ജിസ്‌യ: പൂര്‍വ ഭരണകൂടങ്ങളില്‍ -1

പേര്‍ഷ്യയിലെ സസാനിയന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക വ്യവസ്ഥ പലതരം നികുതികളെ അവലംബിച്ചായിരുന്നു നിലനിന്നിരുന്നത്. ഓരോ വ്യക്തിക്കും നിശ്ചിതമായ നികുതി നല്‍കേണ്ടിയിരുന്നുവെന്ന് മാത്രമല്ല, അയാളുടെ കൈവശമുള്ള ഭൂമിക്കും ഭരണകൂടം നികുതിയേര്‍പെടുത്തിയിരുന്നു.
ഭൂമിക്ക് മേല്‍ ഭരണകൂടം ചുമത്തിയിരുന്ന നികുതിയുടെ തോതില്‍ ഇടക്കിടെ കാര്യമായ വര്‍ദ്ധനവുണ്ടാകുമായിരുന്നു. രാജാവായിരുന്നു ഈ തുക നിശ്ചയിച്ചിരുന്നത്. സസാനിയന്‍ രാജാവിന്റെ നികുതി ജനങ്ങളെ അലോസരപ്പെടുത്തിയിരുന്നുവെന്നും, അതിന്റെ പേരില്‍ അവര്‍ മുറുമുറുത്തിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ള ഓഹരിയാണ് നികുതിയായി നല്‍കേണ്ടിയിരുന്നത്.
പേര്‍ഷ്യന്‍ രാജാക്കന്മാര്‍ കാലിക്കൂട്ടങ്ങള്‍ക്ക് മേലും നികുതി നിശ്ചയിക്കുകയും, കൈവശമുള്ളതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ കാലികളെ അവര്‍ നികുതിയായി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ ഭൂമിയെ സംബന്ധിച്ചിടത്തോളം അതിലെ ജലസേചന സൗകര്യം, അതിന്റെ മാര്‍ക്കറ്റ് വില, മേന്മ തുടങ്ങിയവ പരിഗണിച്ച് നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവത്രെ!
പേര്‍ഷ്യന്‍ രാജാവായിരുന്ന ഖബ്ബാദ് ബിന്‍ ഫൈറൂസ് ഭൂനികുതി പരിഷ്‌കരണ ബില്‍ രംഗത്തിറക്കാനുള്ള ആലോചനയിലായിരുന്നു. ഭൂമിയിലെ വരുമാനത്തിന്റെ ഓഹരി എന്നതിന് പകരം ഭൂമിയുടെ അളവ് പരിഗണിച്ച് നികുതി നിശ്ചയിക്കുകയെന്നതാണ് അദ്ദേഹം നടപ്പാക്കാന്‍ ആലോചിച്ച രീതി. എന്നാല്‍ പ്രസ്തുത പരിഷ്‌കരണം നടപ്പാക്കുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെടുകയാണുണ്ടായത്.
പിന്നീട് ഖബ്ബാദിന്റെ മകന്‍ കിസ്‌റാ ഭരണമേറ്റെടുത്തതിന് ശേഷം ആദ്യമായി ചെയ്തത് രാഷ്ട്രത്തിലെ നിരപ്പുകളും, പര്‍വതങ്ങളും അളന്നെടുക്കുകയായിരുന്നു. പൗരന്മാര്‍, അവരുടെ കാലികള്‍, ഗോതമ്പ്, ബാര്‍ലി, ഈന്തപ്പഴം, ഒലീവ് തുടങ്ങിയ കൃഷ്ടികള്‍ എന്നിങ്ങനെ ഭരണകൂടം സംരക്ഷിക്കുന്ന എല്ലാറ്റിനും മേല്‍ അദ്ദേഹം നികുതി നിര്‍ബന്ധമാക്കി. ഭൂമിയുടെ അളവും, വിളവെടുക്കുന്ന ഉല്‍പന്നത്തിന്റെ മേന്മയും കണക്കാക്കിയായിരുന്നു നികുതി പിരിച്ചെടുത്തിരുന്നത്.
ഗോതമ്പിന്റെയും, ബാര്‍ലിയുടെയും ഓരോ കൃഷിപ്പാടത്തിനും ഒരു ദിര്‍ഹം നികുതിയായി നിശ്ചയിക്കപ്പെട്ടു. ഓരോ 3600 സ്‌ക്വയര്‍ ഫീറ്റായിരുന്നു ഒരു കൃഷിപ്പാടം! എന്നാല്‍ അരിയാണ് കൃഷി ചെയ്യുന്നതെങ്കില്‍ കൃഷിപ്പാടത്തിന് ഒരു ദിര്‍ഹമിന്റെ ആറിലൊന്ന് എന്നായിരുന്നു കണക്ക്. ഏറ്റവും മോശം ആറ് ഈന്തപ്പനകള്‍ക്ക് ഒരു ദിര്‍ഹമായിരുന്നു നികുതി. ഈന്തപ്പനകള്‍ മേത്തരമാണെങ്കില്‍ നാലെണ്ണത്തിന് ഒരു ദിര്‍ഹം നല്‍കേണ്ടതുണ്ടായിരുന്നു. ആറ് ഒലീവ് ചെടികള്‍ക്ക് ഒരു ദിര്‍ഹമായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. ഈന്തപ്പനകള്‍ തോട്ടങ്ങളായല്ലാതെ കാണപ്പെട്ടിരുന്നുവെങ്കില്‍ അവയ്ക്ക് നികുതി നല്‍കേണ്ടതില്ല എന്നായിരുന്നു നിയമം.
കര്‍ഷകരുടെ പ്രയാസം കണക്കിലെടുത്ത് വര്‍ഷത്തില്‍ മൂന്ന് ഘടുക്കളായാണ് കിസ്‌റാ നികുതി പിരിച്ചിരുന്നത്. ഓരോ നാല് മാസങ്ങളിലുമായിരുന്നു നികുതി നല്‍കേണ്ടിയിരുന്നത്. നികുതി പിരിച്ചെടുത്ത് ശേഖരിച്ച് വെക്കുന്നതിനായി പ്രത്യേക കെട്ടിടങ്ങള്‍ കിസ്‌റാ ഒരുക്കിയിരുന്നു.
വ്യക്തികള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കപ്പെട്ട നികുതിയായിരുന്നു രാഷ്ട്രത്തിന് കൂടുതല്‍ വരുമാനമുണ്ടാക്കിയിരുന്നത്. ഈ നികുതി കാശായി തന്നെ നല്‍കേണ്ടതുണ്ടായിരുന്നു. പത്ത് മുതല്‍ അമ്പത് വയസ്സ് വരെയുള്ളവര്‍ക്കായിരുന്നു ഇത് നിര്‍ബന്ധമാക്കപ്പെട്ടിരുന്നത്. ജനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗങ്ങളും എട്ട് മുതല്‍ പന്ത്രണ്ട് വരെ ദിര്‍ഹം നല്‍കുകയെന്നതായിരുന്നു പതിവ്. പ്രമാണിമാര്‍, സൈന്യത്തില്‍ ഭാഗവാക്കായവര്‍, രാജാവിന്റെ സെക്രട്ടറിമാര്‍ തുടങ്ങിയര്‍ നികുതി നല്‍കേണ്ടിയിരുന്നില്ല. കഴിവില്ലാത്ത ദരിദ്രര്‍, ദുര്‍ബലര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

About Uthman Sabri

Check Also

13226_large

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -1

മാനവ ചരിത്രത്തിലുട നീളം ദൈവിക മതങ്ങള്‍ പ്രയോഗവല്‍ക്കരിച്ച നിയമമാണ് സ്ത്രീയുടെ ഹിജാബ്. അടുത്ത കാലം വരെ ശാം നാടുകളിലെ ക്രൈസ്തവ …

Leave a Reply

Your email address will not be published. Required fields are marked *