sadness

തിന്മ കല്‍പിക്കുന്ന, ദുഖം സഹിക്കുന്ന ദൈവമോ?

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിലേക്ക് മ്ലേഛവൃത്തിയും ദുഖവും വേദനയും പോലുള്ള ദൗര്‍ബല്യങ്ങളും ചേര്‍ത്തിരിക്കുന്നുവെന്നും, അതിനാല്‍ തന്നെ ഇസ്ലാമിലെ ദൈവം തിന്മ പ്രവര്‍ത്തിക്കുന്നവനും, പ്രവര്‍ത്തനങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നവനുമാണെന്നും ചിലര്‍

ആരോപിക്കുന്നു. (ഏതെങ്കിലും ഒരു നാട് നാം നശിപ്പിക്കാനുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. അതേതുടര്‍ന്ന് അവരവിടെ താന്തോന്നിത്തം നടത്തുന്നതാണ്) -അല്‍ഇസ്‌റാഅ് 16- എന്ന ദൈവിക വചനമാണ് ആരോപകര്‍ തെളിവായുദ്ധരിക്കുന്നത്. (ആ ദാസന്മാരുടെ കാര്യം ദുഖകരം തന്നെ, ഏതൊരു ദൂതന്‍ അവരുട അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല) -യാസീന്‍ 30- എന്ന വചനമാണ് ആരോപകര്‍ ദൈവം ദുഖിക്കുന്നു എന്നതിന് തെളിവായി സമര്‍പിച്ചിരിക്കുന്നത്.
മേലുദ്ധരിച്ച ദൈവിക വചനത്തില്‍, അല്ലാഹു സുഖലോലുപര്‍ക്ക് കല്‍പന നല്‍കുമെന്നല്ലാതെ, എന്ത് കല്‍പനയാണ് നല്‍കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല, അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയരായ പൂര്‍വ്വസമൂഹങ്ങളുടെ ചരിത്രം വിളിച്ച് പറയുന്നത് അല്ലാഹു അവരോട് തന്നെ അനുസരിക്കാന്‍ കല്‍പിക്കുകയും എന്നാലവര്‍ അവനെ ധിക്കരിച്ച് താന്തോന്നിത്തം പ്രവര്‍ത്തിക്കുകയുമാണ് ചെയ്തതെന്നാണ്.
ദൈവത്തിനുള്ള വിധേയത്വത്തില്‍ നിന്ന് പുറത്ത് പോകുന്നതിനാണ് ‘ധിക്കാരം’, ‘താന്തോന്നിത്തം’ എന്നൊക്കെ പേര് വിളിക്കുന്നത്. അതിനാല്‍ തന്നെ സുഖലോലുപരുടെയും, ആഢംബരപ്രിയരുടെയും താന്തോന്നിത്തരങ്ങള്‍ അവരോട് അല്ലാഹു സുകൃതം പ്രവര്‍ത്തിക്കാന്‍ കല്‍പിച്ചതിന് ശേഷമായിരുന്നു എന്ന് വ്യക്തമാണ്. അല്ലാഹു നല്ലതല്ലാത്ത ഒരു കാര്യവും പ്രവര്‍ത്തിക്കാന്‍ ജനങ്ങളോട് കല്‍പിക്കുന്നതല്ല. ഇതിന് വിപരീതമായി ജനങ്ങള്‍ തോന്നിവാസം പ്രവര്‍ത്തിച്ചതിന് ശേഷം അവ അല്ലാഹുവിലേക്ക് ചേര്‍ക്കുകയാണ് ചെയ്തിരുന്നതെന്ന് കൂടി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അവര്‍ വല്ല നീചപ്രവൃത്തിയും ചെയ്താല്‍ ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട് കല്‍പിച്ചതാണത് എന്നുമാണവര്‍ പറയുക. നീചവൃത്തി ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണ്). അല്‍അഅ്‌റാഫ് 28
രണ്ടാമത്തെ ഖുര്‍ആനിക വചനത്തെയും വിമര്‍ശകര്‍ തെറ്റായി മനസ്സിലാക്കുകയാണ് ചെയ്തിരിക്കുന്നത്. അല്ലാഹു ദുഖിക്കുന്നുവെന്നോ, വ്യസനിക്കുന്നുവെന്നോ ഉള്ള ഒരു സൂചന പോലും പ്രസ്തുത വചനത്തിലില്ല. മറിച്ച്, ദൈവദൂതന്മാരെ കളവാക്കിയതിന്റെ പേരില്‍ സത്യനിഷേധികള്‍ ദുഖിക്കുമെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതല്ല, സത്യനിഷേധികള്‍ നരകത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ അല്ലാഹു വ്യസനിക്കുന്നുവെന്നാണ് പ്രസുതത വചനത്തിന്റെ ആശയമെങ്കില്‍, സത്യനിഷേധികളെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിവുറ്റവനാണല്ലോ അല്ലാഹു. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളെ തടയാനോ, തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ ആര്‍ക്കും അവകാശമില്ലെന്നിരിക്കെ താനിഛിക്കുന്നത് പ്രവര്‍ത്തിക്കുവാന്‍ കഴിവുറ്റവനാണല്ലോ അവന്‍.
മേലുദ്ധരിച്ച വചനത്തിന് ഈ വ്യാഖ്യാനം തന്നെയാണ് സച്ചരിതരായ പൂര്‍വ്വികരും, മഹത്തുക്കളായ പണ്ഡിതരും നല്‍കിയിട്ടുള്ളത്. ഇമാം ഇബ്‌നു കഥീര്‍ ഈ വചനത്തെ വിശദീകരിക്കുന്നു (‘അടിമകളുടെ കാര്യം ദുഖകരം തന്നെ’ അതായത് അല്ലാഹുവിന്റെ കല്‍പനകള്‍ പാഴാക്കിയതിന്റെ പേരില്‍ അടിമകള്‍ ദുഖിക്കുന്നതാണ്. അന്ത്യനാളില്‍ അല്ലാഹുവിന്റെ ശിക്ഷ മുന്നില്‍ കാണുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഖേദിക്കുകയും വ്യസനിക്കുകയും ചെയ്യുന്നതാണ്. എന്തിന് വേണ്ടിയായിരുന്നു പ്രവാചകനെ കളവാക്കുകയും, അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കുകയും ചെയ്തത് എന്നതായിരിക്കും അവരുടെ ദുഖം).
ഈ ആശയത്തെ വിശുദ്ധ ഖുര്‍ആനിലെ മറ്റൊരു വചനം പിന്തുണക്കുന്നതായി കാണാവുന്നതാണ് (‘എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ച വരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ’ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്). അസ്സുമര്‍ 56
സത്യനിഷേധിയാണ് ദുഖിക്കുകയെന്നും, അല്ലാഹുവല്ലായെന്നും ഈ വചനം വളരെ വ്യക്തമായി തന്നെ പരാമര്‍ശിച്ചിരിക്കുന്നു. അല്ലാഹുവിന് നേരെയുള്ള ഇത്തരം ആരോപണങ്ങള്‍ ദൈവിക വചനങ്ങളെ തെറ്റായി വായിച്ചതിലൂടെ രൂപപ്പെട്ടതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

About dr. munqid assakar

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *