istock_49022454_medium.jpg__800x600_q85_crop

മണ്ണ് കൊണ്ട് ശുദ്ധീകരിക്കാമോ? -4

വുദു ചെയ്യുമ്പോള്‍ ഷൂ തടവുന്നത് അതില്‍ പറ്റിപ്പിടിച്ച അഴുക്കുകള്‍ നീക്കുന്നതിന്നായിരുന്നുവെങ്കില്‍ മുകളിലല്ല, അടിയിലായിരുന്നു തടയേണ്ടിയിരുന്നത്. കൂടാതെ മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും, കീഴ്‌വായു പുറത്ത് പോയതിന് ശേഷവുമുള്ള ശുദ്ധീകരണം ഒരുപോലെയാവേണ്ടതായിരുന്നു. പക്ഷെ, ഇവയെല്ലാം അല്ലാഹുവിന്റെ മാത്രം അറിവില്‍പെട്ടതും, അവന്‍ നല്‍കിയ ശാസനകളുമാണ്. വിശ്വാസി ദൈവിക കല്‍പനകളെ ദൃഢവിശ്വാസത്തോടെ സ്വീകരിക്കുകയും, അവയ്ക്ക് പൂര്‍ണമായി വിധേയപ്പെടുകയും ചെയ്യുന്നു. വിശ്വാസിക്ക് അല്ലാഹുവിന്റെ യുക്തിഭദ്രതയെ അംഗീകരിക്കാന്‍ അവന്‍ ഈ പ്രപഞ്ചത്തെ സംവിധാനിച്ചതും, സജ്ജീകരിച്ചതും, അതിനെ കുറ്റമറ്റ വിധത്തില്‍ വ്യവസ്ഥപ്പെടുത്തിയതും മാത്രം മതി.
ദൈവിക കല്‍പനകളുടെ ഉദ്ദേശ്യമോ, രഹസ്യമോ ബോധ്യപ്പെട്ടില്ലെങ്കില്‍ പോലും അവയ്ക്ക് കീഴ്‌പെടാനും അവയനുസരിക്കാനും വിശ്വാസി ബാധ്യസ്ഥനാണ് എന്ന് വ്യക്തമാക്കി ശൈഖ് യൂസുഫുല്‍ ഖറദാവി കുറിക്കുന്നത് ഇപ്രകാരമാണ് (മണ്ണ് കൊണ്ട് ശുദ്ധീകരിക്കുകയെന്നത് കേവലം ആരാധനാപരമായ കല്‍പനയാണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ പ്രസ്തുത കല്‍പനക്ക് വിധേയപ്പെടുകയും, അതനുസരിക്കുകയുമാണ് വേണ്ടത്. അല്ലാഹു വിവിധ ചുമതലകളും കല്‍പനകളും വഴി തന്റെ അടിമകളെ -അവര്‍ക്കവയുടെ ആശയം മനസ്സിലായില്ലെങ്കില്‍ പോലും- പരീക്ഷിക്കുന്നതാണ്. ‘ഞാന്‍ കല്‍പിച്ചിരിക്കുന്നു, നിര്‍ബന്ധമാക്കിയിരിക്കുന്നു’വെന്ന് നാഥന്‍ പറയുമ്പോള്‍ ‘ഞാനത് അംഗീകരിച്ചിരിക്കുന്നു, അനുസരിച്ചിരിക്കുന്നു’വെന്നാണ് അടിമ പ്രഖ്യാപിക്കേണ്ടത്.
അതേസമയം യാതൊരു ലക്ഷ്യമോ, ഉദ്ദേശ്യമോ ഇല്ലാതെ അല്ലാഹു ഒന്നും തന്റെ സൃഷ്ടികള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കുകയില്ലെന്ന കാര്യം പ്രഗല്‍ഭരായ പണ്ഡിതന്മാരെല്ലാം അംഗീകരിച്ചിരിക്കുന്നു. അല്ലാഹു സ്വയം മനസ്സിലാക്കിയ, അടിമകള്‍ക്ക് അറിയാത്ത രഹസ്യങ്ങളും, യുക്തിയും ഓരോ ആരാധനക്ക് പിന്നിലുമുണ്ടായിരിക്കും. അല്ലാഹുവിന്റെ അതിവിശിഷ്ടമായ വിശേഷണങ്ങളിലൊന്ന് ‘ഹകീം’ അഥവാ യുക്തിപൂര്‍വ്വം വിധി കല്‍പിക്കുന്നവന്‍ എന്നാണല്ലോ. അതിനാല്‍ തന്നെ അല്ലാഹു ഒരു ചരാചരത്തെയും വെറുതെ സൃഷ്ടിക്കുകയോ, ഒരു നിയമവും വെറുതെ ആവിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല. യാതൊരു സംശയവുമില്ലാത്ത യാഥാര്‍ത്ഥ്യമാണിത്. എന്നാല്‍ പ്രതീകാത്മകമായ ആരാധനകളില്‍ വിശുദ്ധ ഖുര്‍ആനോ, തിരുസുന്നത്തോ കൃത്യമായി പരാമര്‍ശിക്കാത്ത യുക്തി സ്ഥാപിക്കുന്ന കാര്യത്തില്‍ നാം തീവ്രത പുലര്‍ത്തുകയോ, അതിനെ സുസ്ഥിര യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യേണ്ടതില്ല.
തയമ്മുമിന്റെ യുക്തിയെക്കുറിച്ച് പണ്ഡിതന്മാര്‍ മുന്‍കാലത്തും, ആധുനിക കാലത്തും ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇമാം ശാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവി തന്റെ ഹുജ്ജതുല്ലാഹ് അല്‍ബാലിഗയില്‍ കുറിച്ച വരികളാണ് അവയില്‍ ഏറ്റവും മനോഹരമായി തോന്നിയത്. അദ്ദേഹം കുറിക്കുന്നു ‘മനുഷ്യന്റെ ശരീഅത്ത് അനുസരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എളുപ്പവും സൗകര്യവുമൊരുക്കുകയും ചെയ്യുകയെന്നതാണ് അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ പൊതുസവിശേഷത. മനുഷ്യന് പ്രയാസകരമായ വിഷയങ്ങളില്‍ അല്ലാഹു ബദല്‍ നല്‍കുന്നത് ഈയര്‍ത്ഥത്തിലാണ്. അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ അവഗണിക്കാതെ, അവന്‍ മുന്നോട്ട് വെച്ച ബദല്‍ നിര്‍വഹിച്ച് ആശ്വാസം കൊള്ളുകയെന്നതാണ് ശരീഅത്തിന്റെ രീതി. അതേതുടര്‍ന്നാണ് വുദു, കുളി തുടങ്ങിയവ രോഗ-യാത്രാ വേളകളില്‍ തയമ്മും ആയി ഇളവ് ചെയ്യപ്പെട്ടത്’.
ഈ യാഥാര്‍ത്ഥ്യത്തിലേക്ക് തന്നെയാണ് ശൈഖ് റശീദ് രിദായും വിരല്‍ ചൂണ്ടുന്നത്. വെള്ളമുപയോഗിച്ച് വുദു ചെയ്യുന്ന വൃത്തി മണ്ണുപയോഗിച്ച് തയമ്മും ചെയ്താല്‍ ലഭിക്കില്ലെങ്കില്‍ പോലും തതുല്യമായ വിധേയത്വം അതുവഴിയുണ്ടാവുമെന്ന് ശൈഖ് രിദാ സൂചിപ്പിക്കുന്നു. പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട വുദുവെന്ന ശുദ്ധീകരണത്തിന്റെ പ്രതീകം മാത്രമാണ് തയമ്മും. ഇവിടെ നിര്‍ബന്ധമാക്കപ്പെട്ട ശുദ്ധീകരണ പ്രക്രിയയുടെയും, ബദല്‍ നല്‍കപ്പെട്ട പ്രതീകാത്മക തയമ്മുമിന്റെയും അന്തസത്ത ദൈവത്തിനുള്ള വിധേയത്വം മാത്രമാണ്).

About abdullah abdul fadi

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *