09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ ഉദ്ധരിച്ചതിന് ശേഷം അദ്ദേഹം കുറിക്കുന്നത് ഇപ്രകാരമാണ് (ഈ വചനങ്ങള്‍ മൂസാ എഴുതിയവയല്ല എന്നാണ് എന്റെ വീക്ഷണം. ഈ വചനങ്ങള്‍ ഒരു പക്ഷെ തൗറാത്തിന്റെ യഥാര്‍ത്ഥ പ്രതിയുടെ മാര്‍ജിനില്‍ എഴുതപ്പെടുകയും, അവ വേദത്തിന്റെ ഭാഗമാണെന്ന് ധരിച്ച് ഉള്‍പെടുത്തുകയുമാണ് ചെയ്തത്).
തന്നെ ഈ നിലപാടിലേക്ക് നയിച്ച കാരണം അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ശേഷം തൗറാത്തിന് പുറത്തുള്ളവ അതില്‍ പ്രവേശിച്ചതിനെ അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രസ്തുത ന്യായീകരണം ബൈബ്‌ളിനെ മുഴുവനായും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. പകര്‍ത്തിയെഴുതുന്ന വ്യക്തിക്ക് തൗറാത്തിന്റെ ഭാഗമല്ലാത്തത് അതില്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ പ്രസ്തുത കൈക്രിയ തൗറാത്തിന്റെ ഈ ഭാഗത്ത് മാത്രം പരിമിതമാണെന്ന് എങ്ങനെയാണ് വാദിക്കുക?
മൂസായുടെ മരണത്തെയും, അദ്ദേഹത്തിന്റെ പേരില്‍ ഇസ്രയേലിലെ ഒരു പ്രവാചകന്‍ അനുശോചനം നടത്തിയതിനെയും കുറിച്ച് തൗറാത്ത് സവിസ്തരം പ്രതിപാദിക്കുന്നുവെന്നതാണ് ഏറെ അല്‍ഭുതകരം! ഇവയെല്ലാം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് മൂസായുടേതെന്ന് പറയപ്പെടുന്ന ഏടുകളിലാണ്. ഉദാഹരണമായി ആവര്‍ത്തന പുസ്തകത്തില്‍ ഇപ്രകാരം കാണാവുന്നതാണ് (കര്‍ത്താവിന്റെ ദാസനായ മോശ അവിടുന്ന് അരുളി ചെയ്തത് പോലെ മൊവാബു ദേശത്തുവച്ചു മരിച്ചു. മൊവാബു ദേശത്തു ബത്‌പെയോറിന് എതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇന്നുവരെ അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കും അറിവില്ല. മരിക്കുമ്പാള്‍ മോശയ്ക്കു നൂറ്റിയിരുപതു വയസ്സുണ്ടായിരുന്നു. അവന്റെ കണ്ണു മങ്ങുകയോ ശക്തി ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. ഇസ്രായേല്‍ മുപ്പതു ദിവസം മൊവാബു താഴ്‌വരയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്ക്കു വേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായി). നിയമാവര്‍ത്തനം 34: 5-7.
വളരെ മുമ്പ് കഴിഞ്ഞ് പോയ ഒരു കാര്യത്തെ പോലെയാണ് മൂസായുടെ മരണത്തെ ബൈബ്ള്‍ മേല്‍വാക്യങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. അല്ലാതെ വരാനിരിക്കുന്ന കാര്യത്തെക്കുറിച്ച പ്രവചനമല്ല അത്.
ഏതോ ഒരു വ്യക്തി മൂസായെ പ്രശംസിക്കുന്നതായി ബൈബ്ള്‍ ഉദ്ധരിക്കുന്നുണ്ട്. അത് മൂസായുടെ വചനമല്ലെന്ന് പ്രസ്തുത വചനത്തിന്റെ ഘടനയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. (മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലുംവച്ചു സൗമ്യനാകുന്നു). സംഖ്യാ 12: 3.
ഇതിന് സമാനമാണ് പുറപ്പാട് പുസ്തകത്തിലെ ഈ വചനം (ഈജിപ്തില്‍ മഹാപുരുഷനായിരുന്നു മൂസാ). പുറപ്പാട് 11: 3.
ഇത്തരം സാക്ഷ്യങ്ങള്‍ ഒരിക്കലും മൂസായില്‍ നിന്ന് ഉണ്ടാവില്ലെന്ന് വ്യക്തമാണ്. അതിനര്‍ത്ഥം ഇവ മറ്റാരോ അദ്ദേഹത്തെക്കുറിച്ച് എഴുതിയുണ്ടാക്കിയവയാണ് എന്നത്രെ!
ഇവയ്ക്ക് പുറമെ മൂസായുടെ മരണം കഴിഞ്ഞ് കാലങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ സമൂഹത്തില്‍ പരിചിതമായ പല നാമങ്ങളും തൗറാത്തില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നു. മൂസാ മരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം രംഗത്ത് വന്ന ഈ നാമങ്ങള്‍ മൂസാക്ക് മേല്‍ അവതീര്‍ണമായ വേദത്തില്‍ എങ്ങനെയാണ് കാണപ്പെടുക?

About dr. munqid assakar

Check Also

zzzwomen1

തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -5

വിവാഹിതയായ സ്ത്രീ മുഖമക്കന ധരിക്കണമെന്നും, അന്യപുരുഷന്മാര്‍ അവളെ അറിയാതിരിക്കുന്നതിനും, അവളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ജൂതശരീഅത്ത് വിശദീകരിക്കുന്നു. മറ്റ് …

Leave a Reply

Your email address will not be published. Required fields are marked *