Bheaven

സ്വര്‍ഗത്തിന്റെ മുഖവും ഭൗതികമോ?

ഇസ്ലാമിന്റെ മുഖം വികൃതമാക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്ലാമിക വിശ്വാസങ്ങളിലും, നിയമസംഹിതയിലും സംശയം ജനിപ്പിക്കുകയെന്നതാണ് ശത്രുക്കളുടെ രീതി. എന്നാല്‍ ഇസ്ലാമിന്റെ

സംരക്ഷണവും, നിലനില്‍പും പ്രപഞ്ചനാഥനായ അല്ലാഹു സ്വയം ഏറ്റെടുത്തതിനാല്‍ തന്നെ പ്രസ്തുത കുതന്ത്രങ്ങളെല്ലാം മുനയൊടിഞ്ഞ് പോവുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ സുപ്രധാനമാണ് മുസ്ലിംകള്‍ വിഭാവന ചെയ്യുന്ന സ്വര്‍ഗം ഭൗതികവികാരങ്ങളുടെ അഴിഞ്ഞാട്ടത്തിനുള്ള കേന്ദ്രമാണെന്നും, എന്നാല്‍ തങ്ങളുടെ സ്വര്‍ഗം ആത്മീയാരാമമാണെന്നുമുള്ള ക്രൈസ്തവരുടെ വാദം.

സ്വര്‍ഗവുമായി ബന്ധപ്പെട്ട ഇസ്ലാമിക പ്രമാണങ്ങളില്‍ ചിലത് പൂര്‍ണമായും അവഗണിക്കുകയും, മറ്റു ചില തെളിവുകള്‍ ഉദ്ധരിച്ച് ഇസ്ലാമിനെ വിമര്‍ശിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ സമ്പ്രദായം. സ്വര്‍ഗത്തില്‍ വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹം ദൈവത്തെ സ്വന്തം നയനങ്ങള്‍ കൊണ്ട് ദര്‍ശിക്കുകയെന്നതാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (അന്നേദിവസം ചില മുഖങ്ങള്‍ പ്രശോഭിതമായിരിക്കും. അവ തങ്ങളുടെ നാഥനെ നോക്കുന്നവയായിരിക്കും അവ). അല്‍ഖിയാമഃ

ഇതിന് വിപരീതമായി നരകവാസികള്‍ക്ക് നല്‍കപ്പെടുന്ന ഏറ്റവും കഠിനമായ ശിക്ഷ ദൈവത്തെ നേരിട്ട് കാണുന്നതില്‍ നിന്ന് അവര്‍ തടപ്പെടുന്നതാണെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു. (അങ്ങനെയല്ല, തീര്‍ച്ചയായും അവര്‍ അന്നേദിവസം തങ്ങളുടെ നാഥനില്‍ നിന്ന് തടയപ്പെടുന്നവരാണ്). അല്‍മുത്വഫ്ഫിഫീന്‍

ഇസ്ലാം മുന്നില്‍ വെക്കുന്ന സ്വര്‍ഗത്തിന് ഭൗതിക മുഖത്തേക്കാള്‍ ഭദ്രവും ഉന്നതവുമായ ആത്മീയവശം തന്നെയാണുള്ളത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സ്വര്‍ഗത്തില്‍ ഒരു മുസ്ലിമിന് ലഭിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹം ദൈവത്തെ ദര്‍ശിക്കുകയെന്നത് തന്നെയാണ്. ഈ അനുഗ്രഹത്തിന്റെ ഔന്നത്യത്തിന്റെ കാര്യത്തില്‍ ഒരു മുസ്ലിമിനും സന്ദേഹമുണ്ടാവുകയില്ല. കാരണം വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യമായി മുന്നില്‍വെക്കുന്നത് തന്നെ ദൈവത്തെ കണ്ടുമുട്ടുകയെന്ന സ്വപ്‌നമാണ്.

പ്രത്യേകമായ രൂപമില്ലാത്ത, സവിശേഷ സ്ഥലത്ത് പരിമിതമല്ലാത്ത, സൃഷ്ടികളിലാരോടും സദൃശ്യനല്ലാത്ത ദൈവത്തെ വിശ്വാസികള്‍ സ്വര്‍ഗത്തില്‍ വെച്ച് ദര്‍ശിക്കുന്നു. മാത്രവുമല്ല, പ്രസ്തുത ദര്‍ശനത്തില്‍ അവ്യക്തതയോ, സങ്കീര്‍ണതയോ ഉണ്ടായിരിക്കുകയില്ല തന്നെ. തിരുദൂതര്‍(സ) അരുള്‍ ചെയ്തിരിക്കുന്നത് ഇപ്രകാരമാണ് (നിങ്ങള്‍ അന്ത്യനാളില്‍ നിങ്ങളുടെ നാഥനെ പതിനാലാം രാവിലെ ചന്ദ്രനെപ്പോലെ ദര്‍ശിക്കുന്നതാണ്. അവനെ കാണുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു വിഷമവും ഉണ്ടായിരിക്കുന്നതല്ല). പതിനാലാം രാവില്‍ ചന്ദ്രനെക്കണ്ട ഒരാള്‍ക്ക് താന്‍ കാണുന്നത് ചന്ദ്രനെ തന്നെയാണോ എന്ന സംശയം അവശേഷിക്കുകയേയില്ല. അതുപോലെയാണ് വിശ്വാസി സ്വര്‍ഗത്തില്‍ അല്ലാഹുവിനെ ദര്‍ശിക്കുകയെന്ന് തിരുമേനി(സ) പ്രഖ്യാപിച്ചിരിക്കുന്നു.

എന്നാല്‍ സ്വര്‍ഗത്തെക്കുറിച്ച ക്രൈസ്തവ വീക്ഷണം ഇതില്‍ നിന്ന് ഭിന്നമാണ്. ഇഹലോകത്ത് നിഷിദ്ധമായ കാര്യങ്ങളൊക്കെയും സ്വര്‍ഗത്തില്‍ അനുവദനീയമായിരിക്കുമെന്നും, ഇഹലോകത്തെ ത്യാഗങ്ങള്‍ക്കും കര്‍മങ്ങള്‍ക്കുമുള്ള പ്രതിഫലമാണ് അവയെന്നും ക്രൈസ്തവത നിരീക്ഷിക്കുന്നു. എന്നാല്‍ വളരെ അബദ്ധജഢിലമായ നിലപാടാണിതെന്ന് ഇസ്ലാം അഭിപ്രായപ്പെടുന്നു. ഇഹലോകത്ത് വിവാഹം അനുവദിച്ച ഇസ്ലാം തന്നെയാണ്, പരലോകത്തും കുടുംബ ജീവിതം വരച്ച് കാണിക്കുന്നത്. സ്വര്‍ഗത്തിലെ തന്നെ ഫലങ്ങള്‍ സ്വര്‍ഗത്തിലുമുണ്ടാവുമെന്നും ഖുര്‍ആന്‍ വിവരിക്കുന്നു. പക്ഷെ ഇവ രണ്ടിനുമിടയില്‍ അനുഭവത്തിലും, സ്വാദിലും വ്യത്യാസമുണ്ടാവുമെന്നതാണ് ഇസ്ലാമിന്റെ വീക്ഷണം.

ക്രൈസ്തവതയിലെ സ്വര്‍ഗ സങ്കല്‍പം പൂര്‍ണാര്‍ത്ഥത്തില്‍ ആത്മീയമുഖത്തോട് കൂടിയുള്ളതാണ് എന്ന വാദവും നിരര്‍ത്ഥകമാണ്. സ്വര്‍ഗത്തിലെത്തിയാല്‍ വിശ്വാസികള്‍ക്ക് മദ്യം/ വീഞ്ഞ് ലഭിക്കുമെന്ന് ഈസാ വാഗ്ദാനം ചെയ്തതായി ബൈബിളില്‍ കാണാവുന്നതാണ്. ദൈവത്തിന്റെ പുതിയ സന്നിധിയില്‍ തന്റെ ശിഷ്യരോടൊപ്പം വീഞ്ഞ് കുടിക്കുമെന്ന് മസീഹ് തന്നെ വിവരിക്കുന്നു. (ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല). ലൂക്കായുടെ സുവിശേഷം 22:18

ക്രൈസ്തവര്‍ സമര്‍പിക്കുന്ന സ്വര്‍ഗത്തിന്റെ ഭൗതിക വശം സൂചിപ്പിക്കാന്‍ ഈ പരാമര്‍ശം തന്നെ ധാരാളമാണ്. മാത്രവുമല്ല, സ്വര്‍ഗത്തിലെ ആസ്വാദനങ്ങളെയും, മറ്റു നേട്ടങ്ങളെയും കുറിച്ച് മസീഹ് മറ്റ് പലയിടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. (വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും). മത്തായി 8:11

പ്രവാചകന്മാരുടെ സംഗമത്തെക്കുറിച്ചാണ് ഇവിടെ മത്തായി സൂചിപ്പിക്കുന്നത്. ഇവിടെയും സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ അനുഭവപരമാണെന്ന് വ്യക്തമാണ്. എന്നാല്‍ ഇസ്ലാം വിഭാവന ചെയ്ത സ്വര്‍ഗത്തില്‍ പ്രഥമസ്ഥാനം ആത്മീയാനുഭൂതിക്കാണ് നല്‍കപ്പെട്ടിരിക്കുന്നത്.

About abu kasim kabeesi

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *