577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ സമര്‍പിക്കുകയും ചെയ്തു. രാഷ്ട്രഭരണം, സാമൂഹികാസൂത്രണം, നാഗരികത തുടങ്ങിയവയുമായി മതത്തിന്റെ ബന്ധം അവര്‍ വിശദീകരിക്കാറുള്ളത് ഇപ്രകാരമാണ് ‘രാഷ്ട്രീയത്തിനും മത്തിനുമിടയില്‍ എന്തൊരകലമാണുള്ളത്’.
രാഷ്ട്രീയവും മതവും വെവ്വേറെ കാര്യങ്ങളാണ്. മതപരമായ ഐക്യമോ, ഭാഷാപരമായ ഐക്യമോ രാഷ്ട്രീയ ഐക്യത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുകയില്ല. ഒരു രാഷ്ട്രത്തിന്റെ നിര്‍മാണത്തിന് അതിനെ മാനദണ്ഡമാക്കാനും സാധിക്കുകയില്ല എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
ഇവരാണ് ക്രൈസ്തവതയുടെ കണ്ണട വെച്ച് ഇസ്ലാമിനെ വീക്ഷിക്കാനും, വായിക്കാനും ശ്രമിച്ചത്. അതേതുടര്‍ന്ന് ക്രൈസ്തവതയിലെ പോലെ തന്നെ മതവും രാഷ്ട്രീയവും തമ്മില്‍ യാതൊരു ബന്ധവും ഇസ്ലാമിലുമില്ലെന്ന് അവര്‍ ധരിച്ചു. അവര്‍ നമ്മുടെ പൈതൃകത്തെയും നാഗരികതയെയും വിശകലന വിധേയമാക്കി. അവയ്ക്ക് രൂപം നല്‍കിയ പൗരസ്ത്യ മുസ്ലിം ബുദ്ധിയെ പടിഞ്ഞാറന്‍ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നിരൂപിച്ചു. പടിഞ്ഞാറന്‍ ക്രൈസ്തവതയില്‍ നിലനിന്നിരുന്ന ദൈവാധികാരം സ്വായത്തമാക്കിയ സ്വേഛാധിപതികളായ പുരോഹിതന്മാരുടെ സ്ഥാനത്താണ് അവര്‍ ഇസ്ലാമിക ഖിലാഫതിനെ പ്രതിഷ്ഠിച്ചത്.
പണ്ട് മുതല്‍ ഇസ്ലാം സ്വീകരിച്ചതിന് ശേഷവും മുസ്ലിം ബുദ്ധിയില്‍ ഗ്രീക്ക് തത്വചിന്തയാണ് നിലനില്‍ക്കുന്നതെന്ന് അവര്‍ നിരീക്ഷിച്ചു. കാരണം ഖുര്‍ആന്‍ അവരുടെ അഭിപ്രായത്തില്‍ പുതിയ നിയമത്തിന് തുല്യമാണ്. ഇസ്ലാമാവട്ടെ ക്രൈസ്തവതയുടെ മറ്റൊരു പതിപ്പും! മുഹമ്മദ് മുന്‍കഴിഞ്ഞ് പോയ പ്രവാചകന്മാര്‍ക്ക് തുല്യവും. അദ്ദേഹത്തിന് രാഷ്ട്രവുമായോ, രാഷ്ട്രീയവുമായോ, സാമൂഹിക നിര്‍മാണവുമായോ യാതൊരു ബന്ധവുമില്ല!!
ഇവരുടെ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും പടിഞ്ഞാറന്‍ ബൗദ്ധിക ഫാക്ടറികളാല്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ പൗരസ്ത്യ ബുദ്ധി യൂറോപ്യന്‍ ധിഷണയെപ്പോലെ തന്നെ അടിസ്ഥാനപരമായി മൂന്ന് ഘടകങ്ങളിലേക്കാണ് ചെന്നുചേരുന്നത്.
1- ഗ്രീക്ക് നാഗരികതയും അതിലുള്‍ചേര്‍ന്ന സാഹിത്യ-തത്വശാസ്ത്ര-കലാപര സംഭാവനകളും.
2- റോമന്‍ നാഗരികതയും അതിലെ രാഷ്ട്രീയവും കര്‍മശാസ്ത്രവും.
3- ക്രൈസ്തവതയും അതിലെ നന്മയിലേക്കും സല്‍ക്കര്‍മങ്ങളിലേക്കുമുള്ള ക്ഷണവും.
പുതിയ നിയമം യൂറോപ്യന്‍ ധിഷണയെ ഗ്രീക്ക് മുഖത്തില്‍ നിന്ന് മാറ്റിയെടുത്തില്ലെന്ന പോലെ, വിശുദ്ധ ഖുര്‍ആന്‍ പൗരസ്ത്യ ധിഷണയെയും ഗ്രീക്ക് സ്വാധീനത്തില്‍ നിന്ന് മുക്തമാക്കിയിട്ടില്ല. പുതിയ നിയമത്തിന്റെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് എന്നതിനാലാണിത്! അറബ് നാഗരികതയും ഫ്രഞ്ച് നാഗരികതയും ഒരൊറ്റ അടിസ്ഥാനത്തിന്മേലാണ് നിലകൊള്ളുന്നത്. ലാറ്റിന്‍-ഗ്രീക്ക് നാഗരികതയുടെ പ്രതിനിധാനങ്ങളാണ് അവയെന്നര്‍ത്ഥം.
ഇവരുടെ വീക്ഷണങ്ങളെ പടിഞ്ഞാറന്‍ ചിന്താരീതി വികൃതമാക്കുകയും, അവരുടെ ബോധമനസ്സിനെ തന്നെ മാറ്റിയെഴുതുകയും ചെയ്തുവെന്നതാണ് വസ്തുത. അതിനാലാണ് ഇസ്ലാമില്‍ അവര്‍ ക്രൈസ്തവതയെയും, ഖിലാഫത്തില്‍ പൗരോഹിത്യ ചൂഷണത്തെയും, ഖുര്‍ആനില്‍ ഇഞ്ചീലിനെയും, ശരീഅതില്‍ റോമന്‍ നിയമത്തെയും കണ്ടത്. അതിനാല്‍ തന്നെ പടിഞ്ഞാറ് മുന്നോട്ട് വെച്ച ‘സെക്യുലര്‍ പരിഹാരം’ മാത്രമാണ് നമ്മുടെ ഉത്ഥാനത്തിനുള്ള മാര്‍ഗമെന്ന് അവര്‍ കണ്ടെത്തുകയും, യൂറോപ്പിന്റെ മുന്നേറ്റത്തിന് അതാണ് നിമിത്തമായതെന്ന് തെളിവായുദ്ധിരിക്കുകയും ചെയ്തു.

About dr muhammad imara

Check Also

maxresdefault

കമ്യൂണിസത്തിന് കാലിടറിയതെവിടെ? -1

നവ സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യന്റെ തന്നെ ഭൗതികമോഹവും ആര്‍ത്തിയുമാണെന്നും, അതിനെ മറികടക്കാനാവുന്ന പക്ഷം ഉന്നതമായ …

Leave a Reply

Your email address will not be published. Required fields are marked *