പ്രവാചകന്‍(സ) വിശുദ്ധ ഖുര്‍ആനില്‍ മാറ്റം വരുത്തിയോ?

ഇസ്ലാമിനെതിരെ പൊതുവായും ഖുര്‍ആനെതിരെ പ്രത്യേകമായും ആരോപണങ്ങള്‍ ഉന്നയിക്കുകയെന്നത് ശത്രുക്കള്‍ വളരെ മുമ്പ് തന്നെ സ്വീകരിച്ച ആക്രമണരീതിയായിരുന്നു. ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സ് വിശുദ്ധ ഖുര്‍ആനായിരിക്കെ അതില്‍ സംശയം ജനിപ്പിക്കുന്നത് ഇസ്ലാമിന്റെ തന്നെ അടിത്തറയിളക്കാന്‍ സഹായിച്ചേക്കുമെന്ന

തിരിച്ചറിവാണ് അതിനെതിരായ ആക്രമണത്തിന് പിന്നിലെ പ്രചോദനം.
പ്രവാചകന്‍ മുഹമ്മദ്(സ) വിശുദ്ധ ഖുര്‍ആനില്‍ നിന്നും ചില വചനങ്ങള്‍ നീക്കം ചെയ്‌തെന്നും മറ്റു ചിലവ മറന്നു പോയെന്നുമുള്ള ആരോപണം ഇവയില്‍പെടുന്നു. അല്ലാഹു ജിബ്‌രീല്‍ വഴി പ്രവാചകന് അവതരിപ്പിച്ച ഖുര്‍ആന്‍ പൂര്‍ണമായും അതേപടി ഇന്ന് മുസ്ലിംകള്‍ക്ക് ലഭ്യമല്ല എന്ന് സ്ഥാപിക്കുകയാണ് ഈ ആരോപണത്തിന്റെ ലക്ഷ്യം. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തന്നെയുള്ള ഒരു വചനവും ഒരു പ്രവാചക വചനവുമാണ് തങ്ങളുടെ ആരോപണത്തിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നത്. അല്ലാഹു അല്‍അഅ്‌ലാ അദ്ധ്യായത്തില്‍ ഇപ്രകാരം പറയുന്നു (നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും രഹസ്യമായതും അറിയുന്നു) അല്‍അഅ്‌ലാ 6-7. ഒരാള്‍ രാത്രിയില്‍ പള്ളിയില്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കെ തിരുമേനി(സ) ഇപ്രകാരം പറഞ്ഞുവത്രെ (അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ. അദ്ദേഹം എനിക്ക് ഇന്നയിന്ന ആയത്തുകള്‍ ഓര്‍മിപ്പിച്ചിരിക്കുന്നു. ഇന്നയിന്ന സൂറത്തുകളില്‍ നിന്ന് ഞാന്‍ ഒഴിവാക്കിയതായിരുന്നു അവ).
തിരുദൂതര്‍(സ) വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ബോധപൂര്‍വം ചില വചനങ്ങള്‍ നീക്കം ചെയ്യുകയോ ചുരുങ്ങിയ പക്ഷം മറക്കുകയോ ചെയ്തു എന്നാണ് ഇതില്‍ നിന്നും ചിലര്‍ മനസ്സിലാക്കിയത്. നിലവില്‍ മുസ്ലിംകളുടെ കയ്യിലുള്ള വിശുദ്ധ ഖുര്‍ആന്‍ പരിപൂര്‍ണമല്ലെന്നാണ് മേലുദ്ധരിച്ച പ്രമാണങ്ങള്‍ തെളിയിക്കുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു. പ്രമാണങ്ങളെ തെറ്റായി മനസ്ലിലാക്കിയതും സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി വ്യാഖ്യാനിച്ചതുമാണ് മേല്‍സൂചിപ്പിച്ച തെറ്റിദ്ധാരണക്ക് വഴിവെച്ചത്.
ഖുര്‍ആന് വചനവുമായി ബന്ധപ്പെട്ട് രണ്ട് സന്ദേഹങ്ങളാണ് ഉയരുന്നത്. ‘താങ്കള്‍ മറക്കരുത്’, ‘അല്ലാഹു ഉദ്ദേശിച്ചതൊഴികെ’ തുടങ്ങിയവയാണ് അവ. ആദ്യത്തെ പ്രയോഗത്തില്‍ താങ്കള്‍ മറക്കരുത് എന്ന് കുറിക്കുന്ന നിരോധനത്തിന്റെ അക്ഷരമായി ‘ലാ’ എന്ന ഹര്‍ഫിനെ വിശദീകരിച്ചിരിക്കുന്നു അവര്‍. തിരുമേനി(സ) ഖുര്‍ആന്‍ വചനങ്ങള്‍ മറക്കാന്‍ സാധ്യതയുണ്ടെന്നും അപ്രകാരം ചെയ്യരുതെന്ന് കല്‍പിക്കുകയാണ് അല്ലാഹു ചെയ്യുന്നതെന്നും ഇവര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായ വ്യാഖ്യാനമാണ് ഇത്. തിരുമേനി(സ)യോട് മറക്കരുത് എന്നല്ല, മറിച്ച് അദ്ദേഹം ഒരിക്കലും മറക്കുകയില്ല എന്ന് കുറിക്കുന്ന നിഷേധത്തിന്റെ ‘ലാം’ ആണ് അവിടെ പ്രയോഗിച്ചിട്ടുള്ളത്. അല്ലാഹു തിരുമേനി(സ)ക്ക് ഓതിക്കൊടുക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഒരു നിലക്കും അദ്ദേഹം മറക്കുകയില്ലെന്നും ഊന്നിപ്പറയുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.
‘അല്ലാഹു ഉദ്ദേശിച്ചതൊഴികെ’ എന്ന പരാമര്‍ശം യാഥാര്‍ത്ഥ്യത്തെയല്ല സങ്കല്‍പത്തെ കുറിക്കുന്നതാണ്. പ്രവാചകന്‍ വിശുദ്ധ ഖുര്‍ആന്‍ മറന്ന് പോകുകയില്ലെന്ന് അല്ലാഹു പറഞ്ഞാല്‍ അവന്റെ ഉദ്ദേശമാണ് അതെന്ന് വ്യക്തമാണ്. അപ്പോള്‍ ‘അല്ലാഹു ഉദ്ദേശിച്ചതൊഴികെ’ എന്നതിന്റെ അര്‍ത്ഥം തിരുമേനി(സ) ഖുര്‍ആന്‍ മറക്കരുതെന്നതാണ് അല്ലാഹുവിന്റെ ഉദ്ദേശമെന്നും അതിന് വിരുദ്ധമായി സംഭവിക്കണമെങ്കില്‍ അവന്‍ തന്നെ തീരുമാനിക്കണമെന്നുമാണ് ഇവിടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.
അവശേഷിക്കുന്നത് പ്രവാചക വചനത്തെ സംബന്ധിച്ച തെറ്റിദ്ധാരണയാണ്. ഹദീഥിലെ ‘ഒഴിവാക്കിയത്’ എന്ന പ്രയോഗം ബോധപൂര്‍വം നീക്കം ചെയ്തത് എന്ന അര്‍ത്ഥത്തിലുള്ളതല്ല. തിരുമേനി(സ) മറന്നു പോയ ചില വചനങ്ങളെ ഓര്‍മിപ്പിച്ചു എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതേ സംഭവം ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ‘ഒഴിവാക്കി’ എന്നതിന് പകരം ‘മറന്നു’ എന്നാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്.
മാത്രമല്ല ഹദീഥില്‍ വന്നിട്ടുള്ള ‘മറവി’ നഷ്ടപ്പെടുന്നതോ, പാഴായിപ്പോകുന്നതോ ആയ മറവിയല്ല. മറിച്ച് തിരുമേനി(സ) മനപാഠമാക്കുകയും അനുചരന്മാര്‍ക്ക് എത്തിച്ച് കൊടുക്കുകയും അവര്‍ എഴുതി വെക്കുകയും ചെയ്ത വചനങ്ങള്‍ താല്‍ക്കാലികമായി മറന്നുപോകുന്നതിനെക്കുറിച്ചാണ് പ്രസ്തുത പരാമര്‍ശം. യാദൃശ്ചികമായി സംഭവിക്കുന്ന ഇത്തരം മറവി എല്ലാ മനുഷ്യര്‍ക്കും സംഭവിക്കുന്നതും നിമിഷങ്ങള്‍ക്കകം തന്നെ അതേക്കുറിച്ച വ്യക്തമായ ഓര്‍മ തിരിച്ച് ലഭിക്കുന്നതുമാണ്. മാത്രമല്ല, തിരുമേനി(സ) ഖുര്‍ആനില്‍ നിന്ന് വല്ലതും നീക്കം ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ തന്നെ നിലപാടുകള്‍ തിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്ത വചനങ്ങളായിരുന്നു ആദ്യം നീക്കം ചെയ്യേണ്ടിയിരുന്നത്.

 

About ahmad shahid

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *