പ്രവാചകന്മാരുടെ ചരിത്രം ഖുര്‍ആനിലും ബൈബിളിലും

പ്രവാചകന്മാരുടെയും പൂര്‍വകാല സമൂഹങ്ങളുടെയും ചരിത്രം വിശുദ്ധ ഖുര്‍ആനില്‍ നിന്നും, ബൈബിളില്‍ നിന്നും വായിച്ച് മനസ്സിലാക്കുന്ന ഒരാള്‍ക്ക് അഴ രണ്ടിനും ഇടയിലെ ഭീമമായ അന്തരം വ്യക്തമാകുന്നതാണ്. ചരിത്രസംഭവങ്ങളില്‍ കേവലം കഥയുദ്ധരിക്കുന്നത് പോലുള്ള ശൈലിയാണ് ബൈബിളിന്റേതെങ്കില്‍ ഗുണപാഠവും ചിന്തയും പകര്‍ന്ന് നല്‍കുന്ന രീതിയിലാണ് ഖുര്‍ആന്‍ അവ വിവരിക്കുന്നത്.

മാത്രമല്ല, പ്രയോജനരഹിതമായ വിശദാംശങ്ങള്‍ ഒഴിവാക്കി, പ്രാധാന്യമര്‍ഹിക്കുന്നവ മാത്രം വിശദീകരിക്കുന്ന ശൈലിയാണ് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. കഥാവിവരണത്തിനോ, കേവല ചരിത്രവായനക്ക് വേണ്ടിയോ അല്ല, ജനങ്ങള്‍ക്ക് ദൈവിക സന്ദേശം പകര്‍ന്ന് നല്‍കുന്നതിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത്.
ബൈബിള്‍ പരാമര്‍ശിക്കാത്ത പ്രവാചകന്മാരുടെയും സമൂഹങ്ങളുടെയും ചരിത്രം വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഹൂദ്, സ്വാലിഹ്, ശുഐബ്, ദുല്‍ഖര്‍നൈന്‍, ഗുഹാവാസികള്‍, മൂസാ-ഖിള്ര്‍ തുടങ്ങിയ പ്രവാചകന്മാരുടെയും മറ്റും സംഭവവികാസങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് ഉദ്ധരിച്ചിട്ടുള്ളത്.
ഇനി ഖുര്‍ആനിലും ബൈബിളിലും ഒരു പോലെ വന്ന സംഭവങ്ങളാവട്ടെ അങ്ങേയറ്റം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. പ്രവാചകന്മാരെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും മനുഷ്യരില്‍ വെച്ചേറ്റവും ശ്രേഷഠരായി കണക്കാക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത് (അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിന് നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പെട്ട ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹയാ, ഈസാ, ഇല്‍യാസ് എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു. അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു). അല്‍അന്‍ആം 84
ഇതിന് നേര്‍വിരപരീതമായ പരാമര്‍ശങ്ങളാണ് പ്രവാചകന്മാരെക്കുറിച്ച് ബൈബിളില്‍ നമുക്ക് കാണാന്‍ കഴിയുക. എല്ലാ വൃത്തികേടുകളും തോന്നിവാസങ്ങളും ആഭാസങ്ങളും പ്രവാചകന്മാരിലേക്ക് ചേര്‍ക്കുകയാണ് ബൈബിള്‍ ചെയ്തിരിക്കുന്നത്. ഹാറൂന്‍ പ്രവാചകന്‍ ശിര്‍ക്കില്‍ നിന്ന് മുക്തനാണന്നും, സാമിരി പശുക്കുട്ടിയെ നിര്‍മിച്ച് നല്‍കിയതില്‍ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലെന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമാണ് പഴയനിയമത്തിലെ പരാമര്‍ശം. ഹാറൂന്‍ പ്രവാചകനാണ് സ്വര്‍ണം കൊണ്ടുള്ള പശുക്കുട്ടിയെ നിര്‍മിച്ച് ആരാധനക്ക് നല്‍കിയതെന്ന് പുറപ്പാട് പുസ്തകം ആരോപിക്കുന്നു. (പുറപ്പാട് 32: 2-4)
ദാവൂദ്(അ)നെ മഹാനായ പ്രവാചകനായാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്റെ കഥ ഇവര്‍ക്കു പറഞ്ഞുകൊടുക്കുക: തീര്‍ച്ചയായും അദ്ദേഹം ഖേദിച്ചു മടങ്ങിയവനാണ്). സ്വാദ് 17
എന്നാല്‍ വ്യഭിചാരിയും കൊലപാതകിയുമായാണ് ബൈബിള്‍ (ശമവേല്‍ 2: 11) ദാവൂദ് പ്രവാചകനെ പരിചയപ്പെടുത്തുന്നത്. തന്റെ ഭാര്യക്ക് മഹ്‌റായി നല്‍കാന്‍ വേണ്ടി ഇരുന്നൂറോളം പേരെ വധിച്ചുവത്രെ അദ്ദേഹം. (ശമവേല്‍ 1: 18)
പശ്ചാത്താപിയായ പ്രവാചകനായാണ് സുലൈമാന്‍ പ്രവാചകനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (ദാവൂദിന് നാം സുലൈമാനെ സമ്മാനിച്ചു. എത്ര നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്താപ മനസ്ഥിതിക്കാരനാണ്). സ്വാദ് 30
എന്നാല്‍ അല്ലാഹുവിന്റെ കല്‍പനകള്‍ ഉപേക്ഷിക്കുകയും തന്റെ ഭാര്യമാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ബിംബാലയം നിര്‍മിക്കുകയും ചെയ്തവനാണ് അദ്ദേഹമെന്ന് പഴയ നിയമം (രാജാക്കന്മാര്‍ 3: 11) വാദിക്കുന്നു. പ്രവാചകന്മാരെക്കുറിച്ച വിശദീകരണങ്ങളില്‍ വിശുദ്ധ ഖുര്‍ആനും ബൈബിളും സ്വീകരിച്ച സമീപനം തന്നെ അവയുടെ ആധികാരികത വ്യക്തമാക്കാന്‍ പര്യാപ്തമാണ്.

About dr. munqid assakar

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *