സൂര്യോദയവേളയിലെ നമസ്‌കാരം

മുഹമ്മദ്(സ) പ്രവാചകന്‍ കൊണ്ട് വന്ന ആരാധനകള്‍ മക്കയിലെ ഗ്രാമീണ ആചാരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇസ്ലാം വിരുദ്ധര്‍ ആരോപിക്കുന്നു. സൂര്യോദയവേളയിലെ നമസ്‌കാരം ഇസ്ലാം നിരോധിച്ചുവെന്നത് ആരോപകര്‍ തെളിവായെടുക്കുന്നു.

തീര്‍ത്തും പിന്നാക്കമായ സമൂഹത്തില്‍ വളര്‍ന്നതുകൊണ്ടാണ് മുഹമ്മദ്(സ) പ്രസ്തുത നിയമം നടപ്പാക്കിയതെന്നും, പ്രഭാതത്തില്‍ അദ്ധ്വാനിക്കുന്നതിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നുവെന്നും ഇവര്‍ വാദിക്കുന്നു.
പ്രവാചകന്‍ തിരുമേനി(സ)യുടെയും അനുചരന്മാരുടെയും ജീവിതത്തെക്കുറിച്ച് അല്‍പം ധാരണയുള്ള ഒരാള്‍ക്കും ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ സാധിക്കുകയില്ല. പ്രഭാതത്തില്‍ അതിരാവിലെ തന്നെ സുബ്ഹ് നമസ്‌കാരത്തിന് ഉണരുകയും പിന്നീട് സൂര്യന്‍ ഉദിക്കുന്നത് വരെ പള്ളിയിലിരിക്കുകയും പിന്നീട് ഉപജീവനമാര്‍ഗം തേടിപ്പോവുകയും ചെയ്യുന്ന പതിവാണ് തിരുമേനിയും മുസ്ലിംകളും ലോകത്തിന് കാണിച്ചുകൊടുത്തിട്ടുള്ളത്. മുസ്ലിംകളുടെ ജീവിതം നിരീക്ഷിക്കുന്നവര്‍ക്ക് പൂര്‍ണമായും അദ്ധ്വാനത്തിലും കര്‍മത്തിലും അധിഷ്ഠിതമാണ് അതെന്ന് ബോധ്യപ്പെടുന്നതാണ്. വളരെ നേരത്തെ തന്നെ അദ്ധ്വാനത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങുകയും അദ്ധ്വാനത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത ദര്‍ശനമാണ് ഇസ്ലാം. അദ്ധ്വാനിക്കാതെ മടിപിടിച്ച് വീട്ടിലിരിക്കുന്നവര്‍ ഇസ്ലാമിലില്ല. കാരണം ഇസ്ലാമിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമാണ് അത്.
തിരുമേനി(സ) അതിരാവിലെ ഉണര്‍ന്നിരുന്നുവെന്നും, സൂര്യോദയം വരെ പ്രാര്‍ത്ഥനകളില്‍ ചെലവഴിക്കാറുണ്ടായിരുന്നുവെന്നും കുറിക്കുന്ന ഹദീഥുകള്‍ എണ്ണമറ്റതാണ്. ജാബിര്‍ ബിന്‍ സമുറഃ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥ് ഇവിടെ ഉദ്ധരിക്കാം (തിരുമേനി(സ) സുബ്ഹ് നമസ്‌കരിച്ചാല്‍ സൂര്യനുദിക്കുന്നത് വരെ അല്ലാഹുവിനെ സ്മരിച്ച് പള്ളിയിരിക്കുമായിരുന്നു). പ്രഭാത നമസ്‌കാരത്തിന് ശേഷം കിടന്നുറങ്ങുന്ന പ്രകൃതമായിരുന്നില്ല തിരുമേനി(സ)യുടേത് എന്ന് ഇവിടെ വ്യക്തമായിരിക്കുന്നു. എന്നല്ല, ഗ്രാമീണരെന്നോ, പട്ടണവാസികളെന്നോ ഭേദമില്ലാതെ മിക്കയാളുകളും കിടന്നുറങ്ങുന്ന വേളയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുന്നവനായിരുന്നു അദ്ദേഹം.
കൂടുതല്‍ കിടന്നുറങ്ങുന്ന പ്രകൃതമായിരുന്നില്ല തിരുമേനി(സ)യുടേത്. കുറച്ച് മാത്രം ഉറങ്ങി, കൂടുതല്‍ അദ്ധ്വാനിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. തന്റെ ഇരുകാലുകളിലും നീര്‍കെട്ടുവോളം അദ്ദേഹം രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുകയുണ്ടായെന്ന് ഹദീഥുകള്‍ നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ തന്നെ വീട്ടില്‍ സുഖമായി കിടന്നുറങ്ങുന്നതിന് വേണ്ടിയാണ് സൂര്യോദയവേളയിലെ നമസ്‌കാരം നിരോധിച്ചതെന്ന ആരോപണത്തിന് യാതൊരു ചരിത്രപരമായ അടിത്തറയുമില്ല.
വെളുപ്പിന് നേരത്തെ അദ്ധ്വാനിക്കുന്നതാണ് ഗുണകരമെന്ന സന്ദേശം ലോകത്തിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് നാം ഇവരോട് ചോദിക്കാനാഗ്രഹിക്കുന്നു. സാക്ഷാല്‍ പ്രവാചകന്‍ മുഹമ്മദ്(സ) തന്നെയാണ് ഇക്കാര്യമവര്‍ക്ക് പകര്‍ന്ന് നല്‍കിയത്. (എന്റെ സമൂഹം അതിന്റെ പ്രഭാതത്തില്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു) എന്നാണ് തിരുമേനി(സ) പ്രഖ്യാപിച്ചത്. പ്രസ്തുത പ്രവാചക വചനം വിശദീകരിച്ച് കൊണ്ട് പ്രശസ്ത ഹദീഥ് പണ്ഡിതനായ ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നു (ഇവിടെ അനുഗ്രം പ്രഭാതത്തിന് മാത്രം സവിശേഷമാക്കാന്‍ കാരണം പ്രസ്തുത നേരത്തെ ഉന്മേഷം കാരണമാണ്).
മാത്രമല്ല, പ്രസ്തുത സമയം അദ്ധ്വാനിക്കുന്നതില്‍ നിന്നും തിരുമേനി(സ) അനുചരന്മാരെ വിലക്കിയിട്ടുമില്ല. തിരുമേനി(സ) അനുചരന്മാരെ നമസ്‌കരിക്കുന്നതില്‍ നിന്ന് മാത്രമാണ് ആ സമയത്ത് വിലക്കിയിരിക്കുന്നത്. മറ്റെന്ത് കര്‍മം നിര്‍വഹിക്കാനും അദ്ദേഹം വിശ്വാസികള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നു. പ്രസ്തുത കല്‍പനയാവട്ടെ തീര്‍ത്തും മതപരമാണ്, ഭൗതികാദ്ധ്വാനവുമായി അതിന് യാതൊരു ബന്ധവുമില്ല.
അദ്ധ്വാനത്തിന് അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന മാതൃകാസമൂഹമാണ് മുസ്ലിം ഉമ്മത്ത്. ഒരു മനുഷ്യന്‍ ഭക്ഷിക്കുന്നതില്‍ വെച്ചേറ്റവും ഉത്തമമായത് സ്വകരം കൊണ്ട് അദ്ധ്വാനിച്ച് നേടിയെടുത്തതാണെന്ന് തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു.
നമസ്‌കാരവും മറ്റു ആരാധനകളും തീര്‍ത്തും ദൈവികമായ ഉറവിടത്തില്‍ നിന്നുള്ളതാണ്. അല്ലാഹുവാണ് അവയുടെ രൂപവും സമയവും രീതിയുമെല്ലാം നിശ്ചയിക്കുന്നത്. അവയില്‍ മാറ്റം വരുത്താന്‍ സൃഷ്ടികളിലാര്‍ക്കും അനുവാദമില്ല തന്നെ. ഇപ്രകാരം അല്ലാഹു മുഹമ്മദ്(സ) മുഖേനെ നിശ്ചയിച്ചു തന്ന സമയങ്ങളിലാണ് വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിക്കുന്നത്. ചില പ്രത്യേക സമയങ്ങളില്‍ നമസ്‌കരിക്കരുതെന്ന കല്‍പനയും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. സൂര്യാധകരായ ബഹുദൈവവിശ്വാസികളോട് എതിര് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണിത്. കാരണം ബഹുദൈവ വിശ്വാസികള്‍ സൂര്യന് മുന്നില്‍ സുജൂദ് ചെയ്യുന്ന വേളയില്‍ വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് അവരുടെ സാങ്കല്‍പിക ദൈവങ്ങള്‍ക്കുള്ള പ്രണാമമായി അവര്‍ ദുര്‍വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ട് എന്നത് തന്നെ. ശിര്‍ക്ക് എന്നത് അല്ലാഹു ഏറ്റവും വെറുക്കുന്ന പാപമായിരിക്കെ അതിനോട് സദൃശ്യമായ ഒരു രീതിയും സ്വീകരിക്കാന്‍ പാടുള്ളതല്ല എന്നതാണ് ഇസ്ലാമിന്റെ കല്‍പന. പ്രസ്തുത സമയത്തിലെ പ്രണാമം ക്രമേണെ സൂര്യന് തന്നെയുള്ള പ്രണാമത്തിലേക്ക് വിശ്വാസികളെ വഴിതെറ്റിച്ചേക്കാം എന്നുള്ളത് കൊണ്ടാണിത്.

 

About dr. ibrahim ivadh

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *