ഖുര്‍ആന്‍ ജനങ്ങളിലേക്കെത്തിയ വഴിയാണ് സുന്നത്ത്

അല്ലാഹുവിന്റെ വചനവും മുഹമ്മദ് പ്രവാചകന്‍ വഴി മാലോകര്‍ക്കായി അവന്‍ അവതരിപ്പിച്ച സന്ദേശവുമാണ് വിശുദ്ധ ഖുര്‍ആന്‍. അ്‌ലാഹു തന്റെ ദൂതന് നല്‍കിയ വെളിപാടാണ് അത്. മാലോകരെ വെല്ലുവിളിച്ച അമാനുഷിക ദൃഷ്ടാന്തവും കൂടിയാണ് ഖുര്‍ആന്‍.

പ്രവാചകന്‍ തിരുമേനി(സ)യുടെ സത്യസന്ധതയുടെ തെളിവ് കൂടിയാണ് അത്. മനുഷ്യന്റെ നിലവാരമനുസരിച്ച് ഒരിക്കലും ചെന്നെത്താനോ, കിടപിടിക്കാനോ കഴിയാത്ത സംബോധനരീതിയുടെ ഉറവിടമാണത്. പ്രസ്തുത വചനത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം ദൈവം തന്നെ ഏറ്റെടുത്തിരിക്കുന്നു. (തീര്‍ച്ചയായും നാമാണ് ഉല്‍ബോധനം അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും നാം തന്നെ അത് സംരക്ഷിക്കുന്നതാണ്). അല്‍ഹിജ്‌റ് 9
വിശുദ്ധ ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായതിന് ശേഷം ഏകദേശം പതിനഞ്ച് നൂറ്റാണ്ടുകള്‍ പിന്നിടുകയുണ്ടായി. ഖുര്‍ആനിന്റെ സംരക്ഷണം ഏറ്റെടുത്തുവെന്ന ദൈവികവാഗ്ദാനം സത്യമായി പുലര്‍ന്നിരിക്കുന്നു. സത്യത്തിന്റെയും, വിശ്വാസ്യതയുടെയും, ദൃഢവിശ്വാസത്തിന്റെയും പ്രതീകമാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
വിശുദ്ധ ഖുര്‍ആന്റെ ഈ സന്ദേശം ജനങ്ങള്‍ക്കെത്തിക്കുകയെന്ന ഉത്തരവാദിത്തമായിരുന്നു പ്രഥമമായി തിരുമേനി(സ)യെ ചുമതലപ്പെടുത്തിയിരുന്നത്. ഖുര്‍ആന്‍ തന്നെ പറയുന്നു (പ്രവാചകരെ, താങ്കളുടെ നാഥനില്‍ നിന്ന് താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കള്‍ എത്തിക്കുക. താങ്കളത് ചെയ്യാത്ത പക്ഷം താങ്കള്‍ അവന്റെ സന്ദേശം എത്തിക്കാത്തവനായിത്തീരുന്നു. ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുന്നതല്ല). അല്‍മാഇദഃ 67
തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം വളരെ മനോഹരമായി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് തിരുമേനി(സ) ഇഹലോകവാസം വെടിഞ്ഞത്.
ഖുര്‍ആന്‍ സംഗ്രഹിച്ച് പറയുകയോ, സൂചന നല്‍കുകയോ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുകയെന്ന ദൗത്യവും തിരുമേനി(സ)യില്‍ അര്‍പ്പിതമായിരുന്നു. നമസ്‌കാരം നിര്‍വഹിക്കേണ്ട രീതി, അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനുകള്‍ നിര്‍വഹിക്കേണ്ട വിധം, അവയുമായി ബന്ധപ്പെട്ട സമയങ്ങള്‍ ഇവയെല്ലാം വ്യക്തമാക്കേണ്ട ചുമതലയും തിരുമേനി(സ)ക്ക് തന്നെയായിരുന്നു. പ്രവാചകനിയോഗത്തിന്റെ രണ്ടാമത്തെ ലക്ഷ്യത്തെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമുള്ള വിശദീകരണമായിരുന്നു ഇത്. ഖുര്‍ആന്‍ പറുന്നു (നാം ഉല്‍ബോധനം താങ്കളിലേക്ക് ഇറക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട്ത് താങ്കളവര്‍ക്ക് വിവരിക്കുന്നതിന് വേണ്ടിയാണിത്. അവര്‍ ഒരു പക്ഷെ ചിന്തിക്കുന്നവരായേക്കാം). അന്നഹ്ല്‍ 44
ദൈവികനിയമങ്ങളുടെ പ്രായോഗിക ആവിഷ്‌കാരമായിരുന്നു പ്രവാചകന്‍(സ)യുടെ മറ്റൊരു ഉത്തരവാദിത്തം. ഇസ്ലാമിക ജീവിതവ്യവസ്ഥയെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രായോഗികമായി അവതരിപ്പിക്കുകയെന്നതായിരുന്നു അതിന്റെ ആകത്തുക. ദൈവം അവതരിപ്പിച്ച ജീവിതമാര്‍ഗം ജനങ്ങള്‍ക്ക് പൂര്‍ണമായും യോജിച്ചതാണെന്നും, അവ കേവലം ഉട്ടോപ്യന്‍ സിദ്ധാന്തമല്ല, പ്രയോഗവല്‍ക്കരിക്കല്‍ സാധ്യമായതാണ് എന്ന് കുറിക്കുന്നതിന് വേണ്ടിയായിരുന്നു അത്.
ദൈവിക സന്ദേശം ജനങ്ങള്‍ക്ക് എത്തിക്കുകയും, വിശദീകരിക്കുകയും ചെയ്ത് പിന്‍വാങ്ങാനായിരുന്നില്ല ദൈവം പ്രവാചകന് നല്‍കിയ കല്‍പന. കാരണം ഇസ്ലാം കേവലം ഏതെങ്കിലും പ്രത്യയശാസ്ത്രമോ, ചിന്താരീതിയോ ആയിരുന്നില്ല. മാനവസമൂഹത്തിന് ആവശ്യമായ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായിരുന്നു അത്. രാഷ്ട്രത്തിനും, സമൂഹത്തിനും, കുടുംബത്തിനും, വ്യക്തിക്കും ആവശ്യമായ എല്ലാ നിയമങ്ങളും ഇസ്ലാം നല്‍കിയിട്ടുണ്ട്. ദൈവത്തിന്റെ നിറം പ്രായോഗിക ലോകത്ത് വരച്ചുകാണിച്ച് ഇസ്ലാമികമായ നാഗരികത രൂപപ്പെടുത്തുകയെന്ന ദൗത്യമായിരുന്നു തിരുമേനി(സ) നിര്‍വഹിച്ചത്.
തിരുമേനി(സ)ക്ക് അവതരിച്ച വിശുദ്ധ വെളിപാട് മുസ്ലിംകള്‍ ജീവിതത്തിലൂടെ ലോകത്തിന് പകരുന്നതിന് വേണ്ടിയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ മാനവകുലത്തിലേക്ക് എത്തിച്ച പ്രവാചകചര്യക്ക് അത്രതന്നെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇസ്ലാമിക ജീവിതത്തിലെ വിശ്വാസയോഗ്യമായ പ്രഥമ പ്രാമാണിക വിജ്ഞാനത്തിന്റെ ഉറവിടമാണ് അത്. ഖുര്‍ആന്‍ ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്ന മാര്‍ഗം എന്ന നിലയില്‍ ഖുര്‍ആനിന് നല്‍കുന്ന പ്രാധാന്യം പ്രവാചകചര്യക്ക് നാം നല്‍കേണ്ടതുണ്ട്. പ്രവാചകസഖാക്കള്‍ പ്രവാചകവചനങ്ങള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം എന്ത് കൊണ്ട് നിലവിലെ മുസ്ലിം ഉമ്മത്തിന് നല്‍കിക്കൂടാ എന്ന് കൂടി ഇവിടെ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്.

About dr muhammad imara

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *