പ്രവാചകവചനങ്ങളെ അനുചരര്‍ കൊത്തിവെച്ചതെവിടെ?

പ്രവാചകന്‍ മുഹമ്മദ്(സ)യുടെ നിയോഗത്തിന് മുമ്പ് അജ്ഞതയുടെ പടുകുഴിയില്‍ ജീവിക്കുകയായിരുന്നു അറേബ്യന്‍ ജനത. സ്വന്തം കൈ കൊണ്ട് കൊത്തിയുണ്ടാക്കിയ പാറക്കല്ലുകളെ ദൈവമായി സങ്കല്‍പിക്കുകയും അവയെ ആരാധിക്കുകയും ചെയ്തിരുന്നു അവര്‍.

അപമാനവും ദാരിദ്ര്യവും ഭയന്ന് സ്വന്തം ബീജത്തില്‍ പിറന്ന് വീണ പെണ്‍മക്കളെ ക്രൂരമായി കൊന്ന് കുഴിച്ച് മൂടിയിരുന്നു അവര്‍. ഏറ്റവും നിസ്സാരമായ കാരണങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം യുദ്ധത്തിലേര്‍പെട്ടിരുന്ന കാടന്മാരായിരുന്നു അവര്‍. ചൂതാടുകയും, ഒട്ടകങ്ങളെ അറുത്ത് വീതം വെച്ച് മദ്യം കുടിച്ച് ആര്‍മാദിക്കുകയും ദുരഭിമാനം നടിക്കുകയും ചെയ്യുന്നതായിരുന്നു അവരുടെ പതിവ്. അവര്‍ക്ക് അനുസരിക്കാന്‍ ഭരണാധികാരിയോ, അവരെ ഭയപ്പെടുത്താന്‍ മതനിയമങ്ങളോ ഉണ്ടായിരുന്നില്ല. ചുരുക്കത്തില്‍ നിരന്തരമായ യുദ്ധങ്ങളും കലഹങ്ങളും കൊണ്ട് കുഴപ്പത്തിന്റെയും നാശത്തിന്റെയും അന്ധാകരത്തില്‍ മുങ്ങിത്താഴുകയായിരുന്നു അറേബ്യന്‍ ഉപദ്വീപ്. മാറിടത്തിലൂടെ ഒഴുകുന്ന രക്തപ്പുഴ കണ്ട് ആ ഭൂമി തന്റെ നാഥന് മുന്നില്‍ ആവലാതി ബോധിപ്പിച്ചു. അജ്ഞതയുടെയും പൈശാചികതയുടെയും മടിത്തട്ടില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ കഴിയുന്ന രക്ഷകനായി മനസ്സ് കൊതിച്ചു.
അല്ലാഹു അവര്‍ക്കും, അവര്‍ മുഖേനെ മാലോകര്‍ക്കും നല്‍കിയ ഏറ്റവും വലിയ കരുണയും അനുഗ്രഹവുമായിരുന്നു അവരില്‍ നിന്ന് ഒരു ദൂതനെ തന്റെ സന്ദേശവുമായി നിയോഗിച്ചുവെന്നത്. വിശുദ്ധ വേദവുമായി കടന്ന് വന്ന അദ്ദേഹം അതിന്റെ വചനങ്ങള്‍ അവര്‍ക്ക് മുന്നില്‍ പാരായണം നടത്തുകയും അവരെ സംസ്‌കരിക്കുകയും ചെയ്തു. ഖുറൈശികളില്‍ നിന്നുള്ള അബ്ദുല്‍ മുത്ത്വലിബിന്റെ പേരമകന്‍ മുഹമ്മദ് ആയിരുന്നു ആ പ്രവാചകന്‍.
വളരെ രഹസ്യമായാണ് മുഹമ്മദ്(സ) തന്റെ പ്രബോധനത്തിന് തുടക്കം കുറിച്ചത്. സമൂഹം മുഴുകിക്കിടക്കുന്ന അജ്ഞതയുടെയും അവിവേകത്തിന്റെയും ആഴം അദ്ദേഹത്തിന് അറിയാമായിരുന്നു. വിരലിലെണ്ണാവുന്ന ചിലര്‍ അദ്ദേഹം കൊണ്ട് വന്ന സന്ദേശത്തില്‍ വിശ്വസിച്ചു. പിന്നീട് അദ്ദേഹം പ്രബോധനം പരസ്യമാക്കുകയും ഒട്ടേറെ പേര്‍ ഇസ്ലാമിലേക്ക് കടന്ന് വരികയും ചെയ്തു. അവര്‍ വേദഗ്രന്ഥം ശ്രദ്ധിച്ച് കേള്‍ക്കുകയും പ്രവാചകചര്യ മുറുകെ പിടിക്കുകയും ചെയ്തതോടെ വിശ്വാസത്തിന്റെ പുഞ്ചിരികള്‍ അവരുടെ ഹൃദയത്തെ പൊതിഞ്ഞു. ബഹുദൈവ വിശ്വാസത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാനുള്ള നായകനെ കാത്തിരിക്കുകയായിരുന്നു അവരില്‍ ചിലരെങ്കിലും. അതിനാല്‍ തന്നെ അവരുടെ ധമനികളിലൂടെ രക്തത്തിന് പകരം ഇസ്ലാം ഒഴുകുന്നതായി അവര്‍ അനുഭവിച്ചറിഞ്ഞു. തങ്ങളുടെ സന്തോഷത്തിന്റെയും പ്രതാപത്തിന്റെയും ഉത്ഥാനത്തിന്റെയും ഉറവിടമാണ് ഈ ദര്‍ശനമെന്ന് അവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ പിതാക്കന്മാരേക്കാളും സന്താനങ്ങളേക്കാളും അവര്‍ പ്രവാചകനെ സ്‌നേഹിച്ചു. അദ്ദേഹം കൊണ്ട് വന്ന സന്ദേശങ്ങള്‍ അവര്‍ മനപാഠമാക്കുകയോ സൂക്ഷിക്കുകയോ ചെയ്തു. അവ തങ്ങളുടെ കര്‍മങ്ങളില്‍ പ്രായോഗികമാക്കുന്നതില്‍ അവര്‍ തെല്ലും അമാന്തം കാണിച്ചില്ല. പിന്നീട് മദീനയിലേക്ക് ഹിജ്‌റ പോയതോടെ വിശുദ്ധ ഖുര്‍ആന്‍ ശ്രവിക്കാനും പ്രവാചക സദസ്സുകളില്‍ പങ്കെടുക്കാനുമുള്ള അവസരം കൂടുതല്‍ ഒത്തുവന്നു.
പ്രവാചകചര്യക്ക് ഇസ്ലാമിക ദര്‍ശനത്തിലുള്ള സ്ഥാനത്തെക്കുറിച്ച് വ്യക്തമായി ധാരണയുള്ളവരായിരുന്നു അവര്‍. ഇസ്ലാമിക ജീവിതവ്യവസ്ഥയില്‍ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് പ്രവാചകചര്യയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. പ്രവാചകനെ പിന്‍പറ്റാനും, അദ്ദേഹത്തിന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്താനും ഖുര്‍ആന്‍ തന്നെ കല്‍പിച്ചതാണല്ലോ.
കൂടാതെ വിജ്ഞാനത്തിന്റെയും വിജ്ഞാനവാഹകരുടെയും സ്ഥാനം വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തുകയും ചെയ്തു. വിഢ്ഢികളെയും അജ്ഞന്മാരെയും ഖുര്‍ആന്‍ മാറ്റി നിര്‍ത്തി. (പറയുക ‘വിവരമുള്ളവരും വിവരമില്ലാത്തവരും സമമാകുമോ?’). മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (നിങ്ങളില്‍ വിശ്വസിച്ചവരുടെയും വിജ്ഞാനം നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു). മതവിജ്ഞാനത്തില്‍ പാണ്ഡിത്യം നേടുന്നതിനെയും അവ ജനങ്ങള്‍ക്ക് എത്തിക്കുന്നതിനെയും ഖുര്‍ആന്‍ പ്രോല്‍സാഹിപ്പിച്ചു. (സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അറിവുനേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് മടങ്ങി വന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കാനുള്ള അറിവുനേടാനാണത്. അതുവഴി അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം). അത്തൗബഃ 122
ഈയര്‍ത്ഥത്തിലുള്ള ദൈവികവെളിപാടുകളും പ്രവാചകവചനങ്ങളും സ്വഹാബാക്കളുടെ മനോമുകുരങ്ങളെ സ്പര്‍ശിക്കുകയും അവര്‍ ഹൃദയത്തില്‍ പ്രവാചകനോടുള്ള സ്‌നേഹം നിറക്കുകയും ചെയ്തു. എഴുതാനും വായിക്കാനും അറിയാത്ത സമൂഹമായിരിക്കെ തന്നെ തങ്ങളുടെ പ്രസിദ്ധമായ പ്രഭാഷണങ്ങളും കവിതകളും മഹത്വങ്ങളും മനപാഠമാക്കിയവരായിരുന്നു അവര്‍. അവരില്‍ ഓരോരുത്തരും തങ്ങളുടെ ഗോത്രത്തിന്റെ ചരിത്രങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരായിരുന്നു. ദുരഭിമാനത്തോടും, ഗോത്രമഹിമയോടും, പൊങ്ങച്ചത്തോടുമുള്ള അവരുടെ പ്രിയം അവയെല്ലാം ഹൃദയത്തില്‍ കൊത്തിവെക്കുന്നതിലേക്കായിരുന്നു നയിച്ചിരുന്നത്.
ഗോത്രകഥകളും കവിതകളും കൊണ്ട് നിറക്കപ്പെട്ടിരുന്ന ഹൃദയങ്ങളില്‍ പ്രവാചകചര്യ പകരംവെക്കുകയെന്നത് അല്ലാഹുവിന്റെ അപാരമായ യുക്തിയുടെ ഭാകമായിരുന്നു. അവര്‍ പ്രവാചക വചനങ്ങള്‍ ഹൃദയത്തില്‍ വള്ളിപുള്ളി വിടാതെ കൊത്തിവെച്ചു. അങ്ങേയറ്റത്തെ ത്വരയോടെ, അഗാഥമായ പ്രണയത്തോടെ, കഠിനമായ ആശയോടെ അവര്‍ പ്രവാചക വചനങ്ങള്‍ക്ക് കാതോര്‍ക്കുകയും അവ മനപാഠമാക്കുകയും ചെയ്തു. ലോകചരിത്രത്തിലെ തന്നെ തുല്യതയില്ലാത്ത സമൂഹമായി അവര്‍ മാറുകയും തങ്ങളുടെ ജീവിതത്തിലെ വഴിവിളക്കായി പ്രവാചകന്‍ കൊണ്ട് വന്ന നിയമസംഹിതയെ സ്ഥാപിക്കുകയും ചെയ്തു. വളരെ പരിശുദ്ധവും പരിപാവനുമായ വിധത്തില്‍ അവ സൂക്ഷിക്കുകയും മറ്റു ജനങ്ങള്‍ക്കെത്തിക്കുകയും ചെയ്തു അവര്‍.

About muhammad zahw

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *