ترتيل الجزء السادس عشر من القرآن الكريم
ترتيل الجزء السادس عشر من القرآن الكريم

ഖുര്‍ആന്‍ സമ്മാനിച്ച ദൃഷ്ടാന്തങ്ങള്‍ -2

‘ഇണകള്‍ക്കിടയില്‍ സ്‌നേഹവും കരുണയുമുണ്ടാക്കി’യെന്ന ദൈവിക വചനം തന്നെ അങ്ങേയറ്റം സ്വാധീനിച്ചതായി പ്രമുഖ സ്‌കോട്ടിഷ് ചരിത്രകാരനും തത്വചിന്തകനുമായ തോമസ് കാര്‍ലൈല്‍

വ്യക്തമാക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഇഗ്ലീഷ് വിവരത്തനത്തിലാണ് അദ്ദേഹമത് കണ്ടത്. മുസ്ലിമായിരുന്ന യൂസുഫ് അലി, ക്രൈസ്തവ പുരോഹിതനായിരുന്ന ജെ എം ഡോയല്‍, ഇറാഖില്‍ നിന്നുള്ള യഹൂദനായിരുന്ന എന്‍ ജെ ഡേവിഡ് എന്നിവര്‍ വിശുദ്ധ ഖുര്‍ആന്റെ ഇഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്. അവയെല്ലാം തരക്കേടില്ലാത്ത മൊഴിമാറ്റങ്ങളാണെങ്കില്‍ പോലും, മൂലഗ്രന്ഥത്തിന്റെ മനോഹാരിതയിലേക്ക് എത്തുന്നവയല്ല. പക്ഷെ, തോമസ് കാര്‍ലൈല്‍ ഇവയൊന്നുമല്ല വായിച്ചത്. കാരണം അദ്ദേഹത്തിന്റെ ജീവിത കാലത്ത് ഇവരാരും രംഗപ്രവേശം നടത്തിയിരുന്നില്ല. 1840-ല്‍ ലഭ്യമായിരുന്ന, താന്‍ വായിച്ച ഖുര്‍ആന്‍ പരിഭാഷയെക്കുറിച്ച് അദ്ദേഹം തന്നെ വിവരിക്കുന്നുണ്ട് (ഞങ്ങള്‍ക്കും ഇപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ കഴിയുന്നതാണ്. ജോര്‍ജ് സാലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധവും, വ്യക്തവും, വായനായോഗ്യവുമാണ്).

വിശുദ്ധ ഖുര്‍ആന്റ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് ജോര്‍ജ് സാലിനെ പ്രേരിപ്പിച്ച ഘടകം എന്തെന്നത് ദുരൂഹമായി തുടരുന്നു. ഇസ്ലാമിനോടും, വിശുദ്ധ വേദത്തോടുമുള്ള ശത്രുതയും വെറുപ്പും അടക്കിവെക്കാനാവാതെ, പരസ്യമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. 1734-ല്‍ എഴുതിയ പ്രസ്തുത വിവര്‍ത്തന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ അദ്ദേഹം അതിന് പിന്നിലെ ലക്ഷ്യം വ്യക്തമായി കുറിച്ചിട്ടുണ്ട്. മുഹമ്മദിനെക്കുറിച്ച നിജസ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും, അദ്ദേഹം വ്യാജപ്രവാചകനാണെന്ന് സ്ഥാപിക്കുകയും ചെയ്യുകയെന്നതായിരുന്നു അത്. അദ്ദേഹം തന്നെ രേഖപ്പെടുത്തുന്നു (ഇതുപോലുള്ള സുവ്യക്തമായ കള്ളവാദങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ആരാണ് തിരിച്ചറിയാതിരിക്കുക? ഖുര്‍ആനെതിരെ വിജയകരമായി ആക്രമണം നടത്താന്‍ പ്രൊട്ടസ്റ്റന്റുകള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. ദൈവം നല്‍കിയ പ്രത്യേകമായ പരിഗണന അതിനെ തകര്‍ക്കാനും പരാജയപ്പെടുത്താനുമുള്ള മഹത്വം അവര്‍ക്ക് നല്‍കിയിരിക്കുന്നുവെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു).

ഇത്രയും കുറിച്ചതിന് ശേഷമാണ് വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ ജോര്‍ജ് സാല്‍ തന്റെ ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ നീതി പുലര്‍ത്തിയോ, ഇല്ലയോ എന്നത് ഇവിടെ വായനക്കാരന് തന്നെ തീരുമാനിക്കാവുന്നതാണ്. തോമസ് കാര്‍ലൈലിന്റെ മനസ്സിളക്കിയെന്ന് പറയപ്പെടുന്ന ദൈവിക വചനത്തിന് പോലും ജോര്‍ജ് സാല്‍ നല്‍കിയ വിവര്‍ത്തനം കൃത്യമോ, വസ്തുനിഷ്ഠമോ ആയിരുന്നില്ല. ‘നിങ്ങള്‍ അവളില്‍ സമാധാനം കണ്ടെത്തുന്നതിന് വേണ്ടി’ എന്നര്‍ത്ഥമുള്ള ഖുര്‍ആനിക വചനത്തിന് അദ്ദേഹം നല്‍കിയ മൊഴിമാറ്റം ‘ഇണകളെന്ന പോലെ നിങ്ങള്‍ അവരുടെ കൂടെ ശയിക്കുന്നതിന് വേണ്ടി’ എന്നായിരുന്നു. ഈ വിവര്‍ത്തനവും, യൂസുഫ് അലിയുടേയോ, പുരോഹിതനായ ജെ എം ഡോയലിന്റെയോ, ക്രൈസ്തവനായിരുന്ന ഡേവിഡിന്റെയോ പരിഭാഷകളും തമ്മില്‍ താരതമ്യം ചെയ്താല്‍ യഥാര്‍ത്ഥ വ്യത്യാസം ബോധ്യപ്പെടുന്നതാണ്. (നിങ്ങള്‍ അവരോടൊത്ത് ജീവിതം ആസ്വദിക്കുന്നതിന് വേണ്ടി) എന്നതില്‍ ഇവരെല്ലാവരും ഏറെക്കുറെ യോജിച്ചിരിക്കുന്നു.

സ്ത്രീകളെയും പെണ്‍കുട്ടികളെയും മറ്റും ലൈംഗികജീവികളായി അവതരിപ്പിക്കുകയാണ് ഇവിടെ ജോര്‍ജ് സാല്‍ ചെയ്തിരിക്കുന്നത്. ഇസ്ലാമിനെയും വിശുദ്ധ ഖുര്‍ആനെയും വളരെ മോശമായി ചിത്രീകരിക്കുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം എന്ന് ചുരുക്കം. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്ക് തോമസ് കാര്‍ലൈലിന്റെ ശ്രദ്ധ പതിഞ്ഞില്ലെന്ന് മാത്രം. ജോര്‍ജ് സാല്‍ വക്രീകരിച്ച പ്രയോഗത്തിന്റെ ശരിയായ വിവക്ഷ ‘നിങ്ങള്‍ സമാധാനവും ശാന്തിയും കണ്ടെത്താന്‍’ എന്നാണ്. അതല്ലാതെ നിയമപരമായ വിവാഹ ബന്ധമില്ലാതെ തന്നെ പരസ്പരം ശയിക്കാന്‍ പ്രോല്‍സാഹിക്കുന്നതല്ല വിശുദ്ധ ഖുര്‍ആന്‍ വചനം. ആധികാരികമായ അറബി നിഘണ്ടുകളിലെല്ലാം പ്രസ്തുത പദത്തിന് നല്‍കിയ അര്‍ത്ഥ തലങ്ങള്‍ പരിശോധിക്കാവുന്നതാണ്. വിശുദ്ധ ഖുര്‍ആനിലെ ഓരോ പദവും അങ്ങേയറ്റത്തെ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കപ്പെട്ടവയാണ്. അല്ലാഹുവിന്റെ അപാരമായ യുക്തിയും കഴിവുമാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ ഓരോ അക്ഷരങ്ങളിലും പ്രതിഫലിച്ച് നില്‍ക്കുന്നത്. പദങ്ങള്‍ക്ക് അതിന്റെ അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നത് ജോര്‍ജ് സാലിനെപ്പോലുള്ള വൈജ്ഞാനിക സത്യസന്ധത നഷ്ടപ്പെട്ടവരിലൂടെയല്ല, മറിച്ച് പ്രപഞ്ചനാഥനായ അല്ലാഹു തന്നെയാണ്. ലോകത്തിന്റെ മുന്നില്‍ തലയെടുപ്പോടെ എഴുന്നേറ്റ് നില്‍ക്കാന്‍ വിശുദ്ധ ഖുര്‍ആനെ പ്രാപ്തമാക്കിയ അമാനുഷികതയാണത്.

About ahmad deedath

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *