5521258

ഖുര്‍ആനില്‍ നസ്ഖ് എന്തുകൊണ്ട് ? -3

വിശുദ്ധ ഖുര്‍ആനില്‍ നസ്ഖ് (വിധി ദുര്‍ബലപ്പെടുത്തുക) എന്ന പ്രയോഗത്തോടൊപ്പം തന്നെ അതിനേക്കാള്‍ ശക്തമായി നിയമങ്ങളുടെയും വചനങ്ങളുടെയും ബലിഷ്ടത കൂടി പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ തന്നെ

ഖുര്‍ആനിക വചനങ്ങളില്‍ ദുര്‍ബലമാക്കപ്പെട്ടവയുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്. മറിച്ച് പൊതുവായി നല്‍കിയ നിയമങ്ങളില്‍ നിന്ന് പ്രത്യേകമായി ആരെയെങ്കിലും മാറ്റി നിര്‍ത്തുകയോ, നിയമം നടപ്പിലാക്കുന്നതില്‍ ക്രമാനുഗതിത്വം സ്വീകരിക്കുകയോ ചെയ്യുന്നവയാണ് ദുര്‍ബലമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന വചനങ്ങള്‍.
ഇവിടെ ഉയര്‍ന്ന് വന്നേക്കാവുന്ന ഒരു സംശയമുണ്ട്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ (ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലപ്പെടുത്തുകയോ മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്) -അല്‍ബഖറഃ 106- എന്ന് പറഞ്ഞിട്ടില്ലേ എന്നാണത്. ഈ വചനത്തിന്റെ ശരിയായ വിശദീകരണം തഫ്‌സീറുല്‍ മനാറില്‍ കാണാവുന്നതാണ്. എന്റെ ചില അനുബന്ധങ്ങളോട് കൂടി ആ അഭിപ്രായം എന്റെ ഒരു ഗ്രന്ഥത്തില്‍ ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ സംഗ്രഹം ഇപ്രകാരമാണ്. വിശുദ്ധ ഖുര്‍ആന്‍ രണ്ട് തരം ആയതുകളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു. പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങള്‍ എന്നാണ് അതിന്റെ ഒന്നാമത്തെ അര്‍ത്ഥം. പ്രവാചകന്മാരുടെ സത്യസന്ധതക്ക് തെളിവായി അല്ലാഹു നല്‍കുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളെയും ഈ ഗണത്തില്‍ ഉള്‍പെടുത്താവുന്നതാണ്. അല്‍അന്‍ആമിലെ (അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു തറപ്പിച്ചു പറഞ്ഞു, തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നെത്തിയാല്‍ അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്. പറയുക: ”ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ്.” ദൃഷ്ടാന്തങ്ങള്‍ വന്നു കിട്ടിയാലും അവര്‍ വിശ്വസിക്കുകയില്ലെന്ന് നിങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താനാണ്?) -109- എന്ന വചനവും, അല്‍ഇസ്‌റാഇലെ (ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതില്‍ നിന്നു നമ്മെ തടയുന്നത് ഇവര്‍ക്കു മുമ്പുണ്ടായിരുന്നവര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിക്കളഞ്ഞുവെന്നതു മാത്രമാണ്. സമൂദ് ഗോത്രത്തിനു നാം പ്രത്യക്ഷ അടയാളമായി ഒട്ടകത്തെ നല്‍കി. എന്നാല്‍ അവരതിനോട് അതിക്രമം കാണിക്കുകയാണുണ്ടായത്. നാം ദൃഷ്ടാന്തങ്ങളയക്കുന്നത് ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ്) -59ാം വചനവും ഇതിന് ഉദാഹരണങ്ങളാണ്.
അടിമയുടെ സന്മാര്‍ഗലബ്ദിയുദ്ദേശിച്ച് നല്‍കുന്ന ദൈവികവചനങ്ങള്‍ എന്നതാണ് ആയത്തിന്റെ രണ്ടാമത്തെ അര്‍ത്ഥം. (അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമവയെ നിനക്കു ക്രമാനുസൃതം ഓതിത്തരുന്നു. അല്ലാഹുവിലും അവന്റെ വചനങ്ങളിലുമല്ലാതെ മറ്റേതു വൃത്താന്തത്തിലാണ് ഈ ജനം ഇനി വിശ്വസിക്കുക. പെരുംനുണ കെട്ടിപ്പറയുന്ന പാപികള്‍ക്കൊക്കെയും കൊടിയനാശം! അവന്റെ മുമ്പില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വായിക്കപ്പെടുന്നു. അവനത് കേള്‍ക്കുന്നു. എന്നിട്ടുമത് കേട്ടിട്ടില്ലെന്ന മട്ടില്‍ അഹന്ത നടിച്ച് പഴയപോലെത്തന്നെ സത്യനിഷേധത്തിലുറച്ചു നില്‍ക്കുന്നു. അതിനാല്‍ അവനെ നോവേറുന്ന ശിക്ഷയെ സംബന്ധിച്ച ‘സുവാര്‍ത്ത’ അറിയിക്കുക) -അല്‍ജാഥിയഃ 6-8 ഇതിന് ഉദാഹരണമാണ്.
ഇവയില്‍ ആദ്യത്തെ ‘ആയത്തു’കളിലാണ് നസ്ഖ് അഥവാ ദുര്‍ബലപ്പെടുത്തല്‍ സംഭവിക്കുന്നത്. കാരണം ഒരു സമൂഹത്തിന് യോജിച്ച അമാനുഷിക ദൃഷ്ടാന്തം മറ്റൊരു സമൂഹത്തിന് അനുയോജ്യമായിക്കൊള്ളണമെന്നില്ല. അതിനാലാണ് പൂര്‍വകാല പ്രവാചകന്മാര്‍ക്ക് നല്‍കിയ മുഅ്ജിസത്തുകളില്‍ നിന്ന് വ്യത്യസ്തമായവ മുഹമ്മദ് പ്രവാചകന് അല്ലാഹു നല്‍കിയത്.
ഖുറൈശികളിലെ സത്യനിഷേധികള്‍ ചില നിര്‍ണിത തരം ദൃഷ്ടാന്തങ്ങള്‍ പ്രവാചകനോട് ആവശ്യപ്പെടുകയുണ്ടായി. അതേതുടര്‍ന്നാണ് മേലുന്നയിച്ച വചനം ഉദ്ധരിക്കപ്പെട്ടത്. ശേഷം അതിമനോഹരമായ വിധത്തില്‍ ഖുറൈശികളുടെ വാദം ഇപ്രകാരം വിവരിക്കുകയും ചെയ്തു (അറിവില്ലാത്തവര്‍ ചോദിക്കുന്നു: ”അല്ലാഹു ഞങ്ങളോട് നേരില്‍ സംസാരിക്കാത്തതെന്ത്? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരടയാളമെങ്കിലും വന്നെത്താത്തതെന്ത്?” ഇവര്‍ ചോദിക്കുന്നപോലെ ഇവരുടെ മുന്‍ഗാമികളും ചോദിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും മനസ്സുകള്‍ ഒരുപോലെയാണ്. തീര്‍ച്ചയായും അടിയുറച്ചു വിശ്വസിക്കുന്ന ജനത്തിന് നാം തെളിവുകള്‍ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്). അല്‍ബഖറഃ 118
മാത്രവുമല്ല, നസ്ഖിനെക്കുറിക്കുന്ന പ്രസ്തുത വചനത്തിന്റെ തുടര്‍ച്ച ഇങ്ങനെയാണ് (അല്ല; നേരത്തെ മൂസയോട് ഉന്നയിച്ചതു പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ പ്രവാചകനോട് ചോദിക്കാനാണോ നിങ്ങളുദ്ദേശിക്കുന്നത്?). അല്‍ബഖറഃ 10

About muhammad al gazzali

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *