Kinran

ഖുര്‍ആന്‍ ദൈവികമോ? -2

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് പ്രവാചകനില്‍ നിന്നല്ല, ദൈവത്തില്‍ നിന്ന് അവതീര്‍ണമായത് തന്നെയാണ് എന്ന് കുറിക്കുന്ന ധാരാളം തെളിവുകള്‍ ഖുര്‍ആന്‍ തന്നെ നല്‍കുന്നുണ്ട്. അവയില്‍പെട്ടതാണ് തിരുമേനി(സ)യുടെ നിലപാടുകളെ തിരുത്തിയും, അവയുടെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിച്ചും അവതരിച്ച ദൈവിക വചനങ്ങള്‍.

മനുഷ്യര്‍ സാധാരണയായി രചന നിര്‍വഹിക്കുമ്പോള്‍ സ്വയം പുകഴ്ത്തുകയും, പ്രശംസിക്കുകയുമാണ് ചെയ്യാറുള്ളത്. തന്റെ ഉത്തമഗുണങ്ങള്‍ മാത്രം പ്രകടിപ്പിക്കുകയും, ന്യൂനതകള്‍ മറച്ചുവെക്കുകയും ചെയ്യുന്ന രീതിയാണ് പ്രസ്തുത രചനയില്‍ അവര്‍ അവലംബിക്കാറുള്ളത്. തങ്ങളുടെ സ്മരണകള്‍ ശാശ്വതമാക്കുന്നതിനും, മഹത്വങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതിനും വേണ്ടിയാണ് മനുഷ്യര്‍ സാധാരണ എഴുതാറുള്ളത്.
വിശുദ്ധ ഖുര്‍ആന്‍ തിരുമേനി(സ)യെക്കുറിച്ച് നടത്തിയ പരാമര്‍ശം ലോകത്ത് ഒരു എഴുത്തുകാരനും സ്വയം നടത്തിയതോ, പരാമര്‍ശിച്ചതോ അല്ല എന്നത് തന്നെ, ഖുര്‍ആന്‍ മുഹമ്മദി(സ)ല്‍ നിന്നുള്ളതല്ല എന്നതിന് മതിയായ തെളിവാണ്. തിരുമേനി(സ)യുടെ ചില നിലപാടുകളെ അല്ലാഹു വിമര്‍ശിക്കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ മുഹമ്മദിന്റെ തന്നെ സൃഷ്ടിയായിരുന്നുവെങ്കില്‍ തന്റെ നിലപാടുകളെ ന്യായീകരിക്കാനോ, തെറ്റ് തിരുത്താനോ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. പക്ഷെ, മനുഷ്യര്‍ പരിചയിച്ച രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇവിടെ ഖുര്‍ആനിക വചനങ്ങളെ കാണാന്‍ സാധിക്കുന്നത്.
തബൂക്ക് യുദ്ധത്തിന് ശേഷം, യുദ്ധത്തില്‍ പങ്കെടുക്കാതെ വീട്ടിലിരുന്ന കപടവിശ്വാസികള്‍ വ്യാജകാരണങ്ങള്‍ ബോധിപ്പിച്ച് തിരുമേനി(സ)യുടെ അടുത്ത് വരികയും തിരുമേനി(സ) അവരുടെ ന്യായങ്ങള്‍ സ്വീകരിച്ച് അവര്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അവതരിച്ച ദൈവികവചനം ഇവ്വിധമാണ് (അല്ലാഹു താങ്കള്‍ക്ക് പൊറുത്ത് തരട്ടെ, അവരില്‍ സത്യം പറഞ്ഞവരാര്, നുണയന്മാരാര് എന്ന് താങ്കള്‍ അറിയുകയും, താങ്കള്‍ക്ക് വ്യക്തമാകുകയും ചെയ്യുന്നതിന് മുമ്പ് താങ്കള്‍ എന്തിന് അവര്‍ക്ക് അനുവാദം നല്‍കി?). അത്തൗബഃ 43
മറ്റൊരു സംഭവം ഇങ്ങനെയാണ്. തന്റെ ഭാര്യ സൈനബിനെ വിവാഹമോചനം നടത്തുന്നതിനെക്കുറിച്ച് സൈദ് ബിന്‍ ഹാരിഥഃ തിരുമേനി(സ)യുടെ അടുത്ത് വന്ന് കൂടിയാലോചന നടത്തിയപ്പോള്‍, തല്‍ക്കാലം വിവാഹമോചനം നടത്തേണ്ടതില്ല എന്നാണ് തിരുമേനി(സ) നിര്‍ദേശിച്ചത്. സൈദ്(റ), സൈനബിനെ വിവാഹമോചനം നടത്തുമെന്നും, അവര്‍ പിന്നീട് പ്രവാചക പത്‌നിയാകുമെന്നും അല്ലാഹു അദ്ദേഹത്തെ അറിയിച്ചതിന് ശേഷമായിരുന്നു ഇത്. ഇതേതുടര്‍ന്ന് തിരുമേനി(സ)യുടെ രഹസ്യം വെളിവാക്കി അല്ലാഹു തന്റെ വചനമിറക്കുകയുണ്ടായി (അല്ലാഹു അനുഗ്രഹം ചൊരിഞ്ഞ, താങ്കള്‍ അനുഗ്രഹം ചെയ്ത് കൊടുത്തയാളോട് ‘താങ്കളുടെ ഭാര്യയെ താങ്കള്‍ പിടിച്ച് വെക്കുക’ എന്ന് താങ്കള്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക: താങ്കള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു വെളിവാക്കാനുദ്ദേശിച്ച കാര്യം താങ്കള്‍ മനസ്സില്‍ മറച്ചുവെക്കുകയോ? താങ്കള്‍ ജനങ്ങളെ ഭയപ്പെടുന്നു. താങ്കള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ അല്ലാഹുവാണ്). അല്‍അഹ്‌സാബ് 37
ഈ ആയത്ത് ഉദ്ധരിച്ച് ആഇശ(റ) പറഞ്ഞത് ഇപ്രകാരമാണ് (മുഹമ്മദ് പ്രവാചകന്‍ തനിക്ക് മേല്‍ അവതരിക്കപ്പെട്ടതില്‍ നിന്ന് വല്ലതും മറച്ച് വെക്കുമായിരുന്നുവെങ്കില്‍ ഈ വചനമായിരുന്നു മറക്കേണ്ടിയിരുന്നത്).
ഖുര്‍ആന്‍ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം ഇപ്രകാരമാണ്: ഏതാനും ചില ഖുറൈശി പ്രമുഖര്‍ക്ക് മുന്നില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുകയായിരുന്നു മുഹമ്മദ്(സ). അവര്‍ ഇസ്ലാം സ്വീകരിച്ചാല്‍ ഇസ്ലാമിന് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു തിരുമേനി(സ). അതിനിടെയാണ് അന്ധനായ അബ്ദുല്ലാഹ് ബിന്‍ ഉമ്മിമക്തൂം തിരുമേനി(സ)യുടെ അടുത്ത് വന്ന് ഏതാനും സംശയങ്ങള്‍ ചോദിച്ചത്. തിരുമേനി(സ) അദ്ദേഹത്തെ അവഗണിച്ച് ഖുറൈശിനേതാക്കളുമായുള്ള ചര്‍ച്ചയില്‍ മുഴുകി. തിരുമേനി(സ)യുടെ ഈ നിലപാടിനെ വിമര്‍ശിച്ച് ദൈവികവചനങ്ങള്‍ അവതരിച്ചു (അവന്‍ നെറ്റിചുളിക്കുകയും, പിന്തിരിയുകയും ചെയ്തു. അവന്റെയടുത്ത് അന്ധനായ മനുഷ്യന്‍ വന്നപ്പോള്‍. താങ്കള്‍ക്ക് എന്തറിയാം. അദ്ദേഹം ഒരു പക്ഷെ സംസ്‌കൃതനായേക്കാം. അല്ലെങ്കില്‍ ഉല്‍ബുദ്ധനാവുകയോ, അദ്ദേഹത്തിന് ഉല്‍ബോധനം ഫലപ്പെടുകയോ ചെയ്‌തേക്കാം. എന്നാല്‍ സ്വയം താന്‍പോന്നവനായി കണക്കായിവനോ. താങ്കള്‍ അവന് ചെവികൊടുക്കയാണ് ചെയ്തത്. അവന്‍ സംസകൃതനായില്ലെങ്കില്‍ താങ്കള്‍ക്കെന്താണ്). അബസ 1-10
ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളായിരുന്നുവെങ്കില്‍ അവയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും കാണുമായിരുന്നില്ല. അദ്ദേഹം വചനങ്ങളില്‍ തനിക്ക് നേരെയുള്ള വിമര്‍ശനങ്ങളും, തന്റെ അപാകതകളും മറച്ചുവെക്കാനാണ് ഏതൊരാളും ശ്രമിക്കുക. ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായിരുന്ന ലൈറ്റ്‌നര്‍ ഈ യാഥാര്‍ത്ഥ്യം വിവരിക്കുന്നത് ഇങ്ങനെയാണ് (ഒരിക്കല്‍ പ്രവാചകനെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് ദിവ്യവെളിപാട് അവതരിക്കുകയുണ്ടായി. ദരിദ്രനായ അന്ധനില്‍ നിന്ന് അദ്ദേഹം മുഖം തിരിക്കുകയും, സ്വാധീനമുള്ള ധനികരെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഈ വെളിപാട് എല്ലായിടത്തും വ്യാപിച്ചു. മുഹമ്മദ് നുണയനായിരുന്നുവെങ്കില്‍ ഈ വെളിപാട് ജനങ്ങളിലെത്തുമായിരുന്നില്ല).

About dr. munqid assakar

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *