റോമന്‍ നാഗരികതയിലെ ബഹുദൈവവിശ്വാസം

ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും സൃഷ്ടാവിന്റെ ഉദ്ദേശ്യത്തോടും അറിവോടും കൂടി മാത്രമാണ് എന്ന് ഗ്രീക്കുകാരെപ്പോലെ റോമക്കാരും വിശ്വസിച്ചിരുന്നു. പക്ഷെ, അവരും ദൈവത്തിന്റെ

ഏകത്വത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. മറിച്ച് പ്രകൃതിപ്രതിഭാസങ്ങള്‍ക്കനുസരിച്ച് ദൈവങ്ങളുടെ എണ്ണം അവര്‍ അധികരിപ്പിച്ച് കൊണ്ടേയിരുന്നു. ഓരോ പ്രകൃതിപ്രതിഭാസവും അതിന്റേതായ പ്രത്യേക ദൈവത്തിന്റെ കല്‍പനപ്രകാരമാണ് നടക്കുന്നതെന്ന് അവര്‍ ധരിച്ചു. കൃഷി മുളപ്പിക്കാന്‍ ഒരു ദൈവവും, കൃഷിത്തോട്ടം സംരക്ഷിക്കാന്‍ മറ്റൊരു ദൈവവും, ഫലങ്ങള്‍ പുഴുക്കളില്‍ നിന്ന് കാത്ത് രക്ഷിക്കാന്‍ മൂന്നാമതൊരു ദൈവവുമുണ്ടെന്ന് അവര്‍ വിശ്വസിച്ചു.
ഓരോ ദൈവത്തിനും പ്രത്യേകമായ നാമവും ഇനവും ദൗത്യവുമുണ്ട്. ആകാശത്തിന് ഒരു ദൈവം, യുദ്ധത്തിന് മറ്റൊരു ദൈവം, ധീരതയ്ക്ക് മൂന്നാമതൊരു ദൈവം തുടങ്ങി ഗ്രീക്കുകാരുടെ വിശ്വാസം അതുപോലെ റോമക്കാരിലും പ്രചരിച്ചു. ആകാശത്തിന്റെ ദൈവത്തെ ജൂപിറ്റര്‍ എന്നും യുദ്ധത്തിന്റെ ദൈവത്തെ മാര്‍സ് എന്നും, ധീരതയുടെ ദൈവത്തെ ഹെര്‍കുലീസ് എന്നും പേര് വിളിച്ചു. ഗ്രീക്ക് ദേവനും ഹെര്‍ക്കുലീസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കൂടാതെ തങ്ങളുടെ ചില ദൈവങ്ങളുടെ നാമങ്ങള്‍ അവര്‍ പൗരാണിക ഈജിപ്തുകാരില്‍ നിന്ന് കടമെടുക്കുകയും ചെയ്തു. ചന്ദ്ര ദൈവത്തെ ഏസിയസ്, കൃഷി ദൈവത്തെ ലോസീരിയസ് എന്നും, ശൈത്യകാലത്തിന്റെ ദൈവത്തെ മറാമീസ് എന്നുമായിരുന്നു അവര്‍ വിളിച്ചിരുന്നത്. അവയെല്ലാം ഈജിപ്ഷ്യന്‍ ദൈവങ്ങളുടെ പേരുകളായിരുന്നു.
മറ്റ് സംസ്‌കാരങ്ങളില്‍ നിന്ന് ഭിന്നമായി എണ്ണമറ്റ ദൈവങ്ങളുണ്ടായിരുന്നു റോമക്കാര്‍ക്ക്. ജീവിതത്തിന്റെ ഓരോ പ്രകടനത്തിനും വിവിധങ്ങളായെ ദൈവങ്ങളെ അവര്‍ കല്‍പിച്ചു. മനുഷ്യന്റെ ഓരോ തരം ശക്തിക്കും വ്യത്യസ്തമായ ദൈവത്തെ പ്രതിഷ്ഠിച്ചു. കുഞ്ഞ് പിറക്കുന്ന വേളയില്‍ ദൈവം വന്ന് അവന് സംസാരം പഠിപ്പിക്കുന്നു. ദേവി വന്ന് പാനം ചെയ്യാന്‍ പഠിപ്പിക്കുന്നു. മറ്റൊരു ദേവി അവന്റെ എല്ലുകള്‍ക്ക് ബലം നല്‍കുന്നു. പാഠശാലയിലേക്ക് പോകുമ്പോള്‍ രണ്ട് ദൈവങ്ങള്‍ അവനെ അനുഗമിക്കുന്നു. മടങ്ങിവരുമ്പോള്‍ വേറെ രണ്ട് ദൈവങ്ങള്‍ കൂടെ വരുന്നു. കൂടാതെ വിവിധ പട്ടണങ്ങള്‍ക്ക് പ്രത്യേകമായ ദൈവങ്ങളുണ്ടായിരുന്നു. എഴുത്തിനും പര്‍വതത്തിനും പുഴകള്‍ക്കുമെല്ലാം ദൈവങ്ങളുണ്ട്. ഓരോ മരത്തിനും ഇപ്രകാരം വെവ്വേറെ ദൈവങ്ങളുണ്ട്. ലാറ്റിന്‍ എഴുത്തുകാരനായ ബെട്രോണ്‍ തന്റെ ഒരു കഥയിലെ കഥാപാത്രത്തിലൂടെ പറഞ്ഞത് ഇപ്രകാരമാണ് (ഞങ്ങളുടെ നാട് ദൈവങ്ങളാല്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. നാട്ടിലൂടെ നടക്കുന്ന ഏതൊരാള്‍ക്കും മറ്റൊരാളെ കാണുന്നതിനേക്കാള്‍ കൂടുതലായി ദൈവത്തെയാണ് കാണാനാവുക).
വിഗ്രഹങ്ങളോ ബിംബങ്ങളോ ഇല്ലാതെ തന്നെ വിവിധ ദൈവങ്ങളെ ആരാധിക്കുന്ന ഒരു ചരിത്രഘട്ടം റോമക്കാര്‍ക്ക് കഴിഞ്ഞ് പോയിട്ടുണ്ട്. അക്കാലത്ത് റോമയില്‍ ഒരു വിഗ്രഹം പോലും ഉണ്ടായിരുന്നില്ല. ശേഷം അവര്‍ മരം കൊണ്ടാണ് ആദ്യമായി വിഗ്രഹങ്ങള്‍ കൊത്തിയുണ്ടാക്കാനാരംഭിച്ചത്. പിന്നീട് ഗ്രീക്കുകാരെ അനുകരിച്ച് മാര്‍ബിളില്‍ വിഗ്രഹം കൊത്തിയുണ്ടാക്കി തുടങ്ങി. മനുഷ്യരെപ്പോലെ ജീവനുള്ള രൂപങ്ങളായിരുന്നില്ല അവര്‍ കൊത്തിയുണ്ടാക്കിയിരുന്നത്. മാനുഷികമായ വികാരങ്ങള്‍ അവര്‍ വിഗ്രഹങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിയിരുന്നില്ല. എന്നാല്‍ ഗ്രീക്ക് സമൂഹത്തില്‍ ജീവനുള്ള വസ്തുക്കളുടെ രൂപത്തില്‍ ദൈവങ്ങളെ കൊത്തിയുണ്ടാക്കുകയും, ദേഷ്യം, പക തുടങ്ങിയ മാനുഷിക വികാരങ്ങള്‍ അവയ്ക്ക് മേല്‍ ആരോപിക്കുകയും ചെയ്തിരുന്നു.
ദൈവങ്ങള്‍ക്കിടയില്‍ രക്തബന്ധമോ, കെട്ട് ബന്ധമോ ഉള്ളതായി അവര്‍ സങ്കല്‍പിച്ചിരുന്നില്ല. ഓരോ ദൈവത്തിനും പ്രത്യേകമായ ചരിത്രമുണ്ടായിരുന്നു. ഓരോ ദൈവവും പ്രത്യേകമായ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിച്ചിരുന്നു. ഇഛിക്കുമ്പോള്‍ മനുഷ്യര്‍ക്ക് നന്മയോ, തിന്മയോ ചെയ്യാന്‍ ശേഷിയുള്ളവരാണ് ഈ ദൈവങ്ങളെന്ന് അവര്‍ വിശ്വസിച്ചിരുന്നു.
ശകുനം, ശുഭം തുടങ്ങിയ വിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്ന അവര്‍ ജനങ്ങള്‍ക്ക് ആവശ്യമായ ദൃഷ്ടാന്തങ്ങള്‍ വിവിധ ദൈവങ്ങള്‍ ഭൂമിയിലേക്ക് അയക്കുമെന്ന് അവര്‍ ധരിച്ചിരുന്നു. അതിനാല്‍ തന്നെ ഓരോ പ്രവൃത്തിയിലും ഏര്‍പെടുന്നതിന് മുമ്പ് ദൈവത്തോട് അഭിപ്രായം ചോദിക്കുകയും അനുകൂലമായ ഉത്തരം ലഭിച്ചാല്‍ മാത്രം അത് തുടരുകയും ചെയ്യുന്ന സമീപനമായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. ഉദാഹരണമായി ഭരണാധികാരി സഭ വിളിക്കാന്‍ ഉദ്ദേശിച്ചാല്‍ പറവകളിലേക്ക് നോക്കുകയും അനുകൂലമാണെങ്കില്‍ തന്റെ തീരുമാനം ദൈവം അംഗീകരിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുകയുമാണ് ചെയ്തിരുന്നത്.
ജനങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ദൈവങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ അയക്കുമെന്ന് അവര്‍ വാദിച്ചിരുന്നു. റോമന്‍ രാജാവ് കൈസര്‍ മരണപ്പെട്ട ദിവസം ആകാശത്ത് വാല്‍നക്ഷത്രം പ്രത്യക്ഷപ്പെട്ടുവെന്നും അത് അദ്ദേഹത്തിന്റെ മരണത്തെക്കുറിക്കുന്ന സൂചനയായിരുന്നുവെന്നും റോമക്കാര്‍ വാദിക്കുന്നു.

 

About dr. muhammad abuzahra

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *