പ്രവാചക സന്ദേശത്തിന്റെ സവിശേഷതകള്‍ -1

അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ)യുടെ സന്ദേശം ശാശ്വതവും, സാര്‍വ്വജനീനവുമാണ്. ഓരോ പ്രദേശത്തേക്കും, ഓരോ കാലഘട്ടത്തിലും പ്രവാചകന്മാരെ നിയോഗിക്കാന് അല്ലാഹു കഴിയുമായിരുന്നു.

തിരുമേനി(സ)ക്ക് മുമ്പ് എല്ലാ പ്രദേശങ്ങളിലേക്കും, എല്ലാ കാലത്തും പ്രത്യേക ദൂതന്മാരെ നിയോഗിച്ച അല്ലാഹു എന്തുകൊണ്ട് ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകനായി ഒരു വ്യക്തിയെ മാത്രം നിയോഗിച്ചു?

ഒരുപാട് ആശയങ്ങള്‍ ഏതാനും ചില വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന ഭാഷയിലെ സംഗ്രഹരീതി (ഈജാസ്)ക്ക് സമാനമാണിത്. വിവിധ കാലങ്ങളില്‍ വിവിധ പട്ടണങ്ങളില്‍ നിയോഗിക്കപ്പെടേണ്ടിയിരുന്ന പ്രവാചകന്മാരുടെ ഒരു നീണ്ടനിരക്ക് പകരമാണ് മുഹമ്മദ്(സ) എന്ന് സാരം. ഭൂമിക്ക് മുകളില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഓരോ മനുഷ്യനിലേക്കും മാലാഖമാരെ അയക്കേണ്ടതിന് പകരം നിലകൊള്ളുകയെന്ന ദൗത്യവും തിരുമേനി(സ)ക്കുണ്ടായിരുന്നു.

വിവിധ സന്ദര്‍ഭങ്ങളില്‍ സ്വയം ഗുണകാംക്ഷിയെന്ന് അവകാശപ്പെടുന്ന ഒരാള്‍ താങ്കളോടിങ്ങനെ പറഞ്ഞേക്കാം ‘താങ്കള്‍ കണ്ണടച്ച് എന്നെ പിന്തുടരുക’. താങ്കള്‍ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ അയാളുടെ പിന്നാലെ നടക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അയാള്‍ താങ്കളുടെ വഴികാട്ടിയാണ്. അയാള്‍ താങ്കള്‍ക്ക് വേണ്ടി ചിന്തിക്കുകയും, താങ്കളുടെ കൈ പിടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു. അദ്ദേഹം നശിച്ചാല്‍ താങ്കളും നശിച്ചു പോവുന്നു.

മറുവശത്ത് സന്മാര്‍ഗിയായ ഒരു മനുഷ്യന്‍ താങ്കളുടെ അടുത്ത് വരുന്നു. യാത്രക്കാവശ്യമായ പദ്ധതികള്‍ വിവരിക്കുകയും, അപകടമേഖലകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. താങ്കള്‍ പിന്നിടേണ്ട ഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, പ്രയാസങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. താങ്കള്‍ക്ക് പകര്‍ന്ന് നല്‍കിയ കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി അദ്ദേഹം താങ്കളുടെ കൂടെ രാപ്പകലുകള്‍ ചെലവഴിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ താങ്കളുടെ വഴികാട്ടി താങ്കള്‍ തന്നെയാണ്. താങ്കളുടെ ചിന്തയും, ആലോചനയും മുന്‍നിര്‍ത്തി താങ്കള്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്.

ആദ്യം പറഞ്ഞ സാഹചര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് യോജിച്ചതാണ്. എന്നാല്‍ രണ്ടാമത്തെ സമീപനം മുതിര്‍ന്നവര്‍ക്കും പ്രായവും പക്വതയുമുള്ളവര്‍ക്കും ചേരുന്നതാണ്. അതിനാല്‍ തന്നെ ലോകത്തിന്റെ സന്മാര്‍ഗത്തിനായി പ്രവാചകന്‍ മുഹമ്മദി(സ)നെ നിയോഗിച്ച നാഥന്‍ രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് മുന്നില്‍ വിജ്ഞാനത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്ന തത്വങ്ങളും സിദ്ധാന്തങ്ങളുമാണ് പ്രവാചക സന്ദേശത്തിന്റെ ഉള്ളടക്കം.

തിരുമേനി(സ)യുടെ ഹൃദയത്തില്‍ അവതരിച്ച ഖുര്‍ആന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ലോകരക്ഷിതാവില്‍ നിന്നുള്ള നിയമരേഖയാണ്. അവയെ നേരിലേക്കും നന്മയിലേക്കും വഴി നടത്തുകയെന്നതാണ് അതിന്റെ അടിസ്ഥാന ലക്ഷ്യം.

തിരുമേനി(സ)യോടൊപ്പം ജീവിച്ച, അദ്ദേഹം സംസ്‌കരിച്ച, അദ്ദേഹത്തോടൊപ്പം ദൈവത്തിലേക്ക് തിരിച്ച് പോയ ജനങ്ങളിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം നായകനായിരുന്നില്ല അദ്ദേഹം. വൈദ്യുതിയുടെ കണ്ടുപിടിത്തം ഭൗതിക ലോകത്തിന് നല്‍കിയതിന് തുല്യമായ ശക്തി അദ്ദേഹത്തിന് ധാര്‍മിക-സാമൂഹിക ജീവിത മേഖലകളിലുണ്ടായിരുന്നു. മനുഷ്യാസ്തിത്വത്തിന്റെ പുരോഗതിയിലെ നിര്‍ണായക ഘട്ടമായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. മാതാവിന്റെ മടിയില്‍ കിടക്കുന്ന കുഞ്ഞിന് സമാനമായിരുന്നു അദ്ദേഹത്തിന്റെ നിയോഗത്തിന് മുമ്പുള്ള മനുഷ്യന്‍. പിന്നീട് അദ്ദേഹം വഴി ആ കുഞ്ഞിന് ദൈവിക കല്‍പനയെത്തിച്ചേരുകയും അവന്‍ സ്വയം ഉത്തരവാദിത്ത നിര്‍വഹണത്തിനായി രംഗത്തിറങ്ങുകയും ചെയ്തു. ദൈവിക സന്ദേശം ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുകയെന്ന ദൗത്യ നിര്‍വഹണത്തിന് ശേഷം മുഹമ്മദ്(സ) ഭൂമയില്‍ അവശേഷിച്ചാലും, മടങ്ങിപ്പോയാലും പ്രസ്തുത സന്ദേശത്തിന് യാതൊരു കുറവും സംഭവിക്കുകയില്ല. കാരണം കണ്ണുകളെയും കാതുകളെയും തുറക്കാന്‍ മാത്രം പ്രാപ്തിയുള്ള സന്ദേശമാണ് അത്.

തനിക്ക് ചുറ്റും ഏതാനും ചില ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിനല്ല അദ്ദേഹം നിയോഗിക്കപ്പെട്ടത്. സൃഷ്ടികള്‍ക്കും അവയുടെ ഉണ്മയെ ന്യായീകരിക്കുന്ന സത്യത്തിനുമിടയില്‍ പാലം പണിയുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിയോഗലക്ഷ്യം. ഓരോ സൃഷ്ടിയും തന്റെ ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞത് അദ്ദേഹം സമര്‍പിച്ച പ്രകാശം വഴിയായിരുന്നു.

ജീവിതത്തില്‍ സത്യം തിരിച്ചറിഞ്ഞവന് മാത്രമെ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനുള്ള പ്രകാശം ലഭിക്കുകയുള്ളൂ. അപ്രകാരം സത്യം തിരിച്ചറിഞ്ഞവന്‍ മുഹമ്മദിനെ കണ്ടെത്തുകയും -അദ്ദേഹത്തിന്റെ കാണുകയോ, കൂടെ ജീവിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ പോലും- പതാകക്ക് കീഴില്‍ അണിനിരക്കുകയും ചെയ്യുന്നു. (മനുഷ്യരേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപ്പിടിക്കുകയും ചെയ്തവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കും. അവരെ തന്നിലേക്ക് നേര്‍വഴിയിലൂടെ നയിക്കുകയും ചെയ്യും). അന്നിസാഅ് 174-175

About muhammad al gazzali

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *