zzz595

പ്രവാചകത്വത്തിന്റെ ഉറവിടം -3

ഉമയ്യത് ബിന്‍ അബിസ്സ്വലതില്‍ നിന്നാണ് തിരുമേനി(സ) ഖുര്‍ആന്‍ പഠിച്ചതെന്ന വാദം നിരര്‍ത്ഥകമാണ്. പ്രവാചകത്വം ആഗ്രഹിച്ച്, മനസ്സില്‍ താലോലിച്ച് നടന്നിരുന്ന അയാള്‍ -സത്യനിഷേധിയായിരിക്കെ തന്നെ- ഒരിക്കല്‍ പോലും അത്തരമൊരു ആരോപണം പ്രവാചകനെതിരില്‍ ഉന്നയിച്ചിരുന്നില്ല.
മക്കയില്‍ നിന്ന് തിരുമേനി(സ) യുടെ ഖുര്‍ആന്‍ പാരായണം ശ്രവിച്ചതിന് ശേഷം ഖുറൈശികളോട് ‘ഇയാള്‍ സന്മാര്‍ഗത്തിലാണ്’ എന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തിയാണ് ഈ ഉമയ്യത് ബിന്‍ അബിസ്സ്വലത്. അതേസമയം ഇതേക്കുറിച്ച് എനിക്ക് കുറേക്കൂടി പഠിക്കാനും ആലോചിക്കാനുമുണ്ടെന്ന് പറഞ്ഞ് ഇസ്ലാം സ്വീകരിക്കാതെ മാറി നില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന് ശേഷമാണ് ബദ്‌റ് സംഭവിക്കുകയും അയാളുടെ ചില അടുത്ത ബന്ധുക്കള്‍ പ്രസ്തുത യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തത്. വിവരമറിഞ്ഞ അയാള്‍ കോപം കൊണ്ട് ജ്വലിക്കുകയും, ഇസ്ലാമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. അതുവരെ ഇസ്ലാം സ്വീകരിക്കാന്‍ ഉദ്ദേശിച്ചിരുന്ന അയാള്‍ മുശ്‌രിക്കുകളില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ പേരില്‍ പൊട്ടിക്കരഞ്ഞു. എന്നിരിക്കെ ഇത്തരമൊരു വ്യക്തി ഉന്നയിക്കുന്ന ആരോപണം ആധികാരികമെന്ന് ആര്‍ക്കാണ് അവകാശപ്പെടാന്‍ സാധിക്കുക? ബദ്‌റില്‍ കൊല്ലപ്പെട്ടവരുടെ പേരില്‍ അദ്ദേഹം തയ്യാറാക്കിയ വിലാപ കാവ്യം മാത്രം മതി ഇസ്ലാമിനെതിരില്‍ ഇറങ്ങിത്തിരിക്കാനും, മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തില്‍ സംശയം ജനിപ്പിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍. പ്രഗല്‍ഭനായ കവിയും, പ്രഭാഷകനും, പ്രശസ്തനായ സാഹിത്യകാരനുമായിരുന്ന അദ്ദേഹം ഒരിക്കല്‍ പോലും മുഹമ്മദ് തന്നില്‍ നിന്ന് പഠിച്ചുവെന്ന് അവകാശപ്പെട്ടിട്ടില്ല. എന്നിരിക്കെ മറ്റൊരു വിഭാഗം അത്തരമൊരു വാദവുമായി രംഗത്ത് വരുന്നതിന് പിന്നിലെ ചേതോവിഹാരമെന്താണ്?
പ്രവാചകനോട് അങ്ങേയറ്റം വിദ്വേഷമുള്ള വ്യക്തിയായിരുന്നു ഉമയ്യത്. ഡോ. മുഹമ്മദ് അബൂശുഹ്ബഃ തന്റെ ‘പ്രവാചക ചരിത്രം’ എന്ന കൃതിയില്‍ ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ് (തിരുമേനി(സ) നിയോഗിക്കപ്പെട്ടപ്പോള്‍ ഉമയ്യതിന് അദ്ദേഹത്തോട അസൂയ തോന്നി. അദ്ദേഹം പറഞ്ഞു ‘ഈ മാര്‍ഗം ശരിയാണ്, പക്ഷെ, മുഹമ്മദിന്റെ കാര്യത്തില്‍ എനിക്ക് അല്‍പം സംശയമുണ്ട്’. താങ്കള്‍ അദ്ദേഹത്തെ പിന്‍പറ്റുന്നില്ലേ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘ഥഖീഫിലെ സ്ത്രീകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ള ലജ്ജയാണ് എന്നെ അതില്‍ നിന്ന് തടയുന്നത്. പ്രസ്തുത പ്രവാചകന്‍ ഞാനായിരിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ശേഷം ബനൂ അബ്ദുമനാഫില്‍ നിന്നുള്ള ഒരു പയ്യനെ ഞാന്‍ എങ്ങനെയാണ് പിന്തുടരുക?’).
ഉമയ്യതിന്റെ സഹോദരി അദ്ദേഹത്തിന്റെ ചില കവിതകള്‍ പ്രവാചക സന്നിധിയില്‍ കേള്‍പിച്ചപ്പോള്‍ അവിടുന്ന് അരുളിയത് ഇപ്രകാരമാണ് ‘അദ്ദേഹത്തിന്റെ ഹൃദയം ഇസ്ലാം നിഷേധിച്ചുവെങ്കിലും, കവിത ഇസ്ലാം സ്വീകരിച്ചിരിക്കുന്നു’.
ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത് പോലെ ഉമയ്യഃതിന്റെ കവിതയില്‍ നിന്ന് കടമെടുത്ത് രൂപപ്പെടുത്തിയാണ് മുഹമ്മദി(സ)ന്റെ ഖുര്‍ആനെങ്കില്‍ അതേക്കുറിച്ച് ഏറ്റവും അറിവുണ്ടാവുക മക്കയിലെ ബഹുദൈവ വിശ്വാസികള്‍ക്ക് തന്നെയാണ്. അവരാരും അത്തരമൊരു ആരോപണം ഉന്നയിച്ച് പ്രവാചകനെ വഴിയില്‍ തടഞ്ഞതായി ചരിത്രത്തില്‍ എവിടെയും കുറിക്കപ്പെട്ടിട്ടില്ല.
അതിനാല്‍ തന്നെ പ്രവാചകത്വ-ഖിലാഫത് കാലഘട്ടങ്ങള്‍ക്ക് ശേഷം ഇസ്ലാമിന്റെ ശത്രുക്കള്‍ കെട്ടിയുണ്ടാക്കിയ കേവലം ആരോപണം മാത്രമാണിതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
ഡോ. മുഹമ്മദ് ദസൂഖി തന്റെ ‘അല്‍ഫിക്‌റുല്‍ ഇസ്തിശ്‌റാഖി’ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു (ഈ വാദത്തിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലെന്നത് തന്നെ അതിന്റെ പൊള്ളത്തരത്തെ കുറിക്കുന്നു. ഉമയ്യതിന്റെ കവിതയുടെ എന്ത് സ്വാധീനമാണ് വിശുദ്ധ ഖുര്‍ആനില്‍ കാണാന്‍ സാധിക്കുന്നത്?)

About dr. ibrahim ivadh

Check Also

zzztwalakku6

സ്ത്രീ വിരുദ്ധനായ പ്രവാചകനോ? -2

ആദമിനെയും, ഇണയെയും സൃഷ്ടിച്ച്, അവരെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയില്‍ മനുഷ്യര്‍ ധാരാളമായി പെരുകി. അവര്‍ …

Leave a Reply

Your email address will not be published. Required fields are marked *