zzzpravachakan1

മക്കാ നിവാസികളും പ്രവാചക നിയോഗവും -3

മരണശേഷമുള്ള പുനരുത്ഥാനം, പ്രതിഫലം തുടങ്ങിയ അടിസ്ഥാന വിശ്വാസങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുക. അതേക്കുറിച്ച് ഉന്നയിക്കപ്പെട്ട നിഷേധികളുടെ സന്ദേഹങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴെല്ലാം ദൈവത്തന്റെ കഴിവിന്റെയും, ഉദ്ദേശ്യത്തിന്റെയും സമഗ്രത ഉദ്‌ഘോഷിക്കുക കൂടി ചെയ്യുന്നുണ്ട് ഖുര്‍ആന്‍. ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും വളരെ സരളമായി വിശദീകരിക്കുന്നു. മാത്രവുമല്ല, പ്രസ്തുത വാദവും, സംശയവുമുള്ളവര്‍ക്ക് മുന്നില്‍ അന്ത്യനാള്‍ വരെയുള്ള വെല്ലുവിളി ഉന്നയിക്കുകയും ചെയ്യുന്നു.
(അതിനാല്‍ അവരുടെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം നന്നായറിയുന്നുണ്ട്. മനുഷ്യനെ നാമൊരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ. എന്നിട്ടിപ്പോള്‍ അവനിതാ ഒരു പ്രത്യക്ഷശത്രുവായി മാറിയിരിക്കുന്നു. അവന്‍ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്? പറയുക: ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവന്‍ എല്ലാവിധ സൃഷ്ടിയും നന്നായറിയുന്നവനാണ്. പച്ചമരത്തില്‍നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തന്നവനാണവന്‍. അങ്ങനെ നിങ്ങളിപ്പോഴിതാ അതുപയോഗിച്ച് തീ കത്തിക്കുന്നു. ആകാശഭൂമികളെ പടച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? അങ്ങനെയല്ല. അവന്‍ കഴിവുറ്റ സ്രഷ്ടാവാണ്. എല്ലാം അറിയുന്നവനും. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ‘ഉണ്ടാകൂ’ എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ). യാസീന്‍ 77-82.
ബുദ്ധിയും നിരീക്ഷണവും മുന്നില്‍വെച്ച തെളിവെടുപ്പ് രീതിയാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാലഘട്ടത്തിനോ, പ്രദേശത്തിനോ മാത്രം ബാധകമായ തെളിവല്ല ഇത്. എല്ലാ മനുഷ്യരുടെയും പൊതുബോധത്തിനും, ബുദ്ധിക്കും സ്വീകരിക്കാനാവുന്ന ലളിതമായ യാഥാര്‍ത്ഥ്യമാണ് ഖുര്‍ആന്‍ സമര്‍പിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ കൂടിയാണ് ഖുര്‍ആന്‍ വിവിധ ഘട്ടങ്ങളിലായി അവതരിച്ചത്.
‘താങ്കള്‍ പറയുക’ എന്ന അഭിസംബോധനാ രീതി അല്ലാഹു പ്രവാചകനെ പഠിപ്പിക്കുന്നതിനും, പ്രവാചകന്‍ ജനങ്ങളെ പഠിപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. ഈ കല്‍പനക്ക് ശേഷം അല്ലാഹു താന്‍ ഉദ്ദേശിക്കുന്ന കല്‍പനകളും, ഉപദേശങ്ങളും, നിയമങ്ങളും നല്‍കുകയാണ് ചെയ്യാറ്.
ദീനിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്ന് പ്രവാചകനിലേക്ക് തര്‍ക്കങ്ങളെയും, സംവാദങ്ങളെയും പരിമിതപ്പെടുത്തുകയെന്നതായിരുന്നു ബഹുദൈവ വിശ്വാസികളുടെ രീതി. ദുര്‍ബലമായ ഈ നിലപാടിനെ കൈകാര്യം ചെയ്ത് കൊണ്ട് ചില വചനങ്ങള്‍ അവതരിക്കുകയുണ്ടായി.
(ചോദിക്കുക: ”നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ ഞങ്ങളോട് കരുണ കാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നോവേറിയ ശിക്ഷയില്‍നിന്ന് സത്യനിഷേധികളെ രക്ഷിക്കാന്‍ ആരുണ്ട്? പറയുക: അവനാണ് ദയാപരന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. അവനെതന്നെയാണ് ഞങ്ങള്‍ ഭരമേല്‍പിച്ചതും. ആരാണ് വ്യക്തമായ വഴികേടിലെന്ന് വഴിയെ നിങ്ങളറിയുകതന്നെ ചെയ്യും). അല്‍മുല്‍ക് 28-29.
തര്‍ക്കവിതര്‍ക്കങ്ങളുടെ പൊടിപടലങ്ങള്‍ക്കിടയില്‍ നിന്ന് ചര്‍ച്ചയുടെ മര്‍മം അല്ലാഹു വേര്‍തിരിച്ചെടുക്കുന്നതെങ്ങനെയെന്ന് നോക്കുക! പ്രവാചകനെയോ, കൂടെയുള്ളവരെയോ കുറച്ച് കാണിച്ചത് കൊണ്ടോ, പരിഹസിച്ചത് കൊണ്ടോ നിങ്ങള്‍ക്കെന്താണ് നേട്ടം? നിങ്ങള്‍ സ്വയം വിലയിരുത്തുകയും, നിങ്ങളുടെ സമൂഹത്തെ അന്ധവിശ്വാസങ്ങള്‍ നശിപ്പിച്ചതെങ്ങനെയെന്ന് ആത്മവിചാരണ നടത്തുകയും ചെയ്യുകയാണ് വേണ്ടത്.

About muhammad al gazzali

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *