7f35

സെക്യുലറിസം സാമൂഹികവിരുദ്ധമാകുന്നത്

മതവിശ്വാസത്തിനും ഭരണഘടനക്കും ജനതാല്‍പര്യത്തിനും എതിരായത് പോലെ തന്നെ സമൂഹ താല്‍പര്യത്തിനും വിരുദ്ധമായ നയങ്ങളാണ് സെക്യുലറിസം മുറുകെപിടിക്കുന്നത്. ഭൗതികനേട്ടം പരിഗണിച്ച് കാര്യങ്ങളെ വിലയിരുത്തുന്ന പ്രയോജനവാദി(പ്രാഗ്മാറ്റിസം)കളുടെ ലോകത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.

ഈയര്‍ത്ഥത്തില്‍ രാഷ്ട്രത്തിന്റെ നേട്ടവും പുരോഗതിയുമാണ് നാം പരഗണിക്കുന്നതെങ്കില്‍ പോലും സെക്യുലറിസത്തെ തൂത്തെറിഞ്ഞ് ‘ഇസ്ലാമിസം’ നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്.

സാമ്പത്തിക സ്രോതസ്സുകളുടെയും മനുഷ്യവിഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് രാഷ്ട്രം പുരോഗതി കൈവരിക്കുകയും ഉല്‍പാദിപ്പിക്കുകയും മുന്നേറുകയും ചെയ്യുന്നത്. ഉല്‍പാദനത്തിനും, പ്രയോജനമെടുപ്പിനും സാധിക്കുന്ന മനുഷ്യവിഭവങ്ങളുടെ അഭാവത്തില്‍ ഭൗതികസ്രോതസ്സുകളോ, സാമ്പത്തിക ഉറവിടങ്ങളോ ഫലം ചെയ്യുകയില്ല.
ജനമനസ്സുകളില്‍ മൂടിക്കിടക്കുന്ന കഴിവും ശക്തിയും പുറത്തെടുക്കാന്‍ പിന്നില്‍ നിന്ന് പ്രോല്‍സാഹനവും പ്രചോദനവും ലഭിക്കേണ്ടതുണ്ട്. മനുഷ്യന്റെ ആവിഷ്‌കാരസിദ്ധിയും ജന്മവാസനയും വളര്‍ത്തിയെടുക്കാനും മനസ്സില്‍ ഉല്‍പാദനത്തിനും മുന്നേറ്റത്തിനുമുള്ള ആഗ്രഹം ജനിപ്പിക്കാനും സമയവും അദ്ധ്വാനവും ചെലവഴിച്ച് കൂടുതല്‍ സമ്പാദിക്കാനും പ്രസ്തുത പ്രചോദനമാണ് സഹായിക്കുക. ചുരുക്കത്തില്‍ മനുഷ്യസമൂഹത്തെ ഒന്നിപ്പിച്ച്, അവരില്‍ ആവേശം പകര്‍ന്ന് പുതുതലമുറയായി രൂപപ്പെടുത്തുന്ന ഒരു സന്ദേശമാണ് അവര്‍ക്ക് വേണ്ടത്.
ഇസ്ലാമും പ്രസ്തുത ദര്‍ശനത്തിലുള്ള വിശ്വാസവുമായിരുന്നു മാനവസമൂഹത്തെ മുന്നേറാന്‍ പ്രേരിപ്പിച്ച അടിസ്ഥാനഘടകങ്ങളെന്ന് ചരിത്രവും വര്‍ത്തമാനലോകവും സാക്ഷ്യപ്പെടുത്തുന്നു. ഭൗതികതയെ ദൈവമാക്കിയ ഏതാനും ചില ഈജിപ്ഷ്യന്‍ സന്തതികളുടെ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ ത്വാഹ, അഅ്‌റാഫ്, ശുഅറാഅ് അദ്ധ്യായങ്ങളിലൂടെ വിവരിക്കുന്നുണ്ട്. കേവലം സമ്പത്ത് ലക്ഷ്യമാക്കി ജീവിക്കുന്നവരായിരുന്നു അവര്‍. സ്വേഛാധിപതിയായ ഫറോവയുടെ കൊടിയ മര്‍ദനത്തിന് കീഴില്‍ സ്വന്തം അസ്ത്വിത്വം പോലും നഷ്ടപ്പെട്ട് ജീവിച്ചിരുന്നവര്‍. അല്ലാഹു ഇസ്ലാമിന്റെ പ്രകാശം അവര്‍ക്ക് പകര്‍ന്ന് നല്‍കിയതോടെ ലോകത്തെ വന്‍ശക്തിയായി അവര്‍ വളര്‍ന്നു. സമ്പത്തും കുലമഹിമയും മാറ്റിവെച്ച്, സ്വേഛാധിപത്യത്തെ അവഗണിച്ച് ലോകത്തെ തന്നെ വമ്പന്മാരായി അവര്‍ എഴുന്നേറ്റുനിന്നു.
ഫറോവയുടെ കല്‍പനക്ക് വഴങ്ങി ജീവിച്ചിരുന്ന മാരണക്കാരായിരുന്നു അവര്‍. എന്നാല്‍ മൂസാ പ്രവാചകന്റെ ദൃഷ്ടാന്തം കണ്‍മുന്നില്‍ കണ്ട അവര്‍ വിശ്വാസം സ്വീകരിച്ചു. ലോകതമ്പുരാന്റെ മുന്നില്‍ സാഷ്ടാംഗം നമിച്ചു അവര്‍ ഫറോവക്ക് മുന്നില്‍ വെച്ച് തന്നെ വിശ്വാസം പ്രഖ്യാപിച്ചു. കൊന്ന് കളയുമെന്നും കൈകാലുകള്‍ കഷ്ണിച്ച് കുരിശില്‍ തറക്കുമെന്നും ഫറോവ ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും അവര്‍ വഴങ്ങിയില്ല.
ഇസ്ലാമിക വിശ്വാസം അതിന്റെ അണികള്‍ക്ക് പകര്‍ന്ന് നല്‍കിയ നിര്‍മാണാത്മകതയിലും ധീരതയിലും മനോദാര്‍ഢ്യത്തിലും രണ്ടുപേര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാകുമെന്ന് തോന്നുന്നില്ല. സോവിയറ്റ് യൂണിയനെ എതിരിട്ട അഫ്ഗാന്‍ സന്തതികള്‍ക്കും, സയണിസ്റ്റ് കടന്നുകയറ്റത്തെ ചെറുത്ത് നില്‍ക്കുന്ന ഗസ്സാനിവാസികള്‍ക്കും പ്രചോദനമായി വര്‍ത്തിച്ചതും വര്‍ത്തിക്കുന്നതും ഇസ്ലാമിക വിശ്വാസമല്ലാതെ മറ്റൊന്നുമല്ല.
ചില സെക്യുലറിസ്റ്റുകള്‍ പറയാറുണ്ട് ‘മനോദാര്‍ഢ്യം രൂപപ്പെടുത്തുന്നതിനും, ധൈര്യം പകരുന്നതിനും, വെല്ലുവിളികള്‍ അതിജയിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിനും സ്വാതന്ത്ര്യ പോരാട്ടത്തിനും മുന്നേറ്റത്തിനുമെല്ലാം മതത്തെ ഉപയോഗപ്പെടുത്തുന്നതിനോട് ഞങ്ങള്‍ക്ക് വിയോജിപ്പില്ല. നമുക്കിവരോട് പറയാനുള്ളത് ഇത്രമാത്രമാണ്. ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്ന കേവല വാഹനമായി ഉപയോഗിക്കാന്‍ മാത്രം നിസ്സാരമല്ല ഇസ്ലാം. താല്‍ക്കാലികമായ താല്‍പര്യത്തിന് വേണ്ടി ഉപയോഗിച്ച് പിന്നീട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയേണ്ട ഒന്നല്ല ഇത്. മനുഷ്യാസ്തിത്വത്തിന്റെ സത്തയും ആത്മാവും ശാശ്വതികത്വത്തിന്റെ രഹസ്യവും ജീവിതത്തിന്റെ ചൈതന്യവുമാണ് അത്. ഇസ്ലാം അടിസ്ഥാനപരമായി ലക്ഷ്യമാണ്, അല്ലാതെ ഏതാനും ചില ലക്ഷ്യ പൂര്‍ത്തീകരണത്തിനുള്ള മാര്‍ഗമല്ല.
ഇസ്ലാമിനെ ലക്ഷ്യമായി സ്വീകരിക്കുന്നവര്‍ക്ക് മാത്രമെ അത് ചൈതന്യവും ധൈര്യവും നിര്‍മാണാത്മകതയും പകര്‍ന്ന് നല്‍കുകയുള്ളൂ. ജീവിതത്തിന്റെ ഞരമ്പുകളിലൊഴുകുന്ന രക്തമായിരുന്നു ഇസ്ലാം. ജീവിതത്തിന്റെ പുറംപോക്കില്‍ ഒതുങ്ങിക്കിടക്കുന്ന ഒന്നായിരുന്നില്ല അത്. ഇസ്ലാം ജനങ്ങളില്‍ സ്വാധീനം ചെലുത്തുകയും അവരുടെ ജീവിതത്തെയും സ്വഭാവത്തെയും മാറ്റി മറിക്കുകയും ചെയ്യുന്നു. നിയമനിര്‍മാണത്തിലും, അദ്ധ്യാപനത്തിലും, സംസ്‌കരണത്തിലും, മാര്‍ഗദര്‍ശനത്തിലുമെല്ലാം അവസാനവാക്ക് ഇസ്ലാമിന്നുള്ളതാണ്. ഇസ്ലാമിന്റെ നിറത്തില്‍ കുളിച്ച്, ഇസ്ലാമിന്റെ പതാക്ക് കീഴില്‍ അണിനിരന്ന് ആത്മാര്‍ത്ഥതയോട് കൂടി നന്മയില്‍ മുന്നേറുന്നവരാണ് യഥാര്‍ത്ഥ മുസ്ലിംകള്‍.

About dr. yusuf al qaradawi

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *