01x475

തീവ്രത ഇസ്ലാമികമോ? -3

ഇസ്ലാമിക ശരീഅത്ത് മുന്നില്‍ വെച്ച അടിസ്ഥാന വിഷയം ജനങ്ങള്‍ക്ക് എളുപ്പവും ഇളവും നല്‍കുക എന്നതാണ്. നിയമനിര്‍മാതാവായ ദൈവം തമ്പുരാന്‍ തന്റെ അടിമകളോട് എത്രമാത്രം കരുണ കാണിക്കുന്നു

എന്നതിനെക്കുറിക്കുന്ന പ്രബലമായ തെളിവുകളിലൊന്നാണിത്. എന്നിരിക്കെ നിയമനിര്‍മാതാവായ അല്ലാഹുവിന്റെ വിശേഷണം മാറ്റിവെച്ച്, എന്തുകൊണ്ടാണ് ജനങ്ങള്‍ മതവിഷയങ്ങളില്‍ തീവ്രതയും സങ്കുചിതത്വവും പുലര്‍ത്തുന്നത്? മതജീവിതത്തെയും, തീവ്രതയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഘടകവും എനിക്കറിയില്ല. പ്രവാചക സുന്നത്തിന്റെ അനുധാവനം തീവ്രതയിലൂടെയും, പ്രതിയോഗികളെ അകറ്റി നിര്‍ത്തുന്നതിലൂടെയുമാണ് സാധ്യമാവുകയെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. അതിനാല്‍ തന്നെ പരമാവധി യോജിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കാനും, അടുപ്പിക്കുന്നതിന് പകരം അകറ്റാനുമാണ് അവര്‍ ശ്രമിക്കാറുള്ളത്. മറ്റുള്ളവരോട് ഇണങ്ങുകയും, അവരെ ഇണക്കുകയും ചെയ്യുന്നവനാണ് വിശ്വാസി.
മറ്റു ചിലര്‍ പണ്ഡിതന്മാരെ വിവിധ വിഭാഗങ്ങളായി വര്‍ഗീകരിച്ചവരാണ്. അത് തന്നെയാണ് തങ്ങളുടെ ദീനീപ്രവര്‍ത്തനം എന്ന് അവര്‍ ധരിച്ചുവശായിരിക്കുന്നു. അവരില്‍ ഒരു വിഭാഗത്തെ വിശ്വാസയോഗ്യരും, മറ്റുള്ളവരെ വിശ്വസിക്കാന്‍ കൊള്ളരുതാത്തവരുമാക്കി മാറ്റിയിരിക്കുന്നു. ഒരു പണ്ഡിതനും അവരുടെ നാവില്‍ നിന്ന് രക്ഷപ്പെടുകയില്ല. നീതിയുടെ തുലാസ്സ് തന്റെ കൂടെ മാത്രമാണുള്ളത് എന്ന ധാരണയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
പ്രവാചക സുന്നത്ത് അനുധാവനം ചെയ്യുന്നതുമായി ബന്ധപ്പെട്ട തിരുകല്‍പനകള്‍ തന്നെ നമുക്കിവിടെ ഉദ്ധരിക്കാവുന്നതാണ്. തന്റെ ചര്യയോട് വിശ്വാസികള്‍ എങ്ങനെയാണ് വര്‍ത്തിക്കേണ്ടത് എന്ന് തിരുമേനി(സ) തന്നെ വ്യക്തമാക്കിയിരിക്കുന്നു (ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍ പരമാവധി അത് നിറവേറ്റാന്‍ നിങ്ങള്‍ ശ്രമിക്കുക. ഞാന്‍ വല്ലതും നിങ്ങള്‍ക്ക് നിരോധിച്ചാല്‍ നിങ്ങളതില്‍ നിന്നും അകന്നുനില്‍ക്കുകയും ചെയ്യുക). ഇമാം നവവി(റ) സൂചിപ്പിച്ചത് പോലെ ഇസ്ലാമിന്റെ സുപ്രധാനമായ അടിസ്ഥാനതത്വം പകര്‍ന്ന് നല്‍കുന്ന വചനമാണ്. എണ്ണമറ്റ നിയമങ്ങള്‍ കടന്നുവരുന്ന ഇസ്ലാമിക സിദ്ധാന്തമാണിത് എന്ന് സാരം.
ഇവിടെ തിരുമേനി(സ) നിര്‍ബന്ധ കാര്യങ്ങളെക്കുറിച്ചല്ല പറയുന്നത് എന്ന് വ്യക്തമാണ്. കാരണം നിര്‍ബന്ധകര്‍മങ്ങള്‍ അനിവാര്യമായും നിര്‍വഹിക്കപ്പെടേണ്ടവയാണ്. മാത്രവുമല്ല, മനുഷ്യന്റെ കഴിവില്‍ പെടാത്തത് അല്ലാഹു അവന് നിര്‍ബന്ധമാക്കുകയുമില്ല. അഭികാമ്യവും അഭിലഷണീയവുമായ വിഷയങ്ങളിലേക്കാണ് ഈ പ്രവാചക വചനം വിരല്‍ ചൂണ്ടുന്നത്. ഈ ചര്യകള്‍ നടപ്പാക്കേണ്ടത് തീവ്രതക്കും, അവഗണനക്കുമിടയിലെ മധ്യമ മാര്‍ഗം അവലംബിച്ച് കൊണ്ടാണ്. തിരുദൂതര്‍(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു (തീര്‍ച്ചയായും ഈ ദര്‍ശനം എളുപ്പമാണ്. ആരെങ്കിലും അതിനെ പ്രയാസകരമാക്കാന്‍ ശ്രമിച്ചാല്‍, ഈ ദര്‍ശനം അതിനെ മറികടക്കുക തന്നെ ചെയ്യും. അതിനാല്‍ നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും, മിതത്വം പാലിക്കുകയുംച ചെയ്യുക).
മേല്‍സൂചിപ്പിച്ച പ്രമാണങ്ങളും മാര്‍ഗങ്ങളും അടിവരയിട്ട് സ്ഥാപിക്കുന്നത് തീവ്രതയും ഇസ്ലാമികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന യാഥാര്‍ത്ഥ്യമാണ്. മാത്രവുമല്ല, ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമായ സമീപനമാണത്. അല്ലാഹു ജനങ്ങള്‍ക്ക് എളുപ്പമാണ്, പ്രയാസമോ വിഷമമോ അല്ല ഉദ്ദേശിക്കുന്നത്. ഒരു മനുഷ്യന്‍ തന്നാലാവുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയെന്നതാണ് എളുപ്പത്തിന്റെ പ്രത്യക്ഷമായ അടയാളം. സങ്കീര്‍ണതയിലേക്കോ, തീവ്രതയിലേക്കോ വലിച്ച് കൊണ്ട് പോവാതെ ഇസ്ലാമിനെ അതിന്റെ തനിമയോട് കൂടി ജീവിതത്തില്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്.
സമീപനത്തില്‍ തീവ്രതയും, അസഹിഷ്ണുതയും ഇടകലര്‍ത്തി മതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം വ്യക്തികളും സംഘടനകളും ഇക്കാലത്തുണ്ട്. തങ്ങള്‍ ദൈവത്തിന് മുന്നില്‍ ആരാധന നിര്‍വഹിക്കുകയാണ് എന്നാണവരുടെ വാദം. പ്രവാചകചര്യ അനുധാവനം ചെയ്യുന്നതിന്റെ ഏറ്റവും മികവുറ്റ മാര്‍ഗവും അതാണെന്ന് അവര്‍ അവകാശപ്പെടുന്നു. ഇത്തരം സമീപനങ്ങളില്‍ അകപ്പെടുന്നതില്‍ നിന്ന് ജാഗ്രത പുലര്‍ത്താന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. പരസ്പരം വെറുപ്പും വിദ്വേഷവും നിറഞ്ഞ സമൂഹത്തെ നിര്‍മിക്കാന്‍ മാത്രമെ ഇതുപകരിക്കുകയുള്ളൂ എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.

About idrees ahmad

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *