120

പ്രവാചകത്വത്തിന്റെ ഉറവിടം -4

പ്രവാചക ചരിത്രത്തില്‍ സംശയം ജനിപ്പിച്ച് അതിനെ സ്വയം നിരാകരിക്കുകയും, ജനങ്ങളെക്കൊണ്ട് നിരാകരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഓറിയന്റലിസ്റ്റുകളുടെ രീതി. ജീവചരിത്രവും, മറ്റും ആധികാരികമായ ചരിത്ര ഉറവിടമായി പരിഗണിക്കപ്പെടാന്‍ കഴിയില്ലെന്നും, അവ ഏതാനും ചില വാര്‍ത്താകെട്ടുകള്‍ മാത്രമാണെന്നും അവര്‍ വാദിക്കുന്നു.
സംഭാഷണങ്ങളും വാര്‍ത്തകളും അതിസൂക്ഷ്മമായി പരിശോധിക്കുകയും, അവയുടെ ആധികാരികത ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടുകയും വേണം. അതിനാല്‍ തന്നെ പ്രവാചകന്റെ പേരില്‍ ഉദ്ധരിക്കപ്പെടുന്ന ചരിത്ര സംഭവങ്ങള്‍ സ്വീകരിക്കാനോ, വിശ്വസിക്കാനോ കഴിയില്ലെന്നും ഓറിയന്റലിസ്റ്റുകള്‍ അവകാശപ്പെടുന്നു. അതേസമയം ജാഹിലിയ്യാ കവി ഉമയ്യതില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട വാര്‍ത്തകളും, വര്‍ത്തമാനങ്ങളു സ്വീകരിക്കുന്നതില്‍ ഈ ശാസ്ത്രീയ കണിശത അവര്‍ പുലര്‍ത്തുന്നില്ല. സത്യസന്ധതയുടെ നാലയലത്ത് പോലും എത്താത്ത ഉമയ്യതിലേക്ക് ചേര്‍ക്കപ്പെടുന്ന കവിതകള്‍ യാതൊരു വിഷമവും കൂടാതെ സ്വീകരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്താണ്? ആയിരക്കണക്കിന് അനുചരന്മാര്‍ ഉദ്ധരിച്ച പ്രവാചക ചരിത്രത്തേക്കാള്‍ കൂടുതല്‍ എന്ത് ആധികാരികതയാണ് അതിനുള്ളത്?! ചുരുക്കത്തില്‍ ചരിത്രം സ്വീകരിക്കുന്നതില്‍ ഓറിയന്റലിസ്റ്റുകള്‍ പുലര്‍ത്തുന്ന സമീപനം വിവേചനാടിസ്ഥാനത്തിലുള്ളതും, വ്യത്യസ്ത അളവുകോല്‍ മുന്നില്‍വെച്ചതുമാണ്.
തിരുദൂതരുടെ പ്രവാചകത്വത്തോട് ശത്രുത പുലര്‍ത്തുന്ന ഓറിയന്റലിസ്റ്റ് രീതിക്ക് യോജിച്ചത് തന്നെയാണ് ഉമയ്യതിന്റെ കവിതകളെ സംശലേശമന്യെ സ്വീകരിക്കുകയും, അതേസമയം പ്രവാചക ചരിത്രത്തെ സംശയ സാദ്ധ്യത മുന്‍നിര്‍ത്തി നിരാകരിക്കുകയും ചെയ്യുന്ന സമീപനം.
ഉമയ്യതിന്റെ കവിതകളില്‍ നിന്നോ, മുന്‍കഴിഞ്ഞ വേദങ്ങളില്‍ നിന്നോ മുഹമ്മദ്(സ) ആശയം കടമെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വിശുദ്ധ ഖുര്‍ആന്റെയും, തൗറാത്ത്-ഇഞ്ചീല്‍ എന്നിവയുടെയും ഉള്ളടക്കങ്ങള്‍ പരസ്പരം താരതമ്യം ചെയ്യുന്ന ഏതൊരു വ്യക്തിക്കും ലളിതമായി മനസ്സിലാക്കാവുന്ന യാഥാര്‍ത്ഥ്യമാണത്. ഇവ രണ്ടിന്റെയും ശൈലികള്‍ക്കിടയില്‍ കാര്യമായ അന്തരമുണ്ട്. വിശ്വാസം, ധാര്‍മികത, നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇവ രണ്ടും സമര്‍പിക്കുന്ന അദ്ധ്യാപനങ്ങള്‍ക്കും, ആശയങ്ങള്‍ക്കുമിടയില്‍ അജഗജാന്തരമുണ്ട്.
തൗറാതിന്റെയും ഖുര്‍ആന്റെയും ശൈലികള്‍ക്കിടയിലെ അന്തരത്തിലേക്ക് വിരല്‍ ചൂണ്ടി ഡോ. അബ്ദുല്‍ കരീം അല്‍ഖത്വീബ് കുറിക്കുന്നു (തൗറാതില്‍ നിന്നും ഖുര്‍ആനില്‍ നിന്നും ഓരോ അദ്ധ്യായം തെരഞ്ഞെടുത്ത് വായിക്കുക. തൗറാതില്‍ നിന്ന് ലഭിക്കുന്ന അനുഭവമോ, സ്വാദോ അല്ല ഖുര്‍ആനില്‍ നിന്ന് നിനക്ക് ലഭിക്കുക. ഇനി അവ രണ്ടിനെയും ചേര്‍ത്ത് വെക്കാനോ, യോജിപ്പിക്കാനോ ശ്രമിച്ചാല്‍ ശരിയായ വിധത്തില്‍ അവയെ ചേര്‍ത്തുവെക്കാന്‍ നിനക്കാവില്ല. യാതൊരു ബന്ധവുമില്ലാത്ത വിവിധ ഈരടികളെ പരസ്പരം യോജിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെയായിരിക്കുമത്. തൗറാതും ഖുര്‍ആനും ഒരേ ഉറവിടത്തില്‍ നിന്ന് അവതീര്‍ണമായതാണെന്ന് സങ്കല്‍പിച്ചാല്‍ പോലും അവ രണ്ടിന്റെയും ശൈലികള്‍ക്കിടയില്‍ ഭീമമായ അന്തരമുണ്ട്. ഒന്നാമത്തേത് പൊതുജനങ്ങളുടെ ഭാഷയെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍, സാഹിത്യത്തിന്റെ മൂര്‍ത്തീഭാവത്തെയാണ് രണ്ടാമത്തേത് പ്രതിനിധീകരിക്കുന്നത്).
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്ന് മുഹമ്മദിന് മേല്‍ അവതീര്‍ണമായതാണ് എന്ന് കുറിക്കുന്ന പ്രബലമായ തെളിവുകളിലൊന്നാണിത്. കൂടാതെ കറകളഞ്ഞ ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ വിശ്വാസ സംഹിതയാണ് ഖുര്‍ആന്റെ ഉള്ളടക്കം. എന്നാല്‍ ദൈവത്തിന്റെ പൂര്‍ണതക്കും, മഹത്വത്തിനും നിരക്കാത്ത വിശേഷണങ്ങള്‍ അവന് മേല്‍ കെട്ടിവെക്കുകയാണ് തൗറാതും ഇഞ്ചീലും ചെയ്തിട്ടുള്ളത്. അവിവേകം, ദാരിദ്ര്യം, അജ്ഞത, പിശുക്ക് തുടങ്ങിയവയെല്ലാം അവ ദൈവത്തിന് മേല്‍ ചാര്‍ത്തിയിരിക്കുന്നു!!

About dr. ibrahim ivadh

Check Also

zzztwalakku6

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -2

ആദമിനെയും, ഇണയെയും സൃഷ്ടിച്ച്, അവരെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയില്‍ മനുഷ്യര്‍ ധാരാളമായി പെരുകി. അവര്‍ …

Leave a Reply

Your email address will not be published. Required fields are marked *