ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ നിഷിദ്ധമാണ് എന്ന് തന്നെയാണ് ഭൂരിപക്ഷ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. പുരുഷന്റെ പ്രകൃതം പൗരുഷവും, കാഠിന്യവും നിറഞ്ഞതാണെന്നും, അതിനാല്‍ തന്നെ ശാരീരിക-മാനസിക ദൗര്‍ബല്യങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ അകന്ന് നില്‍ക്കണമെന്നുമാണ് ഇസ്ലാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല, പട്ടും സ്വര്‍ണവും ആവശ്യത്തിലധികം ഉപയോഗിക്കപ്പെടുന്നത് ഇസ്ലാം യുദ്ധം പ്രഖ്യാപിച്ച ആഢംബരത്തിനും, സുഖലോലുപതക്കും എതിരാണെന്നും, അത്തരം പ്രകടനങ്ങള്‍ സാമൂഹികാതിക്രമങ്ങളുടെ അടയാളമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജീവിതവുമായുള്ള പോരാട്ടത്തില്‍ ചെറുത്ത് നില്‍ക്കാനും വിജയം വരിക്കാനും പുരുഷനെ ഒരുക്കുകയും തയ്യാറാക്കുകയുമാണ് ഇതുവഴി ഇസ്ലാം ചെയ്യുന്നത്. പട്ടുവസ്ത്രങ്ങള്‍ ധരിക്കുന്നതും, സ്വര്‍ണാഭരണം അണിയുന്നതും ആഢംബരത്തിന്റെ പ്രതിനിധാനമായതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍ ഇസ്ലാം അവ നിഷിദ്ധമാക്കിയിരിക്കുന്നു. എന്നാല്‍ സ്ത്രീയുടെ പ്രകൃതവും അവള്‍ സൃഷ്ടിക്കപ്പെട്ട അലങ്കാരത്തോട് പ്രിയം പുലര്‍ത്തുന്ന സമീപനവും പരിഗണിച്ച് ഇസ്ലാം അവ അവള്‍ക്ക് അനുവദിച്ച് നല്‍കിയിരിക്കുന്നു.
ഇസ്ലാം ഇവ പുരുഷന്മാര്‍ക്ക് മേല്‍ നിഷിദ്ധമാക്കിയിട്ടുണ്ടെങ്കില്‍ പോലും ആരോഗ്യപരമായ വല്ല അനിവാര്യത കാരണം പട്ട് ധരിക്കേണ്ട സാഹചര്യം കടന്നുവന്നാല്‍ അവര്‍ക്കത് ഉപയോഗിക്കാവുന്നതാണ്. സാധാരണ വസ്ത്രം ധരിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടിരുന്ന അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്, സുബൈര്‍ ബിന്‍ അവാം(റ) തുടങ്ങിയവര്‍ക്ക് അവരുടെ പരാതിയെ തുടര്‍ന്ന് തിരുമേനി(സ) പട്ട് ധരിക്കാന്‍ പ്രത്യേക അനുവാദം നല്‍കിയിരുന്നതായി നൈലുല്‍ ഔതാറില്‍ ഇമാം ശൗകാനി ഉദ്ധരിച്ചിട്ടുണ്ട്.
പട്ട് ധരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന പ്രവാചക വചനങ്ങള്‍ നിഷിദ്ധത്തെയല്ല, അനഭികാമ്യത്തെയാണ് കുറിക്കുന്നത് എന്നാണ് ഇമാം ശൗകാനി നിരീക്ഷിക്കുന്നത്. നിഷിദ്ധത്തേക്കാള്‍ അല്‍പം താഴെയുള്ള സ്ഥാനമാണ് കറാഹത് അഥവാ അഭികാമ്യമല്ലാത്തത്. കാരണം അനസ്, ബര്‍റാഅ് ബിന്‍ ആസിബ്(റ) തുടങ്ങിയവര്‍ ഉള്‍പെടെ ഏകദേശം ഇരുപതിലധികം സ്വഹാബാക്കള്‍ പട്ട് ധരിക്കാറുണ്ടായിരുന്നു എന്നത് ശൗകാനിയുടെ അഭിപ്രായത്തെ ബലപ്പെടുത്തുന്ന കാര്യമാണ്. അല്ലാഹുവോ, അവന്റെ ദൂതനോ വിലക്കിയ/ നിഷിദ്ധമാക്കിയ കാര്യം സ്വഹാബാക്കള്‍ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. മാത്രവുമല്ല, ഇവ നിഷിദ്ധമാണെങ്കില്‍, അതറിയാവുന്ന മറ്റ് സ്വഹാബാക്കള്‍ പ്രസ്തുത നടപടിയെ വിലക്കുകയോ, തടയുകയോ ചെയ്തില്ല എന്നതും ബുദ്ധിക്ക് നിരക്കുന്നതല്ല.
എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമാണ് മോതിരം പോലുള്ള സ്വര്‍ണാഭരണങ്ങള്‍ അണിയുന്നത്. ഇത് പുരുഷന്മാര്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ വിലക്കപ്പെട്ടതാണന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ സ്വര്‍ണ മോതിരം അണിയുന്നത് കറാഹത് ആണെന്ന് അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരുമുണ്ട്. സഅ്ദ് ബിന്‍ അബീവഖാസ്വ്, ത്വല്‍ഹത് ബിന്‍ ഉബൈദില്ലാഹ്, സുഹൈബ്, ഹുദൈഫ, ജാബിര്‍ ബിന്‍ സമുറഃ, ബര്‍റാഅ് ബിന്‍ ആസിബ്(റ) തുടങ്ങിയ സ്വഹാബാക്കള്‍ സ്വര്‍ണ മോതിരം ധരിച്ചിരുന്നുവെന്നതാണ് അവരുടെ തെളിവ്.

About ali jumua

Check Also

8c65eakei

നമസ്‌കാരത്തില്‍ കുരിശാരാധനയോ? -2

അല്ലാഹു പൂര്‍ത്തീകരിച്ച ഇസ്ലാമിക ദര്‍ശനത്തിന് മറ്റൊരു മതത്തിന്റെ -വിശിഷ്യാ വികലമാക്കപ്പെട്ട മതദര്‍ശനങ്ങളില്‍ നിന്ന് – ആരാധനയോ, ആചാരമോ കടമെടുക്കേണ്ട ആവശ്യമില്ല. …

Leave a Reply

Your email address will not be published. Required fields are marked *