സാമ്പത്തിക വ്യവസ്ഥ: ഇസ്ലാമിലും ഇതര പ്രത്യയശാസ്ത്രങ്ങളിലും

ഇസ്ലാമിന് സ്വതന്ത്രമായ സാമ്പത്തിക വ്യവസ്ഥയുണ്ട്. മുതലാളിത്ത-കമ്യൂണിസ്റ്റ് സാമ്പത്തിക വ്യവസ്ഥക്ക് പൂര്‍ണമായും വിരുദ്ധമായ സാമ്പത്തിക വീക്ഷണമാണ് ഇസ്ലാമിനുള്ളത്. ഈ മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളില്‍ കാണപ്പെടുന്ന എല്ലാ നന്മകളും അവയ്ക്ക് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇസ്ലാം നടപ്പിലാക്കിയിട്ടുള്ളവയാണ്. അവ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എല്ലാ തിന്മകളെയുംകുറിച്ച് ഇസ്ലാം വളരെ മുമ്പ് തന്നെ താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു.

സ്വര്‍ണം, വെള്ളി, കന്നുകാലി, കൃഷി തുടങ്ങി എല്ലാ വിധ വളരുന്ന സമ്പത്തിനും സകാത്ത് അഥവാ നിര്‍ബന്ധ ദാനം നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നതാണ് ഇസ്ലാമിക സാമ്പരത്തിക വ്യവസ്ഥയെ മുതലാളിത്വത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ പ്രായശ്ചിത്തം നല്‍കണമെന്നതും ഇസ്ലാമിനെ മറ്റു ഭൗതിക പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകമാണ്. ശപഥലംഘനം, ളിഹാര്‍ (ഭാര്യയെ കോപത്താല്‍ ഉമ്മയെന്ന് വിളിക്കുക) ചെയ്താല്‍, അബദ്ധവശാല്‍ കൊലചെയ്താല്‍, റമദാന്‍ നോമ്പ് കാരണമില്ലാതെ ഉപേക്ഷിച്ചാല്‍ തുടങ്ങിയവയെല്ലാം പ്രായശ്ചിത്തത്തിന് കാരണമാകുന്ന തിന്മയാണ്. പലിശയും വഞ്ചനയും തെറ്റായ കച്ചവടവും നിരോധിച്ച ഇസ്ലാം സമ്പന്നരുടെ സ്വേഛാധിപത്യത്തില്‍ നിന്ന് ദരിദ്രരെ സംരക്ഷിക്കുകയും ചെയ്തു. സമ്പത്തിന്റെ മേല്‍ കുത്തകവല്‍ക്കരണം നടത്താനോ, പൂഴ്ത്തിവെക്കാനോ ധനികര്‍ക്ക് അവകാശമില്ലെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. അനുവദനീയമായ മാര്‍ഗങ്ങളിലൂടെ സമ്പാദിക്കാന്‍ ധനികര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്നും ഭൗതികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും മഹത്വം കരഗതമാകുകയില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. സമ്പാദിക്കാനുള്ള ശേഷി വ്യത്യസ്തമാകുന്നത് കൊണ്ട് സമ്പാദ്യത്തിലും ജനങ്ങള്‍ വിവിധ തട്ടിലായിത്തീരുന്നുവെന്ന് മാത്രം. ഈ ഏറ്റവ്യത്യാസം അല്ലാഹുവിന്റെ മാറ്റമില്ലാത്ത നടപടിക്രമത്തിന്റെ ഭാഗമാണ്. ഒരു പ്രദേശത്ത് മഴ ലഭിക്കുകയും ധാരാളം പുല്ല് മുളക്കുകയും ചെയ്‌തെന്ന് കരുതുക. ഒരു കൂട്ടം ആളുകള്‍ അവിടെ ചെന്ന് പുല്ല് ശേഖരിച്ചു തിരിച്ച് വരുന്നു. അവരുടെ കയ്യിലുള്ള പുല്ലുകെട്ടുകളുടെ എണ്ണം തുല്യമായിരിക്കുകയില്ല. അവരുടെ കഴിവും സാമര്‍ത്ഥ്യവുമനുസരിച്ച് അവയുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകുന്നതാണ്. അതുപോലെ തന്നെയാണ് ഭൗതിക വിഭവങ്ങളും. ഒരുത്തന് കൂടുതല്‍ ലഭിച്ചത് അതിക്രമമാണെന്നോ, അനീതിയാണെന്നോ അവകാശപ്പെടാവതല്ല. അതല്ല എല്ലാവര്‍ക്കും ലഭിച്ചത് ഒന്നിച്ച് വെക്കുകയും ശേഷം അവ എല്ലാവര്‍ക്കും തുല്യമായി വീതിക്കുകയും ചെയ്യണമെന്ന് വാദിക്കുന്നതും ന്യായമല്ല. കാരണം കൂടുതല്‍ അധ്വാനിച്ചവനോട് അനീതി കാണിക്കുകയാണ് ഈ സമീപനം ചെയ്യുന്നത്.

സോഷ്യലിസം മൂന്ന് വിധമാണുള്ളത്. മുസ്സോളിനിയും ഹിറ്റ്‌ലറും പ്രതിനിധീകരിച്ച ദേശീയ സോഷ്യലിസമാണ് അതിലൊന്ന്. ജനങ്ങള്‍ മുഴുവന്‍ തൊഴിലെടുക്കുകയും ഭരണകൂടം അവ ചെലവഴിക്കുകയും ചെയ്യുകയെന്നതാണ് ഈ സംവിധാനത്തിന്റെ രീതി. ഓരോ വ്യക്തിയുടെയും തൊഴിലും കൂലിയും ഇവിടെ ഭരണകൂടമാണ് നിര്‍ണയിക്കുക. ഭരണകൂടം നിശ്ചയിച്ച തൊഴില്‍ നിരസിക്കാന്‍ ആര്‍ക്കും അവകാശമില്ല. രാഷ്ട്രത്തില്‍ ഒരേ ഒരു പാര്‍ട്ടി മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. ആ പാര്‍ട്ടിയില്‍ നിന്ന് ഭരണകര്‍ത്താവിനെ തെരഞ്ഞെടുക്കുകയാണ് ജനങ്ങളുടെ ദൗത്യം. സാമ്പത്തിലും സന്തോഷത്തിലും മറ്റ് ജനങ്ങളുടെ മേല്‍ ഉയര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ പൗരന്മാരെ നയിക്കുകയെന്നതാണ് പ്രസ്തുത ഭരണകൂടത്തിന്റെ ചുമതല. തൊഴിലെടുക്കാനും കൂലി നേടാനും രാഷ്ട്രത്തിലെ എല്ലാ പൗരനും അവകാശമുണ്ട്. രാഷ്ട്രഖജനാവിലേക്കുള്ള നികുതി നല്‍കണമെന്ന നിബന്ധനയില്‍ പൗരന്മാര്‍ക്ക് സമ്പാദിക്കാനുള്ള അവസരം നല്‍കിയിരിക്കുന്നു. എന്നാല്‍ വളരെ നികുതിയുടെ തോത് വളരെ ഭാരിച്ചതാണെന്നും, അത് നല്‍കിയാല്‍ പിന്നെ ജീവിക്കാന്‍ കാശ് തികയുകയില്ലെന്നും തൊഴിലാളികള്‍ വാദിക്കുന്നു. ഭരണകൂടം വീതിച്ച് നല്‍കുന്നതിനേക്കാള്‍ തൊഴിലാളികള്‍ക്ക് ഭേദം അവര്‍ അധ്വാനിക്കുന്നതിന്റെ പ്രതിഫലം നല്‍കുന്നതാണെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുന്നു. രാഷ്ട്രത്തിലെ ഉന്നത സ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താക്കളുടെ കുത്തകയാണ്. ഈ ഭരണവ്യവസ്ഥ അധികകാലം നിലനിന്നില്ല എന്നത് തന്നെ അതിന്റെ ന്യൂനതയെയാണ് കുറിക്കുന്നത്. ജര്‍മന്‍ ജനത ഈ വ്യവസ്ഥയെ വെറുക്കുകയും അതിലേക്ക് ഇനി ഒരു തിരിച്ചുപോക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ജനാധിപത്യ സോഷ്യലിസമാണ് രണ്ടാമത്തേത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ കാണപ്പെടുന്നത് ഈ ഭരണരീതിയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമോ, സ്വേഛാധിപത്യമോ ഇവിടെ ഇല്ല. വ്യക്തിപരമായി സമ്പാദിക്കാനുള്ള അവകാശം ഇവിടങ്ങളില്‍ ഭരണകൂടം പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ റെയില്‍വെ, ഖനികള്‍, ലോഹം വിളയുന്ന സ്ഥലങ്ങള്‍ തുടങ്ങിയ പൊതുനേട്ടങ്ങളുണ്ടാക്കുന്ന ഇടങ്ങള്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലാണുണ്ടായിരിക്കുക. ഈ ഉറവിടൊങ്ങളൊന്നും ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ ഉടമസ്ഥതയിലാവരുതെന്നും അവ എല്ലാവര്‍ക്കും ലഭിക്കണമെന്നുമുള്ളത് കൊണ്ടാണ് ഈ നിയമം. രാഷ്ട്രത്തിലെ സമ്പത്തിന്റെ സിംഹഭാഗവും ഏതാനും ചില വ്യക്തികളുടെ കയ്യിലെത്താന്‍ അത് വഴിവെച്ചേക്കും എന്നും ഭരണകൂടം വീക്ഷിക്കുന്നു. ഈ വ്യവസ്ഥ ജനങ്ങളുടെ മതത്തിലോ, വിശ്വാസത്തിലോ ഒരു നിലക്കും ഇടപെടുകയില്ല. അവരില്‍ ഭൂരിപക്ഷവും ക്രൈസ്തവ ചര്‍ച്ചിന് കീഴിലുള്ളവരാണ്. മൂലധന വ്യവസ്ഥയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഇവര്‍ പ്രസ്തുത വ്യവസ്ഥ സമ്പന്നര്‍ക്ക് അനുകൂലമാണെന്ന് തുറന്നടിക്കുകയും ചെയ്യുന്നു.
പൊതുസാമ്പത്തിക സ്രോതസ്സുകളുടെ ഉടമസ്ഥാവകാശം ഭരണകൂടത്തിന് നല്‍കുന്നത് പൗരന്മാര്‍ക്കിടയിലെ മാത്സര്യബുദ്ധി ദുര്‍ബലമാക്കുകയും അത് രാഷ്ട്ര വരുമാനത്തെ താഴേക്ക് നയിക്കുകയും ചെയ്യുന്നു. സ്വന്തത്തിന് വേണ്ടി പരിശ്രമിക്കുന്നതും തങ്ങളുടെ പരിശ്രമത്തിന്റെ നേട്ടം രാഷ്ട്രത്തിനാണ് ലഭിക്കുകയെന്നതും തമ്മില്‍ വ്യക്തമായ അന്തരമുണ്ട്. മാസാന്തവരുമാനം ലഭിക്കുന്ന വ്യക്തി കൂടുതല്‍ അദ്ധ്വാനത്തിന് തയ്യാറാകാതെ നിശ്ചിത തുക ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ചെയ്യുക.
കമ്യൂണിസത്തിന്റെ തന്നെ മറ്റൊരു പ്രാഥമിക രൂപമാണ് സോഷ്യലിസത്തിന്റെ മൂന്നാമത്തെ ഇനം. ബോള്‍ഷെവിക് എന്നാണ് ഇത് അറിയപ്പെടുന്നത്. എല്ലാ സ്വത്തും, സ്വാതന്ത്ര്യവും, വിശ്വാസവുമെല്ലാം ഇവിടെ ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. ഇവിടെ പൗരന്മാര്‍ കേവല ഉപകരണങ്ങളുടെ സ്ഥാനത്താണ് നിലകൊള്ളുന്നത്. ഭരണനേതൃത്വത്തിന്റെ കല്‍പനയാണ് അവരെ ചലിപ്പിക്കുന്നതും നിഷ്‌ക്രിയമാക്കുന്നതും. ഒരാള്‍ക്കും ഭൂമിയോ വീടോ വാഹനമോ കച്ചവടസ്ഥാപനമോ ഉടമപ്പെടുത്താന്‍ അവകാശമില്ല. ധരിച്ചിരിക്കുന്ന വസ്ത്രവും തൊഴിലിന്റെ കൂലിയും മാത്രമാണ് സ്വന്തമായി ഉടമപ്പെടുത്താവുന്നത്. അവ പോലും ശേഖരിച്ച് വെക്കാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്.
ഇവിടെയാണ് പ്രാരംഭത്തില്‍ സൂചിപ്പിച്ച ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ പ്രസക്തമാകുന്നത്. വ്യക്തിയുടമാവകാശം അംഗീകരിക്കുന്ന ഇസ്ലാം സമ്പന്നന്റെ ധനത്തില്‍ ദരിദ്രന് നിശ്ചിത ഓഹരി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ലോകചരിത്രത്തില്‍ വ്യവസ്ഥാപിതമായും വിജയകരമായും നടപ്പാക്കപ്പെട്ട ഈ സംവിധാനത്തെക്കുറിച്ചാണ് ആധുനികലോകം ചര്‍ച്ച ചെയ്യേണ്ടത്.

About thaqiyyudheen al-hilali i

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *