പുനരുത്ഥാനവും ശിക്ഷയും -1

വിദ്യാസമ്പന്നരെന്നും, യുക്തിവാദികളെന്നും സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ പുനരുത്ഥാനത്തെയും, രക്ഷാ-ശിക്ഷകളെയും ചോദ്യം ചെയ്ത് കൊണ്ട് രംഗത്ത് വരാറുണ്ട്. ദൈവം സ്‌നേഹമായിരിക്കെ,

കാരുണ്യവാനായിരിക്കെ അവന്‍ എങ്ങനെയാണ് നമ്മെ ശിക്ഷിക്കുക? എന്നാണ് അവരെ അലട്ടുന്ന പ്രശ്‌നം. തങ്ങള്‍ ഓരോരുത്തരും സ്വന്തം മക്കളെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരാണെന്നും, അതോടൊപ്പം തന്നെ ആവശ്യമായി വരുമ്പോള്‍ അവരെ അടിക്കുകയോ, കുറ്റപ്പെടുത്തുകയോ, മര്യാദ പഠിപ്പിക്കുകയോ ചെയ്യാറുണ്ടെന്നുമുള്ള കാര്യം അവര്‍ വിസ്മരിച്ചിരിക്കുന്നു. മകനോടുള്ള സ്‌നേഹവും വാല്‍സല്യവും കൂടുന്നതിന് അനുസരിച്ച് അവന്റെ കാര്യത്തിലുള്ള ശ്രദ്ധയും, സൂക്ഷ്മതയും അധികരിക്കുകയാണ് ചെയ്യുക.

മക്കളുടെ സംസ്‌കരണത്തില്‍ ശ്രദ്ധ പുലര്‍ത്താത്ത രക്ഷിതാക്കളെ സ്‌നേഹമില്ലാത്തവരെന്നാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുക. സന്താനങ്ങള്‍ക്ക് ആവശ്യമായ സംസ്‌കരണം നല്‍കാത്ത, നല്ല രീതിയില്‍ വളര്‍ത്താത്ത രക്ഷിതാക്കളാണ് അവരെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരിക്കെ, ഏറ്റവും വലിയ രക്ഷിതാവായ ദൈവം തമ്പുരാന്‍ ജനങ്ങളെ സംസ്‌കരിക്കാതെ, അവരുടെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാതെ ഉപേക്ഷിക്കണമെന്നാണോ ഇവര്‍ വാദിക്കുന്നത്?  ദൈവത്തെ കുറിക്കുന്ന ‘റബ്ബ്’ എന്ന അറബി പദം തന്നെ സംസ്‌കരിക്കുന്നവന്‍, പരിപാലിക്കുന്നവന്‍, രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് നിര്‍വഹിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള ക്രിയയില്‍ നിന്നാണ് നിഷ്പന്നമായിട്ടുള്ളത്.

മഹാഭൂരിപക്ഷം ജനങ്ങളും തെറ്റിദ്ധരിച്ച പദപ്രയോഗമാണ് ‘ദൈവം സ്‌നേഹമാണ്’ എന്നത്. പരിപൂര്‍ണാര്‍ത്ഥത്തില്‍ ദൈവം സ്‌നേഹമാണെന്നും, അതിന് വിരുദ്ധമായതൊന്നും ദൈവത്തില്‍ നിന്നുണ്ടാവുകയില്ലെന്നും ഇവര്‍ ധരിച്ചുവശായിരിക്കുന്നു.

ദൈവം സ്‌നേഹമാണ് എന്നതിനാല്‍ അവന്‍ അക്രമികളെയും അക്രമത്തെയും സ്‌നേഹിക്കുമെന്നാണോ ഇവര്‍ വിചാരിക്കുന്നത്? ദൈവത്തിന്റെ കണ്ണുകളില്‍ മര്‍ദകനും, മര്‍ദിതനും ഒരുപോലെയാണെന്ന ചിന്ത ദൈവത്തെക്കുറിച്ച അജ്ഞതയില്‍ നിന്നും ഉടലെടുത്തതാണ്.

എല്ലാ അക്രമികളെയും കൈകാര്യം ചെയ്യുന്നവനാണ് അവന്‍. ഭൂമിയിലെ എല്ലാ സ്വേഛാധിപതികളുടെയും മുകളില്‍ നില്‍ക്കുന്ന, സര്‍വാധികാരവും സ്വായത്തമാക്കിയവനാണ് അവന്‍.

നമുക്ക് ചുറ്റുമുള്ള പ്രപഞ്ചം, അതിലെ വിവിധ സംവിധാനങ്ങള്‍ അവയുടെ കൃത്യതയും, സൂക്ഷ്മതയും അതിന് പിന്നിലെ ശക്തിയുടെ ആസൂത്രണപാടവത്തെയും, നീതിബോധത്തെയുമാണ് കുറിക്കുന്നത്. നമുക്ക് മുന്നിലുള്ള എല്ലാ വിശദാംശങ്ങളും ദൈവികനീതിയെയും, വ്യവസ്ഥയെയും, യുക്തിയെയും ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ വ്യവസ്ഥയെയും, നീതിയെയും നിഷേധിക്കുന്നവരാണ് -വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരല്ല- തങ്ങളുടെ വാദത്തിന് തെളിവ് സമര്‍പിക്കേണ്ടത്.

ശിക്ഷയെന്ന ആശയത്തെ പൂര്‍ണമായി നിരാകരിക്കുന്നവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള ഭൗമലോകത്തേക്ക് കണ്ണോടിക്കുകയാണ് വേണ്ടത്. മറ്റൊരു ലോകം സങ്കല്‍പിക്കാന്‍ കഴിയാത്ത ഇവര്‍ തങ്ങള്‍ ജീവിക്കുന്ന, അനുഭവിക്കുന്ന ലോകത്തെ തന്നെ നിരീക്ഷിക്കുകയെന്നതാണ് ഉത്തമമായ പരിഹാരം. തലച്ചോറിനെ പിളര്‍ത്തിക്കളയുന്ന പല്ല് വേദന അനുഭവിക്കാത്തവര്‍ ആരുമുണ്ടാവില്ല. തലവേദനയും, വയറ് വേദനയും രുചിച്ചിട്ടില്ലാത്തവരുമുണ്ടാവില്ല. ഓരോ മനുഷ്യനും അനുഭവിച്ച, മനസ്സിലാക്കിയ നരകീയാനുഭവമെന്ന് അവയെ വിശേഷിപ്പിക്കാവുന്നതാണ്.

ഇതിന് വിരുദ്ധമായി അതിമനോഹരവും, ആനന്ദദായകവുമായ അനുഭവങ്ങളും നമുക്ക് ജീവിതത്തില്‍ ലഭിച്ചിട്ടുണ്ട്. ഈ രണ്ട് അവസ്ഥകളും തുല്യമാണെന്ന് ആരെങ്കിലും വാദിക്കുകയോ അവകാശപ്പെടുകയോ ഇല്ല. സ്പര്‍ശനീയമായ, അനുഭവവേദ്യമായ യാഥാര്‍ത്ഥ്യമാണ് ശിക്ഷ. അതിനാല്‍ തന്നെ ബുദ്ധിയും ബോധവുമുള്ളവര്‍ക്ക് അതിനെ നിരാകരിക്കാന്‍ സാധിക്കുകയുമില്ല.

തന്നേക്കാള്‍ വലിയ ഒരു ശക്തിയാല്‍ വളര്‍ത്തപ്പെട്ടവനാണ് മനുഷ്യന്‍. ആ വന്‍ശക്തിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവന് യാതൊരു മാര്‍ഗവുമില്ല. പ്രസ്തുത ശക്തിയില്‍ വിശ്വസിക്കുന്നവന്‍ അതിനെ ദൈവമെന്ന് വിളിക്കുന്നു. അതില്‍ വിശ്വസിക്കാത്തവന്‍ അതിനെ പ്രകൃതിയെന്നോ, പ്രകൃതിപ്രതിഭാസമെന്നോ മറ്റോ വിളിക്കുന്നു. കേവലം പദപരമായ കുതര്‍ക്കങ്ങള്‍ മാത്രമാണിത്. മനുഷ്യനേക്കാള്‍ വലിയ ഒരു ശക്തിയുണ്ടെന്നത് നിരാകരിക്കാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ട് മറ്റ് പേരുകളില്‍ അതിനെ വിശേഷിപ്പിക്കുന്നുവെന്ന് മാത്രം!! ഈ ശക്തി പ്രതികാരം ചെയ്യുകയോ, ശിക്ഷിക്കുകയോ ചെയ്യുമെന്നും അവന്‍ വിശ്വസിക്കുന്നു. അവനതിനെ പ്രകൃതികോപമെന്നോ, ക്ഷോഭമെന്നോ പേര് വിളിക്കുന്നു!!

About abbas mahmud aqqad

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *