന്നീടത് സത്യമായി പുലരുകയും ചെയ്തുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. മുസ്ലിംകള്‍ കിസ്‌റ കീഴടക്കുമെന്നും കോസ്റ്റാന്റിനോപ്പില്‍ വിജയിക്കുമെന്നുമുള്ള പ്രവചനം ഉദാഹരണമാണ്. അവയെല്ലാം പുലരുന്നതിന് പിന്നീട് സംഭവലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. സത്യവാനായ പ്രവാചകന്റെ വചനങ്ങള്‍ പിഴക്കുകയോ, അതിനെ സംഭവലോകം കളവാക്കുകയോ ഇല്ലെന്ന് ചുരുക്കം. തിരുമേനി(സ) അറിയിച്ചവയെല്ലാം സത്യസന്ധമായിരുന്നുവെന്നും ഒരബദ്ധം പോലും അവയില്‍ കടന്നുകൂടിയിട്ടില്ലെന്നും ചരിത്രം വിളിച്ച് പറയുന്നു.
തിരുമേനി(സ) സമര്‍പിച്ച വിവരണത്തില്‍ ചരിത്രപരമായ വല്ല അബദ്ധവുമുണ്ടായിരുന്നുവെങ്കില്‍ വേദക്കാര്‍ അവ മുതലെടുക്കുകയും, അദ്ദേഹത്തിനെതിരെ ഉപയോഗപ്പെടുത്തുകയും ചെയ്യുമായിരുന്നു. തിരുമേനി(സ) കളവാക്കാന്‍ അവസരം കാത്തിരുന്ന അറേബ്യന്‍ ജനത അവ പൊതുജനത്തിന് മുന്നില്‍ സമര്‍പിച്ച് അദ്ദേഹത്തില്‍ നിന്ന് ജനങ്ങളെ തിരിച്ച് വിടുകയും ചെയ്യുമായിരുന്നു. തിരുമേനി(സ) കളവ് പറയുന്നവനാണെന്നും, അദ്ദേഹം കൊണ്ടുവന്ന വിവരണത്തില്‍ അബദ്ധങ്ങളുണ്ടെന്നും ജനങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങുമായിരുന്നു.
പ്രവാചക വചനങ്ങളും ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. കാലം, സ്ഥലം, സംഭവങ്ങള്‍, അദൃശ്യലോകവും സംഭവലോകവും തമ്മിലുള്ള ബന്ധം, വ്യക്തികള്‍ തുടങ്ങിയവയാണ് ചരിത്രത്തെക്കുറിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍.
ഈ ഘടകങ്ങളെല്ലാം പ്രവാചക വചനങ്ങളില്‍ വളരെ സത്യസന്ധമായി പുലര്‍ന്നിരിക്കുന്നു. ഉദാഹരണമായി അറേബ്യന്‍ ജാഹിലിയ്യാ കാലഘട്ടത്തെക്കുറിച്ച് വിവരിക്കുന്ന ഏറ്റവും ആധികാരികമായ സ്രോതസ്സുകളാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും. അറേബ്യയുടെ സാമൂഹികവും, സാമ്പത്തികവും, മതപരവുമായ സാഹചര്യം ഇവയില്‍ നിന്ന് വ്യക്തമായി വായിച്ചെടുക്കാവുന്നതാണ്. നാമാവശേഷമായ ആദ്, സമൂദ്, മദയന്‍ തുടങ്ങിയ സമൂഹങ്ങളുടെ ചരിത്രവും, മഅ്‌രിബ് അണക്കെട്ട്, ആനക്കലഹം, കിടങ്ങില്‍ അഗ്നിക്കിരയാക്കപ്പെട്ടവര്‍ തുടങ്ങിയ ചരിത്രങ്ങളും ഇവയില്‍ കണ്ടെത്താവുന്നതാണ്.
ആധുനിക ചരിത്രപഠനങ്ങളും അതേതുടര്‍ന്ന് നടത്തിയ ഖനനങ്ങളും വഴി ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും സത്യസന്ധമാണെന്ന് തെളിയിക്കുന്ന പല തെളിവുകളും അടയാളങ്ങളും കണ്ടെത്തിയിരിക്കുന്നു. നശിച്ചുപോയ സമൂഹങ്ങളെക്കുറിച്ച് കേവല വിവരണം നടത്തുക മാത്രമല്ല അവ നശിച്ച രീതി വരെ വളരെ കൃത്യമായി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. ആദ് സമൂദ് ഗോത്രങ്ങള്‍ ഘോരമായ ശബ്ദത്തോടെ ആഞ്ഞടിച്ച കൊടുങ്കാറ്റിനാലാണ് നശിപ്പിക്കപ്പെട്ടതെന്ന് ഖുര്‍ആനിക പരാമര്‍ശം ഇതിനുദാഹരണമാണ്.
വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച സ്ഥലങ്ങള്‍, വ്യക്തികള്‍, സംഭവങ്ങള്‍ തുടങ്ങിയവയെക്കുറിച്ച വിവരണത്തോടെ പ്രവാചക വചനങ്ങള്‍ അതിനോട് ചേര്‍ന്നുനിന്നു. ഇസ്ലാമിക പ്രബോധനത്തിന് ഉപകരിക്കുന്ന ചരിത്രപരമായ എല്ലാ വിവരണങ്ങളും തിരുമേനി(സ) നല്‍കി. ഖുര്‍ആനിനെ വിശദീകരിച്ച്, അതിന്റെ ആശയം വ്യക്തമാക്കി തിരുസുന്നത്ത് ഖുര്‍ആനിന്റെ കൂടെ തന്നെ സഞ്ചരിച്ചു.

About dr. ahmad muhammed buqrin

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *