Figure

ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ രചനയോ? -2

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് പ്രവാചകന്റെ സൃഷ്ടിയല്ല എന്ന യാഥാര്‍ത്ഥ്യത്തെക്കുറിക്കുന്ന സുപ്രധാനമായ തെളിവുകളിലൊന്നാണ് ‘തീര്‍ച്ചയായും നാമാണ് ഉല്‍ബോധനം അവതരിപ്പിച്ചത്,

നിശ്ചയമായും നാം തന്നെ അത് സംരക്ഷിക്കുകയും ചെയ്യുന്നതാണ്’ -അല്‍ഹിജ്‌റ്: 9 – എന്ന ഖുര്‍ആനിക വചനം.
മനുഷ്യന്റെ കൈകടത്തലുകളില്‍ നിന്നും, കാലഹരണപ്പെട്ട് പോവുന്നതില്‍ നിന്നും ഖുര്‍ആനിക വചനങ്ങളെ സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനാണെന്ന് മേല്‍വചനം ഉച്ചത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. അവതരണം കഴിഞ്ഞ് പതിനാല് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഒരു അക്ഷരത്തിന് പോലും പോറലേല്‍ക്കാതെ ഖുര്‍ആന്‍ ഇന്നും ഭദ്രമായി നിലകൊള്ളുന്നുവെന്നത് അല്ലാഹു തന്റെ വാഗ്ദാനം അതിമനോഹരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നതിനെയാണ് കുറിക്കുന്നത്.
തിരുമേനി(സ)യുടെ കാലത്ത് കൃത്യമായി ഖുര്‍ആന്‍ രേഖപ്പെടുത്തപ്പെടുകയും, ശേഷം അബൂബക്‌റി(റ) ഖിലാഫത്തില്‍ അത് ക്രോഡീകരിക്കപ്പെടുകയും ചെയ്തു. കല്ലുകളിലും, മരങ്ങളിലും, പലകകളിലുമെല്ലാം രേഖപ്പെടുത്തപ്പെട്ടിരുന്ന വേദവചനങ്ങള്‍ തിരുമേനി(സ)യുടെ വഹ്‌യെഴുത്തുകാരനായിരുന്ന സൈദ് ബിന്‍ ഥാബിതി(റ)ന്റെ സഹായത്തോടെയാണ് അബൂബക്ര്‍(റ) ക്രോഡീകരിച്ചത്. തിരുമേനി(സ)യില്‍ വിശ്വസിച്ച, അദ്ദേഹത്തോടൊപ്പം ജീവിക്കുകയും, അദ്ദേഹത്തിന്റെ പാഠശാലയില്‍ വളരുകയും ചെയ്ത ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ഉന്നതരായ ഒരു തലമുറയുടെ ഒന്നടങ്കം അംഗീകാരം പ്രസ്തുത ക്രോഡീകൃത ഘടനക്ക് ലഭിച്ചുവെന്നതിനേക്കാള്‍ വലിയ ആധികാരികത മറ്റെന്താണുള്ളത്!!
അബൂബക്‌റി(റ)ന് ശേഷം ഉമറു(റ)ം പിന്നീട് അദ്ദേഹത്തിന്റെ മകള്‍ ഹഫ്‌സ്വയും പ്രസ്തുത ഗ്രന്ഥം സൂക്ഷിച്ചുവെച്ചു. ഉഥ്മാന്റെ(റ) ഭരണകാലത്ത് അതിന്റെ പകര്‍പ്പുകളെടുത്ത് വിവിധ പട്ടണങ്ങളിലേക്ക് അയച്ചുകൊടുക്കുകയും, വിശ്വാസികളെല്ലാം അവ അവലംബിക്കുകയും ചെയ്തു. സൈദ് ബിന്‍ സാബിത്, സഅ്ദ് ബിന്‍ അബീവഖാസ്വ്, അബ്ദുല്ലാഹ് ബിന്‍ സുബൈര്‍, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഹാരിഥ് ബിന്‍ ഹിശാം തുടങ്ങിയവരായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്.
പകര്‍പ്പെടുത്തതിന് ശേഷം ഉഥ്മാന്‍(റ) മൂലഗ്രന്ഥം ഹഫ്‌സ്വ(റ)യെ തന്നെ തിരിച്ചേല്‍പിച്ചു. പകര്‍ത്തുപ്രതികള്‍ ചക്രവാളങ്ങളില്‍ വ്യാപിക്കുകയും വിശ്വാസികള്‍ അവ മനപാഠമാക്കാന്‍ മല്‍സരിക്കുകയും ചെയ്തു.
ഖുര്‍ആന്‍ സംരക്ഷിക്കപ്പെടുമെന്ന വചനം ദൈവികമായിരുന്നതിനാല്‍ അവയുടെ പ്രായോഗികതയെക്കുറിച്ച് തിരുമേനി(സ)ക്ക് പോലും കൃത്യമായ ധാരണയുണ്ടായിരുന്നില്ല. മാത്രവുമല്ല, ദൈവത്തില്‍ നി്ന്ന് അവതരിപ്പിക്കപ്പെട്ട മുന്‍കാല വേദങ്ങള്‍ കൈകടത്തലുകള്‍ക്കും, മാറ്റിയെഴുത്തുകള്‍ക്കും വിധേയമാവുകയും കാലഹരണപ്പെട്ട് പോവുകയും ചെയ്തിരിക്കെയാണ് പ്രസ്തുത പ്രഖ്യാപനം ഖുര്‍ആന്‍ നടത്തുന്നത് എന്നകാര്യം  പ്രസക്തമാണ്.
ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്തതിനാല്‍ അതിനാവശ്യമായ സംവിധാനം അവന്‍ തന്നെ ഏര്‍പെടുത്തുകയുണ്ടായി. കാരണം മുന്‍കാലത്ത് തന്റെ വേദത്തിന്റെ സംരക്ഷണം അതിന്റെ അനുയായികളെയായിരുന്നു അല്ലാഹു ഏല്‍പിച്ചിരുന്നത്. എന്നാല്‍ അവര്‍ തങ്ങളുടെ ദൗത്യം വിസ്മരിക്കുകയും വേദഗ്രന്ഥത്തോട് അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നു (നാം തന്നെയാണ് തൗറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍). അല്‍മാഇദഃ 44
അതേക്കുറിച്ച് ഖുര്‍ആന്‍ മറ്റൊരിടത്ത് പറഞ്ഞത് ഇങ്ങനെയാണ് (തൗറാത്തും ഇഞ്ചീലും, തങ്ങളുടെ നാഥനില്‍ നിന്ന് ഇറക്കിക്കിട്ടിയ മറ്റു സന്ദേശങ്ങളും യഥാവിധി പ്രയോഗത്തില്‍ വരുത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് മുകള്‍ഭാഗത്തുനിന്നും കാല്‍ച്ചുവട്ടില്‍നിന്നും ആഹാരം കിട്ടുമായിരുന്നു. അവരില്‍ നേര്‍വഴി കൈക്കൊണ്ട ചിലരുണ്ട്. എന്നാല്‍ ഏറെ പേരുടെയും ചെയ്തികള്‍ തീര്‍ത്തും നീചമാണ്). അല്‍മാഇദഃ 66

About

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *