6

ശത്രുതയില്‍ നിന്ന് സൗഹാര്‍ദത്തിലേക്ക് -2

യഹൂദ ജനതയ്ക്ക് രാഷ്ട്രീയമായ സ്വത്വം വകവെച്ച് കൊടുക്കണമെന്നും, ലോകത്തെ മറ്റേതൊരു വിഭാഗത്തെയും പോലെ രാഷ്ട്രീയ ഘടന രൂപീകരിക്കാനുള്ള അവകാശം അവര്‍ക്കും നല്‍കണമെന്നും

ആവശ്യപ്പെട്ട് 1973-ല്‍ ഫ്രഞ്ച് കാത്തോലിക് പുരോഹിത സഭ പ്രത്യേകമായ പ്രമേയം പാസ്സാക്കി. പ്രമേയത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു (ചരിത്രത്തിലുടനീളം നിരന്തരം ഉയര്‍ച്ചയും താഴ്ചയും അഭിമുഖീകരിച്ച ജൂതജനതയ്ക്ക് മറ്റ് സമൂഹങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ഇടം നല്‍കുന്നതിനെ നിരാകരിക്കാന്‍ ലോകമനസാക്ഷിക്ക് സാധിക്കുകയില്ല).
മുസ്ലിം-ക്രൈസ്തവ ചര്‍ച്ചയുടെ ഭാഗമായുള്ള നിര്‍ദേശങ്ങളില്‍ 20, 21 ഖണ്ഡികള്‍ അംഗീകരിക്കുന്നതില്‍ നിന്ന് 1976-ല്‍ വത്തിക്കാന്‍ പിന്മാറി. ലിബിയയിലെ ട്രിപ്പോളിയില്‍ നടന്ന സംവാദത്തില്‍ ക്രൈസ്തവ പ്രതിനിധികള്‍ അംഗീകരിച്ച് ഒപ്പ് വെച്ചവയായിരുന്നു അവ.
ഇരുപതാം ഖണ്ഡികയിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു (ഇരുമതവിഭാഗങ്ങളും ദൈവിക മതങ്ങളെ ആദരവോട് കൂടി സമീപിക്കേണ്ടതുണ്ട്. ഈയടിസ്ഥാനത്തില്‍ ഈ രണ്ട് മതങ്ങളും -ഇസ്ലാമും ക്രൈസ്തവതയും- യഹൂദമതത്തിനും സയണിസത്തിനുമിടയില്‍ വേര്‍തിരിവ് കല്‍പിക്കുന്നു. ഫലസ്തീനിനോടും, പൗരസ്ത്യ ദേശങ്ങളോട് പൊതുവായും ശത്രുത പ്രഖ്യാപിച്ച വര്‍ഗീയ പ്രസ്ഥാനമാണ് സയണിസം എന്നതിനാലാണത്).
ഇരുപത്തിയൊന്നാം ഖണ്ഡിക ഇപ്രകാരമായിരുന്നു (സത്യവും നീതിയും മുറുകെ പിടിക്കുക, സമാധാനത്തിന് മുന്‍കൈയ്യെടുക്കുക, സ്വന്തം ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശം ഓരോ ജനതക്കും അംഗീകരിച്ച് കൊടുക്കുക തുടങ്ങിയവ ഇരു മതങ്ങളും ഉറപ്പ് വരുത്തേണ്ട അവകാശങ്ങളാണ്. ഫലസ്തീന്‍ ജനതയുടെ പൗരാവകാശവും, പിറന്ന നാട്ടിലേക്ക് തിരിച്ച് പോവാനുള്ള അര്‍ഹതയും അംഗീകരിക്കുകയും ചെയ്യുകയെന്നത് ഇതിന്റെ അനിവാര്യ തേട്ടമാണ്. ഖുദ്‌സിന്റെ ‘അറബിത്വം’ ഉറപ്പ് വരുത്തുകയും, ജൂതവല്‍ക്കരണ പദ്ധതികളും, വിഭജനശ്രമങ്ങളും നിരസിക്കുകയും ചെയ്യേണ്ടതുണ്ട്. പവിത്രദേശങ്ങള്‍ക്ക് നേരെയുള്ള എല്ലാ വിധ കയ്യേറ്റങ്ങളും അപലപിക്കേണ്ടിയിരിക്കുന്നു. അധിനിവിഷ്ട ഫലസ്തീനിലെ ബന്ദികളെ മോചിപ്പിക്കണമെന്ന് ഇരുവിഭാഗവും ആവശ്യപ്പെടുന്നു. വിശിഷ്യാ അവിടങ്ങളിലുള്ള ക്രൈസ്തവ-മുസ്ലിം പണ്ഡിതരെയും മതനേതാക്കളെയും. അധിനിവേശം ചെയ്യപ്പെട്ട എല്ലാ പ്രദേശങ്ങളും മോചിപ്പിക്കാനും ഇരുമതങ്ങളും ആവശ്യപ്പെടേണ്ടതുണ്ട്. മുസ്ലിം-ക്രൈസ്തവ പവിത്ര പ്രദേശങ്ങള്‍ പരസ്പരം വേര്‍തിരിക്കാനുള്ള ശ്രമം നടത്താന്‍ പ്രത്യേക സഭ രൂപീകരിക്കാന്‍ ഇരുമതങ്ങളും ശ്രമിക്കുകയും അവ ലോകസമൂഹത്തിന്റെ പൊതുഅഭിപ്രായത്തിന് സമര്‍പിക്കുകയും ചെയ്യുക).
എന്നാല്‍ ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി സയണിസ്റ്റ് അസ്തിത്വം അംഗീകരിച്ച് വത്തിക്കാന്‍ രംഗത്ത് വന്നു. മേല്‍പറഞ്ഞ നിയമങ്ങളൊന്ന് പോലും അവര്‍ നടപ്പാക്കാന്‍ തയ്യാറായില്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും ഖുദ്‌സില്‍ ആരാധനകള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു വത്തിക്കാന്‍ ശ്രമിച്ചത്. മേല്‍കരാറിന് വിരുദ്ധമായി ഇസ്രയേല്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും അതിന്റെ രാഷ്ട്രീയ നേതൃത്വവുമായും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ രാഷ്ട്രീയനേതാക്കളുമായി വത്തിക്കാന്‍ പോപ്പുമാര്‍ നിരവധി തവണ സന്ധിച്ചു. മുന്‍ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡാ മേയര്‍ 1973-ല്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുകയും അന്നത്തെ പോപ്പ് പോള്‍ ആറാമനുമായി കൂടിക്കാഴ്ച നടത്തിയതും ഇതിന് ഉദാഹരണമാണ്.
1967-ലെ ഹസീറാന്‍ യുദ്ധത്തിന് ശേഷം ഇടക്കിടെ ജൂത-കാത്തോലിക് കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കാന്‍ ഇസ്രയേലിന് സാധിച്ചു. കാത്തോലിക് ക്രൈസ്തവരുടെ മുഖ്യപരിഗണനയായി ഖുദ്‌സ് മാറുകയും അതേതുടര്‍ന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം ഉന്നയിച്ച് അടിസ്ഥാനവിഷയത്തില്‍ നിന്ന് ജനങ്ങളെ അകറ്റുകയും ചെയ്തു.
അന്ന് മുതല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഇസ്രയേലിന് അനുകൂലമായ സമീപനമാണ് കാത്തോലിക് ചര്‍ച്ച് സ്വീകരിച്ച് വന്നത്. പത്രപ്രവര്‍ത്തനത്തിലും, പ്രഭാഷണങ്ങളിലും, നേതാക്കന്മാരുടെ പ്രസ്താവനകളിലും സമ്മേളനങ്ങളിലുമെല്ലാം ഈ പുതിയ സമീപനം പ്രകടമായിരുന്നു. സയണിസ്റ്റ് വീക്ഷണങ്ങളെ പിന്തുണക്കുന്ന അമേരിക്കന്‍ രാഷ്ട്രീയ നയം ഇതിന് സഹായകമാവുകയുണ്ടായി.
പുരോഹിതന്‍ ഓസ്‌ത്രേഷര്‍ നടത്തിയ പ്രസ്താവന സയണിസത്തോടുള്ള കാത്തോലിക് കൂറ് പരസ്യമായി പ്രഖ്യാപിച്ച പരാമര്‍ശങ്ങളിലൊന്നായിരുന്നു. ഖുദ്‌സ് യഹൂദപട്ടണമാണെന്നും, ക്രൈസ്തവര്‍ സയണിസത്തിന്റെ ദൈവികാടിത്തറ അംഗീകരിക്കണമെന്നും ഇസ്രയേല്‍ ദൈവേഛയുടെ ഭാഗമാണെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്!!

About mahmood bin ahmad raheeli

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *